ഷിക്കാഗോ: ഭാരതത്തിന് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സീറോമലബാർ കൺവൻഷന് ഷിക്കാഗോയിൽ തുടക്കം.
ജൂലൈ ഒമ്പതിന് വൈകുന്നേരം മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ നടന്ന ദിവ്യബലിയോടെയാണ് കൺവൻഷന് തുടക്കമായത്. രൂപതയുടെ പ്രഥമ അധ്യക്ഷനായ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
രജതജൂബിലി ആഘോഷങ്ങൾ പുനഃസുവിശേഷവത്കരണ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള അവസരമാണെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. അമേരിക്കയിലെ ലത്തീൻ രൂപതകൾ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
കഴിഞ്ഞ 25 വർഷങ്ങളിൽ ദൈവമഹത്വത്തിനായി രൂപത നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെയിസ് ജെ. സുപിച്ച് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികവും വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളും ആഘോഷിക്കുന്ന കാലയളവിൽ തന്നെ രൂപതയുടെ ജൂബിലി ആഘോഷങ്ങൾ നടക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ ഇന്റർറിലീജിയസ് ഡയലോഗ് പ്രീഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ഷിക്കാഗോ സീറോമലബാർ മുൻ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കാനഡയിലെ മിസിസാഗ സീറോമലബാർ ബിഷപ് മാർ ജോസ് കല്ലുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

സാംസ്കാരിക പരിപാടികൾ ശ്രദ്ധേയമായി
കൺവൻഷന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. യേശുവിന്റെ കാലത്തെ ജറുസലേമിന്റെ പശ്ചാത്തലം പുനഃസൃഷ്ടിച്ച "ജറുസലേം കംസ് എലൈവ്' എന്ന പരിപാടി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
സുവിശേഷ കാലഘട്ടത്തിന്റെ കാഴ്ചകളും സംസ്കാരവും അനുഭവപ്പെടുത്തുന്ന തരത്തിലായിരുന്നു അവതരണം. വിശുദ്ധ തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസവും ലോകമെമ്പാടും സുവിശേഷം പ്രചരിപ്പിക്കാനുള്ള ദൗത്യവും വരും തലമുറകളിലേക്ക് കൈമാറണമെന്ന സന്ദേശം നൽകിയ "ഫ്രം ക്രോസ് ടു ദ നേഷൻസ്' എന്ന രംഗാവിഷ്കാരവും ശ്രദ്ധേയമായി.
"താളവിസ്മയം' ഒരുക്കിയത് സംഗീതവിരുന്ന്
മക്കോർമിക് പ്ലേസിൽ നടന്ന സീറോമലബാർ യുഎസ്എ സിൽവർ ജൂബിലി കൺവൻഷനിൽ സിനിമാതാരം ജയറാമും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ഒന്നിച്ച "താളവിസ്മയം' മെഗാ ഷോ ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു.
ജയറാമിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളവും സ്റ്റീഫൻ ദേവസിയുടെ കീബോർഡ് സംഗീതവും ചേർന്നപ്പോൾ പരമ്പരാഗതവും ആധുനികവുമായ സംഗീതത്തിന്റെ അപൂർവ സംയോജനമാണ് വേദിയിൽ അരങ്ങേറിയത്. അമേരിക്കൻ മലയാളി സമൂഹത്തിന് ഈ പരിപാടി ശ്രദ്ധേയമായ ദൃശ്യ-ശ്രാവ്യ വിരുന്നായി മാറി.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറായിരത്തോളം പേരാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്. പരിപാടികൾ തത്സമയം കാണുന്നതിനുള്ള സംവിധാനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
Tags : Chicago SyroMalabar Dioceses Silver Jubilee Convention Grand Spiritual Celebrations