ഓണം വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍ മന്ത്രി സണ്ണി ജോസഫ് നിര്‍വഹിക്കുന്നു.
തൊടുപുഴ: ഇടുക്കി ഡാം എല്ലാ ദിവസവും ജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. ചെറുതോണിയില്‍ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം രംഗത്തെ പ്രത്യേകതകള്‍ സംബന്ധിച്ച് ടൂറിസം മന്ത്രിയെ ധരിപ്പിക്കും.
ഇടുക്കി പദ്ധതി പ്രദേശത്ത് ടൂറിസം കേന്ദ്ര സഹഫണ്ടിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന ബൃഹത്തായ പദ്ധതി സംബന്ധിച്ച് അതിവേഗം തുടര്‍നടപടി സ്വീകരിക്കും.ഒരു ഘട്ടത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 22 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം 67 ശതമാനം ഉള്ളിടത്തായിരുന്നു ഇത്. മഴ കിട്ടിയതോടെ ജലനിരപ്പ് 57 ശതമാനമായി ഉയര്‍ന്നത് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
സ്വദേശി ദര്ശന് പദ്ധതിയുമായി ബന്ധപ്പെടുത്തി കേന്ദ്ര ടൂറിസം വകുപ്പ് നടപ്പാക്കുന്ന ബൃഹത്തായ പദ്ധതി ജില്ലയില്‍ യാഥാര്ഥ്യമാക്കുന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രത്യേക ഫണ്ട് വിഹിതം ഉപയോഗപ്പെടുത്തിയാണ് ഡാമിന്റെ ഇടതുഭാഗത്ത് ഇക്കോ ലോഡ്ജും ലാന്‍ഡ്സ്കേപ്പിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടുള്ളത്. അതിനനുബന്ധമായാണ് പുതിയ പദ്ധതി നിര്‍ദേശവും സമര്‍പ്പിക്കുന്നതെന്നും എംപി പറഞ്ഞു.
സമ്മേളനത്തിനു മുന്നോടിയായി വിളംബര ഘോഷയാത്രയും നടന്നു. റോയി കെ. പൗലോസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, എഡിഎം മിനി കെ. ജോണ്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോള് ജിന്നി, വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആന്‍സി തോമസ്, ബിജു നെടുഞ്ചേരി, ജിപ്സി ജിമ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News District Onam begins