ന്യൂഡൽഹി: കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പരാമർശിച്ചുതുടങ്ങിയ ഉടൻ അദ്ദേഹത്തിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ ഓം ബിർള.
രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ലോക്സഭയിൽ സംസാരിക്കാൻ രാഹുൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിൽ പരാമർശിച്ച വിഷയത്തിനപ്പുറമുള്ള കാര്യമാണ് രാഹുൽ സംസാരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്.
എപ്സ്റ്റീൻ തന്റെ സുഹൃത്താണെന്ന് പുരി തന്നെ സമ്മതിച്ചതായി രാഹുൽ ആരോപിച്ചു. കേന്ദ്രമന്ത്രി സഭയിൽ ഇരിക്കുന്പോഴായിരുന്നു രാഹുലിന്റെ പരാമർശം.
പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫ് ചെയ്ത സ്പീക്കർ നിലവിലെ ഊർജ പ്രതിസന്ധിയിൽ പ്രസ്താവന നടത്താൻ പുരിയെ ക്ഷണിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
രാഹുലിനെ സംസാരിക്കാൻ അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷനേതാക്കളുടെ പ്രതിഷേധം.
മന്ത്രി പ്രസ്താവന നടത്തുന്പോൾ പ്രതിപക്ഷ എംപിമാർ എപ്സ്റ്റീൻ എന്ന മുദ്രാവാക്യം മുഴക്കി.
Tags : Epstein Speaker Rahul Gandhi rahul mic