ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) കാനഡ - ഒന്റാറിയോ റീജിയണൽ വൈസ് പ്രസിഡന്റായി (ആർവിപി) കവിത കെ. മേനോനെ നിയമിച്ചു.
ഒന്റാറിയോ മേഖലയിലെ സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ് ആർവിപിയുടെ പ്രധാന ചുമതല.
15 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കവിത കെ. മേനോൻ മീഡിയ, നിയമം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. എംഎസ്ഡബ്ല്യു, എൽഎൽഎം ബിരുദങ്ങളുള്ള രജിസ്റ്റേർഡ് സോഷ്യൽ വർക്കറായ കവിത, മാനസികാരോഗ്യ രംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്നു.
പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട മാനസിക സമ്മർദങ്ങൾ, കുടുംബബന്ധങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകി കൗൺസിലിംഗും തെറാപ്പി സേവനങ്ങളും നൽകുന്നു. സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം മീഡിയയും ഇവന്റ് മാനേജ്മെന്റും ഉൾപ്പെടെയുള്ള മേഖലകളിലും കവിത സജീവമാണ്.
ട്രയോറ ഇവന്റുകൾ എന്ന സ്ഥാപനത്തിന്റെ സിഇഒയായ അവർ, വിവിധ സാംസ്കാരിക പരിപാടികൾക്കും കോർപ്പറേറ്റ് ഇവന്റുകൾക്കും നേതൃത്വം നൽകുന്നു. കൂടാതെ റൗസിംഗ് റിഥം എന്റർടൈൻമെന്റ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് പിആറായും ആർആർ റെസോൺസ് ആർട്ട്സ് ഫൗണ്ടേഷന്റെ പ്രസിഡന്റയും പ്രവർത്തിക്കുന്നു.
കനേഡിയൻ ഹിന്ദു ചേബർ ഓഫ് കോമേഴ്സിന്റെ സ്ഥാപക ഡയറക്ടറായും ഇന്ത്യൻ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റ് ട്രെഷററായും പ്രവർത്തിക്കുന്ന കവിത, കാനഡയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ സജീവമായ സാമൂഹിക സാന്നിധ്യമാണ്. സമൂഹ ശാക്തീകരണത്തിലും സ്ത്രീ നേതൃത്വ വളർച്ചയിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.
സമൂഹസേവനവും നേതൃത്വവും ഒരുപോലെ മനോഹരമായി സമന്വയിപ്പിക്കുന്ന വ്യക്തിത്വമാണ് കവിത. മാനസികാരോഗ്യ രംഗത്തും മീഡിയ - സാമൂഹിക മേഖലകളിലുമുള്ള കവിതയുടെ അനുഭവവും ദർശനവും കാനഡയിലെ കെഎച്ച്എൻഎ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ദിശാബോധവും നൽകുമെന്ന് കവിത കെ. മേനോന്റെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്ടർ ബോർഡും ട്രസ്റ്റി ബോർഡ് അംഗങ്ങളും കവിത കെ. മേനോന് ആശംസകൾ നേർന്നു.
Tags : Kavitha K. Menon KHNA Ontario Canada