മൈൻസ്: ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ആദ്യമായി എംആർഎൻഎ വാക്സിൻ വികസിപ്പിച്ച ജർമൻ കമ്പനിയായ ബയോൺടെക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ.
വാക്സിന്റെ ഡിമാൻഡ് കുത്തനെ ഇടിഞ്ഞതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജർമനിയിലെയും സിംഗപുരിലെയും ഉത്പാദന കേന്ദ്രങ്ങൾ പൂട്ടാൻ കമ്പനി തീരുമാനിച്ചു.
ഇതോടെ ഏകദേശം 1,860 ഓളം പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ സ്ഥാപകരും പ്രശസ്ത ശാസ്ത്രജ്ഞരുമായ ഉഗുർ ഷാഹിനും ഓസ്ലം തുറേച്ചിയും ഈ വർഷാവസാനത്തോടെ ബയോൺടെക്കിന്റെ പടിയിറങ്ങും.
ഇവർ പുതിയൊരു ഗവേഷണ സ്ഥാപനം തുടങ്ങാനുള്ള തയാറെടുപ്പിലാണ്. സ്ഥാപകരുടെ പിന്മാറ്റം പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഓഹരി മൂല്യത്തിൽ 18 ശതമാനത്തോളം ഇടിവുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനം 35 ശതമാനത്തോളം കുറഞ്ഞു.
ഏകദേശം 532 ദശലക്ഷം യൂറോയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. കോവിഡ് വാക്സിനായ കോമിർനാറ്റിയുടെ നിർമാണം ഇനിമുതൽ പൂർണമായും പങ്കാളിത്ത കമ്പനിയായ ഫൈസറിന് കൈമാറാനാണ് ബയോൺടെക്കിന്റെ തീരുമാനം.
അടുത്തിടെ എതിരാളികളായ ക്യൂർവാക് എന്ന കമ്പനിയെ ബയോൺടെക് ഏറ്റെടുത്തിരുന്നു. എന്നാൽ ഏറ്റെടുക്കലിന് പിന്നാലെ ട്യൂബിംഗനിലെ ക്യൂർവാക് പ്ലാന്റ് പൂട്ടാനുള്ള തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവച്ചു.
വിപണിയിലെ മത്സരം ഒഴിവാക്കാൻ വേണ്ടിയുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വിമർശകർ ആരോപിക്കുന്നു. "വാങ്ങുക, എന്നിട്ട് കൊല്ലുക' എന്ന നയമാണ് ബയോൺടെക് സ്വീകരിച്ചതെന്ന് ട്യൂബിംഗൻ മേയർ കുറ്റപ്പെടുത്തി.
കാൻസർ ചികിത്സാ രംഗത്തെ ഗവേഷണങ്ങളിലാണ് ബയോൺടെക് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വർഷം അവസാനത്തോടെ വിവിധ തരം കാൻസർ ചികിത്സകൾക്കായുള്ള 15 ഓളം നിർണായക പരീക്ഷണങ്ങൾ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Tags : BioNTech Vaccine Covid Manufacturing Plants