ന്യൂഡൽഹി: ഗൾഫിലെ മണലാരണ്യങ്ങളെക്കാളും ആഫ്രിക്കയിലെ മരുഭൂമികളെക്കാളും ചൂട് ഇപ്പോൾ ഉത്തരേന്ത്യയിലാണ്.
47 ഡിഗ്രി വരെ താപനിലയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുന്പോൾ ഇന്നലെ ലോകത്തെ ഏറ്റവും ചൂടേറിയ നൂറ് നഗരങ്ങളിൽ 98 നഗരങ്ങളും ഇന്ത്യയിലായിരുന്നു. പകൽസമയത്തു പുറത്തിറങ്ങാൻ കഴിയാതെ ജനങ്ങൾ വലയുന്പോൾ കനത്ത ചൂട് ജീവജാലങ്ങളെയും വലയ്ക്കുന്നു.
ഡൽഹിയിലുൾപ്പെടെയുള്ള തടാകങ്ങളിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് കനത്ത ചൂടിനെത്തുടർന്നാണ്.ഉത്തരേന്ത്യയിൽ പലയിടത്തും കാട്ടുതീയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നൂറിൽ 98
പ്രമുഖ കാലാവസ്ഥാ നിരീക്ഷണ പ്ലാറ്റ്ഫോമായ എക്യുഐ ഡോട് ഇന്നിന്റെ ഇന്നലത്തെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ചൂടുള്ള നഗരം 47 ഡിഗ്രി സെൽഷസ് താപനിലയോടെ ഒഡീഷയിലെ ബലാംഗീറായിരുന്നു. ലോകത്തിലെ ഏറ്റവും ചൂടുള്ള നൂറ് നഗരങ്ങളുടെ കണക്കിൽ നേപ്പാളിൽനിന്നുള്ള രണ്ട് നഗരങ്ങളൊഴികെ 98 നഗരങ്ങളും ഇന്ത്യയിലാണ്. ഒഡീഷയ്ക്കു തൊട്ടുപിന്നിൽ ഛത്തീസ്ഗഡ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നഗരങ്ങളാണുള്ളത്.
വൈദ്യുതി ഉപയോഗത്തിൽ റിക്കാർഡ്
കനത്ത ചൂട് എസികളുടെയും ഫാനുകളുടെയും നിർത്താതെയുള്ള പ്രവർത്തനത്തിനു കാരണമായതോടെ രാജ്യത്തെ ഇന്ധന ഉപയോഗം എക്കാലത്തെയും വലിയ റിക്കാർഡിൽ. ഊർജമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മേയ് 21ന് 270.82 ജിഗാവാട്ടാണ് രാജ്യത്തിന്റെ പകൽസമയത്തെ വൈദ്യുതി ഉപഭോഗം. ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കുന്ന അവസരത്തിൽ തുടർച്ചയായ നാലാം ദിവസമാണ് വൈദ്യുതി ഉപഭോഗത്തിലെ റിക്കാർഡ് ഭേദിക്കപ്പെടുന്നത്.
കഴിഞ്ഞ18ന് വൈദ്യുതി ഉപഭോഗം 257.37 ജിഗാവാട്ടായിരുന്നെങ്കിൽ 19ന് 260.45 ജിഗാവാട്ടും 20ന് 265.44 ജിഗാവാട്ടും 21ന് 270.82 ജിഗാവാട്ടുമായിരുന്നു പകൽസമയത്തു രാജ്യത്തെ വൈദ്യുതി ആവശ്യം. വൈദ്യുതി ഉപയോഗം റിക്കാർഡിലെത്തിയതിനുപിന്നാലെ വൈദ്യുതി വിവേകത്തോടെയും വിവേചനബുദ്ധിയോടെയും ഉപയോഗിക്കാൻ ഊർജമന്ത്രാലയം പൗരന്മാരോട് അഭ്യർഥിച്ചു.
‘നവതാപ’ ചുട്ടുപൊള്ളിക്കുമോ?
ഉഷ്ണതരംഗ സാഹചര്യങ്ങൾ ഉത്തരേന്ത്യയെ പൊള്ളിക്കുന്പോൾ ഈ മാസം 25 മുതൽ ആരംഭിക്കുന്ന ‘നവതാപ’ എന്നറിയപ്പെടുന്ന കാലയളവ് വീണ്ടും ചുട്ടുപൊള്ളിക്കുമോയെന്നൊരു ആശങ്ക നിലനിൽക്കുന്നുണ്ട്.
സൂര്യൻ രോഹിണി നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്ന കാലഘട്ടമായ ‘നവതാപം’ വർഷത്തിലെ ഏറ്റവും ചൂടുള്ള നാളുകളായാണ് ഉത്തരേന്ത്യൻ സംസ്കാരങ്ങൾ കണക്കാക്കുന്നത്. ‘നവം’ എന്നാൽ ഒന്പതെന്നും ‘താപം’ എന്നാൽ കടുത്ത ചൂടുമെന്നുമാണ് അർഥം.
മണ്‍സൂണ്‍ കാലത്തിനുമുന്പ് ഏറ്റവും ചൂടുള്ള ഒന്‍പത് ദിനങ്ങളായി കണക്കാക്കുന്ന ഈ കാലഘട്ടം ഈ വർഷം മേയ് 25 മുതൽ ജൂണ്‍ രണ്ടു വരെയാണ്. നവതാപം എത്രത്തോളം തീവ്രമായി ജ്വലിക്കുന്നുവോ അത്രത്തോളം മികച്ചതായിരിക്കും തുടർന്നുള്ള വർഷകാലത്തെ മഴയെന്നാണു വിശ്വാസം.
Tags : Sizzling North India hottest cities temperatures sweltered