ന്യൂഡൽഹി: സംസ്കാരത്തിന്റെയും വംശീയതയുടെയും പേരിൽ ആളുകളെ അധിക്ഷേപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഡൽഹി ചെങ്കോട്ടയ്ക്കു സമീപം രണ്ടു മലയാളിവിദ്യാർഥികളെ ആക്രമിക്കുകയും ഹിന്ദിയിൽ സംസാരിക്കാൻ നിർബന്ധിക്കുകയും ലുങ്കി ധരിച്ചതിനു പരിഹസിക്കുകയും ചെയ്ത സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള സാക്കിർ ഹുസൈൻ കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്കായിരുന്നു പോലീസിൽനിന്നുൾപ്പെടെ അടുത്തിടെ അതിക്രമം നേരിടേണ്ടിവന്നത്.
നാനാത്വത്തിൽ ഏകത്വം നിലനിൽക്കുന്ന ഒരു രാജ്യത്ത് ഇത്തരം വംശീയവിവേചനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും മാധ്യമ റിപ്പോർട്ടുകളിലൂടെ ഈ സംഭവം ശ്രദ്ധിച്ചിട്ടുണ്ടെന്നും ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ വംശീയ വിവേചനത്തിൽനിന്നു സംരക്ഷിക്കാൻ മാർഗനിർദേശങ്ങൾ തയാറാക്കണമെന്നാവശ്യപ്പെട്ടു 2014ൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു ഡൽഹി സാക്കിർ ഹുസൈൻ കോളജിൽ പഠിക്കുന്ന കേരളത്തിൽനിന്നുള്ള രണ്ടു വിദ്യാർഥികളെ ഒരു മാസം മുന്പ് ചെങ്കോട്ട പരിസരത്തുവച്ച് ആൾക്കൂട്ടവും പോലീസും മർദിച്ച സംഭവം കോടതി പരാമർശിച്ചത്. ഇത്തരം സംഭവങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.
വംശീയ ആക്രമണങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും നിരീക്ഷിക്കാനും പ്രതിരോധനടപടികൾ ശിപാർശ ചെയ്യാനും സമിതി രൂപീകരിക്കാൻ സുപ്രീംകോടതി നേരത്തേ കേന്ദ്രത്തോടു നിർദേശിച്ചിരുന്നു.
പലതരത്തിലുള്ള ഇടപെടലുകളുണ്ടായിട്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കു നേരേ വംശീയ പരിഹാസം, ഒറ്റപ്പെടുത്തൽ, തെരഞ്ഞുപിടിച്ചുള്ള പീഡനം എന്നിവ തുടരുന്നതായി പരാതിക്കാരനുവേണ്ടി ഹാജരായ അഡ്വ. ഗയ്ചൻഗോപു ഗാംഗ്മേയി കോടതിയിൽ പറഞ്ഞു.
ഇത്തരം വിഷയങ്ങൾ നിരീക്ഷിക്കാൻ ആഭ്യന്തരമന്ത്രാലയം ഒരു മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജൻ കോടതിയെ അറിയിച്ചപ്പോഴാണ് മലയാളി വിദ്യാർഥികൾക്കു നേരിട്ട അധിക്ഷേപത്തെപ്പറ്റി ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
Tags : Supreme Court Malayali students insults Malayali students