ലക്നോ: ഉത്തർപ്രദേശിൽ പിറന്നാൾ ആഘോഷത്തിനിടെ മൂന്നുപേരെ വെടിവച്ചു കൊന്ന കേസിലെ പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജീതു സൈനി എന്നയാളാണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ധാരാവു പോലീസ് ഔട്ട്പോസ്റ്റിനടുത്താണ് ഏറ്റുമുട്ടൽ നടന്നത്. സ്കൂട്ടറിലെത്തിയ രണ്ടുപേരോട് നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ അനുസരിച്ചില്ല. തുടർന്ന് വെടിവയ്പ്പുണ്ടായി. പിന്നീട് ഇവരെ ജഝാർ റോഡിൽ വച്ചു പോലീസ് വളഞ്ഞു. ഇവിടെവച്ചും വെടിവയ്പ്പുണ്ടായി.
പോലീസ് നടത്തിയ പ്രത്യാക്രമണത്തിനിടെ ജീതു സൈനിക്ക് വെടിയേറ്റു. രണ്ടാമൻ രക്ഷപെട്ടു. വെടിയേറ്റയാളെ പോലീസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. വെടിവയ്പ്പിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. പിസ്റ്റൾ, വെടിയുണ്ടകൾ, നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടർ എന്നിവ പോലീസ് കണ്ടെടുത്തു.
ഏപ്രിൽ 25 ന് ഖുർജയിൽ പിറന്നാൾ ആഘോഷത്തിനിടെ മൂന്നുപേരെ വെടിവച്ചുകൊന്ന കേസിൽ പ്രതിയാണ് ജീതു സൈനി. അമർദീപ് (30), മനീഷ് (28), ആകാശ് (18) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സൈനി ഒളിവിൽ പോയിരുന്നു.
Tags : UP Man Murder Birthday Cake Encounter