പ്രതീകാത്മക ചിത്രം
ചിന്താവിഷയം
ആരും കാണാത്തപ്പോള്‍ നമ്മള് എങ്ങനെയുള്ളവരാണ്? അല്പം അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്. മറ്റുള്ളവര്‍ കാണുമ്പോള്‍ നമ്മുടെ പ്രവൃത്തികളെക്കുറിച്ച് നാം പൊതുവേ ശ്രദ്ധാലുക്കളാണ്. സത്യസന്ധനും വിശ്വസ്തനും നല്ലവനുമായി മറ്റുള്ളവര്‍ നമ്മെ കാണണമെന്നു നാം ആഗ്രഹിക്കുന്നു. എന്നാല്‍, ആരും കാണാനില്ലാത്തപ്പോള്‍, ചോദ്യം ചെയ്യാന്‍ മേലുദ്യോഗസ്ഥന് ഇല്ലാത്തപ്പോള്‍, നിരീക്ഷിക്കാന്‍ കാമറയില്ലാത്തപ്പോള്, തെറ്റു ചെയ്താലും പിടിക്കപ്പെടാന്‍ സാധ്യതയില്ലാത്തപ്പോള്‍, നാം എങ്ങനെയാണ് പ്രവര്‍ത്തിക്കുക? സത്യസന്ധത മറ്റുള്ളവരെ കാണിക്കാനുള്ള ഒരു മുഖംമൂടിയാണോ അതോ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ടോ എന്നും വെളിപ്പെടുന്നത് അത്തരം നിമിഷങ്ങളിലാണ്.
ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലികളായ എന്‍ജിനിയര്‍മാരില്‍ ഒരാളായ സര് മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജീവിതം ഈ സത്യത്തിന്റെ ഉദാഹരണമാണ്. 1860 സെപ്റ്റംബര്‍ 15നു കര്‍ണാടകയിലെ മുദ്ദേനഹള്ളി എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. സംസ്കൃതപണ്ഡിതനായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കടലക്ഷ്മിയമ്മയുടെയും മകനായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ത്തന്നെ പിതാവ് മരിച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. എന്നാല്‍, ദാരിദ്ര്യം അദ്ദേഹത്തിന്റെ പഠനമോഹത്തെ തളര്‍ത്തിയില്ല. ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് സ്വന്തം ചെലവിന് ഒരു ഭാഗം വിശ്വേശ്വരയ്യ കണ്ടെത്തിയത്. പിന്നീട് പൂനയില്‍ സിവില്‍ എൻജിനിയറിംഗ് പഠിച്ച് അദ്ദേഹം മികച്ച വിജയം നേടി.
ബോംബെ പ്രസിഡന്‍സിയുടെ പൊതുമരാമത്ത് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് അദ്ദേഹം ജലസേചനം, കുടിവെള്ള വിതരണം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യത്തിലൂടെ വളരെവേഗം പ്രശസ്തനായി. ജലസംഭരണികളിലെ നൂതനമായ ഓട്ടോമാറ്റിക് ഗേറ്റുകളുടെ രൂപകല്പന ഉള്‍പ്പെടെ നിരവധി എഞ്ചിനിയറിംഗ് സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പിന്നീട് മൈസൂരില്‍ ചീഫ് എഞ്ചിനിയറായും 1912 മുതല്‍ 1918 വരെ ദിവാനായും സേവനമനുഷ്ഠിച്ചു.
വ്യവസായം, ബാങ്കിംഗ്, സാങ്കേതിക വിദ്യാഭ്യാസം, പൊതുസ്ഥാപനങ്ങള്‍ എന്നിവ വളര്‍ത്തി ആധുനിക മൈസൂറിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 1915ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് ‘സര്’ പദവി നല്കി. 1955ല്‍ സ്വതന്ത്ര ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്കി വിശ്വേശ്വരയ്യയെ ആദരിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 15 ഇന്ത്യയില്‍ എൻജിനിയേഴ്സ് ഡേ ആയി ആചരിക്കപ്പെടുന്നു.
എന്നാല്‍, വിശ്വേശ്വരയ്യയുടെ എന്‍ജിനിയറിംഗ് നേട്ടങ്ങളെക്കാള്‍ നമ്മെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യമുണ്ട്: അദ്ദേഹത്തിന്റെ മികച്ച വ്യക്തിത്വം. കൃത്യനിഷ്ഠയും സമയനിഷ്ഠയും പൊതുമുതലിനോടുള്ള ഉത്തരവാദിത്വവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു. പണവും സമയവും അധികാരവും പൊതുസമ്പത്തുമെല്ലാം വ്യക്തിപരമായ സൗകര്യത്തിനുള്ളവയല്ല, പ്രത്യുത വിശ്വസ്തതയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ഇവിടെയാണ് എന്‍ജിനിയറിംഗിനും മനുഷ്യജീവിതത്തിനുമിടയില് മനോഹരമായ ഒരു സാമ്യം കാണാനാവുന്നത്. ഒരു വലിയ പാലം കാണുമ്പോള്‍ അതിന്റെ തൂണുകളും വളവുകളും മനോഹാരിതയും നാം ശ്രദ്ധിക്കും. ഒരു ബഹുനിലക്കെട്ടിടം കാണുമ്പോള്‍ അതിന്റെ ഉയരം നമ്മെ വിസ്മയിപ്പിക്കും. എന്നാല്‍, അവയുടെ കരുത്തിന്റെ രഹസ്യം പലപ്പോഴും നമ്മുടെ കണ്ണുകള്‍ക്ക് കാണാവാത്ത അടിത്തറയിലാണ്. കൊടുങ്കാറ്റിലും പ്രളയത്തിലും അവയെ താങ്ങിനിറുത്തുന്നത് ആ മറഞ്ഞിരിക്കുന്ന അടിത്തറയിലാണ്.
മനുഷ്യവ്യക്തിത്വത്തിനും അത്തരമൊരു അടിത്തറയുണ്ട്. പ്രശസ്തി മറ്റുള്ളവര്‍ നമ്മെക്കുറിച്ച് ചിന്തിക്കുന്നതാണ്. എന്നാല്‍, സ്വഭാവം എന്നത് ആരും കാണാത്തപ്പോള്‍ നാം ആരാണ് എന്നതാണ്. പിടിക്കപ്പെടുമെന്ന ഭയത്താല്‍ മാത്രം സത്യസന്ധനായിരിക്കുന്നവന്റെ സത്യസന്ധതയ്ക്ക് വലിയ വിലയില്ല. കണക്കുകള്‍ പരിശോധിക്കപ്പെടുമെന്നതിനാല് മാത്രം പണം കൃത്യമായി കൈകാര്യം ചെയ്യുന്നതും യഥാര്‍ഥ സത്യസന്ധതയല്ല. തെറ്റു ചെയ്താല്‍ ആരും അറിയുകയില്ലെന്നും ഉറപ്പുള്ളപ്പോഴും ശരിയായത് തെരഞ്ഞെടുക്കുന്നതിലുമാണ് വ്യക്തിത്വത്തിന്റെ യഥാര്‍ഥ മാറ്റ് അടങ്ങിയിരിക്കുന്നത്.
വലിയ ധാര്‍മിക തകര്ച്ചകള് സാധാരണയായി വലിയ കുറ്റങ്ങളിലൂടെയല്ല ആരംഭിക്കുന്നത്. നിസാരമെന്നു കരുതുന്ന ചെറിയ വിട്ടുവീഴ്ചകളിലാണ് അവയുടെ തുടക്കം. ആരെയും ബാധിക്കില്ലെന്നു കരുതുന്ന ഒരു ചെറിയ നുണ, ചെലവുകണക്കില്‍ അല്പം കൂട്ടി എഴുതുന്നത്, മറ്റൊരാളുടെ അധ്വാനത്തിന്റെ അംഗീകാരം സ്വന്തമാക്കുന്നത്, നമുക്ക് അനുകൂലമായി സംഭവിച്ച ഒരു തെറ്റ് അറിഞ്ഞിട്ടും അത് തിരുത്താതിരിക്കുന്നത്, എല്ലാവരും ചെയ്യുന്നതല്ലേ എന്നു പറഞ്ഞു ന്യായീകരിക്കുന്ന ചെറിയ വഞ്ചനകള്‍, ആരും കണ്ടില്ലെതിനാല് കിട്ടിയ സാധനം സ്വന്തമാക്കുന്നത്, ഇവയോരോന്നും നിസാരമായി തോന്നാം.
എന്നാല്‍, ഒരു വലിയ കെട്ടിടം ഓരോ കല്ലായി ഉയരുന്നതുപോലെ, നമ്മുടെ വ്യക്തിത്വവും ഓരോ തീരുമാനത്തിലൂടെയാണ് രൂപപ്പെടുന്നത്. ഓരോ സത്യസന്ധമായ തീരുമാനവും നമ്മുടെ വ്യക്തിത്വത്തിന്റെ അടിത്തറയെ ശക്തമാക്കുന്നു. ഓരോ വിട്ടുവീഴ്ചയും അതിനെ ദുര്‍ബലമാക്കുന്നു.
സത്യസന്ധത രാഷ്്ട്രീയക്കാര്ക്കും ന്യായാധിപന്മാര്ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും മാത്രം ഉണ്ടായിരിക്കേണ്ട ഒരു ഗുണമല്ല. അത് നമ്മുടെ വീടുകളിലും ഓഫീസുകളിലും കടകളിലും വിദ്യാലയങ്ങളിലും ഒക്കെ ഉണ്ടായിരിക്കണം. കൊടുത്ത വാക്കു പാലിക്കുന്നതിലും ഏല്‍പ്പിച്ച ജോലികള്‍ ആത്മാര്‍ഥമായി ചെയ്യുന്നതിലും കടം തിരിച്ചുകൊടുക്കുന്നതിലും മറ്റുള്ളവരുടെ അവകാശം മാനിക്കുന്നതിലും നുണ പറഞ്ഞാല്‍ രക്ഷപ്പെടാമെന്നിരിക്കേ സത്യം പറയുന്നതിലുമൊക്കെയാണ് അത് അടങ്ങിയിരിക്കുന്നത്.
ദൈവവചനം പറയുന്നു: “സത്യസന്ധന്റെ മാര്‍ഗം സുരക്ഷിതമാണ്.’’(സുഭാഷിതങ്ങള്‍ 10:9). സത്യസന്ധത നല്കുന്ന വലിയൊരു സമ്മാനം മനഃസമാധാനമാണ്. സത്യം പറയുന്നവന് ആരോട് എന്തു നുണ പറയുന്നുവെന്ന് ഓര്‍ത്തുവയ്ക്കേണ്ടതില്ല. സത്യസന്ധമായി ജീവിക്കുന്നവനു രഹസ്യം പുറത്തുവരുമോ എന്ന് ഭയപ്പെടേണ്ടതില്ല. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും ഒരേ മൂല്യങ്ങള്‍ പാലിക്കുന്നവന് വ്യത്യസ്ത അവസരങ്ങളില്‍ വ്യത്യസ്ത മുഖംമൂടികള്‍ ധരിക്കേണ്ടി വരികയില്ല.
101 വര്‍ഷം നീണ്ട ജീവിതത്തിനുശേഷം 1962 ഏപ്രില്‍ 14ന് വിശ്വേശ്വരയ്യ അന്തരിച്ചു. അദ്ദേഹം രൂപകല്പന ചെയ്ത പദ്ധതികളും വളര്‍ത്തിയ സ്ഥാപനങ്ങളും ഇന്നും നിലനില്ക്കുന്നു. എന്നാല്‍, കോണ്‍ക്രീറ്റ് ഒരിക്കല്‍ ക്ഷയിക്കും; യന്ത്രങ്ങള്‍ കാലഹരണപ്പെടും; സാങ്കേതികവിദ്യകള്‍ മാറും. അപ്പോഴും, അദ്ദേഹത്തിന്റെ നല്ല വ്യക്തിത്വം അവയേക്കാള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന സ്മാരകമായിരിക്കും എന്നതില്‍ സംശയം വേണ്ട.
നാം ആരുംതന്നെ ഒരു അണക്കെട്ട് രൂപകല്പന ചെയ്യുകയോ പാലം പണിയുകയോ ഒരു സംസ്ഥാനത്തിന്റെ ഭരണച്ചുമതല വഹിക്കുകയോ ചെയ്തെന്നു വരില്ല. എന്നാല്‍, അതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു എന്‍ജിനിയറിംഗ് പദ്ധതി നാമെല്ലാവരും ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുകയാണ്. അതായത്, ഓരോ ദിവസവും നാം നമ്മെത്തന്നെ നിര്മിച്ചുകൊണ്ടിരിക്കുകയാണെന്നു സാരം.
നാം എടുക്കുന്ന ഓരോ തീരുമാനവും ആ നിര്‍മിതിയുടെ അടിത്തറയില്‍ പതിയ്ക്കുന്ന ഓരോ കല്ലാണ്. ആരും അറിയുകയില്ലെന്നിരിക്കേ നാം പറയുന്ന ഓരോ സത്യവും അതിനെ ശക്തിപ്പെടുത്തുന്നു. ലംഘിച്ചാലും ആരും ചോദിക്കില്ലെന്നിരിക്കെ നാം പാലിക്കുന്ന വാക്ക് അതിനെ ഉറപ്പിക്കുന്നു. അഭിനന്ദിക്കാന്‍ ആരുമില്ലാത്തപ്പോൾ നാം ചെയ്യുന്ന സത്യസന്ധമായ പ്രവൃത്തി അതിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.
ഒരു കെട്ടിടത്തിന്റെ കരുത്ത് എപ്പോഴും കാണുന്ന ഭിത്തികളിലല്ല. മറിച്ച്, ആരും കാണാത്ത അതിന്റെ അടിത്തറയിലാണ്. നമ്മുടെ മഹത്വവും മറ്റുള്ളവര്‍ കാണുന്ന ഏതാനും പ്രവൃത്തികളില്ല; അത് ആരും കാണാത്തപ്പോഴും നാം നടത്തുന്ന തെരഞ്ഞെടുപ്പുകളിലാണ്. ഈ കാര്യം നമുക്ക് മറക്കാതിരിക്കാം.
Tags : Sunday Deepika Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash