ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ’ഓണ്‍സ്ക്രീൻ മാർക്കിംഗ്’ ഡിജിറ്റൽ പ്ലാറ്റ്ഫോമിനുനേരേ ഉയർന്ന ഗുരുതരമായ സുരക്ഷാവീഴ്ച സമ്മതിച്ച് സിബിഎസ്ഇ.
പൊതുസമൂഹത്തിൽ ആശങ്കകൾ ഉയർന്നതിനെത്തുടർന്ന് തങ്ങളുടെ സർവീസ് പ്രൊവൈഡറുടെ ഒഎസ്എം പോർട്ടലിൽ കണ്ടെത്തിയ സുരക്ഷാ വീഴ്ചകളെ അതീവ ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണെന്ന് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ സിബിഎസ്ഇ അറിയിച്ചു.
വിദ്യാർഥികൾ ആശങ്കകൾ ഉന്നയിക്കുകയും എത്തിക്കൽ ഹാക്കർമാർ സുരക്ഷാപോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെയാണ് ഓണ്‍ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിൽ സിബിഎസ്ഇ പിഴവ് സമ്മതിക്കുന്നത്.
വിവിധ സർക്കാർ ഏജൻസികളിൽനിന്നുള്ള സൈബർ വിദഗ്ധരും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി ) പ്രൊഫഷണലുകളും അടങ്ങുന്ന വിദഗ്ധസമിതി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ സംവിധാനത്തിന്റെ സുരക്ഷ ശക്തമാക്കാൻ പ്രവർത്തിക്കുകയാണെന്ന് സിബിഎസ്ഇ പ്രസ്താവനയിൽ വ്യക്തമാക്കി.
നിലവിൽ കണ്ടെത്തിയ സുരക്ഷാവീഴ്ചകൾ പരിഹരിച്ചിട്ടുണ്ടെന്നും മറ്റ് ദുരുപയോഗ സാധ്യതകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ബോർഡ് അറിയിച്ചു. നിലവിലുള്ള സുരക്ഷ വർധിപ്പിക്കുന്ന നടപടികളുടെ ഭാഗമായി പോർട്ടൽ കൂടുതൽ സുരക്ഷിതമായ മറ്റൊരു സംവിധാനത്തിലേക്ക് മാറ്റുകയാണെന്നും സിബിഎസ്ഇ കൂട്ടിച്ചേർത്തു.
പരീക്ഷാ ചോദ്യപേപ്പറുകൾ ഹാക്കർമാർ വഴി പൊതുയിടത്തിൽ ലഭ്യമായതോടെയാണ് ഓണ്‍ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനെതിരേ ആരോപണം ഉയർന്നത്. വിദ്യാർഥികളും നിരവധി പോരായ്മകൾ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ വെബ്സൈറ്റ് വിലാസത്തിലെ തെറ്റും ടെസ്റ്റിംഗ് പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മാത്രമാണുണ്ടായതെന്നും സുരക്ഷാലംഘനം നടന്നിട്ടില്ലെന്നുമായിരുന്നു ശനിയാഴ്ച വരെ സിബിഎസ്ഇയുടെ നിലപാട്.
ഇതിനെതിരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സുരക്ഷാപ്രശ്നം 19കാരനായ എത്തിക്കൽ ഹാക്കർ നിസർഗ അധികാരി രംഗത്തുവന്നതോടെ സിബിഎസ്ഇ വീഴ്ച സമ്മതിക്കുകയായിരുന്നു. സിബിഎസ്ഇയുടെ മൂല്യനിർണയ ജോലിക്കു നൽകിയ കരാർനടപടികളെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർന്നിരുന്നു.
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൂല്യനിർണയത്തിൽ ഉൾപ്പെടെ വിദ്യാർഥികളുടെ പഴി കേട്ട സിബിഎസ്ഇക്കെതിരേ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്.
മൂല്യനിർണയം കഴിഞ്ഞ പന്ത്രണ്ടാം ക്ലാസിലെ 20 ലക്ഷത്തോളം വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പൊതുസമൂഹത്തിൽ ലഭ്യമാണെന്നും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സ്വകാര്യതയെ ബാധിക്കുന്ന വീഴ്ചയാണ് ബോർഡിന്റെ ഭാഗത്തുനിന്ന് സംഭവിച്ചതെന്നും കടുത്ത അനാസ്ഥയാണ് ഇതു വ്യക്തമാക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
സിബിഎസ്ഇയുടെ മൂല്യനിർണയ ജോലി കരാറെടുത്ത സ്വകാര്യ കന്പനിയായ ’കോഎംപ്റ്റിന്’ ലാഭമുണ്ടാക്കാൻ വേണ്ടി ചട്ടങ്ങൾ തിരുത്തിയെഴുതി. ടെൻഡർ ചട്ടങ്ങളിൽ വലിയ രീതിയിൽ മാറ്റം വരുത്തിയാണ് കന്പനിക്കു കരാർ നൽകിയത്. പൊതുസമൂഹത്തിൽ ലഭ്യമായിട്ടുള്ള ഉത്തരക്കടലാസുകളിൽ പേപ്പറുകൾ മടങ്ങിയ അടയാളങ്ങളും നിഴലുകളും കാണപ്പെടുന്നുണ്ട്. പ്രൊഫഷണൽ സ്കാനിംഗ് മെഷീനുകൾക്കു പകരം സാധാരണ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഇവ സ്കാൻ ചെയ്തതെന്നാണ് ഇതു വ്യക്തമാക്കുന്നത്.
മൂന്നാമത്തെ ടെൻഡറിൽനിന്ന് റോബോട്ടിക് സ്കാനറുകൾ ഉപയോഗിക്കണമെന്ന പ്രധാന നിബന്ധന സിബിഎസ്ഇ ഒഴിവാക്കിയത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. -ജയ്റാം രമേശ് ആവശ്യപ്പെട്ടു.
കോഎംപ്റ്റ് കന്പനി യഥാർഥത്തിൽ പരീക്ഷാ പേപ്പറുകൾ സ്കാൻ ചെയ്യാൻ ഏതുതരത്തിലുള്ള സ്കാനറുകളാണ് ഉപയോഗിച്ചതെന്നും ഈ ഡിജിറ്റൽ കോപ്പികളുടെ ഗുണനിലവാരം ഇത്രയധികം മോശമാകാൻ കാരണം എന്താണെന്നും വിശദീകരിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്പനിക്കെതിരേ സമാന ആരോപണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേരത്തേ രംഗത്തു വന്നിരുന്നു. 2019ൽ തെലുങ്കാനയിൽ സമാനരീതിയിൽ ക്രമക്കേട് നടത്തിയ കന്പനിയാണ് പേരു മാറ്റി ഇപ്പോൾ ബോർഡിന്റെ കരാർ നേടിയത് എന്നായിരുന്നു രാഹുലിന്റെ ആരോപണം.