ലക്നോ: ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. സിദ്ധാർഥ്നഗറിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരായ കുസും (50), മകൾ അഞ്ജലി (13) എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ ഡ്രൈവർ ഫത്തേപൂർ സ്വദേശി ഹർഷ് പാണ്ഡെയെ തിരിച്ചറിഞ്ഞു. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്കായിരുന്നു അപകടം.
യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്കായി ബസ് നിർത്തുകയും ഈ സമയത്ത് ബസിൽ നിന്നിറങ്ങിയ ഇരുവരും ഇരുട്ടിൽ ദിശമാറി റോഡിന്റെ നടുവിലെ ഡിവൈഡറിലേക്ക് നടന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരും മരണമടഞ്ഞിരുന്നു.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരകയാണ്.
Tags : kill speeding car crash