ന്യൂഡൽഹി: എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കുകയോ നിർത്തലാക്കുകയോ ചെയ്യുന്പോൾ ഇത്തരം ഫണ്ടുകളും അവയിലൂടെ സൃഷ്ടിക്കപ്പെട്ട ആസ്തികളും നിയുക്ത അഥോറിറ്റിയിൽ നിക്ഷിപ്തമാകുന്ന വ്യവസ്ഥ സാമാന്യനീതിയുടെ ലംഘനമാണെന്ന് നിയമവിദഗ്ധർ.
ഓരോ അഞ്ചു വർഷത്തിലും എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ട്. ആ സമയംവരെ സംഘടന പ്രത്യക്ഷമായ ലംഘനം നടത്തിയിട്ടില്ലെന്നു ബോധ്യമായശേഷം മാത്രമേ കേന്ദ്രസർക്കാർ എഫ്സിആർഎ പുതുക്കുകയുള്ളൂ. ഫണ്ടുകളുടെ വരവും ഉപയോഗവും സാധുവും യഥാർഥവുമായതാണെന്നതിനുള്ള അംഗീകാരം കൂടിയാണ് ഇതു പരിശോധിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ രജിസ്ട്രഷേൻ പുതുക്കലെന്ന് നിയമ വിദഗ്ധർ ദീപികയോട് പറഞ്ഞു.
രജിസ്ട്രേഷൻ പുതുക്കൽ പൂർണമായും നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള എഫ്സിആർഎ വകുപ്പാണ്. പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അസോസിയേഷനെ അറിയിച്ചു തിരുത്തിക്കുകയോ നടപടി സ്വീകരിക്കുകയോ ആണു ചെയ്യേണ്ടത്. പക്ഷേ അതുണ്ടാകുന്നില്ല. പുതുക്കലുകൾ നിരസിക്കുന്നതിനെക്കുറിച്ചോ അതിനുള്ള പോരായ്മകളെക്കുറിച്ചോ പരാതി നൽകാൻ അസോസിയേഷനുകൾക്ക് അവസരം നൽകുന്നില്ല. ഏകപക്ഷീയമായി രജിസ്ട്രേഷൻ പുതുക്കി നൽകാതിരിക്കുന്ന നിലവിലെ രീതിപോലും തെറ്റാണ്.
സംഘടനകളുടെ ഫണ്ടും ആസ്തികളും കേന്ദ്രം ഏറ്റെടുക്കുന്നതിനുമുന്പ് ജുഡീഷൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. സ്വത്തവകാശം സംരക്ഷിക്കുന്നതിനും ഏതൊരു നഷ്ടവും നീതിയുക്തവും ന്യായവുമായിരിക്കണമെന്നു ഭരണഘടനയുടെ അനുച്ഛേദം 300 എയിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. പുതിയ ബില്ലിലെ വ്യവസ്ഥകൾ സ്ഥാപിത നടപടിക്രമത്തിന്റെയും ആനുപാതികതയുടെയും തത്വങ്ങളിൽനിന്നുള്ള വ്യതിചലനമാണെന്നും മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യവും സ്വയംഭരണവും സംരക്ഷിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 25, 26 പ്രകാരമുള്ള ഉറപ്പുകളെയും ഭേദഗതി ബാധിക്കുന്നു. ന്യൂനപക്ഷസ്ഥാപനങ്ങളുടെ നടത്തിപ്പിൽ അനാവാശ്യ ഇടപെടലിനു കാരണമായേക്കാവുന്ന വ്യവസ്ഥകൾ വിവാദ ഭേദഗതി ബില്ലിലുണ്ടെന്നും നിയമവിദഗ്ധർ വിശദീകരിച്ചു.
Tags : Violation constitutional rights common justice FCRA Registration Legal experts