നമ്മള് യഥാര്‍ഥത്തില്‍ എത്രത്തോളം കാണുന്നുണ്ട്? നാലു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ആരെങ്കിലും ഈ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ മിക്കവരും ഒരേ ഉത്തരമായിരിക്കും നല്കുമാരുന്നത്. ''കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്നതാണു ലോകം.'' എന്നാല്‍ ഇന്ന് നമുക്കറിയാം ആ ഉത്തരം എത്രമാത്രം അപൂര്‍ണമായിരിക്കുമെന്ന്.
ഒരു സാധാരണ ജലാശയത്തില്‍ നഗ്നനേത്രങ്ങള്‍ക്കു കാണാനാകാത്ത എത്രയോ ജീവികളുണ്ട്. നാം ശ്വസിക്കുന്ന വായുവിലും നമ്മുടെ ശരീരത്തിലും മണ്ണിലും മരങ്ങളിലുമെല്ലാം ഒരു അദൃശ്യലോകം നിറഞ്ഞിരിക്കുന്നു. എന്നാൽ ആയിരക്കണക്കിനു വര്‍ഷങ്ങളോളം മനുഷ്യന് അതേക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ആ അദൃശ്യലോകത്തിന്റെ വാതില്‍ മനുഷ്യര്‍ക്കു തുറന്നു കൊടുത്തത് ഒരു സര്‍വകലാശാലയോ പ്രഫസറോ ശാസ്ത്രജ്ഞനോ ആയിരുന്നില്ല. പ്രത്യുത, ഒരു സാധാരണ കച്ചവടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പേര് ആന്റണി വാന്‍ ലീവന് ഹോ.
1632ല്‍ നെതര്‍ലന്‍ഡ്സിലെ ഡെല്‍ഫ്റ്റ് നഗരത്തില്‍ ജനിച്ച അദ്ദേഹം ഒരു വസ്ത്രവ്യാപാരിയായിട്ടാണ് ജീവിതം ആരംഭിച്ചത്. അക്കാലത്ത് തുണിയുടെ ഗുണമേന്മ തിരിച്ചറിയാന്‍ ചെറിയ ഭൂതക്കണ്ണാടികള്‍ അദ്ദേഹം ഉപയോഗിക്കാന്‍ തുടങ്ങി. എന്നാൽ, മറ്റുള്ളവയില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയ ഒരു കാര്യമുണ്ടായിരുന്നു. ഒരിക്കലും അവസാനിക്കാത്ത ജിജ്ഞാസ!
മറ്റുള്ളവര്‍ ഭൂതക്കണ്ണാടി ഉപയോഗിച്ചപ്പോള്‍ ലീവന് ഹോ അത് എങ്ങനെ കൂടുതല്‍ മെച്ചമാക്കാമെന്നു ചിന്തിച്ചു. ചെറിയ ഗ്ലാസ്കഷണങ്ങള് മണിക്കൂറുകളോളം ഉരച്ചും മിനുക്കിയും അദ്ദേഹം സ്വന്തമായി ലെന്‍സുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. ഒരു ലെന്‍സ് പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടിവരുമായിരുന്നു. ജീവിതകാലത്തു നൂറുകണക്കിന് ലെന്‍സുകളാണ് അദ്ദേഹം നിര്‍മിച്ചത്. വലിപ്പത്തില്‍ ചെറുതായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സൂക്ഷ്മദര്‍ശിനികള്‍ അക്കാലത്തെ വലിയ സുക്ഷ്മദര്ശിനികളെക്കാള് കൂടുതല്‍ ശക്തിയുള്ളവയായിരുന്നു. അദ്ദേഹം കണ്ടതെല്ലാം പരിശോധിച്ചു.
ഇലകൾ, പ്രാണികള്‍, രക്തം, മുടി, മഴവെള്ളം, ചെളിവെള്ളം അങ്ങനെ പലതും. ഒരുദിവസം ഒരു കുളത്തിലെ ഒരു തുള്ളി വെള്ളം തന്റെ മൈക്രോസ്കോപ്പില്‍ വച്ചപ്പോള്‍ അദ്ദേഹം മറക്കാനാവാത്ത ഒരു കാഴ്ച കണ്ടു. നഗ്നനേത്രങ്ങള്‍ക്ക് തീര്‍ത്തും തെളിഞ്ഞതായി തോന്നിയ ആ വെള്ളത്തുള്ളിയില്‍ എണ്ണമറ്റ ചെറിയ ജീവികള്‍ നീന്തിക്കളിക്കുകയായിരുന്നു. അദ്ദേഹം അവയെ ചെറിയ ജീവികള്‍ എന്നു വിളിച്ചു. മനുഷ്യചരിത്രത്തില്‍ ആദ്യമായി അദൃശ്യജീവികളുടെ ലോകം അന്നു വെളിപ്പെട്ടു.
അക്കാലത്ത് പ്രമുഖ പണ്ഡിതര്‍ പലരും അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ആദ്യം വിശ്വസിച്ചില്ല. മനുഷ്യനേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്ത ജീവികള്‍ എങ്ങനെ ഉണ്ടാകും എന്നവര്‍ ചോദിച്ചു. എന്നാൽ, പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ലീവന് ഹോക്കിന്റെ കണ്ടുപിടിത്തം അവര്‍ക്കു ശരിവയ്ക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങളാണ് പിന്നീട് സൂക്ഷ്മജീവശാസ്ത്രത്തിന്റെ അടിത്തറയായത്.
അവയിന്മേല് പണിതുയര്‍ത്തിയാണ് ലൂയി പാസ്റ്റർ, റോബര്‍ട്ട് കോച്ച് തുടങ്ങിയ ശാസ്ത്രജ്ഞർ രോഗാണു സിദ്ധാന്തം വികസിപ്പിച്ചെടുത്തത്. ആധുനിക ചികിത്സാശാസ്ത്രം, വാക്സിനുകൾ , ശസ്ത്രക്രിയയിലെ അണുവിമുക്ത രീതികള്‍ എന്നിവയെല്ലാം ഈ കണ്ടുപിടിത്തത്തിന്റെ ദീര്‍ഘകാല ഫലങ്ങളാണ്. ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ജീവനുകള്‍ രക്ഷിക്കപ്പെടാന്‍ ഈ കണ്ടെത്തല്‍ വഴിയൊരുക്കി.
ഒരു സാധാരണ വസ്ത്രവ്യാപാരിയുടെ ജിജ്ഞാസ ലോകത്തിന്റെ ചരിത്രം മാറ്റിമറിച്ചു. എന്നാൽ, സൂക്ഷ്മദര്‍ശിനിയുടെ ഏറ്റവും വലിയ പാഠം ശാസ്ത്രത്തിനുമപ്പുറത്താണ്. സൂക്ഷ്മദര്‍ശിനി ഒരു പുതിയ ലോകം സൃഷ്ടിച്ചില്ല. അത് എന്നും ഉണ്ടായിരുന്ന ഒരു ലോകത്തെ മനുഷ്യനു കാണിച്ചു കൊടുക്കുകയാണു ചെയ്തത്. ഈ സത്യം ആത്മീയ ജീവിതത്തിനും ബാധകമാണ്.
സൂക്ഷ്മദര്‍ശിനി കണ്ടുപിടിക്കുന്നതിനും ദൂരദര്‍ശിനി പ്രപഞ്ചത്തിലെ വിസ്മയങ്ങള്‍ അനാവരണം ചെയ്യുന്നതിനും നൂറ്റാണ്ടുകള്‍ക്കപ്പുറം ഭാരതത്തിലെ ഋഷിമാര്‍ മറ്റൊരു അദൃശ്യലോകത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. ധ്യാനത്തിലൂടെയും ആത്മീയാന്വേഷണത്തിലൂടെയും അവര്‍ തിരിച്ചറിഞ്ഞത് ഇന്ദ്രിയങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതിനേക്കാള്‍ വിശാലമാണു യാഥാര്‍ഥ്യം എന്നാണ്. ശാസ്ത്രം ബാഹ്യപ്രപഞ്ചത്തെ അന്വേഷിച്ചപ്പോള്‍ അവര്‍ മനുഷ്യന്റെ ആന്തരിക പ്രപഞ്ചത്തെ അന്വേഷിക്കുകയായിരുന്നു.
രണ്ടുവഴികളും വ്യത്യസ്തമായിരുന്നെങ്കിലും അവ നമ്മെ ഒരേ സത്യത്തിലേക്കാണ് നയിക്കുന്നത്. അതായത്, കാണുന്നതിലും വലുതാണ് യാഥാര്‍ഥ്യം എന്ന്. ബൈബിളിലെ തിരുവചനങ്ങള്‍ ഈ തിരിച്ചറിവിനു കൂടുതല്‍ ആഴം നല്കുന്നു. വിശുദ്ധ പൗലോസ് പറയുന്നു, 'നാം നടക്കുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല'( 2 കോറിന്തോസ് 5:7). ദൈവപുത്രനായ യേശു പഠിപ്പിച്ചത് 'ഹൃദയശുദ്ധിയുള്ളവര്‍ ദൈവത്തെ കാണും' (മത്തായി 5:8) എന്നാണ്.
സൂക്ഷ്മദര്‍ശിനി നമ്മുടെ കണ്ണുകളുടെ കാഴ്ച വലുതാക്കുന്നു. വിശ്വാസമാകട്ടെ നമ്മുടെ ഹൃദയത്തിന്റെ കാഴ്ച ആഴപ്പെടുത്തുന്നു. സൂക്ഷ്മദര്‍ശിനി കണ്ണുകള്‍ക്ക് കാണാനാവാത്ത സൂക്ഷ്മജീവികളെ വെളിപ്പെടുത്തുന്നു. വിശ്വാസമാകട്ടെ ജീവിതത്തിലെ സാധാരണ സംഭവങ്ങളില്‍ ദൈവ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്നു. വിശ്വാസമില്ലാത്ത ജീവിതം യാദൃച്ഛിക സംഭവങ്ങളുടെ ഒരു പരമ്പര മാത്രമാണ്. വിശ്വാസത്തോടെ നോക്കുമ്പോള്‍ അവയില്‍ ദൈവപരിപാലനയുടെ കരങ്ങള്‍ കാണാനാകുന്നു.
വിശ്വാസത്തിന്റെ അഭാവത്തില്‍ ദുഃഖം അര്‍ഥമില്ലാത്ത വേദനയായി അനുഭവപ്പെടാം. വിശ്വാസത്തോടെ നോക്കുമ്പോള്‍ അതു മനുഷ്യരെ പക്വമതികളും കരുണാസമ്പന്നരുമാക്കുന്ന ദൈവത്തിന്റെ ശില്പശാലയായി മാറും. വിശ്വാസമില്ലാത്തവര്‍ക്കു മരണം ജീവിതത്തിനു പൂര്‍ണവിരാമമിടുന്നു. വിശ്വാസമുള്ളവര്‍ക്കു മരണം നിത്യജീവനിലേക്കുള്ള കവാടമായി മാറുന്നു. ഫ്രഞ്ച് എഴുത്തുകാരനായ ആന്ത്വാൻ ദെ സെയിന്റ് എക്സ്യുപെറി തന്റെ പ്രശസ്ത കൃതിയായ ലിറ്റില്‍ പ്രിന്‍സില്‍ എഴുതി, 'ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ കണ്ണുകൊണ്ട് കാണാനാവില്ല.'
സൂക്ഷ്മദര്‍ശിനിയുടെ ഏറ്റവും വലിയ സംഭാവന അതു പുതിയ ജീവികളെ കണ്ടെത്തി എന്നതല്ല. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ കാണാനും അറിയാനും ഉണ്ടെന്നതാണ്. എല്ലാം കണ്ടുവെന്നും മനസിലാക്കിയെന്നുമാണ് ഒരുകാലത്ത് മനുഷ്യന് കരുതിയിരുന്നത്. എന്നാൽ, ഒരു ചെറിയ ലെന്‍സ് അവന്റെ മുമ്പില്‍ ഒരു വലിയ പ്രപഞ്ചം തുറന്നുകൊടുത്തു. വിശ്വാസമെന്ന ലെന്‍സില്‍കൂടി നോക്കുമ്പോള്‍ സംഭവിക്കുന്നതും ഇതുപോലെതന്നെയാണ്.
സൂക്ഷ്മദര്‍ശിനി നമ്മുടെ കണ്ണുകളുടെ കാഴ്ച വികസിപ്പിക്കുമ്പോള്‍ വിശ്വാസം നമ്മുടെ ഹൃദയത്തിന്റെ ദര്‍ശനം ആഴപ്പെടുത്തുന്നു. ജീവിതത്തിന്റെ പൂര്‍ണസത്യം മനസിലാക്കാന്‍ ശാസ്ത്രത്തിന്റെ ലെന്‍സും വിശ്വാസത്തിന്റെ ലെന്‍സും ഒരുപോലെ നമുക്ക് വേണം. അപ്പോഴാണ് കണ്ണുകള്‍ക്കപ്പുറം കാഴ്ച കാണാന്‍ നാം പഠിക്കുന്നത്.