പ്രതീകാത്മക ചിത്രം
മലേഷ്യയിലേക്ക് ഒരു യാത്ര സ്വപ്നം കാണാത്ത മലയാളി ഇല്ല. ട്വിൻ ടവറിന് മുന്നിൽ നിന്ന് ഒരു ഫോട്ടോ,ബത്തു ഗുഹയിൽ കയറി ഒരു സെൽഫി, ലങ്കാവിയിലെ ബീച്ചിൽ ഒരു വൈകുന്നേരം. ജെൻന്റംഗിലെ തണുപ്പത്ത് ഒരു രാത്രി. ഇതെല്ലാം ഇതുവരെ എത്ര എളുപ്പമായിരുന്നു .പാസ്പോർട്ടും ടിക്കറ്റും മതി. എയർപോർട്ടിൽ ഇറങ്ങിയാൽ ഫ്രീ എൻട്രി. 30 ദിവസം സുഖമായി കറങ്ങാം.
2023 ഡിസംബർ ഒന്ന്മുതൽ ഇന്ത്യക്കാർക്ക് മലേഷ്യ നൽകിയിരുന്ന ആ സ്നേഹം, ആനുകൂല്യം, ഇപ്പോൾ അവസാനിക്കുകയാണ്.2027 ജനുവരി ഒന്ന്മുതൽ, മലേഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് നിർബന്ധമായും വിസ വേണം.വിസയില്ലാതെ വിമാനം കയറിയാൽ, എയർപോർട്ടിൽ നിന്ന് തിരിച്ചയക്കപ്പെടും. അത്രയ്ക്ക് കർശനമാണ് പുതിയ നിയമം.മലേഷ്യൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് നവംബർ 17 ന് ഇറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023 ൽ തുടങ്ങിയ 30 ദിവസത്തെ വിസ ഇളവ് 2026 ഡിസംബർ 31 ന് അവസാനിക്കും.
ഡിസംബർഒന്ന് മുതൽ അപേക്ഷിക്കാം:
മലേഷ്യയുടെ MyVISA ഓൺലൈൻ പോർട്ടൽ വഴി ഡിസംബർ ഒന്ന് മുതൽ അപേക്ഷിക്കാം.വിസ കിട്ടിയാലും ഇല്ലെങ്കിലും, യാത്ര മാറ്റിയാലും, ഫീസ് തിരിച്ച് കിട്ടില്ല എന്ന് മലേഷ്യ കർശനമായി പറഞ്ഞിട്ടുണ്ട്.
ഇൻഷുറൻസ് എടുക്കണം: യാത്രയ്ക്കിടയിൽ ചികിത്സ വേണ്ടി വന്നാൽ, അത് നിങ്ങളുടെ പോക്കറ്റിൽ നിന്ന് തന്നെ പോകും. അതുകൊണ്ട് ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ അവർ നിർദേശിക്കുന്നു.
എന്തുകൊണ്ട് ഈ മാറ്റം
വിസ ഫ്രീ എൻട്രി ,ടൂറിസത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു. പക്ഷേ ചിലർ അത് ജോലിക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മലേഷ്യ കണ്ടെത്തിയിരുന്നു. സെപ്റ്റംബറിൽ ഇന്ത്യൻ എംബസി തന്നെ മുന്നറിയിപ്പ് കൊടുത്തിരുന്നു - "ഫ്രീ എൻട്രി വെച്ച് ജോലിക്ക് പോകരുത്."അതുകൊണ്ടാണ് ഇപ്പോൾ ഈ കടുത്ത തീരുമാനം.