അജി
2025 നവംബര്‍ ആറ്.
മലയാളിയായ ആര്. അജിക്ക് അവിസ്മരണീയമായ ദിനം. അന്നാണ് ഓര്‍മശക്തിയിലെ അസാധാരണ മികവിനുള്ള ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അജിയെ തേടിയെത്തിയത്. ഈ വാര്‍ത്ത അദ്ദേഹം അറിഞ്ഞത് ഭൂമിയില്‍ വച്ചല്ല, ആകാശത്തുവച്ചാണ്. ഗണിതശാസ്ത്ര നേട്ടത്തിനുള്ള അറേബ്യന്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരിക്കുമ്പോഴാണ് ഗിന്നസ് റിക്കാര്‍ഡിന്റെ പ്രഖ്യാപനം വന്നത്. വിവരമറിഞ്ഞ് പൈലറ്റും എയര്‍ക്രൂവും അജിയെ അഭിനന്ദനംകൊണ്ടു മൂടി. അന്ന് ആകാശത്തുവച്ചുണ്ടായ ആത്മഹര്‍ഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് അജി പറയുന്നു.
അതുല്യ പ്രതിഭ
അജിയുടെ ഐക്യു 187.4 ആണ്. ഇതാണ് കേരളത്തിലെ ഏറ്റവും വലിയ ഐക്യു സ്കോര്‍. അതിനാല്‍ "ഐക്യു മാന്‍ ഓഫ് കേരള' എന്ന വിശേഷണം ഇദ്ദേഹത്തിനു ലഭിച്ചു. വെറും നാലു സെക്കന്‍ഡില്‍ 48 അക്ക നമ്പര്‍ ഓര്‍മിച്ച് മുന്നോട്ടും പിന്നോട്ടും കൃത്യമായി ആവര്‍ത്തിച്ച് പാക്കിസ്ഥാന് പൗരന്റെ പേരിലുള്ള റിക്കാര്‍ഡ് മറികടന്നാണ് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്.
സ്ക്രീനില്‍ തെളിയുന്ന നൂറോളം അക്കങ്ങള്‍ ഒരു നിമിഷംകൊണ്ട് ഓര്‍ത്തെടുത്ത് മുന്നോട്ടും പിന്നോട്ടും പറയാന്‍ കഴിയുന്ന അതുല്യ പ്രതിഭയാണ് ഇദ്ദേഹം. ഒരാളെ നോക്കി ശരീരഭാരം കൃത്യമായി പറയുക, റസ്റ്ററന്റിലെ മെനു കാര്‍ഡില്‍ കണ്ണോടിച്ച് അതിലുള്ളതെല്ലാം കാണാതെ പറയുക, അഞ്ചുമീറ്റര്‍ അകലെ പിടിച്ച ദിനപത്രത്തിലെ വാര്‍ത്തകള്‍ തെറ്റാതെ വായിക്കുക, എത്ര വര്‍ഷം മുമ്പുള്ള കലണ്ടറിലെ ദിവസവും തീയതിയും കണക്കുകൂട്ടി പറയുക, ഒരേസമയം രണ്ടുകൈകള്‍കൊണ്ടും രണ്ടു ലിപികള്‍ എഴുതുക എന്നിവയെല്ലാം ചെയ്യാന്‍ അജിക്കു കഴിയും.
പതിനൊന്ന് ഇന്ത്യന്‍, വിദേശ ഭാഷകളില്‍ അജി പ്രാവീണ്യം നേടിയിട്ടുണ്ട്. 13 അക്കങ്ങളുള്ള രണ്ടു സംഖ്യകള്‍ തമ്മില്‍ ഗുണിക്കാന്‍ ഇദ്ദേഹത്തിന് 4.48 സെക്കന്‍ഡ് മതി. 118 മൂലകങ്ങളുടെ പേരുകള്‍, 114 ഖുറാന് അധ്യായങ്ങള്‍, ഭരണഘടനയിലെ 444 അധ്യായങ്ങള്‍ എന്നിവയെല്ലാം അജിക്ക് ഹൃദിസ്ഥം. ഇതുവരെ 33 പിഎസ്സി പരീക്ഷകള്‍ പാസായി. 500 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് ഖണ്ഡിക വായിച്ചശേഷം പിന്നില്‍നിന്ന് മുന്നിലേക്ക് അക്ഷരം തെറ്റാതെ അജി പറയും. പത്തക്കങ്ങളുള്ള സംഖ്യയുടെ സ്ക്വയര്‍ റൂട്ട് 1.13 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തുന്നത് ഉള്‍പ്പെടെ കണക്കിലെ പല കീറാമുട്ടികളും ഇദ്ദേഹത്തിന് നിസാരം. അജിയുടെ അസാധാരണമായ ഓര്‍മശക്തിയും ഗണിതശാസ്ത്ര വൈഭവവും ആരെയും വിസ്മയിപ്പിക്കും.
പരിശീലനം
കാചപ്രാപ്തി, നയന വിസ്തൃതി, ലോപനസ്ഥം, കാലവൈഭവസ്മൃതി, സൂക്ഷ്മഗുണനം, ഭാരതീയ ഗണിതം, വേദഗണിതം, തുലധിഷ്ഠാനം, ഏകാഗ്രത എന്നിവ പരിശീലിച്ചാണ് ഓര്‍മശക്തിയിലും ബൗദ്ധികശേഷിയിലും അജി അതുല്യനേട്ടം കൈവരിച്ചത്. ഒരുപിടി മഞ്ചാടിക്കുരു വാരിയിട്ട് ഒറ്റനോട്ടത്തില്‍ അതിന്റെ എണ്ണം പറയാനുള്ള പ്രാപ്തി നേടിയത് നയന വിസ്തൃതിയില്‍ നിന്നാണെന്ന് അജി പറയുന്നു.
കണ്ണിന്റെ ഏകാഗ്രതയിലൂടെ ദൂരെയുള്ള അക്ഷരങ്ങള്‍ വായിച്ചെടുക്കാനുള്ള കഴിവാണ് കാചപ്രാപ്തി. മുന്നിലിരിക്കുന്നയാളുടെ തൂക്കം തിരിച്ചറിയാന്‍ പ്രാപ്തി നല്‍കുന്നതാണ് തുലധിഷ്ഠാനം. അന്തരീക്ഷത്തില്‍ കണ്ണുറപ്പിച്ച് കാലഗണന നടത്തിയാല്‍ സമയം തിരിച്ചറിയാനുള്ള ശേഷി നല്കുന്ന പരിശീലനമാണ് ലോപനസ്ഥം. ഏതു സമയത്തു ചോദിച്ചാലും ക്ലോക്ക് നോക്കാതെ സമയം പറയാനും ഇദ്ദേഹത്തിനാകും. കലണ്ടറില്ലാതെ പിന്നിലേക്കും മുന്നിലേക്കുമുള്ള ഏതു വര്‍ഷത്തെയും തീയതിയും സമയവും പറയുന്നതിനുള്ള ശേഷിയാണ് കാലവൈഭവസ്മൃതി.
ഐക്യു ഇഡി ലേണിംഗ് സിസ്റ്റം
വിദ്യാര്‍ഥികളുടെ ഓര്‍മശക്തി, വൈജ്ഞാനിക ശേഷി, ഗണിതശാസ്ത്ര കഴിവുകള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഐക്യു ഇഡി ലേണിംഗ് സിസ്റ്റത്തിന്റെ ഉപജ്ഞാതാവാണ് അജി. മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനക്ഷമതയും പുതിയ വിവരങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാനുള്ള ശേഷിയും പ്രയോജനപ്പെടുത്താന്‍ ഈ സിസ്റ്റത്തിലൂടെ കഴിയുമെന്ന് അജി പറയുന്നു.
മൂന്നാം ക്ലാസുമുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളുടെ ഐക്യു ലെവല്‍ ഉയര്‍ത്തുന്ന പദ്ധതിയാണിത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ മുന്‍ ചെയര്‍മാനും നിംഹാന്‍സിന്റെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോ സയന്‍സ്) മുന്‍ ഡയറക്ടറുമായ ഡോ. ബി.എന്‍. ഗംഗാധര്‍ അജിയുടെ കഴിവ് നേരിട്ടു മനസിലാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ നിംഹാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് അജിയുടെ മസ്തിഷ്കശേഷി പഠനവിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വനം വകുപ്പില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസറായി ജോലി ചെയ്തിരുന്ന അജി അഞ്ചുവര്‍ഷത്തേക്ക് അവധിയെടുത്ത് വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടി നടത്തിവരികയാണ്. ഇതിനായി സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നു. വിദ്യാര്‍ഥികളുടെ ഗവേഷണത്തിനും പരിശീലനത്തിനും നേതൃത്വം നല്‍കുന്നത് ഡോ. ഗംഗാധറാണ്. ഗവേഷണത്തിന്റെ ഭാഗമായി ദേശീയതലത്തില്‍ തെരഞ്ഞെടുത്ത 34 വിദ്യാര്‍ഥികള്‍ക്ക് 41 ദിവസത്തെ റസിഡന്‍ഷ്യല്‍ ഗവേഷണ പരിപാടിയാകും നടത്തുക. നിലവില്‍ ഐക്യു ഇഡിക്ക് ലോകത്തിലെ പ്രമുഖ ടെക് ചിപ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ പൂര്‍ണ പിന്തുണയുണ്ട്.
ഐക്യു ഇഡി സിസ്റ്റം വഴി ലോകത്തെ പ്രമുഖ രാജ്യങ്ങളോട് കിടപിടിക്കാന്‍ നമ്മുടെ വിദ്യാര്‍ഥികളെയും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് അജിയുടെ പ്രതീക്ഷ. മാജിക് ഓഫ് മാത്തമാറ്റിക്സ്, പ്രാണായാമ- ദ സയന്‍സ് ഓഫ് ബ്രീത്ത് എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് അജി. കുണ്ടറ നാന്തിരിക്കല്‍ വെട്ടിലില്‍ പുത്തന്‍വീട്ടില്‍ രഘു-ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ: അജന്ത. മക്കള്‍: അഭിനന്ദ്, അഭിനിത.
Tags : Kerala's IQ Man' sunday deepika