മെക്സിക്കോ: ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇനി എട്ട് ദിവസം ബാക്കി. ഓരോ ടീമും തയാറെടുപ്പിന്റെ പൂർണതയിലേക്ക് കടന്നു. മത്സരം തത്സമയം വീക്ഷിക്കാനുള്ള ഇന്ത്യൻ ആരാധകരുടെ ആശങ്കയ്ക്കും കഴിഞ്ഞ ദിവസം പരിഹാരമായി.
ഇന്ത്യയിലെ സംപ്രേഷണാവകാശം സീ ന്യൂസ് സ്വന്തമാക്കി. എന്നാൽ ഇന്ത്യൻ ആരാധകർക്ക് മറ്റൊരു സന്തോഷം കൂടി ഇത്തവണത്തെ ലോകകപ്പിനുണ്ട്.
ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ലെങ്കിലും ഒരു മലയാളിയടക്കം രണ്ട് ഇന്ത്യൻ താരങ്ങൾ പന്ത് തട്ടും.
ഖത്തറിനായി മലയാളി താരം തഹ്സിൻ മുഹമ്മദും ന്യൂസിലൻഡിനായി പഞ്ചാബ് സ്വദേശി സർപ്രീത് സിംഗും.

ലോകകപ്പ് ഫുട്ബോൾ കളിക്കാൻ ഇത്തവണ മലയാളിയും. 26 അംഗ ഖത്തർ ടീമിലാണ് കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് ഇടം നേടിയത്. ഇതോടെ ലോകകപ്പ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളിയായി തഹ്സിൻ മാറി. സാധ്യതാ ടീമിലുണ്ടായിരുന്ന തഹ്സിനുൾപ്പെടെ 26 അംഗ സ്ക്വാഡിനെ ഖത്തർ പ്രഖ്യാപിച്ചു.
ഖത്തർ ലീഗ് ടീമായ അൽ ദുഹൈലിന്റെ ഭാഗമായ തഹ്സിൻ സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ കൂടിയാണ്. ചെറുപ്രായത്തിൽ തന്നെ ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായ താരം ദേശീയതലത്തിൽ അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചു.
ഇടതുവിംഗറായ തഹ്സിൻ പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോളടിക്കുന്നതിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരേ ആയിരുന്നു തഹ്സിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. യോഗ്യതാ റൗണ്ടിൽ നിർണായകമായ അവസാന രണ്ടു മത്സരങ്ങളിൽ തഹ്സിൻ ബൂട്ടണിഞ്ഞു.
തലശേരി സ്വദേശി ഹിബാസിൽ ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ്. തഹ്സീൻ ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്.

മലയാളിയായ തഹ്സീൻ മുഹമ്മദിനെ കൂടാതെ മറ്റൊരു ഇന്ത്യൻ വംശജനും ഈ ലോകകപ്പിൽ പന്ത് തട്ടും. ന്യൂസിലൻഡിനുവേണ്ടി കളിക്കുന്ന പഞ്ചാബ് സ്വദേശി സർപ്രീത് സിംഗാണ് ആ താരം.
2018 മുതൽ ന്യൂസിലൻഡ് ടീം അംഗമാണ് സർപ്രീത് സിംഗ്. ഇന്ത്യൻ സ്വദേശികളാണ് സർപ്രീതിന്റെ രക്ഷിതാക്കൾ. ന്യൂസിലൻഡിന്റെ അണ്ടർ 17, 20 ടീമുകൾക്കുവേണ്ടി സർപ്രീത് സിംഗ് കളിച്ചിട്ടുണ്ട്.
അറ്റാക്കിംഗ് മിഡ്ഫീൽഡറായ താരം ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ബുണ്ടസ് ലിഗ, ജർമൻ കപ്പ് വിജയങ്ങളിൽ ടീമിനൊപ്പം താരത്തിന് പങ്കാളിത്തമുണ്ട്.
ന്യൂസിലൻഡ് ടീമിനൊപ്പം ഒഎഫ്സി അണ്ടർ 17 ചാന്പ്യൻഷിപ്പും അണ്ടർ 20 ചാന്പ്യൻഷിപ്പും നേടിയിട്ടുണ്ട്.

ലോകകപ്പിനുള്ള 26 അംഗ ക്രൊയേഷ്യ ടീമിനെ പ്രഖ്യാപിച്ച് കോച്ച് സ്ലാറ്റ്കോ ഡാലിക്. മേയ് 18ന് പ്രഖ്യാപിച്ച താൽക്കാലിക പട്ടികയിൽ മാറ്റം വരുത്താൻ ഡാലിക് തയാറായില്ല.
ഡാലിക്കിന്റെ ടീം പരിചയസന്പത്തും യുവത്വവും സമന്വയിക്കുന്നതാണ്. പ്രത്യേകിച്ച് പ്രതിരോധത്തിൽ. മാഞ്ചസ്റ്റർ സിറ്റിയുടെ ജോസ്കോ ഗ്വാർഡിയോളിനൊപ്പം കൗമാര താരമായ ലൂക്ക വുസ്കോവിച്ചും ഉൾപ്പെടുന്നു.
ഗ്രൂപ്പ് എൽ മത്സരത്തിൽ ഇംഗ്ലണ്ട്, ഘാന, പനാമ എന്നിവർക്കൊപ്പമാണ് ക്രൊയേഷ്യയുടെ പോരാട്ടം.
ഗോൾകീപ്പർമാർ: ഡൊമിനിക് ലിവകോവിച്ച്, ഡൊമിനിക് കൊട്ടാർസ്കി, ഐവർ പാണ്ഡൂർ
ഡിഫൻഡർമാർ: ജോസ്കോ ഗ്വാർഡിയോൾ, ഡുജെ കാലേറ്റ കാർ, ജോസിപ് സുടാലോ, ജോസിപ് സ്റ്റാനിസിച്ച്, മാരിൻ പൊൻഗ്രാസിച്ച്, ക്രിസ്റ്റിജൻ ജാക്കിച്ച്, മാർട്ടിൻ എർലിക്, ലൂക്കാ വുസ്കോവിച്ച്
മിഡ്ഫീൽഡർമാർ: ലൂക്ക മോഡ്രിച്ച്, മാറ്റിയോ കൊവാസിച്ച്, മാരിയോ പസാലിക്, നിക്കോള വ്ലാസിക്, ലൂക്ക സുസിച്ച്, മാർട്ടിൻ ബറ്റുറിന, പീറ്റർ സുസിച്ച്, നിക്കോള മോറോ, ടോണി ഫ്രൂക്ക്.
ഫോർവേഡുകൾ: ഇവാൻ പെരിസിച്ച്, ആന്ദ്രെ ക്രാമാരിച്ച്, ആന്റെ ബുഡിമിർ, മാർക്കോ പസാലിക്, പീറ്റർ മൂസ, ഇഗോർ മാറ്റാനോവിച്ച്.

സൂപ്പര്‍ താരം അക്രം അഫീഫ മുന്നേറ്റനിരയെ നയിക്കുന്ന ഖത്തര്‍ ടീമും ഫിഫ ലോകകപ്പ് പോരാട്ടത്തിന് റെഡി. ലോകകപ്പിൽ സ്വിറ്റ്സർലൻഡ്, സഹ-ആതിഥേയരായ കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഖത്തർ മത്സരിക്കുന്നത്. സാന്താ ക്ലാരയിൽ സ്വിറ്റ്സർലൻഡിനെതിരേയാണ് ഖത്തറിന്റെ ആദ്യ മത്സരം.
അക്രം അഫീഫയെ കൂടാതെ 126 മത്സരങ്ങളിൽനിന്ന് 60 ഗോളുകൾ നേടി ഖത്തറിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അൽമോയസ് അലിയും സംഘത്തിലുണ്ട്. പരിചയസന്പന്നനായ ഹസൻ അൽ ഹൈദോസ്, ബൗലെം ഖൂഖി തുടങ്ങിയ പ്രമുഖരും ടീമിന്റെ കരുത്താണ്.
മുൻ സ്പെയിൻ, റയൽ മാഡ്രിഡ്, വോൾവ്സ്, വെസ്റ്റ് ഹാം യുണൈറ്റഡ് പരിശീലകനായിരുന്ന ഹൂലൻ ലോപെറ്റെഗി 2025 മേയിലാണ് ഖത്തർ ടീമിന്റെ ചുമതലയേറ്റത്. ലോപെറ്റെഗിയുടെ കീഴിൽ ഏഷ്യൻ ക്വാളിഫയേഴ്സിലെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയാണ് ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. 2022 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ഖത്തർ പിന്നീട് ഏഷ്യൻ കപ്പ് നിലനിർത്തിക്കൊണ്ട് മികച്ച തിരിച്ചുവരവ് നടത്തി.
ഗോൾകീപ്പർമാർ: സലാ സക്കറിയ (അൽ-ദുഹൈൽ), മഹ്മൂദ് അബുനാദ (അൽ റയ്യാൻ), മിഷാൽ ബർഷം (അൽ-സദ്ദ്).
പ്രതിരോധനിര: ഹാഷ്മി ഹുസൈൻ (അൽ അറബി), അയൂബ് അലവി (അൽ ഗരാഫ), ബൗലം ഖൂഖി (അൽ-സദ്ദ്), പെഡ്രോ മിഗുവേൽ (അൽ-സദ്ദ്), ഈസ ലായെ (അൽ അറബി), ലൂക്കാസ് മെൻഡിസ് (അൽ-വക്ര), സുൽത്താൻ അൽ-ബ്രേക്ക് (അൽ-ദുഹൈൽ), ഹൊമാം അൽ-അമീൻ (കൾച്ചറൽ ലിയോണസ).
മധ്യനിര: മുഹമ്മദ് അൽ-മാനൈ (അൽ ഷമാൽ), ജാസെം ജാബർ (അൽ അറബി), കരീം ബൂദിയാഫ് (അൽ-ദുഹൈൽ), അഹമ്മദ് ഫത്ഹി (അൽ അറബി), അബ്ദുൽഅസീസ് ഹാതിം (അൽ റയ്യാൻ), ആസിം മദിബോ (അൽ-വക്ര).
മുന്നേറ്റനിര: തഹ്സീൻ മുഹമ്മദ് (അൽ-ദുഹൈൽ), എഡ്മിൽസണ്‍ ജൂനിയർ (അൽ-ദുഹൈൽ), അൽമോയസ് അലി (അൽ-ദുഹൈൽ), അക്രം അഫീഫ് (അൽ-സദ്ദ്), മുഹമ്മദ് മുൻതാരി (അൽ ഗരാഫ), യൂസഫ് അബ്ദുൽ റസാഖ് (അൽ-വക്ര), അഹമ്മദ് അലാ (അൽ റയ്യാൻ), ഹസ്സൻ അൽ-ഹൈദോസ് (അൽ-സദ്ദ്), അഹമ്മദ് അൽ-ജനാഹി (അൽ ഗരാഫ).

ടിജോ മാത്യു
കൈകൾ കോട്ടപോലെ വിരിച്ച് ഗോൾവര കാത്ത വിഖ്യാതരായ ഗോൾകീപ്പർമാരുടെ നിശ്ചയദാർഢ്യത്തിന്റെ കഥകൂടിയാണ് ഓരോ ഫിഫ ലോകകപ്പും. ജിയാൻലൂജി ബഫണ്, ഐകർ കസിയസ്, ലെവ് യാഷിൻ, മാനുവൽ നോയർ, ഒലിവർ കാൻ തുടങ്ങി വിഖ്യാതരായ എത്രയോപേർ. എന്നാൽ, ഇവർക്കൊന്നുമില്ലാത്ത റിക്കാർഡാണ് പീറ്റർ ഷിൽട്ടണും ഫാബിയൻ ബർത്തേസിനുമുള്ളത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ക്ലീൻഷീറ്റുകൾ നേടിയ ഗോൾ കീപ്പർമാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും ഈ കാവൽക്കാരാണ് മുന്നിൽ. ഇരുവരും 17 മത്സരങ്ങളിൽ 10 എണ്ണത്തിൽ ഒറ്റ ഗോൾപോലും വഴങ്ങിയില്ല.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇംഗ്ലീഷ് താരമാണ് ഷിൽട്ടണ്‍. എന്നാൽ, ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയുടെ ദൈവത്തിന്റെ കൈയിലൂടെയാണ് ഷില്‍ട്ടണ്‍ കൂടുതൽ പ്രശസ്തനായത്. 1986 ലോകകപ്പിൽ ഷില്‍ട്ടണെ കബിളിപ്പിച്ചാണ് മാറഡോണ ആ വിവാദ ഗോൾ നേടിയത്.
ആ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ ഷില്‍ട്ടണ്‍ ഗോൾ വഴങ്ങിയിരുന്നില്ല. അതിനു മുന്‍പത്തെ 1982 ലോകകപ്പിൽ നാല് മത്സരങ്ങിൽ അദ്ദേഹം ഇംഗ്ലീഷ് വലയിലേക്ക് പന്തിനെ കടത്തിവിട്ടില്ല. 90ലെ ലോകകപ്പിൽ മൂന്ന് മത്സരങ്ങളിലും ക്ലീൻഷീറ്റ് നേടി.
ആദ്യ രണ്ട് ലോകകപ്പിൽ ലെസ്റ്റർ സ്വദേശിയായ താരം 500 മിനിറ്റ് ഗോൾ വഴങ്ങാതെനിന്നതും ചരിത്രമാണ്. ഇക്കണക്കിൽ ഇറ്റലിയുടെ വാൾട്ടർ സെൻഗ മാത്രമാണ് ഷില്ട്ടണിനു മുന്നിലുള്ളത്. സെൻഗ 1990 ലോകകപ്പിൽ 516 മിനിറ്റാണ് ഗോൾ വഴങ്ങാതെ വലകാത്തത്.
ഫാബിയൻ ബർത്തേസിന്റെ ചോരാത്ത കൈകൾക്ക് 1998ൽ സ്വന്തം നാട്ടിൽ ഫ്രാൻസിന് കിരീടം നേടിക്കൊടുത്ത കഥകൂടി പറയാനുണ്ട്. അഞ്ച് മത്സരങ്ങളിലാണ് ബർത്തേസ് ഗോൾ വഴങ്ങാതെ നിന്നത്. ഡെന്മാര്ക്കിന്റെ മൈക്കൽ ലൗഡ്രുപ്പും ക്രൊയേഷ്യയുടെ ഡാവർ സുക്കറിനും മാത്രമാണ് ബർത്തേസിനെ കടന്ന് ഗോൾ നേടാനായത്. ഇതോടെ ഏറ്റവും കുറവ് ഗോൾ വഴങ്ങി ലോകകപ്പ് ജേതാക്കളായ ടീമെന്ന റിക്കാർഡും ലെസ് ബ്ലൂസ് സ്വന്തമാക്കി. 2002 ലോകകപ്പിൽ ബർത്തേസ് ഒരു ക്ലീൻഷീറ്റും 2006 ലോകകപ്പിൽ നാല് ക്ലീൻഷീറ്റും നേടി.
Tags : FIFA World Cup Football fever