ന്യൂഡൽഹി: ബിജെപി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ. അണ്ണാമലൈ. പുതിയ പാർട്ടിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ദയവായി കാത്തിരിക്കൂ, നമുക്ക് രണ്ട് ദിവസത്തിനുള്ളിൽ ഇരുന്ന് സംസാരിക്കാം എന്ന് അണ്ണാമലൈ മറുപടി നൽകി.
ജൂൺ നാലിന് തന്റെ ജന്മദിനത്തിന് തൊട്ടുപിന്നാലെ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 'മക്കൾ ശക്തി ഇയക്കം' എന്നായിരിക്കും പുതിയ സംഘടനയുടെ പേരെന്നും, ഇത് ഭാവിയിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടിയായി മാറാൻ സാധ്യതയുണ്ടെന്നും ചർച്ചകൾ സജീവമാണ്.
കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് 'സിങ്കം' എന്ന വിളിപ്പേര് നേടിയ അണ്ണാമലൈ, എൻജിനീയറിംഗ് ബിരുദത്തിനും ഐഐഎം ലക്നോവിലെ എംബിഎ പഠനത്തിനും ശേഷമാണ് സിവിൽ സർവീസിലേക്ക് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2020-ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. തൊട്ടടുത്ത വർഷം എൽ. മുരുഗൻ കേന്ദ്രമന്ത്രിയായതോടെ തമിഴ്നാട് ബിജെപിയുടെ അമരത്തേക്ക് അണ്ണാമലൈ നിയോഗിക്കപ്പെട്ടു.
പിൽക്കാലത്ത് പാർട്ടിയിൽ നിന്ന് തഴയപ്പെട്ടെങ്കിലും ഫീനിക്സ് പക്ഷിയെപ്പോലെ അണ്ണാമലൈ മടങ്ങിവരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിശ്വസിക്കുന്നത്.
Tags : k Annamalai talk rumours BJP