അമരാവതി: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ കൊലപ്പെടുത്തി മോഷണം നടത്തിവന്ന സീരിയൽ കില്ലർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നും വിശ്വനാഥ്(പ്രശാന്ത്, അസീസ്) എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ സഹായി രാജമ്മയും പിടിയിലായി.
21 കേസുകളിൽ ഇയാൾ പ്രതിയാണ്. പോലീസിൽ നിന്നും രക്ഷപെടാൻ ഇയാൾ ഇടയ്ക്കിടെ പേര് മാറ്റുമായിരുന്നു. കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇയാളുടെ പേരുണ്ട്.
2024 മുതൽ വ്യാജമേൽവിലാസത്തിൽ ഇയാൾ തിരുപ്പതിയിൽ താമസിച്ചുവരികയായിരുന്നു. രാമചന്ദ്രപുരത്തെ മുനീശ്വരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് വഴിത്തിരിവുണ്ടായത്.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ഇവരെ കൊന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച ഒന്നിലധികം കേസുകൾക്ക് മുനീശ്വരിയുടെ കൊലപാതകവുമായി സാമ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി.
ഇയാൾ പതിവായി ഓട്ടോറിക്ഷയിലാണ് സഞ്ചരിച്ചിരുന്നത്. സിസിടിവിയുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പോലീസ് ഓട്ടോറിക്ഷ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും കണ്ടെത്തി.
തിരുപ്പതി ജില്ലയിലെ തിരുച്ചാനൂർ, രാമചന്ദ്രപുരം, പിച്ചത്തൂർ പ്രദേശങ്ങളിൽ നാല് കൊലപാതകങ്ങളിൽ വിശ്വനാഥിന് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ പരിചയപ്പെട്ട് ഇവരുടെ വിശ്വാസം നേടിയെടുക്കുന്ന പ്രതി പിന്നീട് ഇവരെ കൊലപ്പെടുത്തി സ്വത്തുക്കൾ കവരുന്നതാണ് പതിവ്.
"മൂന്ന് സംസ്ഥാനങ്ങളിലായി കൊലപാതകങ്ങളും കവർച്ചകളും ഉൾപ്പെടെ 21 കേസുകളുമായി ബന്ധമുള്ള കൊടും കുറ്റവാളിയാണ് ഇയാൾ. ഇയാളുടെ അറസ്റ്റ് തിരുപ്പതി നിവാസികൾക്ക് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകൾക്കും ആശ്വാസം നൽകുന്നു. തെളിയിക്കപ്പെടാത്ത കേസുകളുമായി അയാളെ ബന്ധിപ്പിക്കാനും ഇരകൾക്ക് നീതി ഉറപ്പാക്കാനും തെളിവുകൾ ശേഖരിക്കുകയാണ്'-തിരുപ്പതി പോലീസ് സൂപ്രണ്ട് പറഞ്ഞു.
2018ൽ കേരളത്തിൽ നടന്ന കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട വിശ്വനാഥ്, പിന്നീട് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് കേരള പോലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Tags : Serial Killer Arrest Andhra Pradesh