ന്യൂഡൽഹി: മോഡലും നടിയുമായിരുന്ന ത്വിഷ ശർമയുടെ (33) ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്തതിന് പിന്നാലെ, ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം ഊർജിതമാക്കി. പ്രതിയും ത്വിഷയുടെ ഭർത്താവുമായ അഡ്വ. സമർത്ഥ് സിംഗ് പോലീസിനോട് പറഞ്ഞ കാര്യങ്ങളും, ഡീലീറ്റ് ചെയ്യപ്പെട്ട വാട്സാപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസിയുടെ പരിശോധന. ത്വിഷയുടെ ഗർഭധാരണത്തെയും കുട്ടിയുടെ പിതൃത്വത്തെയും സമർത്ഥ് ചോദ്യം ചെയ്തിരുന്നതായി സൂചിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി.
മേയ് 12-നാണ് ഭോപ്പാലിലെ കതാരാ ഹിൽസിലുള്ള ഭർതൃഗൃഹത്തിൽ ത്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം അറസ്റ്റിലായ സമർത്ഥ് സിംഗ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ത്വിഷയ്ക്ക് കടുത്ത സ്വഭാവ വ്യതിയാനങ്ങളും മാനസിക സമ്മർദവും ഉണ്ടായിരുന്നുവെന്നാണ് സമർത്ഥ് സിംഗ് അന്വേഷണ സംഘത്തോട് അവകാശപ്പെട്ടത്. അവൾക്ക് 'ബൈപോളാർ ഡിസോർഡർ', 'അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ' എന്നിവ ഉണ്ടായിരുന്നതായും, മാനസിക സമ്മർദം കുറയ്ക്കാനായി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഉറക്കഗുളികകൾ നൽകിയിരുന്നതെന്നും സമർത്ഥ് വാദിക്കുന്നു.
ഏപ്രിൽ മാസത്തിൽ ത്വിഷ ഗർഭിണിയാണെന്ന് അറിഞ്ഞതുമുതൽ അവളുടെ സ്വഭാവത്തിൽ മാറ്റമുണ്ടായതായി സമർത്ഥ് പറയുന്നു. തനിക്കും അമ്മയ്ക്കും (റിട്ട. ജില്ലാ ജഡ്ജി ഗിരിബാല സിംഗ്) കുഞ്ഞിനെ വേണമെന്നുണ്ടായിരുന്നുവെന്നും എന്നാൽ ത്വിഷയുടെ നിർബന്ധപ്രകാരമാണ് മെഡിക്കൽ കൺസൾട്ടേഷനിലൂടെ ഗർഭച്ഛിദ്രം നടത്തിയതെന്നുമാണ് ഭർത്താവിന്റെ മൊഴി. എന്നാൽ, സമർത്ഥിന്റെ വാദങ്ങൾ പൂർണമായും തള്ളുന്ന തരത്തിലുള്ള വാട്സാപ്പ് ചാറ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ത്വിഷയുടെ ഗർഭധാരണത്തിൽ സമർത്ഥ് കടുത്ത സംശയം പ്രകടിപ്പിച്ചിരുന്നതായും കുഞ്ഞിന്റെ പിതൃത്വത്തെ ചോദ്യം ചെയ്തിരുന്നതായും ഈ സന്ദേശങ്ങൾ വ്യക്തമാക്കുന്നു. ഈ തർക്കങ്ങൾക്ക് ശേഷമാണ് ത്വിഷയെ നിർബന്ധിതമായി മരുന്ന് നൽകി മുറിക്കുള്ളിൽ പൂട്ടിയിടാൻ തുടങ്ങിയതെന്ന് ത്വിഷയുടെ കുടുംബം ആരോപിക്കുന്നു.
Tags : Twisha Sharma CBI Latest News