സാക്രമെന്റോ: കലിഫോർണിയയിലെ മാമത്ത് ലേക്സിൽ വളർത്തുനായയെ ആക്രമിച്ച കാട്ടുക്കരടിയെ വാട്ടർ ബോട്ടിലും കോടാലിയും ഉപയോഗിച്ച് നേരിട്ട് ദമ്പതികൾ. പുലർച്ചെ ആറ് മണിയോടെ വീട്ടുവാതിൽ തുറന്ന വീട്ടമ്മ, വളർത്തുനായയെ കരടി ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
ഏതാണ്ട് 32 കിലോയോളം (70 പൗണ്ട്) ഭാരമുള്ള കരടി നായയെ വിട്ട് സ്ത്രീക്ക് നേരെ തിരിഞ്ഞതോടെ ഭർത്താവും രക്ഷയ്ക്കെത്തി. തുടർന്ന് സ്ത്രീ കയ്യിലുണ്ടായിരുന്ന വാട്ടർ ബോട്ടിൽ കൊണ്ട് കരടിയെ അടിക്കുകയും, ഭർത്താവ് കോടാലിയുടെ മറുപുറം ഉപയോഗിച്ച് പലതവണ വെട്ടുകയും ചെയ്തു. ഇതോടെ പരുക്കേറ്റ കരടി പിന്മാറുകയായിരുന്നു.
ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റെങ്കിലും അവർ സ്വയം ആശുപത്രിയിലെത്തി ചികിത്സ തേടി. ഇവരുടെ രണ്ട് നായകൾക്കും നിസ്സാര പരുക്കേറ്റിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 17 മാസം പ്രായമുള്ള ഈ കരടിയെ പിന്നീട് അധികൃതർ മയക്കുവെടി വച്ച് കൊന്നു. ഈ പ്രദേശത്ത് കരടികളെ സാധാരണയായി കാണാറുണ്ടെങ്കിലും, മനുഷ്യരെ ആക്രമിക്കുന്നത് വളരെ അപൂർവ്വമാണെന്ന് പൊലീസ് വ്യക്തമാക്കി.
Tags : fighting bear Couple seriously injured