ഹൈദരാബാദ്: വാഹനാപകടത്തിൽ തെലുങ്ക് നടൻ കെ. ഭരത്കാന്ത് (31) മരിച്ചു. ആദിബട്ലയ്ക്കടുത്ത് ഔട്ടർ റിംഗ് റോഡിൽ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് നടൻ മരിച്ചത്.
കൂടെയുണ്ടായിരന്ന ജി. സായ് ത്രിലോക് (31) എന്നയാളും മരിച്ചു. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശികളാണ്.
ഭരത് കാന്ത് ആണ് വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ മുന്നിൽ സഞ്ചരിക്കുകയായിരുന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചുകയറി. കാർ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നറിന്റെ പിൻഭാഗത്തെ ചക്രങ്ങൾ വേർപ്പെട്ടുപോയി.
ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നടനും സാമൂഹികമാധ്യമതാരവുമാണ് ഭരത് കാന്ത്. ടെനന്റ്, ഗ്രാമം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Tags : Telugu actor K Bharath Kanth crash car