പ്രതീകാത്മക ചിത്രം
ചിന്താവിഷയം
നൂറുകണക്കിനു കിലോമീറ്റർ താണ്ടി ഒരു യുവാവ് യാത്ര ചെയ്യുന്നതായി സങ്കല്പിക്കുക. ലോക പ്രശസ്തമായ ഒരു വിദ്യാകേന്ദ്രത്തിൽ പഠിക്കുക എന്നതാണ് ലക്ഷ്യം. മാസങ്ങൾ നീണ്ട ആ യാത്രയ്ക്കൊടുവിൽ അവൻ ആ മഹാവിദ്യാലയത്തിന്റെ കവാടത്തിലെത്തുന്നു. വർഷങ്ങളായി മനസിൽ സൂക്ഷിച്ച സ്വപ്നം സാക്ഷാത്കരിക്കാൻ ഇനി ഏതാനും ചുവടുകൾ മാത്രം. പക്ഷേ, കവാടത്തിൽ ഒരാൾ കാത്തുനിൽപ്പുണ്ട്. അയാൾ കാവൽക്കാരനല്ല; പണ്ഡിതനാണ്.
അകത്തേക്കു കടക്കണമെങ്കിൽ ആദ്യം അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. അറിവും ചിന്താശേഷിയും തെളിയിക്കണം. പണ്ഡിതനു തൃപ്തിയായാൽ മാത്രമേ കവാടം തുറന്നു തരികയുള്ളൂ. പുരാതന ഇന്ത്യയുടെ അഭിമാനമായിരുന്ന നളന്ദ മഹാവിഹാരത്തിലെ പ്രവേശന രീതികളിലൊന്നായിരുന്നു ഇത്. ഇന്നത്തെ ബിഹാറിൽ സ്ഥിതിചെയ്തിരുന്ന നളന്ദ യൂണിവേഴ്സിറ്റി അഞ്ചാം ശതകംമുതൽ നൂറ്റാണ്ടുകളോളം ഏഷ്യയിലെ പ്രമുഖ വിജ്ഞാനകേന്ദ്രങ്ങളിലൊന്നായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാത്രമല്ല, ചൈന, കൊറിയ, മധ്യേഷ്യ തുടങ്ങിയ വിദൂര പ്രദേശങ്ങളിൽനിന്നുപോലും വിദ്യാർഥികളും പണ്ഡിതരും അവിടെ എത്തിയിരുന്നു.
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യയിൽ എത്തിയ ചൈനീസ് ബുദ്ധസന്യാസിയും പണ്ഡിതനുമായ ഹുയാൻസാങ് നളന്ദയിലെ പഠനരീതികളെക്കുറിച്ച് വിലപ്പെട്ട വിവരണങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവരണമനുസരിച്ച്, പുറത്തുനിന്നെത്തുന്ന വിദ്യാർഥികൾക്കും പണ്ഡിതർക്കും നളന്ദയിലെ ഉന്നതമായ ബൗദ്ധികചർച്ചകളിൽ ഏർപ്പെടുന്നതിനുമുന്പ് കഠിനമായ ചോദ്യങ്ങളെ നേരിടേണ്ടിയിരുന്നു.
കവാടത്തിൽ ഉണ്ടായിരുന്ന പണ്ഡിതൻ ദ്വാരപണ്ഡിതൻ എന്നാണ് അറിയപ്പെട്ടിരുന്നത്. അപേക്ഷകരുമായി അദ്ദേഹം സംവാദത്തിലും വാദപ്രതിവാദത്തിലും ഏർപ്പെടും. പത്തിൽ രണ്ടോ മൂന്നോ പേർ മാത്രമാണ് വിജയിച്ചിരുന്നതെന്ന് ഹുയാൻസാങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എത്ര കഠിനമായ പ്രവേശനപരീക്ഷയായിരുന്നു അത് !
നളന്ദയുടെ കവാടം വിദ്യാർഥികളെ പുറത്തുനിര്ത്താൻ വേണ്ടിയുള്ളതായിരുന്നില്ല. അകത്തുള്ള വിജ്ഞാനലോകത്തെ നേരിടാൻ അവർ സുസജ്ജരാണോ എന്നു പരിശോധിക്കാനുള്ളതായിരുന്നു അത്. സംവാദങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞതായിരുന്നു നളന്ദയിലെ പഠനരീതി. തന്മൂലം, ആ കവാടം ഒരു തടസം മാത്രമായിരുന്നില്ല. പ്രത്യുത, അതു നിലവാരത്തിന്റെ പ്രതീകം കൂടിയായിരുന്നു.
പരാജയപ്പെടുന്ന വിദ്യാർഥികളുടെ മുന്പിൽ രണ്ട് വഴികളുണ്ടായിരുന്നു. ഒന്നുങ്കിൽ, ചോദ്യങ്ങൾ വളരെ കഠിനമായിരുന്നു എന്ന് പറഞ്ഞു മടങ്ങിപ്പോകും. അല്ലെങ്കിൽ, കുറവുകൾ തിരിച്ചറിഞ്ഞ് അതു പരിഹരിക്കും. ചിന്താശേഷി വളർത്താം. പിന്നീട്, വീണ്ടും കവാടത്തിൽ മുട്ടാം. നമ്മുടെയും ജീവിതത്തിലെ സ്ഥിതി ഏതാണ്ട് ഇതുപോലെയാണ്. നമ്മുടെ മുന്പിൽ അനേകം കവാടങ്ങളുണ്ട്. ആ കവാടങ്ങൾക്കപ്പുറത്തുള്ള നന്മകളെല്ലാം നമുക്കുവേണം. പക്ഷേ, ആ കവാടങ്ങളിലൂടെ കടക്കാനുള്ള വില നൽകാൻ നാം തയാറാണോ എന്നതാണ് പ്രസക്തമായ ചോദ്യം.
അറിവിന് ഒരു കവാടമുണ്ട്- നിരന്തരമായ പഠനം. മികവിന് ഒരു കവാടമുണ്ട് - അച്ചടക്കം. വിശ്വാസത്തിന് ഒരു കവാടമുണ്ട് - സത്യസന്ധത. സൗഹൃദത്തിന് ഒരു കവാടമുണ്ട് - വിശ്വസ്തത. സന്തോഷകരമായ ദാന്പത്യജീവിതത്തിനും ഒരു കവാടമുണ്ട് - ത്യാഗമനസ്ഥിതി. വലിയ നേട്ടങ്ങളിലേക്ക് ഒരു കവാടമുണ്ട് - സ്ഥിരോത്സാഹം.
കവാടങ്ങൾ ഒഴിവാക്കി അവയ്ക്ക് അപ്പുറത്തുള്ളതു സ്വന്തമാക്കാനാണ് ചിലപ്പോൾ നമ്മുടെ ശ്രമം. പഠിക്കാതെ പാസാകണം. പരിശീലനമില്ലാതെ മികവ് വേണം. സത്യസന്ധതയില്ലാതെ മറ്റുള്ളവർക്ക് നമ്മിൽ വിശ്വാസം വേണം. വിശ്വസ്തതയില്ലാതെ നല്ല സുഹൃത്തുക്കളെ വേണം. വിട്ടുവീഴ്ചയും ക്ഷമയും കൂടാതെ സന്തോഷകരമായ കുടുംബജീവിതം വേണം. അധ്വാനവും പരാജയവും ഒഴിവാക്കി വലിയ വിജയം വേണം.
എന്നാൽ, നമ്മുടെ ജീവിതം അങ്ങനെയല്ല സുഗമമായി മുന്നോട്ടു പോകുന്നത്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനമില്ലാതെ ഒരു സംഗീതജ്ഞൻ വിജയത്തിലെത്തുന്നില്ല. നിരന്തരമായ പഠനവും പരാജയപ്പെട്ട പരീക്ഷണങ്ങളും കൂടാതെ ഒരു ശാസ്ത്രജ്ഞൻ വലിയ കണ്ടുപിടിത്തങ്ങളുടെ ഉടമയാകുന്നില്ല. വിജയിക്കുന്നവരുടെ കിരീടങ്ങൾ നാം കാണുന്നു. എന്നാൽ, അതിലേക്കുള്ള കവാടത്തിനു മുന്പിൽ അവർ ചെലവഴിച്ച വർഷങ്ങൾ പലപ്പോഴും നാം കാണാതെ പോകുന്നു.
ഇന്നത്തെ വിദ്യാഭ്യാസരംഗത്തും നളന്ദയുടെ പഴയ കവാടത്തിന് വലിയൊരു സന്ദേശമുണ്ട്. അറിവ് ഇത്ര എളുപ്പത്തിൽ ലഭ്യമായിരുന്ന മറ്റൊരു കാലം മനുഷ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഏതാനും നിമിഷങ്ങൾക്കൊണ്ട് ഇന്റർനെറ്റും ആർട്ടിഫിഷ്യൽ ഇന്റലിജൻസും നമുക്കു വലിയ അളവിൽ ഇന്ന് വിവരങ്ങൾ നൽകുന്നു. എന്നാൽ, വിവരങ്ങൾ കൈവശമുണ്ടായിരിക്കുന്നതും വിദ്യാസന്പന്നരായിരിക്കുന്നതും ഒന്നല്ല. സാങ്കേതികവിദ്യ നമുക്ക് ഉത്തരങ്ങൾ നൽകാം. എന്നാൽ, ചിന്തിക്കാനും വിലയിരുത്താനും ശരിയായതു തെരഞ്ഞെടുക്കാനും അതു ജീവിതത്തിൽ പ്രായോഗികമാക്കാനും പഠിക്കേണ്ടതു നമ്മൾതന്നെയാണ്.
മാതാപിതാക്കൾക്കും നളന്ദയുടെ കവാടം ഒരു പാഠം നൽകുന്നു. മക്കളോടുള്ള സ്നേഹംകൊണ്ട് അവരുടെ വഴിയിലെ എല്ലാ ബുദ്ധിമുട്ടുകളും നീക്കിക്കൊടുക്കാൻ നാം ശ്രമിച്ചേക്കാം. എന്നാൽ, എല്ലാ തടസങ്ങളും നീക്കിക്കൊടുക്കുന്നത് എല്ലായ്പ്പോഴും സഹായകമാകണമെന്നില്ല. പരാജയം അനുഭവിക്കാത്ത കുട്ടി വീണ്ടും എഴുന്നേൽക്കാൻ പഠിക്കുമോ? എല്ലാ വാതിലുകളും മറ്റുള്ളവർ തുറന്നു കൊടുത്താൽ സ്വന്തം കൈകൾ കൊണ്ട് വാതിൽ തുറക്കാനുള്ള കരുത്ത് അവർക്കു പിൽക്കാലത്തുണ്ടാകുമോ ? ദൈവപുത്രനായ യേശുവിന്റെ ഉപദേശം ഇവിടെ പ്രസക്തമാണ്: "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ' (മത്തായി 7:19). ഏറ്റവും എളുപ്പമുള്ള വഴിയല്ല എപ്പോഴും ഏറ്റവും നല്ല ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതെന്ന വലിയ ജീവിതസത്യമാണ് ഈ ദൈവവചനം നമ്മെ അനുസ്മരിപ്പിക്കുന്നത്.
നൂറ്റാണ്ടുകളോളം വിജ്ഞാനത്തിന്റെ ദീപസ്തംഭമായി നിലകൊണ്ട നളന്ദയ്ക്ക് ഒടുവിൽ ദുരന്തത്തെ നേരിടേണ്ടി വന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉത്തരേന്ത്യയിലുണ്ടായ രാഷ്്ട്രീയ - സൈനിക കലാപങ്ങൾ നളന്ദ യൂണിവേഴ്സിറ്റിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കി. ഇന്നത്തെ അഫ്ഗാനിസ്ഥാൻ പ്രദേശത്തുനിന്നെത്തിയ തുർക്കി വംശജനായ സൈനികമേധാവി മുഹമ്മദ് ബക്തിയാർ ഖൽജിയുടെ ആക്രമണങ്ങൾ നളന്ദ ഉൾപ്പടെയുള്ള വിജ്ഞാനകേന്ദ്രങ്ങൾക്ക് കനത്ത ആഘാതമേൽപ്പിച്ചതായാണ് പരന്പരാഗത ചരിത്രവിവരണം. നളന്ദയുടെ നാശത്തിൽ അദ്ദേഹത്തിന്റെ സൈന്യത്തിനുണ്ടായിരുന്ന കൃത്യമായ പങ്കിനെക്കുറിച്ച് ഇന്നും അഭിപ്രായവ്യത്യാസങ്ങളുണ്ട്.
നൂറ്റാണ്ടുകളോളം പണ്ഡിതരുടെ ശബ്ദം മുഴങ്ങിയിരുന്ന പഠനകേന്ദ്രം പിന്നീട് അവശിഷ്ടങ്ങളായി മാറിയെങ്കിലും അതിന്റെ വിജ്ഞാനപാരന്പര്യം ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമായില്ല. ഇന്നു പുരാതന നളന്ദയുടെ അവശിഷ്ടങ്ങൾ ലോകപൈതൃകത്തിന്റെ ഭാഗമായി അതിന്റെ മഹത്തായ ഭൂതകാലത്തെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.
പക്ഷേ, നളന്ദയുടെ ആ പഴയ കവാടം നമ്മോട് ചില ചോദ്യങ്ങൾ ഇന്നും ചോദിക്കുന്നുണ്ട്. അറിവ് വേണമെങ്കിൽ പഠിക്കാൻ തയാറാണോ? മികവ് വേണമെങ്കിൽ അച്ചടക്കം പാലിക്കുമോ ? മറ്റുള്ളവരുടെ വിശ്വാസം ആർജിക്കണമെങ്കിൽ സത്യസന്ധതയോടെ ജീവിക്കുമോ? നല്ല സൗഹൃദം വേണമെങ്കിൽ വിശ്വസ്തരായിരിക്കുമോ? വലിയ സ്വപ്നങ്ങളുണ്ടെങ്കിൽ പരാജയപ്പെട്ടാലും വീണ്ടും പരിശ്രമിക്കുമോ?
ഈ ചോദ്യങ്ങൾക്കും ഇതുപോലെയുള്ള മറ്റ് ചോദ്യങ്ങൾക്കും നാം ഉത്തരം നൽകേണ്ടതു നമ്മുടെ ജീവിതംകൊണ്ടാണ്. തന്മൂലം, നമ്മുടെ മുന്പിൽ ഒരു വാതിൽ അടയുന്പോൾ നാം നിരാശരാകേണ്ടതില്ല. കാരണം, അടഞ്ഞുകിടക്കുന്ന എല്ലാ കവാടങ്ങളും നമ്മെ പുറത്തു നിർത്താൻ ഉദ്ദേശിച്ചുള്ളവയല്ല. പ്രത്യുത, അവയ്ക്ക് അപ്പുറത്തേക്കുള്ള ലോകത്തിലേക്ക് പ്രവേശിക്കാൻ നമ്മെ കൂടുതൽ യോഗ്യരാക്കാനാണ്. ഇതു നമുക്ക് മറക്കാതിരിക്കാം.
Tags : gateway Scholar Sunday Deepika