പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരീക്ഷാ നടത്തിപ്പിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ എൻടിഎ പരീക്ഷാ സംഘത്തിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ചോദ്യപേപ്പർ നിർമാണത്തിലും പരിശോധനയിലും ഉൾപ്പെട്ടിരുന്ന 600-ഓളം വിദഗ്ധരെ ഒഴിവാക്കി പകരം പുതിയ വിദഗ്ധരെ നിയമിച്ചു.
ചോദ്യപേപ്പർ പരിശോധനയ്ക്കായി നാലുഘട്ട സുരക്ഷാ സംവിധാനം ഏർപ്പെടുത്താനും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 25-ഓളം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായി. യുജിസി നെറ്റ് പരീക്ഷാ നടത്തിപ്പിൽ ഉയർന്ന പരാതികളെയും പിഴവുകളെയും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തിയ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. എൻടിഎ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ഏർപ്പെടുത്താനും തീരുമാനിച്ചു.
പരീക്ഷാ നടപടികൾ മുഴുവൻ ഓഡിറ്റിന് വിധേയമാക്കാനും, വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളിൽ (ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി) പുനഃപരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചു.
സെപ്റ്റംബർ ഒൻപത്, പത്ത് തീയതികളിലായി പുനഃപരീക്ഷകൾ നടക്കും. വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും എൻടിഎ അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash