ഡോ. സുനില ചിത്രങ്ങൾക്ക് നിറം പകരുന്നു.
കായംകുളം: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വികാരങ്ങളും അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കുന്ന ഡോ.വി.എ. സുനിലയുടെ ഏകാംഗ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു.
അക്രിലിക് പെയിന്റ് ജലച്ചായം മിക്സഡ് മീഡിയയിൽ ഒരുക്കിയ തെരഞ്ഞെടുത്ത ചിത്രങ്ങൾ എന്നിവയാണ് കൃഷ്ണപുരം കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരകത്തിൽ പ്രദർശിപ്പിക്കുന്നത്.മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം പ്രദർശന ഉദ്ഘാടനം ചെയ്തു. മനുഷ്യവികാരങ്ങൾ, സ്വത്വം, അതിജീവനം, സ്ത്രീജീവിതം, സാംസ്കാരിക പൈതൃകം, സാമൂഹികബോധം എന്നിവയാണ് ചിത്രങ്ങളുടെ പ്രധാന പ്രമേയങ്ങൾ. നിറങ്ങളുടെയും രേഖകളുടെയും ടെക്സ്ചറുകളുടെയും ശക്തമായ ആവിഷ്കാരത്തിലൂടെ ഓരോ ചിത്രവും ഓരോ കഥയും അനുഭവവും പങ്കുവയ്ക്കുന്നുണ്ട്.
ചിത്രകലാരംഗത്തിനപ്പുറം ഇരുപതിലധികം വർഷമായി ആയുർവേദ ചികിത്സാരംഗത്ത് പ്രവർത്തിച്ചുവരുന്ന ഡോ. സുനില, ഭർത്താവ് ഡോ. അജ്മലിനൊപ്പം ഇന്ത്യയിലും ബഹ്റൈനിലും ആരോഗ്യസ്ഥാപനങ്ങൾ നടത്തുന്നുണ്ട്. സ്വയം പരിശീലനത്തിലൂടെ ചിത്രകലയിൽ വ്യക്തമായ ശൈലി രൂപപ്പെടുത്തിയ ഡോ. സുനില, പാലറ്റ് നൈഫ് ഉപയോഗിച്ചുള്ള ശക്തമായ ടെക്സ്ചറുകളും വികാരസാന്ദ്രമായ വർണവിന്യാസങ്ങളുംകൊണ്ട് ശ്രദ്ധേയയാണ്. ഇന്ത്യൻ എംബസി ബഹ്റൈൻ, ബഹ്റൈൻ ആർട്സ് സൊസൈറ്റി, അൽ ഫറജ് ഗാലറി എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രദർശനങ്ങളിലും അന്തർദേശീയ കലാവേദികളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ബഹ്റൈൻ, സൗദി അറേബ്യ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ സ്വകാര്യ കലാശേഖരങ്ങളിൽ ഡോ. സുനിലയുടെ സൃഷ്ടികൾ ഇടം നേടിയിട്ടുണ്ട്.
Tags : NattuVishesham DistricteNews