പ്രതീകാത്മക ചിത്രം
കോഴിക്കോട്ട് മൂന്ന് യുവ അധ്യാപികമാർ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായെന്ന വാർത്ത കേരളീയ സമൂഹത്തെ ഒരേസമയം ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. അറിവും സംസ്കാരവും പകർന്നുനൽകേണ്ടവർതന്നെ ലഹരിവലയിൽ കുടുങ്ങുന്നത്, നമ്മുടെ സമൂഹം എത്തിനിൽക്കുന്ന ഭയാനകമായ അവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെയും എക്സൈസിന്റെയും കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ലഹരിക്കേസുകളിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളുടെ വിപണനവും ഉപയോഗവും സ്കൂളുകളിലും കോളജുകളിലും മാത്രമല്ല, തൊഴിലിടങ്ങളിലും വ്യാപകമായിക്കഴിഞ്ഞു.
അധ്യാപകർ, ഡോക്ടർമാർ, ഐടി വിദഗ്ധർ തുടങ്ങി ഉന്നതവിദ്യാഭ്യാസവും സാമൂഹിക നിലവാരവുമുള്ള പ്രഫഷണലുകൾപോലും ഇതിന് ഇരയാകുന്നു എന്നത് വലിയ വെല്ലുവിളിയാണ്. അമിതമായ ജോലിഭാരം, മാനസിക സമ്മർദം, കേവലമായ കൗതുകം എന്നിവയിൽ തുടങ്ങി ക്രമേണ ലഹരിമാഫിയയുടെ ചിലന്തിവലയിൽ കുടുങ്ങുന്ന അവസ്ഥയാണിവിടെ കാണുന്നത്.
സംസ്ഥാനത്ത് വർധിച്ചുവരുന്ന ഈ ലഹരിഭീഷണിയെ ചെറുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസും എക്സൈസും സംയുക്തമായി ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പോലുള്ള വൻകിട പരിശോധനാ പദ്ധതികൾ ഈ മാഫിയ ശൃംഖലയെ തകർക്കാൻ ലക്ഷ്യമിടുന്നു. ഈ ദൗത്യത്തിന്റെ ആദ്യ ഘട്ടങ്ങളിൽതന്നെ ആയിരക്കണക്കിന് കേസുകളും അറസ്റ്റുകളും രേഖപ്പെടുത്തിയത് ലഹരിശൃംഖലയുടെ ആഴമാണ് കാണിക്കുന്നത്.
എന്നിരുന്നാലും, ലഹരിക്കെതിരേയുള്ള പോരാട്ടം കേവലം വാർഷിക ബോധവത്കരണ റാലികളിലും പോസ്റ്റർ രചന, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ ഔപചാരിക ചടങ്ങുകളിലും മാത്രം ഒതുങ്ങിനിൽക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഇത്തരം പ്രഹസനങ്ങൾക്കപ്പുറം ശക്തമായ പ്രായോഗിക നടപടികളും നിരന്തരമായ സാമൂഹ്യ ജാഗ്രതയുമാണ് ഇന്നിന്റെ ആവശ്യം.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടപ്പിലാക്കുന്ന ‘തൂഫാൻ സ്ട്രൈക്ക്’ (തടയൽ), ‘തൂഫാൻ കെയർ’ (ചികിത്സ), ഓട്ടോറിക്ഷാ തൊഴിലാളികളെയും യുവാക്കളെയും ഉൾപ്പെടുത്തിയുള്ള ‘തൂഫാൻ വാരിയേഴ്സ്’ തുടങ്ങിയ ജനകീയ പങ്കാളിത്ത മാതൃകകൾ കൂടുതൽ ജനകീയമാക്കേണ്ടതുണ്ട്. പ്രാദേശിക തലത്തിൽ വാർഡ് സമിതികളും റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് രഹസ്യ വിവരങ്ങൾ പോലീസിന് കൈമാറുന്ന സംവിധാനം ശക്തമാകണം.
കുടുംബബന്ധങ്ങളിലെ സുതാര്യതയും മാനസികാരോഗ്യത്തിന് നൽകുന്ന പ്രാധാന്യവുമാണ് ലഹരിക്കെതിരേയുള്ള ആദ്യത്തെ പ്രതിരോധ മതിൽ. കുട്ടികളുടെയോ മുതിർന്നവരുടെയോ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാനും ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ ചികിത്സ അർഹിക്കുന്ന രോഗികളായി കണ്ട് പുനരധിവാസ കേന്ദ്രങ്ങളിൽ എത്തിക്കാനും ബന്ധുക്കളും സഹപ്രവർത്തകരും മുന്നോട്ടു വരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും കൃത്യമായ മാനസികാരോഗ്യ കൗൺസലിംഗ് സംവിധാനങ്ങളും ജോലിസ്ഥലങ്ങളിൽ ലഹരിവിരുദ്ധ പരിശോധനാ പ്രോട്ടോക്കോളുകളും ഘടനാപരമായിതന്നെ നടപ്പിലാക്കേണ്ടതുണ്ട്.
നമ്മുടെ വരുംതലമുറയുടെ ഭാവിയും നാടിന്റെ ക്രമസമാധാനവും തകർക്കുന്ന ലഹരിയെന്ന മഹാമാരിക്കെതിരേ നമ്മൾ ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. നിയമപാലകരുടെയും സർക്കാരിന്റെയും കർശനമായ നടപടികൾക്കൊപ്പം പൊതുസമൂഹത്തിന്റെ ജാഗ്രതയും ജനകീയ പങ്കാളിത്തവും ചേരുമ്പോൾ മാത്രമേ ലഹരിയുടെ കാണാക്കയങ്ങളിൽനിന്ന് നമ്മുടെ നാടിനെ കരകയറ്റാൻ സാധിക്കൂ. പ്രത്യാശയുള്ള ഒരു നാളേക്കായി, ലഹരിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയും ചെറുത്തുനിൽപും നമുക്ക് ഓരോരുത്തർക്കും ശീലമാക്കാം.
-ഡോ. സെമിച്ചൻ ജോസഫ് (മൂവാറ്റുപുഴ നിർമല കോളജിലെ സാമൂഹ്യ പ്രവർത്തന വിഭാഗം അസി. പ്രഫസറാണ് ലേഖകൻ)
Tags :