അറ്റോൺമെന്റ്' ചിത്രത്തിൽ കെയ്റ നൈറ്റ്ലി അണിഞ്ഞ എമറാൽഡ് ഗ്രീൻ സിൽക്ക് ഗൗൺ
സിനിമാ ചരിത്രത്തിലെ ഏറ്റവും മനോഹരവും വികാരനിർഭരവുമായ വസ്ത്രങ്ങളിലൊന്ന്, 2007ൽ പുറത്തിറങ്ങിയ 'അറ്റോൺമെന്റ്'എന്ന ചിത്രത്തിൽ ഹോളിവുഡ് താരം കെയ്റ നൈറ്റ്ലി അണിഞ്ഞ എമറാൽഡ് ഗ്രീൻ സിൽക്ക് ഗൗൺ ലേലത്തിന്.
ചിത്രം പുറത്തിറങ്ങി ഏകദേശം രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്ന ഈ വസ്ത്രം ഡിസംബർ 9ന് ലണ്ടനിലെ പ്രശസ്തമായ ക്രിസ്റ്റീസ് ലേലശാലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
ഏകദേശം 1,20,000 പൗണ്ട് (ഏകദേശം 1.61 ലക്ഷം ഡോളർ / ഒന്നേകാൽ കോടിയിലധികം രൂപ) വരെയാണ് ഈ വസ്ത്രത്തിന് പ്രതീക്ഷിക്കുന്ന ലേലത്തുക. ഇയാൻ മക്ഇവാന്റെ നോവലിനെ ആസ്പദമാക്കി ജോ റൈറ്റ് സംവിധാനം ചെയ്ത 'അറ്റോൺമെന്റിൽ' സെസിലിയ എന്ന കഥാപാത്രത്തെയാണ് കെയ്റ നൈറ്റ്ലി അവതരിപ്പിച്ചത്.
ചിത്രത്തിലെ ഏറ്റവും നിർണായകവും വൈകാരികവുമായ രംഗത്തിലാണ് കെയ്റ ഈ പച്ച ഗൗൺ അണിയുന്നത്. ആഴ്ചകൾ നീണ്ട പ്രണയസംഘർഷങ്ങൾക്കൊടുവിൽ, വീട്ടുജോലിക്കാരന്റെ മകനായ റോബിയുമായി (ജെയിംസ് മക്കവോയ്) വലിയ ലൈബ്രറിയിൽ വെച്ച് സെസിലിയ തന്റെ പ്രണയം തുറന്നുപറയുന്ന രംഗം സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാവില്ല.
കോസ്റ്റ്യൂം ഡിസൈനറായ ജാക്വലിൻ ഡുറാൻ ആണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തത്. "ചിത്രീകരണം തുടങ്ങുമ്പോൾ തന്നെ ഇതൊരു നിർണായക രംഗമാണെന്നും, അതിലെ വസ്ത്രം എന്നെന്നും ഓർമിക്കപ്പെടുന്ന ഒന്നാകണമെന്നും സംവിധായകൻ ജോ റൈറ്റ് നിർദ്ദേശിച്ചിരുന്നു," എന്ന് ജാക്വലിൻ മുൻപ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസമാണ് ആ രംഗം നടക്കുന്നതെന്ന് പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന തരത്തിലുള്ള, ഭാരം കുറഞ്ഞതും ചലനാത്മകവുമായ പച്ച വസ്ത്രമാണ് സംവിധായകൻ ആവശ്യപ്പെട്ടത്. 1920കളിലെയും 30കളിലെയും ഫാഷൻ പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാക്വലിൻ കെയ്റയ്ക്ക് ഏറ്റവും അനുയോജ്യമായ ഈ ബാക്ക്ലെസ് സിൽക്ക് ഗൗൺ തയ്യാറാക്കിയത്.
ഫാഷൻ ചരിത്രത്തിൽ ഈ വസ്ത്രത്തിന് സവിശേഷമായ സ്ഥാനമാണുള്ളതെന്ന് 'ദി കളർ ഓഫ് ഫാഷൻ' എന്ന പുസ്തകത്തിന്റെ രചയിതാവായ കരോലിൻ യംഗ് വിലയിരുത്തുന്നു. തീവ്രമായ പ്രണയത്തെയും നിഗൂഢമായ ബന്ധങ്ങളെയും പ്രതിനിധീകരിക്കുന്ന നിറമാണ് പച്ച.
1930-കളിലെ ഹോളിവുഡ് താരം ജീൻ ഹാർലോയുടെ ശൈലിയെ ഓർമിപ്പിക്കുന്ന ഈ വസ്ത്രം, ഒരു വലിയ ദുരന്തം സംഭവിക്കുന്നതിന് മുൻപുള്ള മനോഹരമായ വേനൽക്കാലത്തിന്റെ പ്രതീകം കൂടിയാണെന്ന് അവർ നിരീക്ഷിക്കുന്നു. ആഗ്രഹത്തിന്റെയും തീവ്രപ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രതീകമായാണ് ക്രിസ്റ്റീസ് ലണ്ടൻ മേധാവി തായ്സ് ഹിച്ചിൻസ് ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്.
2008-ൽ ഒരു ജീവകാരുണ്യ ലേലത്തിലൂടെ വിറ്റഴിക്കപ്പെട്ട ഈ വസ്ത്രം ഇത്രയും കാലം അമേരിക്കയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ശേഖരത്തിലായിരുന്നു. സിനിമയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഫാഷൻ ചരിത്രത്തിലെ ഈ അമൂല്യനിധി വീണ്ടും ലോകത്തിന് മുന്നിലെത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ക്രിസ്റ്റീസ് വക്താവ് വ്യക്തമാക്കി. സിനിമാ പ്രേമികൾക്ക് പുറമെ മ്യൂസിയങ്ങളും ചരിത്ര ഗവേഷകരും ഈ വസ്ത്രം സ്വന്തമാക്കാൻ രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷ.
'ലവ് ആൻഡ് ലസ്റ്റ്: എ ലിറ്റററി ഗൈഡ്' എന്ന പ്രത്യേക ലേലത്തിന്റെ ഭാഗമായാണ് കെയ്റയുടെ വസ്ത്രം വിൽപ്പനയ്ക്ക് വെക്കുന്നത്. ഇതിനൊപ്പം 1927-ലെ സയൻസ് ഫിക്ഷൻ ചിത്രം 'മെട്രോപോളിസ്', 1931-ലെ 'ഡ്രാക്കുള' എന്നിവയുടെ ഒറിജിനൽ പോസ്റ്റർ കലാസൃഷ്ടികൾ, ബ്രിട്ടീഷ് നാവിക വീരൻ ഹൊറേഷ്യോ നെൽസൺ തന്റെ പ്രണയിനി എമ്മ ഹാമിൽട്ടണിന് എഴുതിയ കത്തുകൾ, പ്രശസ്ത ബാലെ നർത്തകി മാർഗോട്ട് ഫോണ്ടെയ്ൻ 1960-ൽ അണിഞ്ഞ വസ്ത്രം എന്നിവയും ലേലത്തിലുണ്ടാകും.
അന്താരാഷ്ട്ര ലേലശാലകളിൽ സിനിമാ വസ്ത്രങ്ങൾക്ക് എന്നും വലിയ ഡിമാൻഡാണ്. 1961-ൽ പുറത്തിറങ്ങിയ 'ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനീസ്' എന്ന ചിത്രത്തിൽ ഓഡ്രി ഹെപ്ബേൺ അണിഞ്ഞ കറുത്ത സാറ്റിൻ വസ്ത്രം 2006-ൽ ഏകദേശം 9.20 ലക്ഷം ഡോളറിനാണ് ലേലത്തിൽ പോയത്.
2015-ൽ 'ഗോൺ വിത്ത് ദി വിൻഡ്' എന്ന ചിത്രത്തിൽ വിവിയൻ ലീ അണിഞ്ഞ വസ്ത്രം 1.37 ലക്ഷം ഡോളറിനും വിറ്റഴിഞ്ഞിരുന്നു. ആ പട്ടികയിലേക്കാണ് ഇപ്പോൾ കെയ്റ നൈറ്റ്ലിയുടെ ഈ പ്പച്ച ഗൗണും ഇടംപിടിക്കാൻ ഒരുങ്ങുന്നത്.
Tags : Atonement’ dress Keira Knightley atonement auction london emeraldgreengown silkgown forsale