മ്യൂണിക്ക്: ജർമ്മനിയിലെ മ്യൂണിക്കിൽ ട്രെയിൻ അപകടത്തിൽ മരിച്ച ഷോൺസ്റ്റാറ്റ് ഫാദേഴ്സ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊവിഡൻസ് പ്രൊവിൻസ് അംഗമായ ഫാ. ജിജോ കിലുക്കന്റെ (47) സംസ്കാരം മേയ് 5 ചൊവ്വാഴ്ച കൊല്ലക്കോട് ഇൻഫന്റ് ജീസസ് പള്ളിയിൽ നടക്കും. പ്രിയപ്പെട്ട പുരോഹിതന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിങ്ങലടക്കാനാവാതെ നിൽക്കുകയാണ് മ്യൂണിക്കിലെ വിശ്വാസി സമൂഹം.
അച്ചന്റെ ഭൗതിക ശരീരം മേയ് ഒന്നിന് ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി മേയ് 2 ശനിയാഴ്ച വൈകിട്ട് നെടുമ്പാശേരിയിൽ എത്തിച്ചു. പ്രൊവിൻഷ്യൽ ഫാ. പോൾ പനങ്കുളത്തിന്റെ നേതൃത്വത്തിൽ വൈദികർ ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മേയ് 5 ചൊവ്വാഴ്ച പുലർച്ചെ കുറ്റൂർ സിയോൺ സെന്ററിൽ ഭൗതികശരീരം എത്തിക്കും.
06:00 - 08:00: പൊതുദർശനം (സിയോൺ സെന്റർ).
11:00: കൊല്ലക്കോടുള്ള ഭവനത്തിൽ എത്തിക്കും.
14:00: കൊല്ലക്കോട് ഇൻഫന്റ് ജീസസ് ചർച്ചിൽ പൊതുദർശനം.
15:00: വിടവാങ്ങൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം നടക്കും.
കൊല്ലക്കോട് കിലുക്കൻ പരേതനായ കെ.വി. ജോസിന്റെയും മേരി ജോസിന്റെയും മകനാണ് ജിജോ അച്ചൻ. വിജി ജോയ്, ബിജു കിലുക്കൻ (ഇരട്ട സഹോദരൻ), സിസ്റ്റർ ബിന്ദു കിലുക്കൻ (എഫ്.എച്ച്.ജി.എസ്) എന്നിവരാണ് സഹോദരങ്ങൾ.
മ്യൂണിക്കിൽ വിതുമ്പലോടെ വിടവാങ്ങൽ
പൗരോഹിത്യ ജീവിതത്തിനിടെ 47-ാം വയസിൽ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ ജിജോ അച്ചന്റെ ഓർമ്മകൾക്ക് മുന്നിൽ മ്യൂണിക്കിലെ വിശ്വാസി സമൂഹം കണ്ണീരണിഞ്ഞു. ഏപ്രിൽ 27 തിങ്കളാഴ്ച മ്യൂണിക്കിലെ സെന്റ് ഫിലിപ്പ് ആൻഡ് ജയിംസ് പള്ളിയിൽ (Zu den hl. Zwölf Aposteln Kirche) നടന്ന വിടവാങ്ങൽ ശുശ്രൂഷയിലും വിശുദ്ധ കുർബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഫാ. ജോയ് മഠത്തുംപടി ആമുഖ പ്രസംഗം നടത്തി. മ്യൂണിക്ക് സൗത്ത് വെസ്റ്റ് ഡീക്കൻ ഫാ. ഫ്രാൻസ് വോൺ ലൂണിക്ക് ബലിയർപ്പണത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. ലൈം ഇടവക വികാരി ഫാ. ജോർജ് റീഗർ, ഫാ. എവാൾഡ് ഹോയ്സ്ലർ, മ്യൂണിക്ക് ഫിലിപ്പേഷൻ റെക്ടർ ഫാ. ബിനോയ് പാറക്കട, ജനറൽ കൗൺസിൽ അംഗം ഫാ. അർക്കാഡിയൂസ്, ഫാ. പൗലോസ്, ജനറൽ ലീഡർഷിപ്പ് അംഗം ഫാ. ജോയ് പുതുശ്ശേരി എന്നിവർ സഹകാർമ്മികരായിരുന്നു.
ഫാ. സേവ്യർ മാണിക്കത്താൻ അനുസ്മരണ പ്രസംഗം നടത്തി. ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ ഫാ. ജോയ് പുതുശ്ശേരിയുടെ വിതുമ്പുന്ന വാക്കുകൾ വിശ്വാസികളുടെ കണ്ണുനിറച്ചു. ഫാ. ബിനോയ് നന്ദി പറഞ്ഞു. സഹോദര വൈദികരായ ഫാ. സേവ്യർ, സണ്ണി, ബിബിമോൻ, പൗലോസ്, ഷാജൻ, റോബിൻ, ജോസ്, സ്റ്റീഫൻ എന്നിവർ ഭൗതിക ശരീരം വഹിച്ചുകൊണ്ട് വിടവാങ്ങൽ കർമ്മങ്ങളിൽ പങ്കുചേർന്നു.
സേവനവഴികളിൽ തിളങ്ങിയ വ്യക്തിത്വം
2008 ഒക്ടോബർ 25-നാണ് ജിജോ അച്ചൻ വൈദികനായി അഭിഷിക്തനായത്. മലയാളം ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 'മരിയം മാതാ ഷോൺസ്റ്റാറ്റ് അക്കാദമി'യിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 2018 മുതൽ 2023 വരെ സെമിനാരി റെക്ടറായും പ്രവർത്തിച്ചു. 2023 സെപ്റ്റംബർ 21-നാണ് അദ്ദേഹം ജർമ്മനിയിലെത്തിയത്. ബോണിൽ നിന്ന് സി-വൺ (C1) ലെവൽ ജർമ്മൻ ഭാഷാ പഠനം പൂർത്തിയാക്കി മ്യൂണിക്കിലെ ലൈം ഇടവകയിൽ പാസ്റ്ററൽ ടീമിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. തന്റെ പൗരോഹിത്യ ജീവിതത്തിനിടയിൽ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെയും അദ്ദേഹം സന്ദർശിച്ചിരുന്നു.
സൗമ്യമായ പെരുമാറ്റം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജർമ്മനിയിലെ മലയാളി വൈദികർക്കും വിശ്വാസികൾക്കും അദ്ദേഹം പ്രിയങ്കരനായി മാറി. പ്രിയപ്പെട്ട അച്ചന്റെ വിയോഗം സഭയ്ക്കും പ്രവാസി സമൂഹത്തിനും വലിയൊരു നഷ്ടമാണ്.
Tags : Jijo Achan Funeral Jesus Church Kollakode Tuesday