മകൾ ഉമ, കൊച്ചുമകൻ വിശാഖ്, മരുമകൾ വർഷ എന്നിവർക്കൊപ്പം മധുവിന്റെ ഓണസദ്യ.
എന്റെ കുട്ടിക്കാലത്ത് ഓണത്തിനാണ് പൊതുവേ പുതിയ ഷര്‍ട്ടും ട്രൗസറുമൊക്കെ ലഭിക്കുന്നത്. അച്ഛനുമമ്മയും മാത്രമല്ല, അമ്മാവനും മറ്റ് ബന്ധുക്കളും ഓണക്കോടി വാങ്ങിത്തരും. പുതിയ തുണിത്തരങ്ങളുടെ ഒരു സുഗന്ധമുണ്ടല്ലോ, ഓണക്കോടിയുടെ ആ ഗന്ധമാണ് എന്റെ ഓണസ്മരണകളില്‍ ആദ്യം കടന്നുവരുന്നത്. ഇന്നത്തെപോലെ ഇഷ്്ടംപോലെ ടെക്സ്റ്റൈല്സും റെഡിമെയ്ഡ് തുണിത്തരങ്ങളും ഉള്ള കാലമല്ല. ഷര്‍ട്ടിനും മറ്റുമുള്ള തുണിത്തരങ്ങള്‍ എടുത്ത് തയ്യല്‍ക്കടയില്‍ കൊടുക്കുകയാണ് പതിവ്. പിന്നീട് ഈ ഓണക്കോടിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പാണ്.
ഓണക്കാലത്ത് തയ്യല്ക്കടയിലൊക്കെ നല്ല തിരക്കാണ്. അതുകൊണ്ട് ഓണം കഴിഞ്ഞാവും ചിലപ്പോള്‍ പുതിയ ഉടുപ്പ് തയ്ച്ചു കിട്ടുക! അന്ന് തയ്യല്‍ക്കടകളും കുറവാണ്. തമ്പുരാന്‍മുക്ക് റോഡില്‍ ശേഖരന്റെ ഒരു തയ്യല്‍ക്കടയുണ്ട്. അതാണ് ഞങ്ങളുടെ തയ്യല്‍ക്കട. ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം തന്നെ ഇപ്പോള്‍ മാറിക്കഴിഞ്ഞു. വലിയ വീടുകളും കടകളുമൊക്കെയായി.
ഓണക്കളികളുടെ ഹര്‍ഷാരവം
ഗൗരീശപട്ടത്തുള്ള എന്റെ വീടിന്റെ (കീഴതില്‍ വീട്) മുന്നില്‍ അന്ന് നിറയെ നെല്‍വയലാണ്. കണ്ണെത്താദൂരത്ത് പരന്നു കിടക്കുന്ന പാടങ്ങള്‍. ഓണക്കളികളെല്ലാം പ്രധാനമായും ഈ പാടങ്ങളിലാണ്. കിളിത്തട്ട്, കുട്ടിയും കോലും, നാടന്‍ പന്തുകളി, ഊഞ്ഞാലാട്ടം, വടംവലി, കബഡി തുടങ്ങിയ നാടന്‍ കളികളാണ് ആണ്‍കുട്ടികള്‍ കൂടുതലും കളിക്കുക. എന്റെ അയല്‍ക്കാരും കളിക്കൂട്ടുകാരുമായ കൃഷ്ണന്‍കുട്ടി, സുകുമാരന്‍, അപ്പു, തങ്കപ്പന്, ഗോവിന്ദന്‍കുട്ടി എന്നിവരുമായി ചേര്‍ന്നാണ് എന്റെ ഓണക്കളികള്‍.
ഇതിനിടയില്‍ പറഞ്ഞോട്ടെ, തിരുവനന്തപുരം നഗരത്തിന്റെ ഭാഗമാണ് എന്റെ ജന്മനാടായ ഗൗരീശപട്ടം. എന്നാല്‍ എന്റെ കുട്ടിക്കാലത്തൊന്നും നാട്ടില്‍ ടാറിട്ട റോഡ് വന്നിട്ടില്ല. ചെമ്മണ് പാതയാണ്. വൈദ്യുതിയും എത്തിയിരുന്നില്ല. സന്ധ്യയാവുമ്പോള്‍ ഞങ്ങളുടെ വീടിനു മുന്നിലെ പോസ്റ്റിലെ മണ്ണെണ്ണ വിളക്കില്‍ മണ്ണെണ്ണ ഒഴിച്ച് വിളക്കു കത്തിക്കാനായി ഒരാള്‍ ഏണിയുമായി വരുന്നത് ഓര്‍ക്കുന്നു. അതുപോലെ വീടിനു മുന്നിലെ ചെമ്മണ്‍വഴിയില്‍ രണ്ടുനേരവും വെള്ളം ചീറ്റിക്കുന്ന രംഗവും മറന്നിട്ടില്ല. പൊടി പറക്കാതിരിക്കാന്‍ വേണ്ടിയാണിത്. മണ്ണും കല്ലും നിറഞ്ഞ ഈ വഴിയിലാണ് ഞാനും അയല്‍ക്കാരായായ എന്റെ കൂട്ടുകാരും ചേര്‍ന്ന് ഫുട്ബോള്‍ കളിക്കുന്നത് !
അക്കാലത്ത് ബസുകളൊന്നും ഉണ്ടായിരുന്നില്ല. കാളവണ്ടിയും സൈക്കിളും, ലോറിയും, അപൂര്‍വം ചില കാറുകളും കടന്നുപോകും. വാഹനങ്ങള്‍ പോകുന്ന വഴിയിലാണ് ഞങ്ങളുടെ പന്തുകളി. എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊരു തടസമേ ആയിരുന്നില്ല. ഞങ്ങളുടെ പന്തുകളിയ്ക്കനുസരിച്ച് വാഹനങ്ങള്‍ വേഗത കുറച്ചും, നിര്‍ത്തിയും ചിലപ്പോള്‍ ബ്രേക്കിട്ടുമൊക്കെ കടന്നുപോവുകയായിരുന്നു പതിവ്.
എന്നെ പഠിപ്പിച്ച് എൻജിനിയറാക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് അച്ഛന്. സ്വതവേ കര്‍ക്കശക്കാരനായിരുന്ന അച്ഛന് (തിരുവനന്തപുരം മുന്‍ മേയര്‍ ആര്. പരമേശ്വരന് പിള്ള) എന്റെ ആഘോഷപരിപാടികള്‍ തീരെ ഇഷ്ടമായിരുന്നുമില്ല. പലപ്പോഴും ഓണക്കളികള്‍ കഴിഞ്ഞെത്തുമ്പോള്‍ അച്ഛന്റെ കൈയില്‍നിന്നു നല്ല തല്ലും കിട്ടിയിരുന്നു. എങ്കിലും നീണ്ടുകിടക്കുന്ന പാടത്തും വഴിയിലുമെല്ലാം അടുത്ത ദിവസവും ഓണക്കളി തുടരും. ‘അച്ഛന് അടിച്ചാലെന്താ, ഓണം നന്നായി ആഘോഷിച്ചല്ലോ’ എന്ന ചിന്തയായിരുന്നു അന്ന് ഉണ്ടായിരുന്നത്.
അത്തപ്പൂക്കളമൊരുക്കലും കുറച്ച് കുറുമ്പുകളും
മുറ്റത്ത് അത്തപ്പൂക്കളമൊരുക്കുക, ഊഞ്ഞാലാടുക തുടങ്ങിയവയാണ് അന്ന് പെണ്‍കുട്ടികളുടെ ആഘോഷങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് പൂക്കളം തീര്‍ക്കാനുള്ള പൂക്കള്‍ ശേഖരിച്ചു കൊടുക്കുന്നത് ഞങ്ങള്‍ ആണ്‍കുട്ടികളുടെ ജോലിയായിരുന്നു. പൂക്കളത്തിനുള്ള പൂക്കള്‍ വീട്ടുപറമ്പില്‍ നിന്നും പറിച്ചെടുത്തിട്ടും തികയാതെ വരുമ്പോള്‍ അടുത്ത വീടുകളില്‍ നിന്നെല്ലാം പുഷ്പങ്ങള്‍ ശേഖരിക്കും. ഇവിടെ രസകരമായ ചില സംഭവങ്ങള്‍ കൂടി അരങ്ങേറും.
പൂക്കള്‍ പറിച്ചെടുക്കാനായി ഞങ്ങള്‍ കയറുന്നത് തീരെ ഇഷ്ടപ്പെടാത്ത അയല്‍ക്കാരുമുണ്ട്. അവരെ കുറ്റപ്പെടുത്താനും കഴിയില്ല. ദിവസവും വെള്ളം നനച്ചും വളമിട്ടുമെല്ലാം പരിപാലിച്ചുപോന്ന ചെടികളിലെ പൂക്കള്‍ ഞങ്ങള്‍ കുട്ടികള്‍ നിര്‍ദാക്ഷിണ്യം അടര്ത്തുക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ കയറാതിരിക്കാനായി ചില അയല്‍ വീട്ടുകാര്‍ വീടിന്റെ ഗേറ്റ് ഭദ്രമായി പൂട്ടിവയ്ക്കും. അത്തരം വീടുകളുടെ മതില് ചാടിക്കടന്നാണ് ഞങ്ങള്‍ പൂക്കള്‍ പറിച്ചെടുക്കുക.
ഓമനിച്ചുവളര്‍ത്തിയ റോസാച്ചെടികളില്നിന്നു നല്ല ചുവന്ന റോസാപുഷ്പങ്ങളും പിന്നെ കുടംപോലെ നില്ക്കുന്ന മഞ്ഞ ചെത്തിപ്പൂക്കളും വലിച്ചുപറിച്ചെടുക്കുന്ന ഞങ്ങള്‍ കുറുമ്പന്മാരുടെ പിന്നാലെ വീട്ടുകാര്‍ ഓടി വരും. ‘ആരെടാ....’ എന്നുള്ള ആക്രോശം കേള്‍ക്കുമ്പോള്‍ പൂക്കളുമായി ഞങ്ങള്‍ മതില് ചാടി ഓടും. ‘ആന കരിമ്പിന്കാട്ടില് കയറിയ’ മട്ടില്‍ പൂന്തോട്ടവും തകര്‍ത്ത് ഞങ്ങള്‍ ഓടുമ്പോള്‍ പുറകില്നിന്നും ചിലര്‍ കല്ലെറിഞ്ഞിട്ടുമുണ്ട്. കല്ലേറു കൊള്ളും മുമ്പേ ഞങ്ങള്‍ ‘ഓണാഘോഷ കമ്മിറ്റി’ ബാലന്മാര് വീട്ടില്‍ എത്തിയിരിക്കും.
അതിവേഗതയില്‍ മതില് ചാടാനും ഓടാനും എന്റെ കൂട്ടുകാര്‍ക്കും എനിക്കും അന്നു കഴിഞ്ഞിരുന്നു. കാലം അതിവേഗം ഓടി മറഞ്ഞപ്പോള്‍ എന്റെ കളിക്കൂട്ടുകാരില്‍ പലരും എങ്ങോ മറഞ്ഞു. ഗൗരീശപട്ടത്തുതന്നെ ജീവിച്ചിരുന്ന ചിലരൊക്കെ മരണപ്പെട്ടു. മറ്റു പ്രദേശങ്ങളിലേക്ക് പോയവര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നറിയുകയുമില്ല.
പുളിമരത്തിലെ ഊഞ്ഞാലാട്ടം
എന്റെ വീട്ടുമുറ്റത്ത് അന്ന് വലിയൊരു പുളിമരമുണ്ട്. ഓണം വരുമ്പോള്‍ പുളിമരത്തില്‍ വടം ഉപയോഗിച്ചാണ് ഊഞ്ഞാല് കെട്ടുക. ആ പ്രദേശത്ത് ഇത്തരത്തിലൊരു ഊഞ്ഞാല് വേറെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്തുള്ള കുട്ടികളൊക്കെ ഞങ്ങളുടെ വീട്ടിലാണ് ഊഞ്ഞാലാടാന്‍ വരിക. ‘മാവേലി നാടുവാണീടും കാലം...’ തുടങ്ങിയ ഓണപ്പാട്ടുകള്‍ പാടിയാണ് ഊഞ്ഞാലാട്ടം. ഊഞ്ഞാല്‍പ്പടി തലയ്ക്കുമേല്‍ ഉയര്‍ത്തി കുടമിടുക എന്ന ഒരു അഭ്യാസമുണ്ട്.
എന്റെ അനിയത്തിമാരുള്പ്പെടെയുള്ള കുട്ടികള്‍ കുടമിട്ടുകൊടുക്കാന് ആവശ്യപ്പെടും. ’പാവം കുട്ടികളല്ലേ ഒന്നു സഹായിക്കാം’ എന്നു കരുതി അവര്‍ ഇരിക്കുന്ന ഊഞ്ഞാല്‍പ്പടി തലയ്ക്കു മീതെ ഉയര്‍ത്തി പിടിക്കുമ്പോഴാകും അവര്‍ ഉരുണ്ട് താഴെ വീഴുക. അപ്പോള്‍ തന്നെ നാടുമുഴുവന്‍ കേള്‍ക്കെ നിലവിളിക്കാന്‍ തുടങ്ങും. ഊഞ്ഞാലില്‍നിന്നും ഞാന്‍ മന:പൂര്‍വം അവരെ തള്ളിയിട്ടു എന്ന് പറഞ്ഞാവും അലറിക്കരച്ചില്‍. അതിനും കിട്ടും അച്ഛനില്‍നിന്നും തല്ല്. അങ്ങനെ ഓണക്കളിയും ഓണത്തല്ലും നിറഞ്ഞതാണ് എന്റെ ഓണസ്മരണകള്‍.
ഓണസദ്യ
എല്ലാ വീടുകളിലും ഉള്ളതുപോലെ തിരുവോണത്തിനു വിഭവസമൃദ്ധമായ സദ്യ ഉണ്ടാകും. ഉത്രാടം തുടങ്ങി ചതയംവരെ നീളുന്ന നാല് ഓണത്തിനും ഓണത്തിന്റേതായ വിഭവങ്ങളൊക്കെ ഉണ്ടാവും. ഉത്രാടത്തിന്റെ അന്നാണ് ശര്‍ക്കരവരട്ടിയും ഉപ്പേരിയും അച്ചാറുകളുമൊക്കെ തയാറാക്കുന്നത്. പ്രധാന ഓണസദ്യ തിരുവോണനാളില്തന്നെ. അന്ന് വൈകിട്ടാണ് അത്തമിളക്കലും തുമ്പിതുള്ളലും.
മറുനാട്ടിലെ ഓണം
കുട്ടിക്കാലത്തെപോലുള്ള ഓണനാളുകളിലെ തിമിര്‍പ്പ് മുതിരുമ്പോള്‍ ഉണ്ടാവുകയില്ലല്ലോ. എന്നാലും ബിരുദപഠനം കഴിയുംവരെ വീട്ടില്‍ ഓണം സാധാരണപോലെ ആഘോഷിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്നും ഹിന്ദി ബിഎ പാസായശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലാണ് ഞാന്‍ എംഎ പഠനം നടത്തിയത്. പിന്നീട് നാഗര്‍കോവില്‍ ഹിന്ദു കോളജിലും തുടര്‍ന്ന് നാഗര്കോവിലിലെതന്നെ സ്കോട്ട് ക്രിസ്ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായി.
ഇക്കാലത്തൊന്നും നാട്ടിലെത്തുവാനോ അമ്മ (തങ്കമ്മ) വച്ചുവിളമ്പിയ ഓണസദ്യ ഉണ്ണാനോ സാധിച്ചിരുന്നില്ല. അക്കാലഘട്ടത്തില്‍ മറുനാടുകളില്‍ ഇന്നത്തെപ്പോലെ സംഘടനകളും മറ്റും ഓണാഘോഷങ്ങള്‍ നടത്തുന്ന പതിവുമുണ്ടായിരുന്നില്ല. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന അവസരത്തില്‍ മലയാളി അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ ഓണാഘോഷം നടത്തിയിരുന്നു. അതില്‍ പങ്കെടുത്തിരുന്നു. അത്രമാത്രം.
സിനിമാ സെറ്റിലെ ലളിതമായ ഓണം
ചലച്ചിത്ര നടനായശേഷം മിക്കവാറും ഓണം ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആയിരുന്നു. തിരുവോണത്തിനു സെറ്റിൽ ഓണസദ്യ ഒന്നും ഉണ്ടായിരിക്കില്ല. ഊണിനൊപ്പം മധുരമോ ഒരു പായസമോ കാണും. ആദ്യകാല സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വലിയ ഓണാഘോഷം നടന്നതായി എന്റെ ഓര്‍മയിലില്ല.
ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ള കാലത്തും തിരുവോണത്തിന് കണ്ണമ്മൂലയിലെ എന്റെ വസതിയായ ശിവഭവനില്‍ എത്തുവാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഭാര്യ തങ്കം (ജയലക്ഷ്മി), ഏക മകള്‍ ഉമ എന്നിവര്‍ക്കൊപ്പം ആയിരുന്നു തിരുവോണ സദ്യ. എന്റെ അമ്മൂമ്മയും അച്ഛനും അമ്മയും ജീവിച്ചിരുന്ന കാലംവരെ തിരുവോണത്തിന് ഗൗരീശപട്ടത്തെ കുടുംബവീട്ടില്‍ പോകുന്ന പതിവും ഉണ്ടായിരുന്നു. തങ്കത്തിന്റെ വേര്‍പാടിനുശേഷം ഇപ്പോള്‍ മകള്‍ ഉമയ്ക്കും കുടുംബത്തിനും ഒപ്പമാണ് എന്റെ ഓണം.
Tags : Sunday Deepika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash