ശബ്ദങ്ങളുടെ ലോകത്തേക്കാണു പിറന്നുവീണതെങ്കിലും ബാബുവിനു ചുറ്റും അന്നു മുതല്‍ ഇന്നുവരെ നിശബ്ദതയാണ്. അനാഥത്വത്തിന്റെ സ്വകാര്യസങ്കടങ്ങളിലും നിശബ്ദതയുടെ നിസംഗനിലവിളികളിലും ഒതുങ്ങിയൊടുങ്ങാനല്ല, പ്രതിസന്ധികളെ അതിജീവിക്കുന്നതിലാണു ജീവിതത്തിന്റെ സാരമെന്ന അവന്റെ തിരിച്ചറിവിനു, തോല്ക്കാന് താനില്ലെന്നുകൂടിയായിരുന്നു അര്‍ഥം.
കേള്‍ക്കാനാവില്ല, സംസാരിക്കാനുമാവില്ല... കൂടെ അനാഥത്വവും...! ജന്മനാ ഒപ്പം ചേര്‍ന്ന പരിമിതികളോടും ഇല്ലായ്മകളോടും പോരാടി മുന്നേറിയ ബാബു പോള്‍ എന്ന ചെറുപ്പക്കാരന് ഇപ്പോൾ ഇരിക്കുന്നതു സര്‍ക്കാര്‍ സര്‍വീസിലെ കസേരയിലാണ്. ‘എല്ലാവര്‍ക്കുമുള്ള പോലൊരു നല്ല ജീവിതം നിനക്കുണ്ടാവില്ലെന്നു’ ക്രൂരമായി പറഞ്ഞ സാഹചര്യങ്ങളെ നേരിടാന്‍, ഒരു വാക്കുപോലും ഉരിയാടാനാവാത്ത ബാബുവിനുണ്ടായിരുന്ന ഏക ആയുധം നെഞ്ചിലേറ്റിയ സ്വപ്നങ്ങളായിരുന്നു. അതിലേക്കാണു നിശബ്ദനായി അദ്ദേഹം നടന്നുകയറിയതും.
കൊച്ചി തോപ്പുംപടി സിജെഎം കോടതിയില്‍ ബാബു പോള്‍ ടൈപ്പിസ്റ്റായി ജോലിക്കു കയറിയത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്. തിരിഞ്ഞുനോക്കുന്പോള്‍ ജീവിതവഴിയിലെല്ലാം പോരാട്ടത്തിന്റെ വിയര്‍പ്പുതുള്ളികള്‍. 2000ല്‍ സലേഷ്യന്‍ വൈദികരുടെ നേതൃത്വത്തിലുള്ള പള്ളുരുത്തി ഡോണ്‍ ബോസ്കോ ബോയ്സ് ഹോമിലെത്തിയതാണ് ബാബു. വൈദികരുടെ സ്നേഹാര്‍ദ്രമായ പരിചരണവും സ്നേഹവും ബാബുവിന്റെ ബാല്യത്തിനു നിറം പകർന്നു.
വിവിധ ഘട്ടങ്ങളിലായി ബോസ്കോ നിലയത്തിലും സ്നേഹഭവന് അനക്സിലുമായി ബാബു വളര്‍ന്നു. എഎസ്എംഐ സന്യാസിനിമാരുടെ തലയോലപ്പറന്പ് നീര്‍പ്പാറ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പരിമിതികളിലും കംപ്യൂട്ടര്‍ പരിജ്ഞാനം വേഗത്തില്‍ ആര്‍ജിച്ച ബാബു ആ രംഗത്ത് വിവിധ കോഴ്സുകൾ പൂര്‍ത്തിയാക്കി. ഇപ്പോഴും ബാബുവിന്റെ പ്രയാണത്തിനു സലേഷ്യന്‍ വൈദികരുടെ സ്നേഹത്തണലുണ്ട്.
സാധ്യതയിലാണു ഫോക്കസ്
2016ല്‍ കൊച്ചി ചാവറ മാട്രിമണിയില്‍ അക്കൗണ്ടിംഗ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത് പ്രതീക്ഷയോടെ ജീവിതത്തെ അഭിമുഖീകരിക്കാനുള്ള കരുത്തായി. ‘പരിമിതികളിലേക്കല്ല, സാധ്യതകളിലേക്കു നോക്കി മുന്നോട്ടു നീങ്ങണമെന്ന’ മാട്രിമണിയുടെ സാരഥി ജോണ്സണ് സി.ഏബ്രഹാമിന്റെ വാക്കുകളില്‍ ബാബു പുതിയ സ്വപ്നങ്ങള്‍ നെയ്തു. വീഡിയോ എഡിറ്റിംഗിലും ഡിജിറ്റല്‍ ജോലികളിലുമെല്ലാം ഇദ്ദേഹത്തിന്റെ വേഗം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. കേള്‍വി പരിമിതിയുടെ പേരില്‍ ടൂ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിഷേധിച്ച മോട്ടോര്‍ വാഹന വകുപ്പുമായി നിയമപോരാട്ടം നടത്തി. തടസങ്ങള്‍ ഏറെയുണ്ടായിട്ടും തോറ്റു പിന്മാറാന് ഇദ്ദേഹം തയാറായില്ല. നിരന്തരമായ പരിശ്രമങ്ങള്‍ക്കും നിയമനടപടികള്‍ക്കുമൊടുവില്‍ ലൈസന്‍സ് സ്വന്തമാക്കി.
ഫോര്‍ വീലര്‍ ലൈസന്‍സിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയതായി ബാബു പറയുന്നു. ബാബുവിനു യാത്രകളോടുള്ള അതിരില്ലാത്ത ഇഷ്ടങ്ങളെ തടുക്കാനും കേള്‍വിയുടെയും സംസാരത്തിന്റെയും പരിമിതികള്ക്കായില്ല. മുംബൈയിലും ഹൈദരാബാദിലും ബംഗളൂരുവിലുമെല്ലാം തനിച്ചു യാത്രകള്‍.... ഒടുവില്‍ സര്‍ക്കാര്‍ ജോലിവരെയെത്തിയ അതിജീവനയാത്ര. ഈ മുപ്പത്തഞ്ചുകാരന് യാത്ര തുടരുകയാണ്; പരിമിതികളെയോര്ത്തു പരിഭവിക്കാന്‍ നേരമില്ലെന്നു സവിനയം പറഞ്ഞു, പുതിയ സ്വപ്നങ്ങളിലേക്കുതന്നെ.
Tags : Dreamer Silence Sunday Deepika