ബോംബെ ഹൈക്കോടതി
മുംബൈ: ബാബറി മസ്ജിദ് തകർക്കാൻ പാടില്ലായിരുന്നുവെന്ന് പറയുന്നത് ദേശവിരുദ്ധമല്ലെന്ന് ബോംബെ ഹൈക്കോടതി. എസ്ഡിപിഐ പ്രവർത്തകരെ നാടുകടത്തിയ പോലീസ് നടപടി റദ്ദാക്കിയായിരുന്നു കോടതിയുടെ പരാമർശം.
ഹർജിക്കാരുടെ മതം പോലീസ് നടപടിക്കു പ്രേരണയായെന്ന് കരുതുന്നതായും ജസ്റ്റീസ് മാധവ് ജാംദറിന്റെ ബെഞ്ച് പറഞ്ഞു.
എസ്ഡിപിഐ പ്രവർത്തകരായ ഫിറോസ് അബ്ദുൾ വഹാബ് ഖാൻ, മുഹമ്മദ് റഫീഖ് ഗുലാം റസൂൽ അൻസാരി എന്നിവരെ നാടുകടത്തിയ നടപടി കോടതി റദ്ദാക്കി.
2025 ഡിസംബറിൽ ഇരുവരെയും മുംബൈയിൽനിന്ന് ഒരു വർഷത്തേക്കാണു പോലീസ് നാടുകടത്തിയത്. വഖഫ് ബിൽ, സിമന്റ് ഗോഡൗണുകൾ മൂലമുണ്ടാകുന്ന വായു മലിനീകരണം, ബാബറി മസ്ജിദ് പ്രശ്നം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു പോലീസ് നടപടി.
മറ്റ് രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും ഇതേ പ്രകടനത്തിൽ പങ്കെടുത്തിരുന്നെങ്കിലും ഇവർക്കെതിരേ മാത്രം നടപടിയെടുത്തതിനെ കോടതി വിമർശിച്ചു.
ഒരു പ്രത്യേക മതവിഭാഗത്തില്പ്പെട്ടതുകൊണ്ടാണോ ഇവര്‍ക്കെതിരേ മാത്രം നടപടിയെടുത്തതെന്നും കോടതി പോലീസിനോട് ആരാഞ്ഞു. എഫ്ഐആറിൽ മുദ്രാവാക്യം വിളിച്ചതായി മാത്രമേ പറയുന്നുള്ളൂ.
വ്യക്തികൾക്കോ പൊതു സ്വത്തിനോ നാശനഷ്ടങ്ങളുണ്ടായതായി സൂചിപ്പിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മൗലികാവകാശങ്ങൾ പരിമിതപ്പെടുത്താൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
Tags : BombayHighCourt BabriMasjid Demolished Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash