ബർലിൻ: ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടന്ന ജർമൻ പൗരന്മാരുമായുള്ള ആദ്യ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഒമാനിലെ മസ്കറ്റിൽ നിന്നുള്ള ലുഫ്താൻസ LH 345 വിമാനമാണ് വ്യാഴാഴ്ച രാവിലെ ലാൻഡ് ചെയ്തത്.
സ്ത്രീകളും കുട്ടികളും രോഗികളും അടക്കം 250-ലധികം ആളുകൾ വിമാനത്തിലുണ്ടായിരുന്നു. ഇറാനുനേരെയുള്ള യുഎസ് ആക്രമണത്തെത്തുടർന്ന് ഗൾഫ് മേഖലയിൽ കുടുങ്ങിയവരെ റോഡ് മാർഗം മസ്കറ്റിലെത്തിച്ച ശേഷമാണ് ജർമ്മനിയിലേക്ക് കൊണ്ടുവന്നത്.
ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവർക്കാണ് മുൻഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി ജോഹാൻ വഡെഫുൾ അറിയിച്ചു. കൂടുതൽ ഒഴിപ്പിക്കൽ വിമാനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.
ജർമനിയിൽ നിന്നുള്ള 30000 ആളുകളാണ് ദുബായ് ഉൾപ്പടെ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്, ഇവരെല്ലാവരും വിനോദസഞ്ചാരികളാണ്.
ഫ്രാങ്ക്ഫർട്ടിലെത്തിയ ആദ്യ സംഘത്തിൽ സാർലാൻഡ് സ്വദേശികളായ സെലീന, കെവിൻ എന്നിവരും ഡാനിയൽ യെർട്ടൻ, ഡൊമിനിക് റിറ്റ്സെ തുടങ്ങിയ കുടുംബങ്ങളും ഉൾപ്പെടുന്നു.
ഗൾഫ് മേഖലയിലുള്ള ജർമൻ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയത്തിന്റെ 'Elefand' (Crisis preparation list) ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
മേഖലയിലെ നിലവിലെ അസ്ഥിരത കണക്കിലെടുത്ത് പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, തങ്ങുന്ന ഇടങ്ങളിൽ സുരക്ഷിതരായിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
Tags : Germany's evacuation flight