ലക്നോ: ഉത്തർപ്രദേശിലെ സുശാന്ത് ഗോൾഫ് സിറ്റിയിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ യുവതിയെ മുൻ കാമുകൻ കൊലപ്പെടുത്തി. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശിവാനി (22) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ ചപ്ര സ്വദേശി പ്രേം കുമാർ മാഞ്ചി (23) യെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. മെയ് 17ന് രാവിലെ പത്ത് മണിയോടെ ജോലിയുടെ ആവശ്യങ്ങൾക്കായി എന്ന് പറഞ്ഞ് ശിവാനി വീട്ടിൽ നിന്നു ഇറങ്ങി. എന്നാൽ രാത്രി വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് സുശാന്ത് ഗോൾഫ് സിറ്റിയിലെ വനത്തിൽ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലക്നോവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന പ്രേമിനെ അറസ്റ്റ് ചെയ്തത്.
ശിവാനിയെ കഴിഞ്ഞ ആറ് വർഷമായി അറിയാമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കഴിഞ്ഞ ആറുമാസമായി ശിവാനിക്ക് സഹപ്രവർത്തകനായ മനീഷ് എന്നയാളുമായി ഉണ്ടായിരുന്ന സൗഹൃദം പ്രേമിനെ അസ്വസ്ഥനാക്കിയിരുന്നു. ശിവാനിയുടെ ഫോണിൽ ഇരുവരുടെയും ചിത്രങ്ങൾ കണ്ടതോടെ പ്രതി കോപാകുലനായി. ശിവാനിയുടെ വിവാഹനിശ്ചയത്തിൽ തനിക്ക് എതിർപ്പുകൾ ഉണ്ടായിരുന്നില്ലെന്നും എന്നാൽ മനീഷുമായുള്ള അടുപ്പം സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് പ്രതി പോലീസിന് മൊഴി നൽകിയിട്ടുള്ളത്.
ഞായറാഴ്ച രാവിലെ പ്രേം തന്റെ ബൈക്കിൽ ശിവാനിയുമായി ആവാസ് വികാസ് കോളനിക്ക് സമീപമുള്ള വനമേഖലയിലേക്ക് പോയി. അവിടെ വച്ച് റബ്ബർ പൈപ്പ് ഉപയോഗിച്ച് ശിവാനിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം സിമന്റ് കട്ട ഉപയോഗിച്ച് യുവതിയുടെ തല അടിച്ചുതകർത്തു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി ശിവാനിയുടെ മൊബൈൽ ഫോൺ പ്രതി അടുത്തുള്ള കനാലിലേക്ക് എറിഞ്ഞു കളഞ്ഞു.
പ്രേമിനെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Tags : Woman murder engagement