കിരാഡു ക്ഷേത്രങ്ങൾ
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മുഹമ്മദ് ഗോറി ഉള്‍പ്പെടെയുള്ള ടര്‍ക്കിഷ്-അഫ്ഗാന് അധിനിവേശ ആക്രമണങ്ങളില്‍ ഈ ക്ഷേത്രങ്ങള്‍ക്ക് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. 1178ല്‍ ചൗലൂക്യ രാജാവായിരുന്ന ഭീമന് രണ്ടാമന് അറ്റകുറ്റപ്പണികള്‍ നടത്തി ക്ഷേത്രം പുനരുദ്ധരിച്ചതായി ഇവിടെയുള്ള ശിലാശാസനങ്ങളില്‍ പറയുന്നു. എങ്കിലും പില്ക്കാലത്തുണ്ടായ തുടര്‍ച്ചയായ വിദേശ ആക്രമണങ്ങളും ഭൂകമ്പം പോലുള്ള പ്രകൃതിക്ഷോഭങ്ങളും മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയും കാരണം പ്രദേശം പൂര്‍ണമായി ഉപേക്ഷിക്കപ്പെടുകയും തകരുകയുമായിരുന്നു.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ താര് മരുഭൂമിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മനോഹരവും എന്നാല്‍ നിഗൂഢതകള്‍ നിറഞ്ഞതുമായ പുരാതന ക്ഷേത്ര സമുച്ചയമാണ് കിരാഡു ക്ഷേത്രങ്ങൾ.
അതിസൂക്ഷ്മ ശില്പചാതുരിയും ചരിത്രപ്രാധാന്യവും കൊണ്ടാണ് ഈ ക്ഷേത്രങ്ങള്‍ ശ്രദ്ധേയമാകുന്നത്. അതിനാല്‍തന്നെ കിരാഡുവിനെ 'രാജസ്ഥാനിലെ ഖജുരാഹോ' എന്നും വിശേഷിപ്പിക്കാറുണ്ട്.
ചരിത്രത്തിനൊപ്പം ചൂഴ്ന്നുനില്ക്കുന്ന ചില വിശ്വാസങ്ങള്കൂടിയാണ് കിരാടു ക്ഷേത്രങ്ങളെ പ്രശസ്തമാക്കുന്നത്. എ.ഡി 11-12 നൂറ്റാണ്ടുകളിൾ ഈ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടതായാണ് രേഖകൾ. ഗുജറാത്തിലെ ചൗലൂക്യ (സോളങ്കി) രാജവംശത്തിനു കീഴില്‍ ഭരിച്ചിരുന്ന പരമാര വംശത്തിലെ രാജാക്കന്മാരാണ് ഇത് നിര്‍മിച്ചത്.
പുരാതനകാലത്ത് ഈ പ്രദേശം കിരാതകൂപ എന്നാണ് അറിയപ്പെട്ടിരുന്നത്. വലിയൊരു വ്യാപാരകേന്ദ്രവും സജീവ നഗരവുമായിരുന്നു ഇത്.
ഇവിടെ ആകെ 108 ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇന്ന് അഞ്ച് ക്ഷേത്രങ്ങളുടെ ശേഷിപ്പുകള്‍ മാത്രമാണ് കാണാനാവുന്നത്. ഇതില്‍ നാലെണ്ണം ശിവക്ഷേത്രങ്ങളും ഒരെണ്ണം വിഷ്ണുക്ഷേത്രവുമാണ്. ഇതില്‍ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ ക്ഷേത്രമാണ് സോമേശ്വര ക്ഷേത്രം.
ഉത്തരേന്ത്യന്‍ ശൈലിയും ഗുജറാത്തി ശൈലിയും ഒത്തുചേരുന്ന മാരു-ഗുര്‍ജര വാസ്തുവിദ്യാ ശൈലിയിലാണ് ഇതിന്റെ നിര്‍മിതി. പീതവര്‍ണമാര്‍ന്ന മണല്‍ക്കല്ലുകളില്‍ തീര്‍ത്ത അതിസങ്കീര്‍ണ്ണമായ കൊത്തുപണികളും ദേവീദേവന്മാരുടെയും അപ്സരസുകളുടെയും ശില്പങ്ങളും ഇവിടെ കാണാം. ഇതൊക്കെയാണ് രാജസ്ഥാനിലെ ഖജുരാഹോ എന്ന വിശേഷണം കിരാഡുവിന് ചാര്‍ത്തി നല്‍കിയത്.
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മുഹമ്മദ് ഗോറി ഉള്‍പ്പെടെയുള്ള ടര്‍ക്കിഷ്-അഫ്ഗാന് അധിനിവേശ ആക്രമണങ്ങളില്‍ ഈ ക്ഷേത്രങ്ങള്‍ക്ക് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. 1178ല്‍ ചൗലൂക്യ രാജാവായിരുന്ന ഭീമന് രണ്ടാമന് അറ്റകുറ്റപ്പണികള്‍ നടത്തി ക്ഷേത്രം പുനരുദ്ധരിച്ചതായി ഇവിടെയുള്ള ശിലാശാസനങ്ങളില്‍ പറയുന്നു. എങ്കിലും പില്ക്കാലത്തുണ്ടായ തുടര്‍ച്ചയായ വിദേശ ആക്രമണങ്ങളും ഭൂകമ്പം പോലുള്ള പ്രകൃതിക്ഷോഭങ്ങളും മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയും കാരണം പ്രദേശം പൂര്‍ണമായി ഉപേക്ഷിക്കപ്പെടുകയും തകരുകയുമായിരുന്നു.
അതേസമയം ഈ ക്ഷേത്രനഗരിയുടെ തകര്‍ച്ച സംബന്ധിച്ച് പ്രാദേശിക ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ താമസിച്ചിരുന്ന ഒരു സന്യാസി യാത്ര പോയപ്പോള്‍ തന്റെ ശിഷ്യനെ ഗ്രാമവാസികളുടെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചുവെന്നാണ് കഥ.
എന്നാല്‍ രോഗബാധിതനായ ശിഷ്യനെ ആരും സഹായിച്ചില്ല. ഒരു കുശവന്റെ ഭാര്യ മാത്രമാണ് ഭക്ഷണവും പരിചരണവും നല്‍കിയത്. തിരികെയെത്തിയ സന്യാസി ഗ്രാമവാസികളുടെ അനാസ്ഥയില്‍ പ്രകോപിതനാവുകയും 'ഈ ഗ്രാമത്തില്‍ സൂര്യാസ്തമയത്തിനുശേഷം താമസിക്കുന്നവര്‍ ശിലയായി മാറട്ടെ' എന്ന് ശപിക്കുകയും ചെയ്തു.
എന്നാല്‍ കുശവന്റെ ഭാര്യയോടു അലിവ് തോന്നിയ സന്യാസി അവളോടു ഗ്രാമം വിട്ടുപോകാന്‍ കല്പ്പിച്ചു. നടക്കുമ്പോള്‍ പിന്നിലേക്ക് നോക്കരുതെന്നുകൂടി നിര്‍ദ്ദേശിച്ചെങ്കിലും വഴിമധ്യേ തിരിഞ്ഞു നോക്കിയതോടെ അവളും കല്ലായി മാറിയെന്നാണ് ഐതിഹ്യം.
ഇന്നും സൂര്യാസ്തമയത്തിനുശേഷം ഈ ക്ഷേത്ര പരിസരത്ത് ആരും തങ്ങാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതൊക്കെയായാലും മരുഭൂമിയുടെ നിശബ്ദതയില്‍ കാലഘട്ടങ്ങളെ വിസ്മയിപ്പിച്ച അവശേഷിക്കുന്ന ഈ ക്ഷേത്രങ്ങള്‍ രാജസ്ഥാനിലെ മറഞ്ഞുകിടക്കുന്ന ചരിത്രനിധികളിലൊന്നാണ്.
Tags : Kiradu and Khajuraho Rajasthan