പരിപാടിയിൽ നിന്ന്
ഗാസിയാബാദ്: മർത്തമറിയം വനിതാസമാജം ഡൽഹി ഭദ്രാസനത്തിന്റെ 2026-ലെ വാർഷിക സമ്മേളനം "Repent and Turn to God' (അനുതപിക്കുക ദൈവത്തിങ്കലേക്ക് തിരിയുക) എന്ന പ്രമേയത്തിൽ ഗാസിയാബാദിലെ ഇന്ദിരാപുരം സെന്റ് തോമസ് സ്കൂളിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
രാവിലെ പ്രഭാത നമസ്കാരത്തോടും വിശുദ്ധ കുർബാനയോടും സമ്മേളനത്തിന് തുടക്കമായി. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം, ഗാസിയാബാദ് മാർത്തമറിയം വനിതാസമാജം യൂണിറ്റിന്റെ പ്രാർഥനാഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.
അഡ്വ. ഷിനി എബ്രഹാം ബൈബിൾ വായന നിർവഹിച്ചു. വികാരി റവ. ഫാ. ബിജു ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് അധ്യക്ഷത വഹിച്ചു. സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പൽ പ്രഫ. സൂസൻ ഏലിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം ആശംസകൾ നേർന്നു. മർഥ് മറിയം വനിതാസമാജം വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കോബ് ബേബി പങ്കെടുത്ത യൂണിറ്റുകളെ പരിചയപ്പെടുത്തി.
ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ് കൊല്ലം അസോസിയേറ്റ് പ്രഫസർ ഡോ. ടീന ലിസ ജോൺ രണ്ട് സെഷനുകളിലായി ബൈബിൾ ക്ലാസുകൾ നയിച്ചു. ഉച്ചയ്ക്ക് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് കൈയെഴുത്തിൽ തയാറാക്കിയ ബൈബിളിന്റെ പ്രകാശനം നടന്നു.
ഉച്ചഭക്ഷണത്തിന് ശേഷം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം, ഗുരുഗ്രാമിന്റെ ഗായകസംഘം ഗാനങ്ങൾ അവതരിപ്പിച്ചു. സെന്റ് ജോസഫ്സ് ദേവാലയം, തുഗ്ലകാബാദ് അവതരിപ്പിച്ച ഫാൻസി ഡ്രസ് ശ്രദ്ധേയമായി.
തുടർന്ന് ആശംസാപ്രസംഗങ്ങൾ, ബിസിനസ് സെഷൻ, വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു. മർത്തമറിയം വനിതാസമാജം ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
പ്രാർഥനയോടും ആശീർവാദത്തോടും കൂടി സമ്മേളനം സമാപിച്ചു. ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും 550 ഓളം മർത്തമറിയം വനിതാസമാജം അംഗങ്ങളുടെ സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി.
Tags : VanithaSamajam AnnualMeet DelhiDiocese