കറാച്ചി: ട്വന്റി-20 ലോകകപ്പിൽ നിന്നും പുറത്തായ പാക്കിസ്ഥാൻ ടീമിലെ കളിക്കാർക്ക് ശിക്ഷ വിധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഓരോ താരങ്ങൾക്കും 16.28 ലക്ഷം രൂപ വീതമാണ് പാക്ക് ബോർഡ് പിഴ വിധിച്ചിരിക്കുന്നതെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോൽവി വഴങ്ങിയതിന് പിന്നാലെ തന്നെ പാക്ക് ബോർഡ് ഇത്തരമൊരു തീരുമാനമെടുത്തിരുന്നുവെന്നും സെമി കാണാതെ ടീം പുറത്തായതോടെ ശിക്ഷ പ്രഖ്യാപിച്ചുവെന്നുമാണ് വിവരം.
പാക്ക് ടീമിന്റെ പ്രകടനത്തിൽ ബോർഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഐസിസി ടൂർണമെന്റുകളിൽ ടീം മോശം പ്രകടനം തുടരുന്നത് വിലയിരുത്താനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ടീമിന്റെ മോശം പ്രകടനത്തിനെതിരേ മുൻ താരങ്ങളായ ജാവേദ് മിയാൻദാദ്, മൊയിൻ ഖാൻ, മുഹമ്മദ് യൂസഫ് തുടങ്ങിയവർ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.
സൂപ്പർ എട്ടിൽ ഇംഗ്ലണ്ടിനോട് തോറ്റ പാക്കിസ്ഥാൻ ശ്രീലങ്കയോട് നേരിയ റൺ വ്യത്യാസത്തിൽ വിജയം നേടിയിരുന്നു. ന്യൂസിലൻഡുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരുടീമും ഓരോ പോയിന്റ് പങ്കിടുകയായിരുന്നു.
ലങ്കയോട് മികച്ച വിജയം നേടാൻ കഴിയാതെ പോയതോടെയാണ് പാക്കിസ്ഥാൻ ടൂർണമെന്റിന്റെ സെമി കാണാതെ പുറത്തായത്. റൺ ശരാശരിയുടെ അടിസ്ഥാനത്തിൽ ന്യൂസിലൻഡ് സെമിയിൽ പ്രവേശനം നേടുകയും ചെയ്തു.
Tags : cricket PCB T20 World Cup punishes