ന്യൂഡൽഹി: തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്മോസ് മിസൈൽ നിർമാണ യുണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാൻ സുപ്രീംകോടതി അനുമതി.
ഡിആർഡിഓയ്ക്ക് ഭൂമി കൈമാറാൻ ആണ് സുപ്രീംകോടതി കേരള സർക്കാരിന് അനുമതി നൽകിയത്. നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നൽകാനും സുപ്രീംകോടതി അനുമതി നൽകി.
ഇതിനുപുറമെ സശസ്ത്ര സീമ ബൽ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി കൈമാറാനും സംസ്ഥാന സർക്കാരിന് സുപ്രീംകോടതി അനുമതി നൽകി.
ബ്രഹ്മോസ് എയ്റോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഓ ആവശ്യപ്പെട്ടിരുന്നു. അത്യാധുനിക മിസൈൽ നിർമാണത്തിനും തന്ത്രപ്രധാനമായ ഹാർഡ്വെയർ നിർമാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആർഡിഓ ഭൂമി ഭൂമി ആവശ്യപ്പെട്ടത്.
ബ്രഹ്മോസ് എയ്റോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരുന്നതിനേക്കുറിച്ചും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
സശസ്ത്ര സീമ ബലിന്റെ ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്സ് കേരളത്തിൽ ആരംഭിക്കണമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘകാല ആവശ്യമാണ്. ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്സ് നിലവിൽവരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാകും.
Tags : Supreme Court BrahMos missile manufacturing unit Thiruvananthapuram