കൊച്ചി: ലക്ഷദ്വീപിൽ ആഴ്ചയിലൊരിക്കൽ 'വാഹന നിരോധന ദിനം'ഏർപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിൽ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി കേരള ഹൈക്കോടതി. പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യത്തിനുമായി ആഴ്ചയിലൊരിക്കൽ വാഹനങ്ങൾ ഒഴിവാക്കുന്നത് നല്ല ആശയമാണെന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും, അത് ബുധനാഴ്ച പോലുള്ള ഒരു പ്രവൃത്തിദിവസമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഈ പരാമർശം. മലിനീകരണം കുറയ്ക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും ആഴ്ചയിലൊരിക്കൽ വാഹനങ്ങൾ നിരോധിക്കുന്നത് ഗുണകരമായ നീക്കമാണ്. ഇത് നടപ്പിലാക്കുന്നത് നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.
എന്നാൽ ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകേണ്ട പ്രവൃത്തിദിവസമായ ബുധനാഴ്ച തന്നെ നിരോധനം ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. പ്രവൃത്തിദിവസമല്ലാത്ത മറ്റൊരു ദിവസം ഇതിനായി പരിഗണിച്ചുകൂടേ എന്നും കോടതി ചോദിച്ചു. അടിയന്തര സാഹചര്യങ്ങൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ ഇളവുകൾ നൽകിക്കൊണ്ട് മാത്രമേ ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കാവൂ എന്നും കോടതി ആവശ്യപ്പെട്ടു.
Tags : Lakshadweep High Court vehicle ban