District News
ഏറ്റുമാനൂര്‍: ലോക സീനിയര്‍ സിറ്റിസണ്‍ ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷന് ഓഫ് സീനിയര്‍ സിറ്റിസണ്‍സ് കേരള ജില്ലാ കമ്മിറ്റിയും മാര്‍ സ്ലീവാ മെഡിസിറ്റി പാലായും ചേര്‍ന്നു സംഘടിപ്പിച്ച വാക്കത്തണ്‍ - 2026 വര്‍ണാഭമായി. 250ല്‍ പരം സീനിയര്‍ സിറ്റിസണ്‍ അംഗങ്ങളാണ് വയോജന ആരോഗ്യത്തിന്റെ സന്ദേശവുമായി വാക്കത്തണില്‍ അണിനിരന്നത്. ജില്ലയിലെ 21 സീനിയര്‍ സിറ്റിസണ്‍സ് യൂണിറ്റുകളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കാനെത്തി.
ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തിനു മുന്നില്‍നിന്നാരംഭിച്ച വാക്കത്തണ്‍ സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണന് നായര്‍ ഫ്ളാഗ് ഓഫ് ചെയ്തു. പേരൂര്‍ ജംഗ്ഷന്, സെന്‍ട്രല്‍ ജംഗ്ഷന്, അതിരമ്പുഴ റോഡ്, കോടതിപ്പടി, എം.സി. റോഡ് , സെന്‍ട്രല്‍ ജംഗ്ഷന് ചുറ്റി പടിഞ്ഞാറേനടവഴി നന്ദാവനം ഓഡിറ്റോറിയത്തില്‍ തിരികെ എത്തിച്ചേര്‍ന്നു. തുടര്‍ന്നു നടത്തിയ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡോ.വി.വി. സോമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ജറിയാട്രിക് വകുപ്പിന്റെ സേവനങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടത്തി. മുതിര്‍ന്ന പൗരന്മാര്ക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ജറിയാട്രിക് മെഡിസിൻ വിഭാഗത്തില്‍ ഒരു മാസം സൗജന്യ കണ്‍സള്‍ട്ടേഷനാണ് പ്രഖ്യാപിച്ചത്. ഫ്ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ കെ. സോജ ബേബിയെ ചടങ്ങില്‍ ആദരിച്ചു.
മാര്‍ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. മാത്യു തുരുത്തിപ്പള്ളില്‍, ഫെഡറേഷന് ജില്ലാ സെക്രട്ടറി പി.ജെ. ഹരികുമാര്‍, സംസ്ഥാന സെക്രട്ടറി ഡോ.കെ.എന്‍. സോമദാസന്, ആശുപത്രി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, ഫെഡറല്‍ ബാങ്ക് പാലാ ബ്രാഞ്ച് ഹെഡ് ജിതിന് വി. ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജോസ് കീരഞ്ചിറ, ഫാ. ഡോ. ജോസഫ് കരികുളം, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഫാ.ഡോ. മാത്യു ചേന്നാട്ട് , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. രശ്മി നായര്‍ തുടങ്ങിയവരും വോക്കത്തണിൽ ഭാഗമായി.
District News
അരുവിത്തുറ: സെന്റ് ജോർജ് കർഷക മാർക്കറ്റിന്റെ ആഭിമുഖ്യത്തിൽ പള്ളിമൈതാനിയിൽ ഓണവിപണിക്ക് തുടക്കമായി. ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്തു .കർഷകദളം സോണൽ കൺവീനർ ജോർജ് വടക്കേൽ അധ്യക്ഷത വഹിച്ചു. പിഎസ്ഡബ്ല്യുഎസിന്റെ നേതൃത്വത്തിലുള്ള പാലാ അഗ്രിമയുടെ തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ, കർഷകർ വീടുകളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, കറിമസാലകൾ, തുടങ്ങനാട് വിച്ചാട് അപ്പൂസ് ഫുഡ് ഫാക്ടറിയിലെ പൊടികൾ, മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, പാലാ സാന്തോം ഫുഡ് ഫാക്ടറിയിൽനിന്നുള്ള പാലനോവ ഉത്പന്നങ്ങൾ തുടങ്ങിയവ ഓണവിപ ണിയിൽ ലഭിക്കും.
എല്ലാ ദിവസവും രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ഓണവിപണി പ്രവർത്തിക്കുമെന്ന് കർഷകദളം സോണൽ ഡയറക്ടർ ഫാ. ജോസഫ് ചെങ്ങഴശേരിൽ അറിയിച്ചു. ഫോൺ: 9961 361 209,9447 429 469.
District News
പാലാ: ഓണത്തിന്റെ ഗൃഹാതുരതയും കേരളത്തിന്റെ തനിമയും ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിക്കുകയാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസ്. മലയാളികള്‍ ഓണാഘോഷത്തിനായി ഒരുങ്ങുമ്പോള്‍, കേരളത്തിന്റെ രുചിയും മണവും പാരമ്പര്യവും പാഴ്സലുകളായി പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ തിരക്കേറുന്നു.
കസവുസാരിയും മുണ്ടും മുതല്‍ കേരളീയ വസ്ത്രങ്ങളും വേഷവിധാനങ്ങളും നാടന്‍ ഉപ്പേരിയും ശര്‍ക്കരവരട്ടിയും കളിയടയ്ക്കയും ഉള്‍പ്പെടെ ഓണത്തിന്റെ രുചിയും സ്നേഹവും നിറച്ച നിരവധി പാഴ്സലുകളാണ് ദിവസേന പാലായില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്രയാകുന്നത്. നാട്ടിലെ ഓണം പ്രിയപ്പെട്ടവരോടൊപ്പം എന്ന ആഗ്രഹവുമായി നിരവധിപ്പേരാണ് തപാല്‍ സേവനത്തെ ആശ്രയിക്കുന്നത്.
കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി പാഴ്സലുകള്‍ സ്വദേശത്തേക്കും വിദേശത്തേക്കും അയയ്ക്കാമെന്നതാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്റെ പ്രധാന ആകര്‍ഷണം. സാധനങ്ങള്‍ സുരക്ഷിതമായി പായ്ക്ക് ചെയ്യുന്നതിനുള്ള പ്രത്യേക പാക്കിംഗ് സൗകര്യവും 9495849062, 04822 212239 എന്നീ ഹെല്പ് ലൈന്‍ നമ്പറുകളും ഒരുക്കിയിട്ടുണ്ട്.
ഓണക്കാലത്തെ തിരക്ക് മുന്‍കൂട്ടിക്കണ്ട് പ്രത്യേക പാഴ്സല്‍ പാക്കിംഗ് കൗണ്ടറും ബുക്കിംഗ് കൗണ്ടറും പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലു വരെ പ്രവര്‍ത്തിക്കുന്ന കൗണ്ടറിലൂടെ യുഎസ്, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്കാണ് പ്രധാനമായും പാഴ്സലുകള്‍ അയയ്ക്കുന്നത്.
ലോകമെമ്പാടുമുള്ള 196 രാജ്യങ്ങളിലേക്ക് പാഴ്സലുകള്‍ അയയ്ക്കുന്നതിനുള്ള സൗകര്യവും രണ്ട് കിലോഗ്രാമില്‍ താഴെയുള്ള പാഴ്സലുകള്‍ കുറഞ്ഞ ചെലവില്‍ വിദേശത്തേക്ക് അയയ്ക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ട്രാക്ക് ചെയ്യാവുന്ന പാക്കറ്റ് സംവിധാനവും പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ ലഭ്യമാണെന്ന് പോസ്റ്റ് മാസ്റ്റര്‍ എം. എസ്. രഞ്ജിത്ത് പറഞ്ഞു.
District News
രാമപുരം: സ്ത്രീ സുരക്ഷാ പെന്ഷന് മുടങ്ങിയതിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് രാമപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാമപുരം ടൗണില്‍ മേഖല പ്രസിഡന്റ് രമണി തമ്പിയുടെ അധ്യക്ഷത വഹിച്ചു. പ്രതിഷേധം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം രമ മോഹന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെംബര്‍ സിന്ധു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് ജിസ് ജോസഫ്, ജില്ലാകമ്മിറ്റിയംഗം ആര്യ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
District News
മേലുകാവ്: പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും ഒഴിവുസമയം ജൈവകൃഷിക്കായി മാറ്റിവച്ച് മാതൃകയാകുകയാണ് മുൻ ജില്ലാ പഞ്ചായത്തംഗം സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ. പയസ്മൗണ്ടിലെ സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ മത്തങ്ങകൾ ആവശ്യക്കാരിലെത്തിക്കുന്ന തിരക്കിലാണ് ഇദ്ദേഹം.
അഞ്ചു വർഷമായി മത്തങ്ങ കൃഷി ചെയ്തുവരുന്നു. ഓണക്കാലത്ത് മത്തങ്ങയ്ക്ക് ആവശ്യക്കാർ ഏറെയാണ്. കൃഷിഭവൻ, കുടുംബശ്രീ, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും നേരിട്ടുള്ള ആവശ്യക്കാർക്കും ഇദ്ദേഹം മത്തങ്ങ എത്തിച്ചുനൽകുന്നു.
വെണ്ട, വഴുതന, ഏത്തവാഴ, ഞാലിപ്പൂവൻ തുടങ്ങിയ വിവിധ പച്ചക്കറികളും വാഴയിനങ്ങളും സണ്ണിയുടെ കൃഷിയിടത്തിൽ സുലഭം. രാസവളങ്ങൾ പരമാവധി ഒഴിവാക്കി ജൈവവളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നതെന്നും മണ്ണിന്റെ സ്വാഭാവിക ഗുണനിലവാരം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സണ്ണി മാത്യു പറഞ്ഞു.
പൊതുപ്രവർത്തനം ഒരു രീതിയിലുള്ള ജനസേവനമാണെങ്കിൽ, ആരോഗ്യകരമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതു നാടിനായി ചെയ്യുന്ന മറ്റൊരു പൊതുസേവനമാണെന്ന നിലപാടിലാണ് ഇദ്ദേഹം. സ്വന്തം നാടിനെ ആരോഗ്യഗ്രാമമാക്കി മാറ്റണമെന്നാണ് ആഗ്രഹം. ഓരോ വീട്ടിലും ചെറിയൊരു പച്ചക്കറിത്തോട്ടമെങ്കിലും ഉണ്ടാകണമെന്നും ഏതു ജോലിയിലായാലും സമയം കണ്ടെത്തി കൃഷിയിലേക്കിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഈ വർഷവും പുതിയ കൃഷിരീതികൾ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് സണ്ണി മാത്യു. ജിമ്മിൽ പോകുന്നതിനേക്കാളും വ്യായാമം ചെയ്യുന്നതിനേക്കാളും ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമായ അധ്വാനമാണ് കൃഷിയിടത്തിലെ ജോലിയെന്നും മണ്ണിന്റെ ഗുണമേന്മ നശിപ്പിക്കുന്ന രീതിയിലുള്ള കൃഷിയോട് താത്പര്യമില്ലെന്നും ജൈവവളത്തിലൂടെ മണ്ണിനും വിളകൾക്കും കൂടുതൽ ഗുണമേന്മ ഉറപ്പാക്കാനാകുമെന്നുമാണ് അദ്ദേഹത്തിന്റെ വിശ്വാസം.
കക്ഷിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾക്കപ്പുറം അധ്വാനത്തിലൂടെ ഒരു മാതൃക സൃഷ്ടിക്കുകയാണ് സണ്ണി മാത്യു. പൊതുപ്രവർത്തനത്തിനൊപ്പം കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഇദ്ദേഹത്തിന്റെ കൃഷിയിടം ഓണക്കാലത്താണ് കൂടുതൽ ശ്രദ്ധ നേടുന്നത്.
District News
ആലപ്പുഴ: കെല്പോടെല്ലാ ജനങ്ങള്‍ക്കും കേടു തീരത്തക്കവണ്ണ മെപ്പോഴുമന്നദാനവും ചെയ്തു ... പുന്നമടക്കായലിൽ 72-ാമത് നെഹ്റുട്രോഫി ഇന്നു നടക്കുമ്പോള്‍ നതോന്നതയുടെ താളത്തിലാണ് ആലപ്പുഴ. നതോന്നത വൃത്തത്തിലുള്ള വഞ്ചിപ്പാട്ടില്‍ വള്ളംകളിക്കുപയോഗിക്കുന്നതില് പ്രധാനം കുചേലവൃത്തം തന്നെ.
വഞ്ചിപ്പാട്ടിന്റെ പിറവിക്കു പിന്നില്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവും രാമപുരത്തു വാര്യരുമാണ്. ആ കഥ ഇങ്ങനെ...
മീനച്ചില്‍ താലൂക്കിലുള്ള രാമപുരത്ത് ഒരു ദരിദ്ര കുടുംബാംഗമായാണ് വാര്യര്‍ ജനിക്കുന്നത്. ദാരിദ്ര്യം മൂത്ത് ജീവിക്കാനാവാതെ വന്നപ്പോള്‍ വാര്യര്‍ സ്വദേശത്തുനിന്ന് വൈക്കത്തേക്കു താമസം മാറ്റി.
ദാരിദ്ര്യദുഃഖം അവസാനിക്കാന്‍ വൈക്കത്തപ്പന്റെ മുന്നില്‍ സംവത്സര ഭജന തുടങ്ങി. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് സദ്യയുണ്ടായിരുന്നത്. ഇതു ഭക്ഷിച്ചാണ് വാര്യര്‍ കഴിഞ്ഞുകൂടിയത്. എന്നാല്‍, വാര്യര്‍ ഭജനമിരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ക്ഷേത്രത്തില്‍ എല്ലാ ദിവസവും സദ്യ നടന്നത്രേ. ഭജനം കാലം കൂടിയ ദിവസം മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ക്ഷേത്ര സന്ദര്‍ശനത്തിനെത്തി. വാര്യര്‍ രാജസ്തുതി ശ്ലോകങ്ങളെഴുതി രാമയ്യന് ദളവ മുഖാന്തരം രാജാവിന്റെ കൈകളിലെത്തിച്ചു. മഹാരാജാവിന്റെ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ വാര്യരേയും കൂട്ടി. അലങ്കരിച്ച ജലവാഹനത്തിലായിരുന്നു യാത്ര.
വള്ളം നീങ്ങിക്കഴിഞ്ഞപ്പോള്‍ ഒരു വഞ്ചിപ്പാട്ടുണ്ടാക്കിപ്പാടാന് രാജാവ് വാര്യരോട് കല്പ്പിച്ചു. തന്റെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന കുചേലവൃത്തം തന്നെ ഇതിവൃത്തമാക്കി വാര്യര്‍ പാടി. തിരുവനന്തപുരത്ത് വഞ്ചിയെത്തും വരെ ഇതു നീണ്ടു. ഇതില്‍ സന്തുഷ്ടനായ രാജാവ്, വാര്യര്‍ക്ക് എല്ലാ താമസസൗകര്യങ്ങളും കൊട്ടാരത്തിലൊരുക്കി. കുറച്ചുദിവസം വാര്യര്‍ അവിടെ താമസിച്ചു. തിരിച്ച് രാജാവിനെ മുഖം കാണിച്ചു മടങ്ങിയപ്പോള്‍ രാജാവ് വാര്യര്ക്കൊന്നും നല്‍കിയില്ല.
വാര്യര്‍ വിഷാദത്തോടെ കൊട്ടാരത്തില്‍നിന്നു മടങ്ങി. സ്വന്തം വീട്ടിലെത്തിയപ്പോള്‍ കുചേലനുണ്ടായ അതേ അനുഭവം... രാജ കല്‍പ്പനപ്രകാരം വാര്യരുടെ കുടില്‍ കൊട്ടാരമായി മാറിയിരിക്കുന്നു. വീട്ടിലേക്കുള്ള സാധനങ്ങളും കുടുംബാംഗങ്ങള്‍ക്ക് ആഭരണങ്ങളുമെല്ലാം രാജാവ് നല്കി. വാര്യര്‍ കുചേലനേപ്പോലെ അര്ഥമിത്രപുത്രകളത്രാദികളോടെ സുഗമായി ജീവിച്ചെന്നു കഥ.
കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റ കൃതികൊണ്ട് രമപുരത്തുവാര്യര് മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടി. വഞ്ചിപ്പാട്ടു കൂടാതെ വച്ചു പാട്ടും സ്തോത്രഗാനവും വള്ളം കളിക്കുപയോഗിക്കുന്നുണ്ട്. വഞ്ചിപ്പാട്ടിന്റെ നയമ്പും നതോന്നതയും ഇഴചേരുന്ന ലയം കുട്ടനാടിന്റെ ജീവിതതാളം കൂടിയാണ്.
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഇന്നു രാവിലെ 9 മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ജില്ലാക്കോടതിപ്പാലത്തിന്റെ നിർമാണപ്രവർത്തികൾ കൂടി നടക്കുന്നതിനാൽ ഉച്ചകഴിഞ്ഞ് ഒന്നുമുതൽ വൈകിട്ട് ആറുവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിടില്ല.
എറണാകുളം ഭാഗത്തുനിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്നും കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളുകളെയിറക്കിയശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകേണ്ടതാണ്.
കൊല്ലം ഭാഗത്തുനിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളുകളെയിറക്കിയശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ വരുന്ന കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്നും പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശേരി ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
നെഹ്റുട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യേണ്ടതാണ്. ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്നും നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തുന്നതാണ്.
District News
കോട്ടയം: 72-ാമത് നെഹ്റു ട്രോഫിയിൽ മുത്തമിടാൻ ഇറങ്ങുന്ന കൈനകരി അറുനൂറ്റുംപാടം എസ്എച്ച് ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങരയെ പ്രമുഖ വ്യാപാരിയും ഡോക്ടറുമായ ടോണി ജോസഫ് ഇടിമണ്ണിക്കൽ (ചങ്ങനാശേരി) നയിക്കും. പമ്പാനദിയിൽ ഒരു മാസമായി നടത്തിയ കഠിന പരിശീലനത്തിന് ഫാ. ബിനീഷ് ചാക്കോ കായിത്തറ നേതൃത്വം വഹിച്ചു. ഒന്നാംതുഴ സോണി പുത്തൻപുരയ്ക്കലും ഒന്നാം പങ്കായം ഷിനുക്കുട്ടൻ പതിശേരിയുമാണ്.
മുൻ വർഷങ്ങളിൽ അഞ്ചു തവണ നെഹ്റു ട്രോഫി ജലമേളയിൽ ക്യാപ്റ്റൻ സ്ഥാനം വഹിച്ച സണ്ണി തോമസ് ഇടിമണ്ണിക്കലിന്റെ മകനാണ് ഡോ. ടോണി ജോസഫ്. ശക്തമായ ടീമാണ് അറുനൂറ്റുംപാടം എസ്എച്ച് ബോട്ട് ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത്. വിദഗ്ധരായ തുഴച്ചിൽക്കാരുടെ കഠിന പരിശ്രമത്തിൽ ഇക്കുറി നെഹ്റു ട്രോഫിയിൽ മുത്തമിടാനാകുമെന്നുള്ള പ്രതീക്ഷയിലാണ് ഡോ. ടോണി ജോസഫ് ഇടിമണ്ണിക്കൽ.
District News
ആലപ്പുഴ: വള്ളംകളിയുടെ അവസാനഘട്ട ഒരുക്കങ്ങൾ കെ.സി. വേണുഗോപാൽ എംപി വിലയിരുത്തി. ഇന്നലെ വൈകിട്ടോടെ പുന്നമട ഫിനിഷിംഗ് പോയിന്റിലും നെഹ്റു പവലിയനിലും എത്തിയ എംപി വള്ളസമിതികളെയും ക്ലബുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ആലോചന യോഗത്തിലും പങ്കെടുത്തു.
സ്റ്റാർട്ടിംഗ്, ഫിനിഷിംഗ് സംവിധാനങ്ങൾ പരിശോധിച്ച എംപി മുന്നൊരുക്കങ്ങളിലും സംഘാടനത്തിലും സംതൃപ്തി രേഖപ്പെടുത്തി. കുറ്റമറ്റ രീതിയിലും എല്ലാവർക്കും ആസ്വാദ്യകരമാവുന്ന രീതിയിലും വള്ളംകളി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കളക്ടർ ഷാജി വി. നായർ, എ.എ. ഷുക്കൂർ, ആർഡിഒ ജെ. മോബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി.എസ്. വിനോദ് എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
District News
ആലപ്പുഴ: വള്ളംകളിക്ക് ഒരു അലിഖിത ശാസ്ത്രമുണ്ട്. അതുപോലെതന്നെ വള്ളംപണിക്കും തച്ചുശാസ്ത്രമേറേ. ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിലെ വൈദഗ്ധ്യം മനസിലാക്കണമെങ്കിൽ ചുണ്ടൻവള്ളത്തിന്റെ ഉത്ഭവകഥയിലേക്കു മടങ്ങണം. നാട്ടുരാജ്യങ്ങളായിരുന്ന ചെമ്പകശേരിയും കായംകുളവും തമ്മിലുണ്ടായ യുദ്ധത്തിൽ കായംകുളം പരാജയപ്പെടാനിടയായത് തച്ചുശാസ്ത്രത്തിലെ കൗശലം കൊണ്ടാണ്.കായംകുളം രാജ്യത്തെ കീഴടക്കാൻ ചെമ്പകശേരിയുടെ ഭരണാധിപനായ ദേവനാരായണൻ തീരുമാനിച്ചു. ഇതിനായി നാവികസൈന്യത്തിന് സഞ്ചരിക്കാൻ ഒരു വാഹനം തയാറാക്കാൻ കുട്ടനാട് കൊടുപ്പുന്ന സ്വദേശി നാരായണൻ ആചാരിയോട് രാജാവ് കൽപ്പിച്ചു. ആചാരി ഈ ദൗത്യം ഭംഗിയായി പൂർത്തിയാക്കി. ഇങ്ങനെ ഒരു നാവികപ്പോര് ചെമ്പകശേരി രാജാവ് ആസൂത്രണം ചെയ്യുന്ന കാര്യവും ചുണ്ടൻവള്ളം അതിനായി നിർമിക്കപ്പെട്ടതും കായംകുളം രാജാവറിഞ്ഞു.
അദ്ദേഹം ഇതു നിർമിച്ച കൊടുപ്പുന്ന നാരായണൻ ആചാരിയെ തട്ടിക്കൊണ്ടു പോയി. കായംകുളം കായലിൽ യുദ്ധം ആരംഭിച്ചപ്പോൾ തങ്ങളുടെ പടക്കപ്പലിനു സമാനമായ ജലവാഹനം കണ്ട് ചെമ്പകശേരി രാജാവ് അമ്പരന്നു. തങ്ങളുടെ രാജ്യത്തിന്റെ പടക്കപ്പൽ നിർമാണരഹസ്യം ചോർത്തിയ കൊടുപ്പുന്ന നാരായണൻ ആചാരിയെ ചെമ്പകശേരി രാജാവ് തടവിലാക്കി.
വള്ളത്തിലൊളിപ്പിച്ച നിർമാണ കൗതുകം
രാജസന്നിധിയിൽ ഹാജരാക്കപ്പെട്ട കൊടുപ്പുന്ന നാരായണനാചാരി തന്നെ കൊല്ലരുതെന്ന് അപേക്ഷിച്ചുകൊണ്ട് ചെമ്പകശേരി രാജാവിനോട് കായംകുളം പടക്കപ്പലിൽ താൻ കാട്ടിയകൗശലം വിവരിച്ചു. ചെമ്പകശേരിയുടെ പടക്കപ്പലിൽനിന്ന് പീരങ്കി ഒരുതവണ പൊട്ടുമ്പോൾ വള്ളം ഒരടി മുന്നോട്ടുപോകും കായംകുളത്തിന്റെ പടക്കപ്പലിൽനിന്നും പീരങ്കി പൊട്ടുമ്പോൾ വള്ളം ഒരടി പിന്നോട്ടുപോകും. തന്മൂലം വിജയം തന്റെ രാജ്യമായ ചെമ്പകശേരിക്കായിരിക്കുമെന്നും ബലമായി കായംകുളം രാജാവ് തന്നെ പിടിച്ചുകൊണ്ടു പോയതാണെന്നും താൻ നിസഹായനാണെന്നും നാരായണനാശാരി പറഞ്ഞു.
ആചാരി പറഞ്ഞതുപോലെ ചെമ്പകശേരി യുദ്ധം വിജയിച്ചു. ചുണ്ടൻവള്ളങ്ങളുടെ തച്ചുശാസ്ത്രപ്പെരുമ പറയുന്ന കഥയാണിത്.
പെരുമ നിലനിർത്തി കോയിൽമുക്ക് നാരായണനാചാരി
ചുണ്ടൻവള്ള നിർമാണത്തിൽ പ്രഗത്ഭരായ ധാരാളം ആചാരിമാർ പിന്നീടു വന്നു. ഇതിൽ പ്രമുഖൻ കോയിൽമുക്ക് നാരായണനാചാരിയാണ്. ഇന്നു നിലവിലുള്ള ചുണ്ടൻവള്ളങ്ങളിൽ മിക്കതും ഇദ്ദേഹം നിർമിച്ചതാണ്. എട്ടു ചുണ്ടൻ വള്ളങ്ങളും മൂന്നു പള്ളിയോടങ്ങളും മനക്കണക്കിനാൽ അളന്ന് നിർമിച്ച ചുണ്ടൻ വള്ളങ്ങളുടെ പെരുന്തച്ഛ ൻ ഒൻപതാമത് വള്ളം പണിത് പൂർത്തിയാക്കുന്നതിന് മുമ്പ് ഈ ലോകത്തോട് വിടപറയുകയായിരുന്നു.
എടത്വ പച്ച കരക്കാർക്കുവേണ്ടി പച്ച ചുണ്ടൻ നിർമിച്ചുകൊണ്ടാണ് 1950 കളിൽ കോയിൽമുക്ക് നാരായണനാചാരി ചുണ്ടൻ വള്ളങ്ങളുടെ നിർമാണ ലോകത്തേക്ക് കടന്നത്. പിന്നീട് പുളിങ്കുന്ന്, ചമ്പക്കുളം, ചെറുതന, ജവഹർ തായങ്കരി, കാരിച്ചാൽ, കല്ലൂപ്പറമ്പൻ എന്നീ ചുണ്ടനുകളും കോയിൽമുക്ക് നാരായണനാചാരിയുടെ കരവിരുതിൽ വിരിഞ്ഞു. കോഴഞ്ചേരി, കീഴുകര, നെല്ലിക്കൽ എന്നീ പള്ളിയോടങ്ങളും നിർമിച്ചത് നാരായണനാചാരിയാണ്. തച്ചുശാസ്ത്രത്തിന്റെ വൈദഗ്ധ്യത്തിൽ സാങ്കേതിക തികവാർന്ന ഈ വള്ളങ്ങൾ നെഹ്റുട്രോഫിയിലടക്കം കേരളത്തിലെ എല്ലാ ജലോത്സവങ്ങളിലും വെന്നിക്കൊടി നാട്ടിയവയാണ്. 1992ൽ ആരംഭിച്ച അംബേദ്കർ ചുണ്ടൻ പണിനടക്കവേ 1994 മാർച്ച് 27ന് 72-ാം വയസിൽ അദ്ദേഹം മരിച്ചു
District News
ആലപ്പുഴ: കുഞ്ഞോളങ്ങളെ കീറിമുറിക്കാൻ കരിനാഗങ്ങളെത്തും. ഇന്ന് പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങൾ. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.
ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക.
ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം പൊതുജനത്തിന് കാണാനാവുംവിധം സ്ക്രീനിൽ പ്രദർശിപ്പിക്കും.
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് രണ്ടിന് പുന്നമടക്കായലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം. ലിജു അധ്യക്ഷനാവും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയാകും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തും. മുഖ്യപ്രഭാഷണവും സ്മരണിക പ്രകാശനവും കെ.സി. വേണുഗോപാൽ എംപി നിർവഹിക്കും.
കൊടിക്കുന്നിൽ സുരേഷ് എംപി മാധ്യമ അവാർഡുകൾ വിതരണം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വിശിഷ്ടാതിഥികൾക്കുള്ള സമ്മാനം വിതരണം ചെയ്യും. എംഎൽഎമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, റെജി ചെറിയാൻ, പി. പ്രസാദ്, സജി ചെറിയാൻ, എം.എസ്. അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാധ്യക്ഷ മോളി ജേക്കബ്, ജില്ലാ കളക്ടർ ഷാജി വി. നായർ, ആർഡിഒ ജെ. മോബി തുടങ്ങിയവർ പങ്കെടുക്കും. വിജയികൾക്കുള്ള സമ്മാനദാനം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിക്കും.
District News
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കവർച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരക്കാരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഓണാവധിക്കുശേഷമുള്ള സിറ്റിംഗിലേക്ക് നീളാൻ സാധ്യത.
ആഴ്ചയിൽ ശനി, തിങ്കൾ ദിവസങ്ങളിലാണ് ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ സിറ്റിംഗ് നടക്കാറുള്ളത്. എന്നാൽ, ഇന്ന് പൊതു അവധിയായതിനാലും തുടർന്ന് ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകൾ ഉള്ളതിനാലും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ഓണത്തിനുശേഷമുള്ള സിറ്റിംഗിലേക്ക് മാറ്റാനാണ് സാധ്യത.
ബോർഡിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പോലീസിന് തുടർ തെളിവെടുപ്പ് സാധ്യമാകൂ. നിലവിൽ കേസിൽ ഉൾപ്പെട്ട പെൺകുട്ടിയെയും ആൺകുട്ടികളെയും ഒബ്സർവേഷൻ ഹോമുകളിലേക്കു മാറ്റിയിരിക്കുകയാണ്.
ബോർഡിൽനിന്ന് കസ്റ്റഡി അനുമതി ലഭിക്കുകയാണെങ്കിൽ ഇവരെ കരുവാറ്റയിലെ സംഭവസ്ഥലത്തെത്തിച്ച് കൃത്യം നടന്ന രീതി പുനഃസൃഷ്ടിച്ച് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. കുട്ടികളായതിനാൽ നിയമപരമായ കർശന ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തെളിവെടുപ്പ് നടപടികൾ.
കുട്ടികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന പോലീസിന്റെ ആവശ്യത്തിൽ ജുവനൈൽ ജസ്റ്റീസ് ബോർഡാണ് പിന്നീട് അന്തിമ തീരുമാനമെടുക്കുക.
ശാസ്ത്രീയ ലാബ് പരിശോധനാ ഫലങ്ങൾ കൂടി ലഭ്യമാകുന്നതോടെ കേസിൽ പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.
District News
അമ്പലപ്പുഴ: വണ്ടാനം മേരി ക്യൂൻസ് ഇടവക പള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുന്നാളിനു കൊടിയേറി. വികാരി ഫാ. തോമസ് ഷൈജു ചിറയിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. ഇന്നു രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം 5.30ന് ജപമാല നൊവേന, വൈകിട്ട് 6.30ന് ദിവ്യബലി. കാർമികൻ ഫാ. സൈമൺ കുരിശിങ്കൽ. പ്രസംഗം ഫാ. സൈറസ് കാട്ടുങ്കൽ തയ്യിൽ.
തിരുനാൾ ദിനമായ ഞായർ രാവിലെ 7.30ന് ദിവ്യബലി, വൈകുന്നേരം 3ന് ജപമാല നൊവേന. 3.30ന് തിരുനാൾ ദിവ്യബലി- ഫാ. ആന്റണി കാറ്റിക്കാട്, പ്രസംഗം ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ, സഹകാർമികർ ഫാ. പോൾ കൊച്ചിക്കാരൻവീട്ടിൽ, ഫാ. സ്റ്റാൻലി പയസ് കാട്ടുങ്കൽ തൈയ്യിൽ, ഫാ. ജിജോ സേവ്യർ.
ലിറ്റനി തുടർന്നു തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം. രാത്രി 8.30ന് കാഞ്ഞിരപ്പള്ളി അമല തിയേറ്റേഴ്സിന്റെ നാടകം- ഒറ്റ. ഇടവകയിൽനിന്നും ഇടവകയ്ക്കു പുറത്തുനിന്നുമായി 150ൽ അധികം പേരാണ് തിരുനാൾ പ്രസുദേന്തിമാരായിട്ടുള്ളത്.
District News
കായംകുളം: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വികാരങ്ങളും അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കുന്ന ഡോ.വി.എ. സുനിലയുടെ ഏകാംഗ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു.
അക്രിലിക് പെയിന്റ് ജലച്ചായം മിക്സഡ് മീഡിയയിൽ ഒരുക്കിയ തെരഞ്ഞെടുത്ത ചിത്രങ്ങൾ എന്നിവയാണ് കൃഷ്ണപുരം കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരകത്തിൽ പ്രദർശിപ്പിക്കുന്നത്.മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം പ്രദർശന ഉദ്ഘാടനം ചെയ്തു. മനുഷ്യവികാരങ്ങൾ, സ്വത്വം, അതിജീവനം, സ്ത്രീജീവിതം, സാംസ്കാരിക പൈതൃകം, സാമൂഹികബോധം എന്നിവയാണ് ചിത്രങ്ങളുടെ പ്രധാന പ്രമേയങ്ങൾ. നിറങ്ങളുടെയും രേഖകളുടെയും ടെക്സ്ചറുകളുടെയും ശക്തമായ ആവിഷ്കാരത്തിലൂടെ ഓരോ ചിത്രവും ഓരോ കഥയും അനുഭവവും പങ്കുവയ്ക്കുന്നുണ്ട്.
ചിത്രകലാരംഗത്തിനപ്പുറം ഇരുപതിലധികം വർഷമായി ആയുർവേദ ചികിത്സാരംഗത്ത് പ്രവർത്തിച്ചുവരുന്ന ഡോ. സുനില, ഭർത്താവ് ഡോ. അജ്മലിനൊപ്പം ഇന്ത്യയിലും ബഹ്റൈനിലും ആരോഗ്യസ്ഥാപനങ്ങൾ നടത്തുന്നുണ്ട്. സ്വയം പരിശീലനത്തിലൂടെ ചിത്രകലയിൽ വ്യക്തമായ ശൈലി രൂപപ്പെടുത്തിയ ഡോ. സുനില, പാലറ്റ് നൈഫ് ഉപയോഗിച്ചുള്ള ശക്തമായ ടെക്സ്ചറുകളും വികാരസാന്ദ്രമായ വർണവിന്യാസങ്ങളുംകൊണ്ട് ശ്രദ്ധേയയാണ്. ഇന്ത്യൻ എംബസി ബഹ്റൈൻ, ബഹ്റൈൻ ആർട്സ് സൊസൈറ്റി, അൽ ഫറജ് ഗാലറി എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രദർശനങ്ങളിലും അന്തർദേശീയ കലാവേദികളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ബഹ്റൈൻ, സൗദി അറേബ്യ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ സ്വകാര്യ കലാശേഖരങ്ങളിൽ ഡോ. സുനിലയുടെ സൃഷ്ടികൾ ഇടം നേടിയിട്ടുണ്ട്.
District News
മുഹമ്മ: കെഇ കാർമൽ സെൻട്രൽ സ്കൂളിൽ നടന്ന ഓണാഘോഷം അവിസ്മരണിയമായി. പോയകാല നന്മയുടെ ഓർമകൾ പങ്കിടാൻ ഒത്തുകൂടിയവരാൽ സമ്പന്നമായിരിന്നു വേദി. ആധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളുമടങ്ങുന്ന നിറസദസിന് മുന്നിൽ അവതരിപ്പിച്ച കലാപരിപാടികൾ കേരള തനിമയുടെ ഉണർത്തുപാട്ടായി. ജോളി എതിരേറ്റ് അവതരിപ്പിച്ച വള്ളംകളിയുടെ കമന്ററിയും സ്കൂൾ മാനേജർ ഫാ. ചാക്കോ അക്കത്തറയും ജോളി എതിരേറ്റും ചേർന്ന് അവതരിപ്പിച്ച ഓണപ്പാട്ടും വേറിട്ട അനുഭവം പകർന്നു നൽകി.
പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മനുഷ്യരെ നന്മയുടെ നല്ല പാഠം പഠിപ്പിക്കുന്ന പ്രകാശ പൂർണമായ ദിനമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. ഓണമെന്നത് ഏതൊരു മലയാളിയുടെയും മനസിലെ നിറമുള്ള അനുഭവമാണെന്ന് സ്കൂൾ മാനേജർ ഫാ. ചാക്കോ അക്കത്തറ പറഞ്ഞു. സ്കൂൾ ബർസർ ഫാ. സനു വലിയവീട് സിഎംഐ, പിടിഎ പ്രസിഡന്റ് സന്തോഷ് ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: എകെജെഎം സ്കൂളിൽ ഓണാഘോഷം നടത്തി. റിട്ടയേർഡ് യുസി കോളജ് പ്രഫസറും എഴുത്തുകാരിയും വാഗ്മിയുമായ മ്യൂസ് മേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പീറ്റർ മുല്ലൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ഇമ്മാനുവൽ മാത്യു എസ്ജെ, പിടിഎ പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു, എംപിടിഎ പ്രസിഡന്റ് പി.എസ്. മാനില, സ്റ്റാഫ് സെക്രട്ടറി എം.എൻ. സുരേഷ് ബാബു, ലതിക ടീച്ചർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ പുലികളിയും ഓണപ്പാട്ടുകളും വടംവലിയും പായസ വിതരണവും നടത്തി.
കാഞ്ഞിരപ്പള്ളി: ഹോളി എയ്ഞ്ചൽസ് കോളജിൽ ഓണാഘോഷ പരിപാടികൾ നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജൂബിൻ തോമസ്, ടിൻസി തോമസ്, റെനിമോൾ തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ ഓണപ്പാട്ടും കളികളും നടത്തി. പായസം വിതരണവും ചെയ്തു.
ചിറക്കടവ്: സെന്റ് ഇഫ്രേംസ് എൽപി സ്കൂളിൽ ഓണാഘോഷം നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നോബി വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.ജി. വിനോദ്, ഹെഡ്മിസ്ട്രസ് സൗമ്യ പി. ജോസ്, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ ഓണപരിപാടികളും നടത്തി.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്കൂളിൽ ഓണാഘോഷം നടത്തി. സി
നിമാതാരം ജോജി ജോൺ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ് ബെൽ എസ്എബിഎസ്, പിടിഎ പ്രസിഡന്റ് ആന്റണി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും വടംവലി മത്സരവും നടത്തി.
ചെങ്ങളം: സെന്റ് ആന്റണീസ് എൽപി സ്കൂളിന്റെ ഓണാഘോഷ പരിപാടികൾ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോർജ് അരഞ്ഞാണിയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് നൈനി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പൂക്കളം ഒരുക്കുകയും കുട്ടികളുടെ വിവിധതരത്തിലുള്ള മത്സരങ്ങളും ഓണക്കളികളും സംഘടിപ്പിച്ചു. പിടിഎ അംഗങ്ങളുടെ സഹകരണത്തോടെ വിദ്യാർഥികൾക്കായി ഓണസദ്യയും ഒരുക്കി.
കണമല: പമ്പാവാലി കാളകെട്ടി സർക്കാർ എൽപി സ്കൂളിൽ ഓണാഘോഷം നടത്തി. എരുമേലി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ എം. സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് പി.ഐ. സലീന, കണമല ബാങ്ക് ബോർഡ് അംഗം എം.എസ്. സതീശ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിനു മാത്യു, നീനു തോമസ് എന്നിവർ പ്രസംഗിച്ചു. ഇഡിസി ചെയർമാൻ കെ.എസ്. ദേവകുമാർ, നാടുകാണി സയൻസ് ആൻഡ് ആർട്സ് കോളജ് അധ്യാപകൻ സുബിൻ അനിരുദ്ധ് എന്നിവർ ഓണ സമ്മാനമായി ഫാനുകൾ നൽകി.
District News
കാഞ്ഞിരപ്പള്ളി: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിലേക്ക് സൗജന്യമായി എയർപോർട്ട് കസേരകൾ നൽകി. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറ മാത്യു കസേരകൾ ഏറ്റുവാങ്ങി.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, ലയൺസ് ക്ലബ് പ്രസിഡന്റ് ജിയോ ജോയി, സെക്രട്ടറി ഡോ. ജോജോ ജോർജ്, ട്രഷറർ ജി. രാജേഷ്, അഡ്മിനിസ്ട്രേറ്റർ രാജു തോമസ്, ചാർട്ടർ പ്രസിഡന്റ് ഡോ.ടി.എം. ഗോപിനാഥപിള്ള, മുൻ പ്രസിഡന്റ് ഷാജിമോൻ ജോസ്, ജോഷി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
എലിക്കുളം: എലിക്കുളം പഞ്ചായത്തിലെ കൃഷിയിടം ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങി കാഞ്ഞിരപ്പള്ളിയിലെ കർഷകർ. മടുക്കക്കുന്ന് കുരുവിനാക്കുന്നേൽ സിദ്ധാർഥ് ഡൊമിനിക്കിന്റെ ഡ്രാഗൺ ഫ്രൂട്ട് പ്രധാന വിളയായുള്ള സമ്മിശ്ര കൃഷിത്തോട്ടം, ചെങ്ങളം പഴേപറമ്പിൽ ജോസ് പി. കുര്യന്റെ പാറക്കുളം, ആനിത്തോട്ടം ജൂബിച്ചൻ ആന്റണിയുടെയും സലേഷ് ആന്റണിയുടെയും റംബുട്ടാൻ തോട്ടങ്ങൾ, കണ്ണെത്താദൂരത്തെ പൈനാപ്പിൾ തോട്ടങ്ങൾ ഇവയിൽ വിളയുന്ന ടൂറിസം സാധ്യതകൾ കണ്ടറിഞ്ഞ് പകർത്താനൊരുങ്ങുകയാണ് ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ പ്രവർത്തകർ. എലിക്കുളം പഞ്ചായത്തും കൃഷിഭവനും എലിക്കുളം ഫാം ടൂറിസം ക്ലബും ആതിഥേയരായി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീറിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോണികുട്ടി മഠത്തിനകം, ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, സെക്രട്ടറി ബേബിച്ചൻ പടിഞ്ഞാറേമുറിയിൽ, ട്രഷറർ മനോജ് കപ്പലുമാക്കൽ, കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേതലയ്ക്കൽ, ജോമോൻ പടിഞ്ഞാറേ മുറിയിൽ എന്നിവരടങ്ങിയ സംഘമാണെത്തിയത് .
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി ജയിംസ് ജീരകത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോഷി കെ. ആന്റണി കുഴിക്കാട്ട്താഴെ, കർഷകൻ സിദ്ധാർഥ് ഡൊമിനിക് കുരുവിനാക്കുന്നേൽ എലിക്കുളം ഫാം ടൂറിസം ക്ലബ് പ്രസിഡന്റ് മാത്യു കോക്കാട്ട് തോമസ് എന്നിവർ ചേർന്ന് ഡ്രാഗൺ ഫ്രൂട്ട് പഴക്കൂട നൽകി സ്വീകരിച്ചു. എലിക്കുളത്തിന്റെ തനത് വിളയിനങ്ങളായ ചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളക്, ചെങ്ങളം വരിയ്ക്കപ്ലാവ് എന്നിവയുടെ തൈകളും എലിക്കുളത്തിന്റെ വിഷരഹിത അരി എലിക്കുളം റൈസും സമ്മാനിച്ചു.
പഞ്ചായത്തംഗങ്ങളായ അബ്ദുൾ കരീം, ജിബിൻ ശൗര്യാംകുഴിയിൽ, എലിക്കുളം പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, കൃഷി ഓഫീസർ കെ. പ്രവീൺ, ഫാം ടൂറിസം ക്ലബ് കോ-ഓർഡിനേറ്റർ എ.ജെ. അലക്സ് റോയ്, സെക്രട്ടറി ജോസ് പി. കുര്യൻ പഴേപറമ്പിൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എച്ച്. പ്രിൻസി, ജയിംസ് ജീരകത്തിൽ, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, ഫിലിപ്പ് മാത്യു കണയങ്കൽ തുടങ്ങിയവർ കർഷകരുടെ സംഘവുമായി സംവദിച്ചു.
District News
കണ്ണിമല: എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഓണവിഭവങ്ങളുടെ വിളവെടുപ്പ് ഉത്സവം നടത്തി. കണ്ണിമല ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് പി.ഡി. ജോൺ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു. ബേബിച്ചൻ പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. സാബു തോമസ്, ദിലീഷ് ദിവാകരൻ, ടോമി താമരശേരി, കർഷക പ്രതിനിധികളായ വി.ജെ. ടോമി, ടി.ജി. ഗോപി, ജോസ് കണ്ണിമല, സോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച കർഷകനായി തെരഞ്ഞെടുത്ത ടി.പി. ആന്റണി തകിടിയേൽ, മുതിർന്ന കർഷകൻ പി.എസ്. സുധാകരൻ പ്ലാക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓണത്തിന് വിഷ രഹിത പച്ചക്കറികൾ ഉത്പാദിപ്പിച്ച് ഉപഭോക്താക്കളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് കണ്ണിമല ഫാർമേഴ്സ് ക്ലബ് നടത്തി വന്നിരുന്നത്. ക്ലബിന്റെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലൂടെ നിരവധി സാധാരണക്കാരായ ആളുകളെ കാർഷിക മേഖലയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
District News
മുണ്ടക്കയം: വഴിയരികിൽനിന്നു കളഞ്ഞു കിട്ടിയ 17,000 രൂപ പോലീസിന് കൈമാറി മാതൃകയായി മുണ്ടക്കയം സപ്ലൈകോ മാനേജർ കെ.എസ്. ഷാൻ.
31-ാം മൈലിൽനിന്നു കളഞ്ഞുകിട്ടിയ പണമാണ് ഷാൻ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി കല്ലുപുരക്കൽ നജീബ് ഖാന്റെ പണമാണ് ഷാന്‍ വഴിയരികിൽനിന്ന് ലഭിച്ചത്.
മുണ്ടക്കയം എസ്എച്ച്ഒ അനന്തു തമ്പി തുക ഉടമസ്ഥന് കൈമാറി.