ബോംബെ ഹൈക്കോടതി
മുംബൈ: സ്വന്തം മകളെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതിനേക്കാൾ ഞെട്ടിക്കുന്നതും ഹീനവുമായ കുറ്റകൃത്യം വേറെയില്ലെന്ന് ബോംബെ ഹൈക്കോടതി. മകൾ വളരുമ്പോൾ പിതാവിന്റെ മടിത്തട്ടിൽനിന്നു മാറിയേക്കാം. എന്നാൽ, പിതാവിന്റെ ഹൃദയത്തിൽനിന്നും മാറില്ല. മകളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയുടെ ശിക്ഷ ശരിവച്ച് കോടതി പറഞ്ഞു.
12 വയസുള്ള മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ശിക്ഷ ചോദ്യം ചെയ്ത് നാൽപ്പത്തിമൂന്നുകാരനായ പ്രതി സമർപ്പിച്ച അപ്പീൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് തള്ളി. ജസ്റ്റീസുമാരായ ഊർമിള ജോഷി ഫാൽക്കെ, നിവേദിത മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ഒരു കുട്ടിക്ക് തന്റെ പിതാവിനോടുള്ള വിശ്വാസമാണ് പ്രതി തകർത്തത്. സ്വന്തം കുട്ടിയുടെ സംരക്ഷകനാകേണ്ട പ്രതിതന്നെ അവളുടെ ജീവിതം നശിപ്പിച്ചു.
നിസഹായയായ പെൺകുട്ടിയുടെ ആത്മാവിനെയാണ് അയാൾ ഇല്ലാതാക്കിയത്. ബലാത്സംഗം എന്നത് കേവലം ശാരീരിക അക്രമം മാത്രമല്ല, അത് ഇരയുടെ വ്യക്തിത്വത്തെത്തന്നെ പൂർണമായി തകർക്കുന്ന ഒന്നാണ്.
ഇരയുടെ മേലുള്ള സ്വാധീനം ദുരുപയോഗം ചെയ്ത്, സ്വന്തം കാമം തീർക്കാൻ പ്രതി നടത്തിയ ക്രൂരമായ വേട്ടയാടലാണിത്- കോടതി നിരീക്ഷിച്ചു.2021 ഏപ്രിലിലാണ് ക്രൂരത പുറംലോകമറിയുന്നത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെൺകുട്ടി ഏഴു മാസം ഗർഭിണിയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.