ഞങ്ങള്‍ വയനാട്ടിലെ കുറിച്യര്‍ സമുദായക്കാരുടെ ഓണസദ്യയില്‍ ഇറച്ചിയും മീനും പ്രധാനമാണ്. തോരനും കാളനും സാമ്പാറും അവിയലും അച്ചാറും പപ്പടമൊക്കെ നിരക്കുന്ന ഇളം തൂശനിലയില്‍ പുഴമീനും കാട്ടിറച്ചിയും ആവോളമുണ്ടാകും. മാനന്തവാടി കമ്മനയില്‍ ഞങ്ങളുടെ വീടിനടുത്ത് എന്റെ ചെറുപ്പത്തിൽ വനമുണ്ടായിരുന്നു. നായാട്ടിന് അക്കാലത്ത് നിയന്ത്രണങ്ങളൊന്നുമില്ല.
ഞങ്ങള്‍ കൂട്ടുകാര്‍ ഓണത്തിന് ദിവസങ്ങൾക്കു മുൻപേ അമ്പും വില്ലുമായി വേട്ടയ്ക്കു പോകും. കാടിളക്കി മൃഗങ്ങളെ അടുപ്പിക്കാന്‍ വേട്ടനായ്ക്കളുമുണ്ടാകും. മ്ലാവ്, മാന്‍, കാട്ടുപന്നി, കാട്ടാട്, മുയല് എന്നിവയെ വേട്ടയാടി ഓണത്തിനു കഴിക്കാന്‍ കരുതിവയ്ക്കും. ശേഷിക്കുന്നത് ഉണക്കി വയ്ക്കും. മൃഗങ്ങളെ കെണിവച്ചു പിടിക്കാനും പ്രത്യേക രീതിയുണ്ട്. എന്റെ ചെറുപ്പത്തില്‍ വയനാട് വനവും വയലുമായിരുന്നു. മാനന്തവാടി പുഴയിലാണ് ഞങ്ങള്‍ മീന്‍ പിടിക്കാന്‍ പോകുക.
മീനുകളെ പൊത്തിപ്പിടിക്കാനും വലയില്‍ പിടിക്കാനും രീതികള്‍ വശമുണ്ടായിരുന്നു. മിക്ക വീടുകളിലും പാകത്തിനു വലകള്‍ സൂക്ഷിച്ചിരുന്നു. വാള, വരാല്, തൂളി മീനുകള്‍ പുഴയില്‍ സുലഭമായിരുന്നു. ഇവയെ മുറിച്ച് മഞ്ഞളും മുളകും ഉപ്പും ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കും. ഉത്രാടം മുതല്‍ ചതയം വരെ നാല് ദിവസമായിരുന്നു സദ്യ. ഓണത്തിനുവേണ്ട നെല്ല് ആഴ്ചകള്‍ മുന്‍പേ പത്താഴം തുറന്നു പുഴുങ്ങിക്കുത്തി ഉണങ്ങിവയ്ക്കും. വയൽനാടാണല്ലോ വയനാടായി മാറിയത്. എല്ലാ വീട്ടിലും വേണ്ടുവോളം നെല്ലും നാളികേരവും കരുതലുണ്ടായിരുന്നു.
തൊടിയില്‍ നിറയെ പച്ചക്കറികളും. പാവല്‍, കോവല്‍, പയര്‍, വഴുത, കുമ്പളം, മത്ത, ചീര, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങി വേണ്ടുവോളം വിഭവങ്ങൾ. ഓണം കേമമാക്കാന്‍ പാടത്തെയും പറമ്പിലെയും കൃഷിപ്പണികള്‍ നേരത്തെതന്നെ തീര്‍ത്തുവയ്ക്കും. ഓണമുണ്ണാന്‍ നാലോ അഞ്ചോ ആള്‍ക്കാരൊന്നുമല്ല വീട്ടിലുണ്ടായിരുന്നത്. ഞങ്ങളുടെ ബാല്യത്തില്‍ കൂട്ടുകുടുംബങ്ങള്‍ സാധാരണമായിരുന്നു. പുല്ലുമേഞ്ഞ് തറ മെഴുകിയ മണ്ണുവീടുകളില്‍ നിലത്ത് പായ വിരിച്ചായിരുന്നു ഊണും ഉറക്കവും. ഇന്നും അതേ പുല്ലുവീട്ടില്തന്നെയാണ് ഞാനും കുടുംബവും കഴിയുന്നത്. ഇതിന്റെ പഴക്കം നൂറു വര്‍ഷത്തിനു മേലെയാണെന്നു കൂടി പറയട്ടെ.
അമ്മാവന്മാരും അമ്മായിമാരും അച്ഛനും അമ്മയും കൂടെപ്പിറപ്പുകളും മരുമക്കളുമൊക്കെയായി വീട്ടില്‍ എഴുപതോളം പേര്. ഇത്രയും പേര് ഉണ്ണാന്‍ നിരയായിരിക്കുമ്പോള്‍ കല്യാണസദ്യയുടെ പ്രതീതി. കളിക്കാനും പൂക്കള്‍ പറിക്കാനും പൂക്കളമിടാനും ഈഞ്ഞാലാടാനും ഓണക്കളി കേമമാക്കാനും കുട്ടികള്‍ പത്തിരുപതു പേരുണ്ടാകും. തനി കാര്‍ഷികഗ്രാമമായിരുന്നു കമ്മന. ഇഷ്ടംപോലെ കാട്ടുപൂക്കളും.
ജമന്തി, ചെത്തി, ബന്തി, വാടാമുല്ല, തുളസി, തെച്ചി, മന്ദാരം തുടങ്ങിയവ മുറ്റത്തും തൊടിയിലുമുണ്ടാകും. പൂക്കള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ മുറ്റം നിറയെ പൂക്കളങ്ങൾ തീര്‍ക്കുകയായിരുന്നു പതിവ്. ഓണസദ്യയില്‍ ഒരു കാര്യം പറയാന്‍ മറന്നു. അച്ചാറുകളുടെ കാര്യം. കടുമാങ്ങ, കണ്ണിമാങ്ങ, നാരങ്ങ, പാവയ്ക്ക, നെല്ലിക്ക തുടങ്ങി രുചിഭേദമുള്ള പലതരം അച്ചാറുകള്‍. എന്നിരിക്കെയും കര്‍ക്കടകത്തിനു മുന്നേ ഒരുക്കിവച്ച കണ്ണിമാങ്ങയുടെ രുചി ഒന്നു വേറെതന്നെയായിരുന്നു. പാടവരമ്പിലും മുറ്റത്തും പലതരം നാട്ടുമാവുകളുണ്ടായിരുന്നതിനാല് മാങ്ങയ്ക്ക് ഒരു ക്ഷാമവുമില്ല. തൊടി നിറയെ നാട്ടുവാഴകളുണ്ടായിരുന്നു.
വയനാടിന്റെ തനി നാടന്‍ ഇനം വാഴകളും. ചുണ്ടില്ലാന്‍, പൂവന്, ഞാലിപ്പൂവന് എന്നിവയൊക്കെ ഇഷ്ടംമാതിരി. ഉപ്പേരി വറക്കാന്‍ പാകത്തില്‍ നേന്ത്രന് ധാരാളം. ഞങ്ങളുടെ കുടുംബത്തിന് ഇരുപതേക്കറോളം പാടമുണ്ടായിരുന്നു. ചെമ്പകം, ചെന്തൊണ്ടി, ചെന്താടി, മുണ്ടകന്‍, ചോമാല, പാല് വെളിയന്‍, അടുക്കന്‍, കോതാണ്ടന്‍, കരിമ്പാലന്‍, വെള്ളിമുത്ത്, കുറുമ്പാളി, ഗന്ധകശാല, ജീരകശാല, കയമ, തവളക്കണ്ണന്‍, ഓണമൊട്ടന്‍, പാല് തൊണ്ടി, കല്ലടിയാരന്‍ എന്നിങ്ങനെ നെല്ലിനങ്ങൾ. ചോറിനും പലഹാരത്തിനും അരിപ്പായസത്തിനും ഒരു കുറവുമുണ്ടായിരുന്നില്ല.
തൊഴുത്തും പശുക്കളുമില്ലാത്ത കാലവുമുണ്ടായിട്ടില്ല. പാല് മനുഷ്യനും ചാണകം മണ്ണിനും കരുത്തു തരുന്നുവെന്നാണല്ലോ പ്രമാണം. അമ്മാവന്മാര് സമ്മാനിക്കുന്ന ഉടുപ്പും തോര്‍ത്തുമുണ്ടും ബ്ലൗസും പാവാടയുമാണ് ഓണക്കാല ബാല്യത്തിന്റെ നീക്കിയിരിപ്പ്.
തിരുവോണത്തിന് ഉണ്ണുന്നത് സുഗന്ധനെല്ലാണ്. അതില്‍ പ്രധാനം മുള്ളന്കൈമയും ഗന്ധകശാലയുമാണ്. ചോറ് മുള്ളന്കൈമയുടേതെങ്കില് പായസം ഗന്ധകശാലയുടേതായിരിക്കും. രണ്ടും ഒന്നിനൊന്നു കേമം. പഴമയിലെ ഒരു ഓണവിശേഷം പ്രത്യേകം പറയട്ടെ; ഓണത്തിന് വീട്ടില്‍ പനങ്കള്ള് ആവോളമുണ്ടാകും. പറമ്പില്‍ ധാരാളം പനകളുള്ള കാലമായിരുന്നു അത്. ലഹരി കുറഞ്ഞ ഇളവന്‍ വിശേഷാല്‍ ഓണപ്പാനീയമായിരുന്നു.
ഓണത്തിന് പ്രഭാതഭക്ഷണം ദോശയോ ഇഡ്ഡലിയോ അപ്പമോ പുട്ടോ ഒക്കെയാകാം. എന്തായാലും ഇതിനൊപ്പം വേണ്ടുവോളം ഇറച്ചിയുണ്ടാകും. സദ്യവട്ടങ്ങള്‍ കഴിഞ്ഞാല്‍ ഓണം കളികളുടേതായിരുന്നു. ഓരോ പ്രായക്കാര്‍ക്കും പറ്റിയ കളികള്‍. രണ്ടു മൂന്നു വീട്ടുകാര്‍ ഒരു മുറ്റത്ത് കൂടുന്നതോടെ വലിയൊരു ആള്‍ക്കൂട്ടം. ചതുരംഗം, കിളികളി, കലം തല്ലിപ്പൊട്ടിക്കൽ എന്നിവയുമായി ഒരേസമയം പല ടീമുകള്‍. നേരം മയങ്ങുംവരെയുണ്ടാകും കളികള്‍. വൈകുന്നേരം പുഴയില്‍ കുളിച്ചുവന്ന് അത്താഴസദ്യ കഴിച്ചാണ് ഉറക്കം.
ഇന്നു പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ല, ഓണത്തിനു കടകളില്‍ പോയി ചെറുപ്പകാലത്ത് ഒരു സാധനവും വാങ്ങിയിരുന്നില്ല. വേണ്ടതൊക്കെ വീട്ടില്‍ വിളയിച്ചെടുത്തിരുന്നു. തിന്നാനും കുടിക്കാനും വേണ്ടതെല്ലാം തനിച്ച് മണ്ണില്‍ വിളയിക്കാനായാല് എന്നും ഓണമാകും. കറിവേപ്പില വരെ വില കൊടുത്തു വാങ്ങേണ്ടിവരുന്ന ഇക്കാലത്തല്ലേ ഓണം ഭാരമാകുന്നത്. ഓണം സ്വയംപര്യാപ്തതയുടെ കാര്ഷികാഘോഷമായി മാറുന്ന കാലം വരണമെന്നാണ് എന്റെ ആഗ്രഹം.
Tags : Sunday Deepika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash