പ്രതീകാത്മകമായ ചിത്രം
സോഷ്യൽ മീഡിയയിൽ മതിമറന്നൊരു യുവ തലമുറയാണ് ഇന്നത്തെ ജെൻസികൾ. എന്ത് ചെയ്താലും അതെടുത്ത് പോസ്റ്റ് ചെയ്തില്ലങ്കിൽ ചിലർക്ക് അന്നത്തെ ഉറക്കം പോലും പോകുമെന്ന് വേണമെങ്കിൽ പറയാം. ഇൻസ്റ്റാഗ്രാമിൽ നമ്മൾ ആരാധിക്കുന്ന ആളുകൾ എന്ത് ചെയ്താലും അതിനെ അനുകരിക്കാൻ പോകുന്നവരുടെ എണ്ണവും കുറവൊന്നുമല്ല. വെറും പത്ത് ദിവസങ്ങൾക്കുള്ളിൽ തടി കുറയ്ക്കുന്ന ഉൽപ്പന്നങ്ങൾ, പകുതി വിലയ്ക്ക് ലഭിക്കുന്ന ബ്രാൻഡഡ് വസ്ത്രങ്ങൾ, അത്ഭുതകരമായ ഫലങ്ങൾ വാഗ്ദാനം ചെയ്യുന്ന സൗന്ദര്യവർധക വസ്തുക്കൾ അങ്ങനെ നീളുന്നു ഈ ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ. അതെല്ലാം സ്ക്രോൾ ചെയ്യുന്നതിനൊപ്പം അത് വാങ്ങിക്കുന്ന ആളുകളും തെല്ലൊന്നുമല്ല.
ഇൻഫ്ലുവൻസർമാരുടെ പ്രൊമോഷൻ
വെറുതെ റീൽ കണ്ട് പോകുന്നതിനിടയിൽ കണ്ണിലുടക്കിയൊരു പരസ്യം. അതിൽ പറയുന്നൊരു സാധനത്തിന് വിലയും കുറവ്. ഉടൻതന്നെ അതിനു താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു. ഓർഡർ നൽകി. പണം അടച്ചു. സാധനം കൈയിൽ കിട്ടുമ്പോഴാണ് പലർക്കും അബദ്ധം മനസിലാകുന്നത്. പരസ്യത്തിൽ കണ്ട ഉൽപ്പന്നമല്ല ലഭിച്ചത്. ചിലപ്പോൾ ഗുണനിലവാരമില്ലാത്ത സാധനം. മറ്റു ചിലപ്പോൾ ഓർഡർ ചെയ്ത ഉൽപ്പന്നം പോലും ലഭിക്കില്ല. പണം നഷ്ടപ്പെട്ട് പരാതിപ്പെടാൻ പോലും വഴിയില്ലാത്ത അവസ്ഥയിലാകുന്നവരുമുണ്ട്.
നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. അതിനൊപ്പം ഓൺലൈൻ വിപണിയും വളരുകയാണ്. എന്നാൽ പരസ്യങ്ങളിൽ കാണുന്നതെല്ലാം യാഥാർഥ്യമാണെന്ന് കരുതരുത്. ഇൻഫ്ലുവൻസർമാരുടെ ഈ പ്രമോഷനുകൾക്ക് പിന്നിൽ പണം വാങ്ങിയുള്ള പരസ്യങ്ങളാണോ? ഇൻഫ്ലുവൻസർമാർ പ്രചരിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ യഥാർഥത്തിൽ അവർ ഉപയോഗിക്കുന്നുണ്ടോ? പരസ്യത്തിൽ പറയുന്ന ഗുണങ്ങൾ ഉൽപ്പന്നത്തിനുണ്ടെന്ന് ഉറപ്പാക്കിയിട്ടാണോ ഇവർ പ്രമോട്ട് ചെയ്യുന്നത്? സോഷ്യൽ മീഡിയയുടെ ഈ ലോകത്തിനപ്പുറം ഉപഭോക്താക്കൾ അറിയേണ്ട ചില യാഥാർഥ്യങ്ങളുമുണ്ട്.
പണം വാങ്ങിയുള്ള പരസ്യങ്ങൾ, സൗജന്യമായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ, സമ്മാനങ്ങൾ, യാത്രകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പകരമായുള്ള പ്രമോഷനുകൾ. പല രൂപത്തിലാണ് ഇൻഫ്ലുവൻസർമാർ മാർക്കറ്റിംഗ് നടക്കുന്നത്. അതിനൊക്കെ അവർക്ക് തക്കതായ പ്രതിഫലവും ലഭിക്കുന്നുണ്ട്. ഇക്കാര്യം കാഴ്ചക്കാരായ നമ്മൾ അറിയേണ്ടതായുണ്ട്.
നിയമ വശങ്ങൾ എന്തെല്ലാം
ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങൾക്കെതിരെ നിയമപരമായ നടപടികൾക്കും വ്യവസ്ഥയുണ്ട്. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അഥോറിറ്റിക്ക് നടപടിയെടുക്കാം.
* തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കണ്ടെത്തിയാൽ അത് പ്രചരിപ്പിക്കുന്ന കമ്പനികൾക്കും
ശിപാർശ ചെയ്യുന്ന വ്യക്തിക്കും ആദ്യത്തെ ലംഘനത്തിന് 10 ലക്ഷം രൂപവരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്.
* തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്ക് 1 വർഷം മുതൽ 3 വർഷം വരെ പുതിയ പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്താം.
* ഗുരുതരമായ നിയമലംഘനങ്ങൾക്ക് 2 വർഷം മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.
അതേസമയം, പരസ്യത്തിലെ അവകാശവാദങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാൻ ആവശ്യമായ ജാഗ്രത പുലർത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന അംഗീകർത്താവിന് നിയമത്തിൽ പ്രത്യേക പരിരക്ഷയുമുണ്ട്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുള്ള ചട്ടങ്ങൾ
* പണം വാങ്ങിയോ, സൗജന്യ ഉൽപ്പന്നങ്ങൾ കൈപ്പറ്റിയോ ചെയ്യുന്ന പ്രൊമോഷൻ വീഡിയോകളുടെ കൂടെ 'Paid Promotion', Ad, അല്ലെങ്കിൽ 'Sponsored' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
* ഒരു ഉൽപ്പന്നത്തെക്കുറിച്ച് പറയുമ്പോൾ അതിന്റെ സത്യസന്ധത ഇൻഫ്ലുവൻസർമാർ പരിശോധിച്ചിരിക്കണം
* പരസ്യമാണിതെന്ന സൂചന വീഡിയോയുടെയോ പോസ്റ്റിന്റെയോ ആരംഭത്തിൽ തന്നെ പറയണം. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കാണാനും മനസിലാക്കാനും കഴിയുന്ന രീതിയിലായിരിക്കണം അവ.
വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ GAMA (Grievances Against Misleading Advertisements) പോർട്ടൽ വഴിയോ, നാഷണൽ കൺസ്യൂമർ ഹെൽപ്ലൈൻ (1915) വഴിയോ ഓൺലൈനായി പരാതി നൽകാവുന്നതാണ്.
Tags : Social Media genz influencers advertisement advertise