റോം: ഈ മാസം റോമിൽ നടന്ന അന്താരാഷ്ട്ര മാർഷ്യൽ ആർട്ട്സ് & ഹോളിസ്റ്റിക് ഡേ (ഐഎംഎഡി) ഫെസ്റ്റിവലിൽ ഇത്തവണ ഒരു മലയാളി ശ്രദ്ധേയ സാന്നിധ്യമായി. കളരിപ്പയറ്റിന്റെ മേഖലയിൽ പ്രശസ്തനായ ഗുരുക്കൾ ഡോ. എസ് മഹേഷാണ് ആ മലയാളി.
സംഘാടകരായ യുഐകെടിയുടെ (യൂണിയൻ ഇറ്റാലിയനാ കുംഗ്ഫൂ ട്രഡീഷയണലേ) ബ്രാൻഡ് അംബാസഡർ എന്ന അംഗീകാരവും ഇക്കുറി മഹേഷിനുണ്ടായിരുന്നു.
ഇന്ത്യയിൽ നിന്ന് ഒരു ആയോധന കല ആദ്യമായി മേളയിലെത്തുന്നത് കഴിഞ്ഞ വർഷമാണ്. കളരിപ്പയറ്റായിരുന്നു അത്. മേളയുടെ കാൽ നൂറ്റാണ്ടു നീളുന്ന ചരിത്രത്തിൽത്തന്നെ ആദ്യം.
കളരിപ്പയറ്റിനെപ്പറ്റി സംസാരിക്കാനും അഭ്യാസ പ്രകടനം അവതരിപ്പിക്കാനും സംഘാടകർ ക്ഷണിച്ചത് ഡോ എസ് മഹേഷിനെ. തിരുവനന്തപുരത്തെ അഗസ്ത്യം കളരിയുടെ മുഖ്യ പരിശീലകനും അഗസ്ത്യം ഫൗണ്ടേഷൻ സ്ഥാപകനുമാണ് ഗുരുക്കൾ ഡോ. എസ്. മഹേഷ്.

ലോകത്തെ വ്യത്യസ്ത ആയോധന പാരമ്പര്യങ്ങൾക്കും സംസ്കാരങ്ങൾക്കും പരസ്പര വിനിമയമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഐകെടി എല്ലാവർഷവും മേള സംഘടിപ്പിക്കുന്നത്. ഏതെങ്കിലും ആയോധനകലയിൽ പ്രാവീണ്യം തെളിയിക്കുന്നവർക്കാണ് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
മേളയുടെ ഇരുപത്താറാം എഡിഷനാണ് ഇത്തവണത്തേത്. അന്താരാഷ്ട്ര പ്രശസ്തരായ നാല്പതിലേറെ മാസ്റ്റേഴ്സ്, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള 250 ക്ലബുകൾ, 15.000-ത്തിലധികം സന്ദർശകർ എന്നിവരുടെ സജീവ പങ്കാളിത്തമായിരുന്നു ജൂലെെ 13 മുതൽ 15 വരെ നടന്ന പരിപാടിയുടെ മുഖ്യ ആകർഷണം.
യൂറോപ്യൻ ആയോധനകലകൾക്കു പുറമേ കുംഗ് ഫു, മാവു തായ്, കരാട്ടേ തുങ്ങിയവയും പാരമ്പര്യത്തനിമയോടെ മേളയുടെ ഭാഗമായി. മഹേഷിലൂടെ കഴിഞ്ഞ വർഷം മേളയുടെ ആകെ ശ്രദ്ധയും ആദരവും നേടിയ കളരിപ്പയറ്റിനെ അടുത്തറിയാൻ നിരവധി പേരാണ് ഇത്തവണ സിനിസിറ്റയിലെത്തിയത്.
കളരിപ്പയറ്റ് - ദ വേ ഓഫ് ദി വാരിയർ
(Kalarippayattu - the way of the warrior) എന്ന ശീർഷകത്തിൽ ഡോ എസ് മഹേഷ് എഴുതിയ പുതിയ പുസ്തകത്തിന്റെ പ്രകാശനവും മേളയുടെ ഭാഗമായി നടന്നു. യുഐകെടി പ്രസിഡന്റ് അലസാൻഡ്രോ കൊളോണീസ് വൈസ് പ്രസിഡന്റ് റോസെല്ലി ലൊറെൻസിനിക്ക് നൽകിയാണ് പുസ്തകം പ്രകാശിപ്പിച്ചത്.
Tags : Kalaripayattu