ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന കേന്ദ്ര മന്ത്രി ജെപി നദ്ധ
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജെ.പി നഡ്ഡ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തെരഞ്ഞെടുത്ത പ്രതികരണങ്ങളാണ് നടത്തുന്നതെന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും വിവിധ മത്സര പരീക്ഷകളിൽ ചോദ്യ പേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ രാഹുൽ ഗാന്ധി ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുകയും നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയ ആയുധമാക്കുകയുമാണെന്ന് നഡ്ഡ കുറ്റപ്പെടുത്തി.
പരീക്ഷാ സംവിധാനങ്ങളിലെ പ്രശ്നങ്ങളും ചോദ്യപേപ്പർ ചോർച്ചാ വിഷയവും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ പൂർണമായും തയ്യാറാണെന്നും ജെ.പി നഡ്ഡ ആവർത്തിച്ചു. എന്നാൽ പ്രതിപക്ഷം സഭയിലെ നടപടികൾ തടസപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്നുള്ള സിജെപിയുടെ പാർലമെന്‍റ് മാർച്ചനെതിരെ ഡൽഹി പോലീസ് നടത്തിയ അതിക്രമങ്ങളെ അപലപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ഡൽഹിയിലെ എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പത്ര സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിജെപി മുൻ അധ്യക്ഷൻ ജെ.പി നഡ്ഡയും പത്രസമ്മേളനം നടത്തിയത്.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് സിജെപി.
വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയാൽ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സോനം വാംഗ്ചുക്ക് അറിയിച്ചിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash