നദികള്‍ മാലിന്യം തള്ളാനുള്ള ഇടമാണെന്ന് ധരിക്കുന്നവര്‍ മേഘാലയത്തിലെ ഉംഗോട്ട് നദി ഒരിക്കലെങ്കിലും സന്ദര്‍ശിക്കണം. ഒരാള്‍പ്പോലും നദിയില്‍ മാലിന്യം നിക്ഷേപിക്കില്ലെന്നു മാത്രമല്ല ഒരാള്‍ക്കും അതിന് അവസരം നല്കുകയുമില്ല. ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ ജലപ്രവാഹമുള്ള നദി എന്നാണ് ഉംഗോട്ട് അറിയപ്പെടുന്നത്.
മുപ്പത് അടിവരെ ആഴത്തില്‍ കണ്ണാടി പോലെ തെളിഞ്ഞതും സ്ഫടികതുല്യവുമായ വെള്ളമാണ് നദിയുടെ ഏറ്റവും വലിയ പ്രത്യേകത. മേഘാലയയിലെ വെസ്റ്റ് ജയന്തിയാ ഹില്‍സ് ജില്ലയിലെ ഡൗകിയിലൂടെയാണ് ഉംഗോട്ട് നദി ഒഴുകുന്നത്. ഖാസി, ജയന്തിയ മലനിരകളെ ഈ നദി വേര്‍തിരിക്കുന്നു. ആവശ്യമുള്ള വെള്ളം പാത്രത്തില്‍ കോരിയെടുത്ത് കുളിക്കുകയും വസ്ത്രം കഴുകുകയും ചെയ്യണമെന്നാണ് ഇവിടത്തെ തദ്ദേശിയരായ ഗോത്രവാസികളുടെ പൊതുവായ നിര്‍ദേശം.
മത്സ്യബന്ധനമാണ് പ്രദേശവാസികളുടെ പ്രധാന തൊഴില്‍. വള്ളങ്ങളിലും ചങ്ങാടങ്ങളിലും സഞ്ചരിച്ചുള്ള മീന്പിടിത്തമല്ലാതെ ഇതിനായി യന്ത്രവത്കൃത ബോട്ടുകള്‍ അനുവദനീയമല്ല. അതിനാല്‍ ഡീസൽ ഉള്‍പ്പെടെ മാലിന്യങ്ങൾ നദിയില്‍ കലരുന്നില്ല. തീരങ്ങളിലെ വനവും പാറകളും അതേ രീതിയില്‍ സംരക്ഷിക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ മൂലം നദി മലിനമാകുന്നില്ല. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിര്‍ത്തി കൂടിയാണിത്. ഡൗകി ഗ്രാമം രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യാപാര പാതയായി പ്രവര്‍ത്തിക്കുന്നു. ഈ നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ 1932ല്‍ നിര്‍മിച്ച തൂക്കുപാലം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന നിര്‍മിതിയാണ്.
രാജ്യത്തിനുതന്നെ മാതൃകയായ ഈ നദീസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തി കൂറ്റന്‍ അണക്കെട്ട് നിര്‍മിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മേഘാലയ എനര്‍ജി കോര്‍പറേഷന്റെ നീക്കത്തിനെതിരേ പരക്കെ പ്രതിഷേധം ഉയരുകയാണ്. 600 കോടി രൂപ ചെലവില്‍ 210 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം ഇതു മാത്രമാണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇങ്ങനെയെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ ജലപ്രവാഹമുള്ള ഉംഗോട്ട് നദി എന്നേക്കുമായി വിസ്മൃതിയിലാകും.
Tags : River Sunday Deepika