മാഡ്രിഡ്/ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം.
സ്പാനിഷ് ക്ലബ്ബുകളായ അത്ലറ്റിക്കോ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിലും ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്സിയും ഫ്രഞ്ച് സംഘമായ പാരീസ് സെന്റ് ജെര്‍മെയ്നും തമ്മിലാണ് ഇന്നത്തെ പോരാട്ടങ്ങള്‍. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് കിക്കോഫ്.
ആദ്യപാദത്തില്‍ ബാഴ്സലോണയുടെ തട്ടകമായ ന്യൂകാമ്പില്വച്ച് 2-0ന് അത്ലറ്റിക്കോ മാഡ്രിഡ് ജയിച്ചിരുന്നു. മറുവശത്ത് നിലനിലെ ചാമ്പ്യന്മാരായ പിഎസ്ജി ഹോം ഗ്രൗണ്ടില്‍ 2-0ന് ലിവര്‍പൂള്‍ എഫ്സിയെയും കീഴടക്കി.
ചുരുക്കത്തില്‍ 3-0ന്റെ ജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ എഫ്സി ബാഴ്സലോണയ്ക്കും ലിവര്‍പൂള്‍ എഫ്സിക്കും സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കാം. അല്ലെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു കാര്യങ്ങള്‍ വലിച്ചിഴയ്ക്കണം. അതേസമയം, 1-0നു പരാജയപ്പെട്ടാല്‍പോലും പിഎസ്ജിയും അത്ലറ്റിക്കോ മാഡ്രിഡും സെമിയിലേക്കു മുന്നേറാം.
ഖ്വിച്ച ക്വാരത്സഖേലിയ, ഡിസിറെ ഡൗ എന്നിവരായിരുന്നു പിഎസ്ജിക്കായി ആദ്യപാദത്തില്‍ ഗോള്‍ നേടിയത്. ആദ്യപാദത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട സെന്റര്‍ ബാക്ക് പൗ കുബാര്‍സി ഇന്നു ബാഴ്സലോണയ്ക്ക് ഒപ്പമില്ല. ജൂലിയന്‍ ആല്വരസിന്റെ ഫ്രീകിക്ക് ഗോളായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന് ആദ്യപാദത്തില്‍ ലീഡ് നല്‍കിയത്. അലക്സാണ്ടര്‍ സോര്ലോത്തായിരുന്നു രണ്ടാം ഗോളിന്റെ ഉടമ.
Tags : UEFA Champions League quarter final