ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളിൽ ഒമ്പതാം ക്ലാസ് മുതൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കുന്നു. ഇതിൽ കുറഞ്ഞത് രണ്ട് ഇന്ത്യൻ ഭാഷകളായിരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് സിബിഎസ്ഇ പുതിയ സർക്കുലർ പുറത്തിറക്കി.
ജൂലൈ ഒന്നു മുതൽ പുതിയ പരിഷ്കാരം നിലവിൽ വരും. എന്നാൽ പത്താം ക്ലാസിൽ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. ഈ ഭാഷയുടെ മൂല്യനിർണയം പൂർണമായും സ്കൂൾ തലത്തിലായിരിക്കും.
പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വിദ്യാർഥികളിലെ അനാവശ്യ സമ്മർദം കുറയ്ക്കാനുമാണ് ഈ തീരുമാനമെന്ന് ബോർഡ് അറിയിച്ചു. സിബിഎസ്ഇയുടെ പട്ടികയിലുള്ള ഏത് ഭാഷയും സ്കൂളുകൾക്കു തെരഞ്ഞെടുക്കാം. തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം.
രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ വിദേശ ഭാഷകൾ മൂന്നാമത്തെ ഭാഷയായി പഠിക്കാൻ അനുവദിക്കൂ. അല്ലെങ്കിൽ വിദേശ ഭാഷകളെ നാലാമത്തെ ഓപ്ഷനൽ ഭാഷയായി തെരഞ്ഞെടുക്കാം. ഇംഗ്ലിഷും ഹിന്ദിയും ഉൾപ്പെടെ 44 ഭാഷകൾ സിബിഎസ്ഇയുടെ ഭാഷാവിഷയങ്ങളുടെ പട്ടികയിലുണ്ട്.
Tags : new language policy cbse schools National Education Policy