National
മലപ്പുറം: മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ പി. നന്ദകുമാർ രംഗത്ത്. താൻ ഉദ്ദേശിച്ചത് മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണെന്നും തന്റെ പ്രസംഗത്തിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നന്ദകുമാർ.
പ്രസംഗത്തിലെ പരാമർശം തെറ്റായിരുന്നോയെന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോൾ, അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മലപ്പുറം ജില്ല എന്ന് പറയുമ്പോൾ അത് ഏതാനും ചിലരുടെ മാത്രം തറവാട്ട് സ്വത്താണെന്ന് ആരും ധരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വാദത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാർട്ടി നേതാക്കളെല്ലാം ഒരേ നിലപാടാണ് പറയുന്നതെന്നും നന്ദകുമാർ വ്യക്തത വരുത്തി. പാർട്ടി സെക്രട്ടറി തങ്ങളെ ആരെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും അങ്ങനെ കാര്യങ്ങൾ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പറഞ്ഞതും താൻ ഇവിടെ പറഞ്ഞതും പ്രതിപക്ഷനേതാവ് പിണറായി വിജയൻ വിശദീകരിക്കുന്നതും ഒരേ ആശയം തന്നെയാണ്. മലപ്പുറം ജില്ലയുടെ പാരമ്പര്യം നല്ലവണ്ണം അറിയുന്നയാളാണ് താനെന്നും, മലപ്പുറം എക്കാലത്തും ഒരു മതനിരപേക്ഷ കേന്ദ്രമായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എന്നാൽ ആ മതനിരപേക്ഷത ഇല്ലാതാക്കുന്ന രൂപത്തിലുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുപോയിട്ടുള്ളതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശവുമായി പൊന്നാനി മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാർ. മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണന്നായിരുന്നു പൊന്നാനിയിൽ പാർട്ടിയുടെ ജില്ലാതല സംഘടനാ പ്രവർത്തനങ്ങളും നിലപാടുകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത വിപുലീകൃത മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിൽ സംസാരിക്കവേ നന്ദകുമാറിന്റെ വിവാദ പ്രസ്താവന.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ. ഷൈലജ അടക്കമുള്ള മുതിർന്ന പാർട്ടി നേതാക്കൾ വേദിയിലിരിക്കെയാണ് സ്വാഗത പ്രസംഗത്തിൽ മുൻ എംഎൽഎയുടെ പരാമർശം. മലപ്പുറം ജില്ലയെ സംബന്ധിച്ച് സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്.
മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്യൂണിസ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകൾ എങ്ങനെയെല്ലാം ഏറ്റെടുക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം മലപ്പുറം ജില്ലയെയും അവിടുത്തെ ജനങ്ങളെയും തീവ്രവാദ സ്വഭാവമുള്ളവരായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും പ്രസ്താവനക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണിക്ക് സാധ്യത. പാർട്ടിയുടെ സ്വാധീനമേഖലയായിരുന്ന പൊന്നാനി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലുണ്ടായ തിരിച്ചടി ജില്ലാ കമ്മിറ്റി വിശദമായി പരിശോധിക്കും.
സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ താഴെത്തട്ടിലെ പ്രവർത്തകരിൽനിന്ന് ഉയർന്ന വിമർശനങ്ങളും യോഗത്തിൽ ചർച്ചയായേക്കും. പൊന്നാനിയിലെ പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അതൃപ്തിയും നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കപ്പെടുമെന്നാണ് സൂചന.
മന്ത്രിയായിരുന്ന വി. അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതും താഴെത്തട്ടിൽ വിമർശനത്തിന് ഇടയാക്കിയതായി പാർട്ടി വൃത്തങ്ങളിൽ ചർച്ചയുണ്ട്. മെസിയുടെ പേരുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് ആരോപണവും വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചേക്കും. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പാർട്ടിക്കുണ്ടായിരുന്ന വിശ്വാസത്തിൽ ഇടിവുണ്ടായെന്ന വിലയിരുത്തലും സിപിഎം പരിശോധിക്കും.
ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള രാഷ്ട്രീയ-സംഘടനാ നടപടികളും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. വെള്ളാപ്പള്ളിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ വിപുലീകൃത ജില്ലാ കമ്മിറ്റി ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടും മലപ്പുറത്ത് ചർച്ചയാകാൻ സാധ്യതയുണ്ട്.
പാർട്ടി അംഗത്വം സ്വീകരിച്ച മുൻമന്ത്രി കെ.ടി.ജലീൽ ജില്ലാ കമ്മിറ്റിയിലെത്തിയേക്കുമെന്നാണ് സൂചന. മുൻമന്ത്രി വി. അബ്ദുറഹ്മാനും ജില്ലാ കമ്മിറ്റിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മലപ്പുറത്തെ സംഘടനാ ദൗർബല്യങ്ങളും തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങളും താഴെത്തട്ടിലെ പ്രവർത്തകരുടെ അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും ജില്ലാ കമ്മിറ്റിയുടെ തുടർനടപടികൾ.
Kerala
തിരൂർ: മലപ്പുറം തിരൂരിൽ സ്വകാര്യ ബസിലെ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു. തവനൂർ മുരുടാവിൽപടി സ്വദേശി കാക്കശേരി കുന്നിൻ രമേശൻ (50) ആണ് മരിച്ചത്. പൊന്നാനി-തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന നിലാവ് ബസിലെ കണ്ടക്ടറാണ് രമേശൻ.
ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു സംഭവം. ബസ് പൊന്നാനിയിൽ നിന്ന് തിരൂരിലേക്ക് വരുന്ന വഴി ബിപി അങ്ങാടിയിൽവച്ചാണ് രമേശൻ കുഴഞ്ഞുവീണത്. ഉടൻതന്നെ ബസ് ബിപി അങ്ങാടിയിലെ നീലി ആശുപത്രിയിലേക്കെത്തിച്ചു.
തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രജനി. മക്കൾ: കിരൺ, ആദിത്യൻ.
Kerala
മലപ്പുറം: യുവാവിനെ വീട്ടില് നിന്ന് വിളിച്ചിറക്കി സംഘം ചേര്ന്ന് മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. മൂക്കുതല സ്വദേശികളായ ജിതിന് (25), നിഹാല് (18), മുഹമ്മദ് ഹാദിഫ് (19), രാഹുല് (25) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മൂക്കുതല സ്വദേശി വെന്നില വളപ്പില് അഫ്സലിനാണ് മര്ദനമേറ്റത്. മുൻവൈരാഗ്യത്തെ തുടർന്ന് അഫ്സലിനെ വീട്ടില്നിന്ന് വിളിച്ചുവരുത്തിയ ശേഷം അഞ്ചുപേരടങ്ങുന്ന സംഘം കാവില്പാടം കുളത്തിന് സമീപത്തുവച്ച് മര്ദിച്ചെന്നാണ് പൊലിസിന് ലഭിച്ച പരാതി.
കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു. വധശ്രമം ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തിയാണ് പൊലിസ് കേസെടുത്തത്. പ്രതികളെ പൊന്നാനി കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
മലപ്പുറം: ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെ ഔദ്യോഗിക ഫോണ് നമ്പറിലേക്ക് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില് പ്രതി പിടിയിൽ. പാവിട്ടപ്പുറം ഒതളൂര് സ്വദേശി പ്രേമരാജന് (46) ആണ് പിടിയിലായത്.
രാത്രി സമയം ഉൾപ്പെടെ സ്റ്റേഷനിലേക്ക് ഫോണ് വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. തുടര്ച്ചയായ ഫോണ്വിളികള് കാരണം സ്റ്റേഷനിലെ ദൈനംദിന പ്രവര്ത്തനങ്ങള്ക്കും തടസമുണ്ടായതായി പൊലിസ് പറയുന്നു.
ഫോണ്വിളികളുടെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിലാണ് പ്രതി മൈസൂരില് നിന്നാണ് വിളിക്കുന്നതെന്ന് പൊലിസ് കണ്ടെത്തിയത്. മൈസൂരിലെ ഒരു ഫര്ണിച്ചര് സ്ഥാപനത്തില് ജോലി ചെയ്തുവരികയായിരുന്നു പ്രതി.
വര്ഷങ്ങള്ക്ക് മുമ്പ് ബന്ധുക്കള് നല്കിയ മറ്റൊരു കേസില് പൊലിസ് പ്രേമരാജനെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്കി വിട്ടയച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഫോൺ വിളിയെന്നാണ് പൊലിസിന്റെ നിഗമനം. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Kerala
മലപ്പുറം: നിരീശ്വരവാദികളുടെ സമൂഹ മാധ്യമ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികളാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി. മുസ്ലിം പെൺകുട്ടികളുടെ പുരോഗതിയും സാമൂഹിക മാറ്റങ്ങളും മനസിലാക്കാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകൾക്ക് പോലും പുതിയ തലമുറയിലെ പെൺകുട്ടികളെ ശരിയായ രീതിയിൽ നയിക്കാനോ നിർദേശങ്ങൾ നൽകാനോ സാധിക്കുന്നില്ലെന്നും ഷാജി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ഒരുതരത്തിലും പരിവർത്തിക്കപ്പെടാത്ത സംഘടനകൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിജെപി സമരത്തിൽ പോലും മുസ്ലിം പെൺകുട്ടികൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു. കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Kerala
മലപ്പുറം: കുറ്റിപ്പുളി മേഖലയിൽ വീടുകളില് കയറി മൊബൈല് ഫോണുകള് മോഷ്ടിച്ച സംഭവത്തില് പ്രതി പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീന് (44) ആണ് പിടിയിലായത്. പാണ്ടിക്കാട് പൊലിസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകള് ലക്ഷ്യമിട്ടായിരുന്നു പ്രതിയുടെ മോഷണം. വീട്ടുകാരുമായി പരിചയം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് മോഷണം നടത്തിയിരുന്നത്.
പ്രതിക്കെതിരെ മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പൊലിസ് സ്റ്റേഷനുകളില് നിരവധി കേസുകള് നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. കരുവാരകുണ്ട് പൊലിസ് സ്റ്റേഷന് പരിധിയില് മധ്യവയസ്കയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലും ഷംസുദ്ദീന് പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Kerala
മലപ്പുറം: വെണ്ടല്ലൂരിൽ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂര്ക്കനാട് വെങ്ങാട് സ്വദേശി മുഹമ്മദ് ഷഹല് (23) ആണ് വളാഞ്ചേരി പൊലിസിന്റെ പിടിയിലായത്. സെപ്റ്റംബര് 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഉടമസ്ഥന്റെ പരാതിയിൽ കേസെടുത്ത പൊലിസ് വളാഞ്ചേരി അത്തിപ്പറ്റയില് നിന്ന് വാഹനം കണ്ടെത്തിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിപ്പുരയില് നിന്ന് പ്രതിയെ പിടികൂടിയത്.
Kerala
മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികൾക്ക് വെട്ടേറ്റു. പൂക്കോട്ടുംപാടം ചെട്ടിപ്പാടത്താണ് സംഭവം. പൊട്ടിയിൽ സ്വദേശി ജിബിൻ, ഭാര്യ സുജന എന്നിവർക്കാണ് വെട്ടേറ്റത്.
ഇതേതുടർന്ന് ഇരുവരെയും നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് ഒളിവിൽ പോയ അയൽവാസിയായ സുധീഷിനായി പൊലിസ് തെരച്ചിൽ ആരംഭിച്ചു.
Kerala
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടം ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടികെ കോളനി സ്വദേശി സജിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ആയിരുന്നു ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ യുവതിയെ കാണാതായത്. ഇതോടെ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി.
Kerala
മലപ്പുറം: മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ച മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ടി.കെ കോളനിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തും. ഉച്ചയ്ക്ക് രണ്ടരയോടെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി അപകടത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കും.
അതേസമയം, പൂക്കോട്ടുംപാടം അമരന്പലം-ചോക്കാട് കോട്ടപ്പുഴ ടികെ കോളനി ഭാഗത്തുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച വൈകുന്നേരം രണ്ടുപേരുടെയും ഇന്ന് മൂന്നുപേരുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
വണ്ടൂര് സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര് കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരൂര് സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.
ടികെ നഗറിന്റെ ഭാഗമായ പൊട്ടിക്കലില് നിന്നാണ് മൃതദേഹം ലഭിച്ചത്. ആറുപേരാണ് ഒഴുക്കില് പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. പ്രദേശവാസിയായ ഒരു സ്ത്രീയെ ഇനി കണ്ടെത്താനുണ്ട്.
എന്ഡിആര്എഫിനൊപ്പം ആര്ആര്എഫിന്റെ 10 സംഘവും തെരച്ചിലിന്റെ ഭാഗമായിട്ടുണ്ട്. മന്ത്രി എ.പി. അനില്കുമാര് ഉള്പ്പെടെയുള്ളവര് സ്ഥലത്തെത്തിയിട്ടുണ്ട്.
പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണു ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. പുഴയില് ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
Kerala
മലപ്പുറം: പൂക്കോട്ടുംപാടം അമരമ്പലം-ചോക്കാട് കോട്ടപ്പുഴ ടികെ കോളനി ഭാഗത്തുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച വൈകുന്നേരം രണ്ടുപേരുടെയും ഇന്ന് മൂന്നുപേരുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
വണ്ടൂര് സ്വദേശി സജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര് കോട്ടക്കുന്ന് സ്വദേശി റഫീഖ് എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. തിരൂര് സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.
ടികെ നഗറിന്റെ ഭാഗമായ പൊട്ടിക്കലില് നിന്നാണ് മൃതദേഹം ലഭിച്ചത്. ആറുപേരാണ് ഒഴുക്കില് പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. പ്രദേശവാസിയായ ഒരു സ്ത്രീയെ ഇനി കണ്ടെത്താനുണ്ട്.
എന്ഡിആര്എഫിനൊപ്പം ആര്ആര്എഫിന്റെ 10 സംഘവും തെരച്ചിലിന്റെ ഭാഗമായിട്ടുണ്ട്. മന്ത്രി എ.പി. അനില്കുമാര് ഉള്പ്പെടെയുള്ളവര് സ്ഥലത്തെത്തിയിട്ടുണ്ട്.
പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണു ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. പുഴയില് ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
Kerala
മലപ്പുറം: പൂക്കോട്ടുംപാടം ടികെ കോളനിയില് മലവെള്ളപ്പാച്ചിലില് ഒഴുക്കില്പ്പെട്ട് ഒരാള് മരിച്ചു. നാല് പേരാണ് ഒഴുക്കില് പെട്ടത്. രണ്ട് പേരെ രക്ഷപെടുത്തി. ഒരു സ്ത്രീയ്ക്കായി തെരച്ചിൽ ഊർജിതമാക്കി.
നിലമ്പൂരില് നിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില് രക്ഷാപ്രവര്ത്തനം തുടരുകയാണ്. ശക്തമായ മഴയെ തുടര്ന്ന് പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. നാട്ടുകാര് നടത്തിയ തെരച്ചിലില് മൃതദേഹം പുഴയില് നിന്ന് കണ്ടെത്തുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Kerala
തിരുവനന്തപുരം: മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രാജ്യന്തരമാഫിയ സംഘത്തെ പിടികൂടി കേരള പൊലിസ്. എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയിൽ നിന്നാണ് നാല് പേരെ പിടികൂടിയത്.
ലഹരിക്കടത്തിലെ മുഖ്യ ഉറവിടത്തിലേക്ക് പൊലീസിനെത്താൻ കഴിഞ്ഞു. രാജ്യന്തരമാഫിയ സംഘത്തിലെ മുഖ്യസൂത്രധാരൻ ഹാരിസ് ഉൾപ്പെടെ ഉള്ളവരാണ് പിടിയിലായത്.
Kerala
മലപ്പുറം: തിരൂരിൽ വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി. എംവിഡി ഇന്റേണൽ വിജിലൻസ് ആണ് വാഹനം പിടികൂടിയത്. തിരൂർ ആർടിഒയിൽ ബസ് രജിസ്റ്റർ ചെയ്യാനായിരുന്നു നീക്കം. ബസ് നിർമാണത്തിലെ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു വാഹന നിർമാണം.
തിരൂരിൽ അംഗീകൃത സ്ഥാപനത്തിൽ നിർമിച്ചെന്നാണ് രേഖകളിൽ കാണിച്ചത്. എന്നാൽ നിലമ്പൂരിലുള്ള ലോക്കൽ ബോഡി വർക്ക്ഷോപ്പിൽ നിന്നാണ് ബസ് നിർമിച്ചതെന്ന് കണ്ടെത്തി. വാഹനവും രേഖകളും മോട്ടോർ വാഹനവകുപ്പ് കൂടുതൽ അന്വേഷണത്തിനായി തിരൂർ പൊലിസിന് കൈമാറി.
Sports
കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് വൺ തയ്ക്വാണ്ടോ മത്സരങ്ങൾ പൂർത്തിയായപ്പോൾ 15 സ്വർണവും 11 വെള്ളിയും 11 വെങ്കലവും നേടി 119 പോയിന്റുമായി മലപ്പുറം ജില്ല കിരീടം നേടി.
14 സ്വർണം, ഒന്പത് വെള്ളി, 16 വെങ്കലം എന്നിവ നേടി 113 പോയിന്റോടെ കാസർഗോഡ് ജില്ലാ രണ്ടാം സ്ഥാനത്തെത്തി. 10 സ്വർണവും അഞ്ചു വെള്ളിയും 16 വെങ്കലവുമായി 81 പോയിന്റുമായി കോഴിക്കോടിനാണു മൂന്നാം സ്ഥാനം.
സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ചെസ് മത്സരങ്ങളിൽ മൂന്നു സ്വർണവും രണ്ടു വെള്ളിയുമായി 21 പോയിന്റ് നേടി തിരുവനന്തപുരം ജില്ല കിരീടം നേടി. ഒരു സ്വർണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമായി 13 പോയിന്റോടെ കൊല്ലം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.
ഫെൻസിംഗിൽ 29 എണ്ണം പൂർത്തിയായപ്പോൾ 15 സ്വർണവും ഒന്പത് വെള്ളിയും എട്ട് വെങ്കലവും നേടി 160 പോയിന്റുമായി തിരുവനന്തപുരം ജില്ലയുടെ മുന്നേറ്റം. അഞ്ച് സ്വർണം, മൂന്നു വെള്ളി, നാല് വെങ്കലം എന്നിവ നേടി 55 പോയിന്റുയി മലപ്പുറം ജില്ലാ രണ്ടാം സ്ഥാനവും അഞ്ചു സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലവുമായി 53 പോയിന്റ് നേടി കണ്ണൂർ ജില്ലാ മൂന്നാം സ്ഥാനത്തും ഉണ്ട്.
Kerala
മലപ്പുറം: മലപ്പുറം ഊര്ങ്ങാട്ടിരിയിൽ മദ്യപിച്ചെത്തി മകൾക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചയാൾ പിടിയിൽ. കരിമ്പ് ഉന്നതിയിലാണ് സംഭവം. കക്കാടംപൊയില് സ്വദേശി നാടുവാഴി വീട്ടില് മഞ്ജു ആണ് പിടിയിലായത്.
ഞായറാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതി മദ്യപിച്ചെത്തി ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. ഭാര്യ പെട്ടെന്ന് മാറിയതോടെ വെള്ളം എട്ട് വയസുകാരിയായ മകളുടെ ദേഹത്ത് വീണു. സംഭവത്തിൽ കുട്ടിക്ക് പൊള്ളലേറ്റു.
ഇതിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. അയൽവാസികൾ ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലിസ് മഞ്ജുവിന്റെ പേരിൽ കേസെടുത്തു. ഒളിവില് കഴിയുകയായിരുന്ന പ്രതിയെ പൊലിസ് സാഹസികമായാണ് പിടികൂടിയത്.
National
മലപ്പുറം: എടവണ്ണപ്പാറ എടശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് തെളിയുകയായിരുന്നു.
സംഭവത്തിൽ അതിഥി തൊഴിലാളിയും സുഹൃത്തുമായ സുനിൽ കിറോയെ വാഴക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ജാർഖണ്ഡ് സ്വദേശി പ്രകാശിന് പരസ്ത്രീ ബന്ധമുണ്ടെന്ന് സുനിൽ കിറോയുടെ ഭാര്യയോട് പ്രകാശ് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്.
പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഇവർ താമസിക്കുന്ന കെട്ടിടത്തിന് സമീപമാണ് പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
മലപ്പുറം: കുരിപ്പൊയിലില് വീടിന് തീപിടിച്ച് വന് നാശനഷ്ടം. ഫ്രിഡ്ജില് നിന്നുണ്ടായ ഷോര്ട്സ് സര്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതായി പറയുന്നത്. കുരിപ്പൊയില് സ്കൂളിന് സമീപമുള്ള കുമാരമംഗലത്ത് സുബ്രഹ്മണ്യന്റെ വീടാണ് മേല്കൂരയടക്കം പകുതിയിലധികം ഭാഗവും കത്തി നശിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ഈ സമയം വൈദ്യുതി ലൈനില് അമിത വോള്ട്ടേജ് പ്രവാഹം ഉണ്ടായതായി നാട്ടുകാര് പറയുന്നു. സുബ്രഹ്മണ്യന് കൂലി തൊഴിലാളിയും ഭാര്യ രുഗ്മിണി ആശാവര്ക്കറുമാണ്.
വീട് പൂട്ടിപ്പോയ സമയത്താണ് അപകടം ഉണ്ടായത്. ഷോര്ട്ട് സര്ക്യൂട്ട് കാരണം ഫ്രിഡ്ജില് നിന്ന് തീ പടര്ന്ന് രണ്ടു റൂമുകള്, അലമാര, ഒരുലക്ഷം രൂപ, രണ്ടു പവന്റെ ആഭരണം, നിരവധി രേഖകള്, ഇലക്ട്രിക് ഉപകരണങ്ങള് എന്നിവ പൂര്ണമായും നശിച്ചു.
പ്രദേശത്തെ നിരവധി വീടുകളില് വൈദ്യുതി ഉപകരണങ്ങള് കത്തി നശിച്ചിരുന്നു. വൈദ്യുതി ലൈനില് പ്രവൃത്തികള് നടന്നിരുന്നു. ഇത് കഴിഞ്ഞ് ലൈന് ചാര്ജ് ചെയ്ത സമയത്താണ് അമിതമായ വൈദ്യുതി പ്രവാഹമുണ്ടായത്. അടുക്കളയോട് ചേര്ന്ന സ്റ്റോക്ക് റൂം കത്തിയമര്ന്നു. വീടിന്റെ ചുമരുകളും മറ്റും പൊട്ടി വീട് താമസയോഗ്യമല്ലാതായി. ഫ്രിഡ്ജും അലമാരയും പൂര്ണമാ യി കത്തിയമര്ന്നു.
മകന്റെ ചികിത്സക്കായി സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപയും ചികിത്സാരേഖകളും രണ്ട് പവനോളം വരുന്ന സ്വര്ണാഭരണവും ആധാര്, പാന് കാര്ഡ്, എസ്എസ്എല്സി ബുക്ക് ഉള്പ്പടെയുള്ള രേഖകളും കത്തി നശിച്ചു. കൂടാതെ പ്രദേശത്തെ നിരവധി വീടുകളിലെ വയറിംഗ് സംവിധാനങ്ങളും വൈദ്യുതി ഉപകരണങ്ങളും തകരാറിലായിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ്(37) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം.
കടുത്ത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മലപ്പുറം ആതവനാട് പഞ്ചായത്തിലെ ചെലൂര് ഭരണികുളത്തില് കുളിച്ചതില് നിന്നാകാം രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം.
Kerala
മലപ്പുറം: ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കാറില് കടത്തിക്കൊണ്ടുവന്ന കേസിൽ മുഖ്യ സൂത്രധാരന് പിടിയിൽ. മൂത്തേടം സ്വദേശി അന്വർ ആണ് പിടിയിലായത്. നേരത്തെ കേസിൽ രണ്ട് പേർ പിടിയിലായിരുന്നു. ജൂലൈ 25ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റില് ഡാന്സാഫ് സംഘം നടത്തിയ പരിശോധനയില് എളങ്കുര് മണ്ണാത്തി കൈതകത്ത് സൈഫുദ്ദീന്, ചുങ്കത്തറ കൈപ്പിനി റിയാസ് അലി എന്നിവരെ 100 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതില് നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് അന്വറിന്റെ നിര്ദേശപ്രകാരമായിരുന്നു എന്ന് കണ്ടെത്തിയത്. പണം മുടക്കിയതും ബംഗളൂരുവില് നിന്ന് എംഡിഎംഎ സംഘടിപ്പിച്ചു കൊടുത്തതും ഇയാളാണെന്നും അന്വേഷണത്തില് വ്യക്തമായി. തുടര്ന്ന് ഞായറാഴ്ച പത്തിരിയാന് വട്ടപ്പറമ്പിലുള്ള വീട്ടില് നിന്നാണ് അന്വറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
Kerala
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ സുഹൃത്തുക്കള് തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലാങ്കര മടക്കുംമുട്ടില് ഷിബു ആണ് അറസ്റ്റിലായത്. പാലാങ്കര പുന്നപ്പാല അസൈനാര് (54) ആണ് മരിച്ചത്.
സുഹൃത്തുക്കള് തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ അസൈനാര് തലയടിച്ച് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്.
ഓഗസ്റ്റ് 23ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നിലമ്പൂര് പൊലിസ് അറസ്റ്റ് ചെയ്ത ഷിബുവിനെ കോടതിയില് ഹാജരാക്കി.
Kerala
മലപ്പുറം: പ്രമുഖ കണ്ടന്റ് ക്രിയേറ്റർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടാണ് അന്ത്യം.
മലപ്പുറം വളാഞ്ചേരി സ്വദേശിയായിരുന്നു സ്വാലിഹ്. ശാരീരിക വെല്ലുവിളികള് നേരിട്ടിരുന്ന സ്വാലിഹിന്റെ വീഡിയോകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. കരേക്കാട് സി.കെ. പാറ ജുമാ മസ്ജിദ് ഖബര്സ്ഥാനില് മൃതദേഹം ഖബറടക്കും.
Kerala
മലപ്പുറം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ശനിയാഴ്ച സമർപ്പിക്കും. മോട്ടോർ വാഹനവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറി അന്വേഷണം നടത്തിയത്.
ഷൗക്കത്ത് നേരത്തെ രണ്ട് തവണ ഏജന്റുമാർ മുഖേന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ യാതൊരു തടസവുമില്ലാതെ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആരോപണം. എന്നാൽ ഇത്തവണ ഏജന്റിന്റെ സഹായമില്ലാതെ നേരിട്ട് മോട്ടോർ വാഹനവകുപ്പിനെ സമീപിച്ചപ്പോഴാണ് ഫിറ്റ്നസ് നിഷേധിച്ചതെന്നും ഇവർ പറയുന്നു.
2021ലാണ് ഷൗക്കത്ത് ഓട്ടോറിക്ഷ വാങ്ങിയത്. അന്ന് കിഴിശ്ശേരിയിൽവെച്ച് സ്റ്റീൽ റെയിലിങ് ഉൾപ്പെടെയുള്ള ഫിറ്റിങ്സുകൾ വാഹനത്തിൽ ഘടിപ്പിച്ചിരുന്നു. തുടർന്ന് 2023ലും അതിനടുത്ത വർഷവും ഇതേ ഫിറ്റിങുകളോടെയാണ് ഫിറ്റ്നസിനായി വാഹനം ഹാജരാക്കിയത്. അന്നൊന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസമുണ്ടായില്ലെന്നും ബന്ധുക്കൾ പറയുന്നു.
എന്നാൽ ഇത്തവണ ഷൗക്കത്ത് നേരിട്ട് ഫിറ്റ്നസിനായി എത്തിയപ്പോൾ വാഹനത്തിൽ നേരത്തെയുണ്ടായിരുന്ന സ്റ്റീൽ റെയിലിങ് ഉൾപ്പെടെയുള്ള ഫിറ്റിങ്സ് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ഫിറ്റ്നസ് നിഷേധിച്ചെന്നാണ് ആരോപണം.
ഏജന്റുമാർ വഴി അപേക്ഷ നൽകാത്തതിലുള്ള വൈരാഗ്യമാകാം ഫിറ്റ്നസ് നിഷേധിക്കാൻ കാരണമായതെന്ന ആരോപണവും ഷൗക്കത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉന്നയിക്കുന്നുണ്ട്. ആരോപണങ്ങളിൽ വസ്തുതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഗതാഗത സെക്രട്ടറിയുടെ അന്വേഷണത്തിൽ പരിശോധിക്കുന്നത്.
സംഭവത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ നടപടികൾ ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം. ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവരുന്നതോടെ ആരോപണങ്ങളിൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.
Kerala
തിരുവനന്തപുരം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്ക്കാണ് അന്വേഷണ ചുമതല. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് ജീവനൊടുക്കിയത്. ഓട്ടോയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ഷൗക്കത്ത് ജീവനൊടുക്കിയത്. സംഭവത്തിൽ മന്ത്രി സി.പി.ജോൺ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് സർക്കാർ വിശദമായ അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് സെക്രട്ടറിയെ നിയോഗിച്ചത്. അതേസമയം ഷൗക്കത്തിന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ട് ദിവസം മുമ്പ് ഷൗക്കത്ത് തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്. വാഹനത്തിലെ രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രൂപമാറ്റങ്ങൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. എന്നാൽ അത് പൂർണമായി പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2021 ജൂൺ ഏഴിനാണ് ഷൗക്കത്ത് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ലായിരുന്നു. 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അനുവദിച്ചിരുന്നു. രണ്ടാം ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി 2025 നവംബർ 11ന് കൊണ്ടോട്ടി എഎംവിഐയുടെ മുന്നിൽ വാഹനം ഹാജരാക്കി.
പരിശോധനയിൽ ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാബിന്റെ ഇരുവശങ്ങളിലുമായി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ, യാത്രക്കാരുടെ ക്യാബിന്റെ വലതുവശത്ത് ഉയർത്തി വെൽഡ് ചെയ്ത സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിച്ചു.
ഈ മാറ്റങ്ങൾ വരുത്തിയ ശേഷം വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാനും നിർദേശിച്ചിരുന്നു. തുടർന്ന് ഷൗക്കത്ത് വാഹനം വീണ്ടും പരിശോധനയ്ക്ക് എത്തിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്റ്റീൽ റെയിലിങ്ങുകൾ ഒഴികെ ഉദ്യോഗസ്ഥൻ നിർദേശിച്ച മറ്റ് മാറ്റങ്ങളെല്ലാം വരുത്തിയിരുന്നു. റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് ഷൗക്കത്ത് തന്നെ പകർത്തിയ ദൃശ്യങ്ങളിലുണ്ട്.
ഇതിനായി താൻ ഒരുപാട് പണം ചെലവാക്കിയെന്ന് ഷൗക്കത്ത് പറയുന്നുണ്ട്.തള്ളിനിൽക്കുന്ന ഭാഗങ്ങൾ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നതും കാണാം. വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കി മടങ്ങിപ്പോയതിനുശേഷം പിന്നീട് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് വാഹനം കൊണ്ടുവന്നിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
Kerala
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ മന്ത്രി സി.പി. ജോൺ റിപ്പോർട്ട് ആവശ്യപ്പെട്ടു. മലപ്പുറം കിഴിശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് മരിച്ച സംഭവത്തിലാണ് മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ഷൗക്കത്ത് എഴുതിയെന്ന് കരുതിയ കുറിപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഷൗക്കത്തിന്റെ ആരോപണങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടിയാണ് ഗതാഗത മന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
Kerala
മലപ്പുറം: വെട്ടത്തൂരിൽ ഷോക്കേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.
കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയില് നിന്നാണ് ഇവര്ക്ക് ഷോക്കേറ്റത്. പന്നിക്ക് വച്ച കെണിയിലെ കമ്പിയില് നിന്നാകാം ഷോക്കേറ്റതെന്ന് നാട്ടുകാര് പറയുന്നു. എന്നാല് ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
District News
നിലന്പൂർ: മാനന്തവാടി രൂപതയ്ക്ക് കീഴിൽ മലപ്പുറം ഡെവലപ്മെന്റ് സൊസൈറ്റി രൂപീകരിക്കണമെന്ന് ജീവസ് കേരള ലേബർ മൂവ്മെന്റ് (കെഎൽഎം) മണിമൂളി, നിലന്പൂർ മേഖല നേതൃത്വ പരിശീലന ശിൽപശാല ആവശ്യപ്പെട്ടു. നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളി വികാരി ഫാ. ഡോ. സെബാസ്റ്റ്യൻ പുത്തേൻ ഉദ്ഘാടനം ചെയ്തു.
രൂപത ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറന്പിൽ അധ്യക്ഷത വഹിച്ചു. മേഖല കോ ഓർഡിനേറ്റർ ജോയ് ചാച്ചിറ, ഫൊറോന ഡയറക്ടർമാരായ അനീഷ് മൂലയിൽ (മണിമൂളി), വി.കെ. ജസ്റ്റിൻ (നിലന്പൂർ), ബിജു കോട്ടേപറന്പിൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ട്രഷറർ തോമസ് മാത്യു, അഗസ്റ്റിൻ മുങ്ങനാനി, ജോബി തോമസ് എന്നിവർ ക്ലാസെടുത്തു.
\സമാപന സമ്മേളനം സഹവികാരി ജനറാൾ ഫാ. ബെന്നി മുതിരക്കാല ഉദ്ഘാടനം ചെയ്തു. 22 ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കവളപ്പാറ ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച് പ്രാർഥന നടത്തി.
Kerala
മലപ്പുറം: മലപ്പുറം സ്ഫോടക വസ്തു കേസിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. കർണാടക വിജയപുര സ്വദേശികളായ മന്തഗൗഡ് ബിരാദർ, ബാപഗൗഡ് ഭീരമായ ചൗദ്രി, പ്രകാശ് ഗൗഡ ബിരാദർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
മലപ്പുറത്ത് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെയും പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
ഈ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്നാണ് എൻഐഎ വ്യക്തമാക്കിയത്.
യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് കേന്ദ്ര ഏജൻസി വ്യക്തമാക്കി. ദേശീയ സുരക്ഷയെത്തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻഐഎ ഇതിൽ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും വിവരിച്ചിട്ടുണ്ട്.
448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉൾപ്പെടുന്നതാണ് റെയ്ഡുകളിൽ പിടിച്ചെടുത്ത വൻ സ്ഫോടകവസ്തു ശേഖരം.
Kerala
ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്.
മലപ്പുറം സ്വദേശി വിഗീഷ് ആണ് സംഭവത്തിന് ശേഷം തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇരുവരും തമ്മിൽ ധനലക്ഷ്മിയും വിഗീഷും ഏറെ നാളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്.
തുടർന്ന് 55കാരി ധനലക്ഷ്മി തന്നെ വിവാഹം കഴിക്കണമെന്ന് വിഗീഷിനോട് ആവശ്യപ്പെട്ടു. വിഗീഷ് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നാലെ ധനലക്ഷ്മിയെ വിഗീഷ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നാലെ മുറി അടച്ച് കടന്നു കളഞ്ഞ വിഗീഷ് മലപ്പുറത്തെത്തി സഹോദരിയോട് കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
Kerala
മലപ്പുറം: എടവണ്ണപ്പാറയിൽ സ്കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടവണ്ണപ്പാറ എളമരം സ്വദേശി റുഫൈദ് (20) ആണ് ദാരുണമായി മരണപ്പെട്ടത്.
എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ രാത്രി ഒമ്പതരയോടെ പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. എടവണ്ണപ്പാറയിൽ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റുഫൈദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർനടപടികളുടെ ഭാഗമായി ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മഞ്ചേരി സ്വദേശി ശ്രീഹരിയാണ് (19) ആണ് മരിച്ചത്. കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകനാണ്.
ബിരുദ വിദ്യാർഥിയാണ് ശ്രീഹരി. രാവിലെ 11 ഓടെയാണ് സംഭവം. മുങ്ങിപ്പോയപ്പോൾ കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ ശ്രീഹരിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ട് എത്തിയ നാട്ടുകാർക്കും രക്ഷിക്കാനായില്ല.
മഴയെ തുടർന്ന് കുളം നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു. അഗ്നിശമനസേന എത്തി ശ്രീഹരിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മലപ്പുറം: മലപ്പുറത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് തോടിൽ ഒഴുക്കിൽപ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ്.
വീടിന് സമീപത്തെ തോട്ടിലേക്ക് കുട്ടി അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Sports
തൃശൂർ: 65-ാമതു സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബോള് ടൂര്ണമെന്റിൽ ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും വിഭാഗത്തില് മലപ്പുറം ചാന്പ്യന്മാരായി. കോഴിക്കോട് രണ്ടാംസ്ഥാനവും തിരുവനന്തപുരം മൂന്നാംസ്ഥാനവും നേടി.
മന്ത്രി ഒ.ജെ. ജനീഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. രാജന് ജെ. പല്ലന് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഫുട്ബോള് താരങ്ങളായ ഐ.എം. വിജയന്, ജോ പോള് അഞ്ചേരി എന്നിവര് മുഖ്യാതിഥികളായി. ഡെപ്യൂട്ടി മേയര് എ. പ്രസാദ്, കൗണ്സിലര് ജോയ് ബാസ്റ്റിന്, ഒളിമ്പ്യന് പി.ആര്. ശ്രീജേഷ് തുടങ്ങിയവര് പങ്കെടുത്തു.
Kerala
മലപ്പുറം: മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ കടുത്ത വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കുഞ്ഞാലിക്കുട്ടി അവഗണിക്കുകയാണെന്ന് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.
മലപ്പുറത്തെ കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതിനായി സംഘടിപ്പിച്ച യോഗത്തിലാണ് മുന്നണി ബന്ധത്തിലെ വിള്ളൽ വ്യക്തമാക്കുന്ന വിമർശനങ്ങൾ ഉയർന്നത്. ഏതെങ്കിലും വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് സംസാരിക്കാൻ പോലുമാകാത്ത അവസ്ഥയാണെന്നും ഇടനിലക്കാരില്ലാതെ അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.
വികസന ഫണ്ടുകൾ വിനിയോഗിക്കുന്ന കാര്യത്തിലോ മറ്റ് സുപ്രധാന വിഷയങ്ങളിലോ യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ല. പൊതുപരിപാടികളിൽ കോൺഗ്രസ് നേതാക്കളെ നിരന്തരം അവഗണിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി വലിയ പ്രതീക്ഷയോടെ ഓടിനടന്ന് പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർ നിലവിൽ തീർത്തും നിരാശരാണെന്നും യോഗത്തിൽ വിമർശനമുയർന്നു.
Kerala
മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
മുഹമ്മദ് റാഫി - ജൗഹറ എന്നിവരുടെ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. മുഖത്തും ചെവിയിലും തലക്കും കടിയേറ്റ കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇതേ നായ പലരെയും കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. നായയ്ക്കായി തെരച്ചിൽ തുടരുകയാണ്.
District News
മഞ്ചേരി: മേലാക്കത്ത് റോഡരികില് നിര്ത്തിയിട്ട കാര് കത്തി നശിച്ചു. നിരവധി വാഹനങ്ങള്ക്ക് സമീപം നിര്ത്തിയിട്ട കാറാണ് തീപിടിച്ച് നശിച്ചത്. മഞ്ചേരി അഗ്നിരക്ഷാ സേനയുടെ അവസരോചിത ഇടപെടലില് വന്ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
സര്വീസിനായി നിര്ത്തിയിട്ടതായിരുന്നു പള്ളിയാലില് മുബഷിറിന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാര്. ഷോര്ട്ട് സര്ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മഞ്ചേരി അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് കെ. പ്രതീഷിന്റെ നേതൃത്വത്തില് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള് സ്ഥലത്തെത്തി. ഗ്രേഡ് എസ്ടിഒ സലീം കണ്ണൂക്കാരന്, ഫയര് ആൻഡ് റെസ്ക്യു ഓഫീസര്മാരായ എം.വി. അനൂപ്, സജീഷ്, എന്. മെഹബൂബ് റഹ്മാന്, കെ.കെ. പ്രജിത്ത്, എം. അനൂപ്, ടി. റാഷിദ്, ഹോം ഗാര്ഡുമാരായ ഗണേഷ് കുമാര്, ജോജി ജേക്കബ്, കെ. അബ്ദുല് കരീം എന്നിവര് ദൗത്യത്തില് പങ്കാളികളായി.
District News
മലപ്പുറം: തിരൂർ നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെയും സീബ്രാലൈൻ മാർക്കിംഗുകളും ട്രാഫിക് ബോർഡുകളും മറ്റ് റോഡ് സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി പരിശോധിച്ച് അനിവാര്യമായ നവീകരണവും പുനഃസ്ഥാപനവും നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. നഗരത്തിൽ സീബ്രാ ലൈനുകൾ അവഗണിച്ചുള്ള ഡ്രൈവിംഗ് വർധിക്കുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊതുമരാമത്ത് (നിരത്തുകൾ) എക്സിക്യുട്ടീവ് എൻജിനിയർ, തിരൂർ നഗരസഭാ സെക്രട്ടറി, മലപ്പുറം ആർടിഒ, തിരൂർ ഡിവൈഎസ്പി എന്നിവർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നാഴ്ചയ്ക്കകം കമ്മീഷനെ അറിയിക്കണം. നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സീബ്രാലൈൻ മാർക്കിംഗുകൾ വ്യക്തമല്ലെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു. സീബ്രാലൈൻ അവഗണിച്ചുള്ള ഡ്രൈവിംഗ് അപകടങ്ങൾക്ക് കാരണമാകുന്നു.
ട്രാഫിക് നിയന്ത്രണ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും നശിച്ച നിലയിലാണ്. ഇത് കുട്ടികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം നിലവിലുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കി സുരക്ഷിത കാൽനടയാത്രക്കുള്ള സാഹചര്യം ഒരുക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ പറഞ്ഞു. തിരൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
District News
തച്ചിങ്ങനാടം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) കീഴാറ്റൂർ യൂണിറ്റ് കണ്വൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ദേവകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി.സുദർശൻ അധ്യക്ഷനായിരുന്നു.
ജില്ലാ പ്രസിഡന്റ് എൽ.ജെ. ആന്റണി, ബ്ലോക്ക് പ്രസിഡന്റ് കീഴാറ്റൂർ അനിയൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി യു. സന്തോഷ്, ട്രഷറർ ഇ.സുബ്രഹ്മണ്യൻ, പി.ജി. നാഥ്, കെ. നാരായണൻ, നല്ലൂർ രാമചന്ദ്രൻ, സി.പി. രാംമോഹൻ, എൽ.ജെ. ഏബ്രഹാം, സി. സുലോചന, എം. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
നവാഗത പെഷൻക്കാർക്ക് ചടങ്ങിൽ സ്വീകരണം നൽകി. പി. രാജീവ്, ദേവദാസ്, ശൈലജ എന്നിവർ ഗാനങ്ങളാലപിച്ചു.
District News
എടപ്പാള്: പൊതുപ്രവര്ത്തനത്തിന് പ്രാര്ഥനയോളം പ്രാധാന്യമുണ്ടെന്ന് മന്ത്രി എന്. ഷംസുദീന്. വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് എം.വി. യൂസഫ് മാസ്റ്റര് ഫൗണ്ടേഷന് ഏര്പ്പെടുത്തിയ പുരസ്കാരം മുസ്ലിം ലീഗ് നേതാവ് ഇബ്രാഹീം മുതൂരിന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര കാലം മുതല് തന്നെ അധ്യാപകരുടെ നേതൃത്വവും പ്രവര്ത്തനവും ഇന്ത്യയില് സാര്വത്രികമാണ്. ഇന്നും അധ്യാപകര് വിദ്യാലയങ്ങളിലെ പ്രവര്ത്തനങ്ങളോടൊപ്പം തന്നെ പൊതുരംഗത്തും നിറഞ്ഞുനില്ക്കുന്നു. ഇത്തരം നിറഞ്ഞുനില്ക്കുന്നവരെ സമൂഹം ആദരിക്കുകയും അംഗീകാരങ്ങള് നല്കുകയും ചെയ്യുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീഡിയോ സന്ദേശം ചടങ്ങില് അവതരിപ്പിച്ചു. വി.എസ്. ജോയ് എംഎല്എ പ്രശസ്തി പത്രവും 1,0001 രൂപയും ഇബ്രാഹിം മൂതൂരിന് സമ്മാനിച്ചു. ജില്ലാ ട്രഷറര് അഷ്റഫ് കോക്കൂര് പൊന്നാട അണിയിച്ചു.
പി.വി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. തിരൂര് സബ് കളക്ടര് ദിലീപ് കൈനിക്കര വിശിഷ്ടാതിഥിയായി. മുന് എംഎല്എ പി. നന്ദകുമാര്, എ.എം. രോഹിത്, രവി തേലത്ത്, ചുള്ളിയില് രവീന്ദ്രന്, ടി.പി. ഹൈദരാലി തുടങ്ങിയവര് പ്രസംഗിച്ചു.
District News
മലപ്പുറം: ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാസേനക്കൊപ്പം തോളോട് തോള് ചേര്ന്ന് പ്രവര്ത്തിക്കുന്ന സിവില് ഡിഫന്സ് വോളണ്ടിയര്മാര്ക്ക് വര്ഷങ്ങളായിട്ടും യൂണിഫോമില്ല. പല സ്റ്റേഷനുകളിലും പൂര്ണമായ യൂണിഫോമിന് പകരം തിരിച്ചറിയാന് സാധിക്കുന്ന തരത്തിലുള്ള റിഫ്ലെക്ടീവ് ജാക്കറ്റുകളും ഐഡി കാര്ഡും മെറ്റാലിക് ബാഡ്ജും മാത്രമാണ് അഗ്നിരക്ഷാ വകുപ്പ് നല്കിയിട്ടുള്ളത്.
ദുരന്തമുഖത്തെത്തുന്നത് സ്വയം പണംമുടക്കി
പലയിടങ്ങളിലും പാസിംഗ് ഔട്ട് പരേഡിനും ദുരന്തമുഖത്തെ തിരിച്ചറിയലിനുമായി വോളണ്ടിയര്മാര് പലപ്പോഴും സ്വന്തം കൈയില്നിന്ന് പണം മുടക്കിയാണ് യൂണിഫോം തയ്പ്പിക്കുന്നത്. സര്ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും സിവില് ഡിഫന്സിനായി അനുവദിക്കുന്ന പ്രത്യേക ഫണ്ടിന്റെ പരിമിതിയുമാണ് കാരണമായി പറയുന്നത്.
സ്വന്തമായി മറ്റു ജോലികള് ചെയ്യുന്നവരാണ് ഇതിലെ അംഗങ്ങളെല്ലാം. പ്രളയമോ ഉരുള്പൊട്ടലോ പോലുള്ള വലിയ ദുരന്തങ്ങള് ഉണ്ടാകുമ്പോള് സ്വന്തം ജോലിയും വരുമാനവും മാറ്റിവച്ചാണ് ഇവര് രക്ഷാപ്രവര്ത്തനത്തിന് ഇറങ്ങുന്നത്.
പരിശീലനത്തിൽ മികച്ചവർ
സ്റ്റേഷന്തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി ദുരന്തനിവാരണം, പ്രഥമശുശ്രൂഷ, ഫയര് ഫൈറ്റിംഗ് എന്നിവയില് മികച്ച പരിശീലനം ലഭിച്ചവരാണ് വോളണ്ടിയര്മാര്. പലപ്പോഴും ദുരന്തമുഖങ്ങളില് ജീവന് പണയംവച്ച് ഇറങ്ങുമ്പോള് ആവശ്യത്തിന് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള് സ്വന്തമായി വാങ്ങേണ്ടി വരുന്ന അവസ്ഥയിലാണിവര്.
ബ്രഹ്മപുരം തീപിടുത്തം, കോവിഡ് കാലത്തെ പ്രതിരോധ പ്രവര്ത്തനങ്ങള്, വിവിധ പ്രളയങ്ങള്, മലയോര മേഖലകളിലെ ഉരുള്പൊട്ടലുകള് എന്നിവടങ്ങളിലെല്ലാം ഈ സിവില് ഡിഫന്സ് വോളണ്ടിയര്മാരുടെ സേവനം വിലമതിക്കാനാവാത്തതാണ്.
യാത്രാക്കൂലിയോ ബത്തയോ ഇല്ല
എന്നാല് സിവില് ഡിഫന്സ് എന്നത് തികച്ചും സന്നദ്ധ സേവനമാണ്. ഇവര്ക്ക് യാതൊരുവിധ പ്രതിമാസ ശമ്പളമോ ദിവസബത്തയോ യാത്രക്കൂലിയോ ലഭിക്കുന്നില്ല. സംസ്ഥാനത്ത് 124 ഫയര് സ്റ്റേഷനുകളിലായി 6200ലധികം സിവില് ഡിഫന്സ് വളണ്ടിയര്മാരുണ്ട്.
മലപ്പുറം, മഞ്ചേരി, തിരൂര്, പെരിന്തല്മണ്ണ, പൊന്നാനി, നിലമ്പൂര് തുടങ്ങിയ ഫയര്സ്റ്റേഷനുകളിലായി 50 അംഗങ്ങള് വീതമുള്ള ടീമുകളാണുള്ളത്. മലപ്പുറം ജില്ലയില് 500ലധികം സജീവ വോളണ്ടിയര്മാരുണ്ട്.
സാമ്പത്തികമായ ആനുകൂല്യങ്ങള് ഇല്ലെങ്കിലും തങ്ങളെ തിരിച്ചറിയാനുള്ള യൂണിഫോമും കൃത്യമായ ഇന്ഷ്വറന്സ് പരിരക്ഷയും സര്ക്കാര് നല്കണമെന്നതാണ് വര്ഷങ്ങളായുള്ള ഇവരുടെ ആവശ്യം.
District News
മലപ്പുറം: സിബിഎസ്ഇ മലപ്പുറം സെൻട്രൽ സഹോദയ സെക്കൻഡറി അധ്യാപകർക്കായി സിനർജി പഠനശിബിരം പരിശീലനവും അധ്യാപക സംഗമവും ഊരകം സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ 84 സ്കൂളുകളിൽനിന്ന് 522 അധ്യാപകർ പങ്കെടുത്തു.
ഈ വർഷം നടപ്പാക്കുന്ന ത്രിഭാഷ പാഠ്യപദ്ധതി, കംപ്യൂട്ടേഷണൽ തിങ്കിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, കൗശൽ ബോധ്, കൗശൽ വികാസ് എന്നീ മേഖലകളിൽ മാസ്റ്റർ ട്രെയിനർമാർ പരിശീലനം നൽകി. ഒന്പത്, 10 ക്ലാസുകളിലെ കരിക്കുലം പരീക്ഷ സംബന്ധിച്ചുള്ള ഏറ്റവും പുതിയ കാര്യങ്ങൾ പരിശീലനത്തിൽ അവതരിപ്പിച്ചു.
എലിസബത്ത് ചെറിയാൻ, ഉമാദേവി, പി. രാജൻ, പി. ഷനീർ, സി.ഡി. രമാദേവി, എം.എം. സനിത, അബ്ദുൾ നാസർ മേച്ചേരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
പഠന ശിബിരം സെൻട്രൽ സഹോദയ വർക്കിംഗ് പ്രസിഡന്റ് ഫാ. ഡോ. തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയേക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സി. അനീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി.
സഹോദയ ഫിനാൻസ് സെക്രട്ടറി വി.എം. മനോജ് സ്വാഗതവും സഹോദയ ട്രെയിനിംഗ് കോ ഓർഡിനേറ്റർ യു.എ. ലത്തീഫ് നന്ദിയും പറഞ്ഞു. സഹോദയ പ്രിൻസിപ്പൽമാരായ കെ.വി. അബ്ദുൾ ഹമീദ്, വി. റെനീഷ്, ഷിന്റോ ദേവസ്യ, സിസ്റ്റർ അർച്ചന എന്നിവർ സംബന്ധിച്ചു.
District News
മഞ്ചേരി: മഞ്ചേരി മെഡിക്കല് കോളേജുമായി ബന്ധപ്പെട്ട വിവരങ്ങള് പൊതുജനങ്ങളിലേക്ക് വേഗത്തിലും കൃത്യമായും എത്തിക്കുന്നതിനായി മഞ്ചേരി സാന്ത്വനം ഓണ്ലൈന് ചാനല് തുടങ്ങി. എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന് അഹ്സനി അല് ഐദറൂസി കല്ലരട്ടിക്കല് ചാനലിന്റെ ഉദ്ഘാടനം നിര്വഹിച്ചു.
മഞ്ചേരി മെഡിക്കല് കോളേജിലെ പ്രധാന അറിയിപ്പുകള്, ദിവസേന ഒപി പ്രവര്ത്തിക്കുന്ന ഡിപ്പാര്ട്ട്മെന്റുകളുടെ പട്ടിക, രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കും ആവശ്യമായ നിര്ദേശങ്ങള്, ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധ സേവന വിവരങ്ങള്, മറ്റ് പ്രധാന അപ്ഡേറ്റുകള് എന്നിവ പൊതുജനങ്ങള്ക്ക് ലഭ്യമാകും.
മലപ്പുറം ഈസ്റ്റ് ജില്ലാ ജനറല് സെക്രട്ടറി ഷാഫി മാസ്റ്റര് വെങ്ങാട്, ജില്ലാ ഭാരവാഹികളായ ഷമീര് മാസ്റ്റര് കുറുപ്പത്ത്, സൈനുദ്ധീന് സഖാഫി ഇരുമ്പുഴി, ഫാറൂഖ് മാസ്റ്റര് പള്ളിക്കല്, നജീബ് മാസ്റ്റര് കല്ലരട്ടിക്കല്, സുല്ഫിക്കറലി സഖാഫി മലപ്പുറം, സുല്ഫീക്കര് അരീക്കോട്, ലത്തീഫ് സഖാഫി പാണ്ടിക്കാട്.
സോണ് ജനറല് സെക്രട്ടറി സഫ്വാന് കൂടക്കര, ഭാരവാഹികളായ ഇ. കെ മുസ്തഫ പട്ടര്ക്കുളം, യൂസുഫ് മാസ്റ്റര് പെരിമ്പലം, അബ്ദുല് ലത്തീഫ് പാപ്പിനിപ്പാറ, ശംസുദ്ദീന് വടക്കാങ്ങര, ബഷീര് പുല്ലഞ്ചേരി എന്നിവര് പങ്കെടുത്തു.
District News
വണ്ടൂര്: വിതനശേരി എഎംഎല്പി സ്കൂള് വികസന പദ്ധതികളുടെ ഉദ്ഘാടനവും അക്കാദമിക് മാസ്റ്റര് പ്ലാന് പ്രകാശനവും മന്ത്രി എ.പി. അനില്കുമാര് നിര്വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്മിച്ച പുതിയ പാചകപ്പുരയും മന്ത്രി ഉദ്ഘാടനം ചെയ്തു.
സ്കൂളിനായി നിര്മിച്ച ചുറ്റുമതിലും അനുബന്ധ ഗേറ്റും വണ്ടൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അമൃത ഉദ്ഘാടനം ചെയ്തു. ചടങ്ങില് എല്എസ്എസ് ലഭിച്ച വിദ്യാര്ഥികളെ ആദരിച്ചു. പ്രധാന കവാടത്തിന്റെ ഉദ്ഘാടനം പോരൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ നിര്വഹിച്ചു.
സ്കൂളില് സ്ഥാപിച്ച വാട്ടര് പ്യൂരിഫയര് പോരൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മല് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്് കെ.എം. ഷമീം അധ്യക്ഷത വഹിച്ചു.
അക്കാദമിക് മികവ് ലക്ഷ്യമാക്കി തയാറാക്കിയ അക്കാദമിക് മാസ്റ്റര് പ്ലാന് പോരൂര് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന് പ്രകാശനം ചെയ്തു. പ്രധാനധ്യാപിക എം.ആര്. ജ്യോതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമീള, എം.അബ്ദുള് നാസര്, ഗിരീഷ് കാലടി, സ്കൂള് മാനേജര് അഹമ്മദ്കുട്ടി, കുഞ്ഞിമുഹമ്മദ്, ബീന എന്നിവര് പ്രസംഗിച്ചു.
Kerala
മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ കേസെടുത്തു. വടകര സ്വദേശി ബൽരാജിനെതിരെ കേസെടുത്തു.
ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. ക്ലാസിൽ വച്ച് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്.
അടി കിട്ടിയ വിദ്യാർഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നെന്നാണ് വിവരം.
District News
നിലമ്പൂർ: വെളിയംതോട് ഓവുചാൽ-കലുങ്ക് നിർമാണം ഇഴയുന്നു. കെഎൻജി റോഡ് ഗതാഗതക്കുരുക്കിൽ. ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്.
നിർമാണം ഏറ്റെടുത്തവരുടെ നിസംഗത കാരണമാണ് ഗതാഗത തടസം നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു. കെഎൻജി റോഡിന്റെ നിലന്പൂർ വെളിയംതോട് ഭാഗത്തെ വ്യാപാരികളും യാത്രക്കാരും ഇതുമൂലം ദുരിതത്തിലാണ്.
മഴ പെയ്യുന്നതിനാൽ വെളിയംതോട് ഭാഗത്ത് റോഡിലേക്ക് വെള്ളം കയറുന്നു. ഇതോടെ മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ റോഡിന്റെ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.
വെള്ളം കെട്ടിനിന്നതിനാൽ വ്യാപാരികളിൽ ചിലർ കടകൾ അടച്ചിടുകയായിരുന്നു. നിലന്പൂരിലെ പ്രധാന വർക്ക്ഷോപ്പുകളെല്ലാം ഈ ഭാഗത്താണ്. മഴ പെയ്താൽ വർക്ഷോപ്പുകളിലേക്ക് വെള്ളം കയറും. ചന്തക്കുന്ന് മുതൽ നിലന്പൂർ താലൂക്ക് ഓഫീസ് ഭാഗം വരെയുള്ള കെഎൻജി റോഡിന്റെ ഭാഗങ്ങളിലാണ് ഓവുചാൽ -കലുങ്ക് നിർമാണം നടക്കുന്നത്. അഞ്ച് കോടി രൂപയാണ് പ്രവൃത്തിക്കായി ചെലവഴിക്കുന്നത്.
എന്നാൽ ഇവിടെ പണിയെടുക്കുന്നത് നാമമാത്രമായ തൊഴിലാളികൾ മാത്രം. 2018ലും 2019 ലും പ്രളയത്തിൽ വെള്ളം കയറി ഏറെ നഷ്ടം വ്യാപാരികൾക്ക് ഉൾപ്പെടെ ഉണ്ടായ പ്രദേശമാണിത്.
അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിലാണ് കരാർ കന്പനിയുടെ ഇഷ്ടത്തിനനുസരിച്ച് പണി മന്ദഗതിയിൽ നടക്കുന്നതെന്ന് വെളിയംതോടിലെ വ്യാപാരികളും വർക്ഷോപ്പ് ഉടമകളും പറയുന്നു. ഓവുചാലിന് മതിയായ ഉയരമില്ലാത്തതും ഭാവിയിൽ പ്രശ്നമാകും.
നിലന്പൂരിൽനിന്ന് കരിന്പുഴക്ക് അഞ്ച് കിലോമീറ്ററിൽ താഴെയാണെങ്കിലും ഇത്രയും കുറഞ്ഞ ദൂരം കടക്കാൻ പലപ്പോഴും ഒരു മണിക്കൂറാണ് എടുക്കുന്നത്. അധികൃതർ ഇടപെട്ട് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മങ്കട: മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജനപ്രതിനിധികളുമായും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുമായും നേരിട്ടുള്ള കൂടിക്കാഴ്ചകള്ക്ക് തുടക്കമിട്ട് മഞ്ഞളാംകുഴി അലി എംഎല്എ. മങ്കട മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി സംഘടിപ്പിച്ച വികസന ചര്ച്ചകളില് ജനപ്രതിനിധികളും വിവിധ മേഖലയിലെ നേതാക്കളും പങ്കെടുത്തു.
അടിയന്തരമായി നടപ്പാക്കേണ്ടതും ദീര്ഘകാലാടിസ്ഥാനത്തില് പൂര്ത്തിയാക്കേണ്ടതുമായ പദ്ധതികള്ക്ക് മുന്ഗണന നിശ്ചയിച്ചാണ് വികസന പ്രവര്ത്തനങ്ങള് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് എംഎല്എ പറഞ്ഞു. മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന റോഡ്, ആരോഗ്യ, വിദ്യാഭ്യാസ, കുടിവെള്ള പദ്ധതികള്ക്കാണ് പ്രത്യേക ഊന്നല്.
ഗതാഗതരംഗത്ത് വലിയ മാറ്റം ലക്ഷ്യമിട്ട് ഒരാടം പാലം വൈലോങ്ങര റോഡ്, ഒരാടം പാലം-മാനത്തുമംഗലം ബൈപാസ്, വൈലോങ്ങര-പാലോളിപ്പറമ്പ് ബൈപാസ്, മക്കരപ്പറമ്പ് ബൈപാസ്, കൊളത്തൂര് ബൈപാസ് തുടങ്ങിയ പദ്ധതികള് യാഥാര്ഥ്യമാക്കുമെന്ന് എംഎല്എ വ്യക്തമാക്കി.
മണ്ഡലത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന ജല്ജീവന് മിഷന് പദ്ധതി സമയബന്ധിതമായി പൂര്ത്തിയാക്കും. ഗവണ്മെന്റ് ഐടിഐക്ക് പുതിയ കെട്ടിടം നിര്മിക്കും. മങ്കട പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടവും പരിഗണനയിലുണ്ട്.
District News
കരുവാരകുണ്ട്: പറയൻമാട് ഉന്നതിയിൽ കാട്ടാനകൾ ഭീതി വിതച്ചു. കഴിഞ്ഞ ദിവസം ഉന്നതിയിലും പരിസരത്തുമെത്തിയ കാട്ടാനങ്ങൾ വ്യാപകമായ കൃഷി നശിപ്പിച്ചു. പകൽ സമയത്തുപോലും കാട്ടാനകൾ ഉന്നതിക്കു സമീപം നിലയുറപ്പിക്കുകയാണ്. അതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. ഇവർക്ക് സുരക്ഷിത വീടുകളുമില്ല.
കാട്ടാനകളിറങ്ങിയ വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വില്ലേജ്, പോലീസ്, വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കാട്ടാനകളെ തുരത്താൻ സുരക്ഷാ സംവിധാനങ്ങൾ പ്രദേശത്തില്ലെന്ന് സംഘം വിലയിരുത്തി. ഫെൻസിംഗ് നിർമാണം ആരംഭിക്കുമെന്നും തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
District News
മേലാറ്റൂര്: ഫിഫ ലോക കപ്പ് ആവേശം നിറച്ച് ലോകകപ്പ് എക്സ്പ്രസ് ഗോള് വണ്ടി പര്യടനത്തിന് തുടക്കം. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന് കെ.ടി അജ്മലും കേരള വ്യാപാരി വ്യവസായി മേലാറ്റൂര് യൂണിറ്റ് ഭാരവാഹികളും സംയുക്തമായി നടത്തുന്ന ലോകകപ്പ് എക്സ്പ്രസ് ഗോള് വണ്ടിയാണ് പര്യടനം തുടങ്ങിയത്.
രണ്ട് ദിവസങ്ങളിലായി ഗോള് വണ്ടി പ്രദേശത്ത് പര്യടനം നടത്തും. മേലാറ്റൂരില് സംഘടിപ്പിച്ച ചടങ്ങില് സന്തോഷ് ട്രോഫി താരം മുഹമ്മദ് ആഷിക് ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തില് മേലാറ്റൂര്, ഉച്ചാരക്കടവ്, ചെമ്മാണിയോട്, ചുങ്കം, കാര്യവട്ടം, കാപ്പ്, വെട്ടത്തൂര് എന്നീ അങ്ങാടികളിലാണ് പര്യടനം. ഒരാള്ക്ക് മൂന്നുതവണയാണ് ഗോളടിക്കാനുള്ള അവസരം.
വിജയികളാകുന്നവര്ക്ക് ജേഴ്സി സമ്മാനിക്കും. പ്രവചന മത്സരത്തില് വിജയിക്കാവുന്ന ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്ക്ക് 10,001, 5,001, 3,001 എന്നിങ്ങനെയാണ് സമ്മാനങ്ങള്. ഉദ്ഘാടന ചടങ്ങില് മേലാറ്റൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് റംസീന മുജീബ് , വൈസ് പ്രസിഡന്റ് അജിത്ത് പ്രസാദ് ,
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.എം. അബൂബക്കര്, മണ്ഡലം സെക്രട്ടറി മനോജ് കുമാര്, യൂത്ത് വിങ് പ്രസിഡന്റ്് സുബൈര്, ബാബു, ഹനീഫ, സജീവ് തുടങ്ങിയവര് പങ്കെടുത്തു.
District News
വളാഞ്ചേരി: ഒരു ലക്ഷം രൂപയോളം വിലയുള്ള ചെമ്പ് പാത്രങ്ങളും ചെമ്പ് വയറുകളും മോഷ്ടിച്ച സംഭവത്തില് നാലു പേര് അറസ്റ്റില്. പുന്നാംചോല പട്ടന്മാര് തൊടി വീട്ടില് ജാഫറലി (42), അത്തിപ്പറ്റ പെരുമ്പറമ്പില് ഷെമീര് (43), മനക്കല്പ്പടി ചിറക്കല് ഷെമീര് (36), അത്തിപ്പറ്റ പാലശേരി വീട്ടില് ഷറഫുദീന് (38) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി പുന്നാംചോല, അത്തിപ്പറ്റ മേഖലയില് ജനങ്ങളുടെ ഉറക്കം കെടുത്തിയ മോഷ്ടാക്കളാണ് തിരൂര് ഡിവൈഎസ്പി യുടെ കീഴിലുള്ള ഡാന്സഫ് ടീമിന്റെയും വളാഞ്ചേരി പോലീസിന്റെയും നീക്കങ്ങള്ക്കൊടുവില് വലയിലായത്.
തുടര്ച്ചയായി പ്രദേശത്ത് മോഷണങ്ങള് നടന്നതോടെ പ്രദേശ വാസികള് ആശങ്കയിലായിരുന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള് ഒന്നും തന്നെ സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നില്ല. കളവുകള് നടത്തിയിരുന്ന മുന് കുറ്റവാളികളെ നിരീക്ഷിച്ചും പഴയ പാത്രങ്ങളും ആക്രി സാധനങ്ങള് വാങ്ങുന്നവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കേസില് തുമ്പായത്.
സമീപവാസിയായ യുവാവ് മാസങ്ങള്ക്ക് മുന്പ് കുറ്റിപ്പുറത്തെ ക്വാര്ട്ടേഴ്സില്നിന്ന് ഇത്തരത്തില് മോഷണം നടത്തിയിരുന്നതായി കണ്ടെത്തിയതോടെ അയാളെയും കൂട്ടാളികളെയും തുടര്ച്ചയായി നിരീക്ഷിച്ച് പ്രതികളിലേക്ക് എത്തുകയായിരുന്നു. ജാഫര് അലിയാണ് മോഷണം നടത്തിയത്. മോഷണ മുതലുകള് വളാഞ്ചേരിയിലും കുളത്തൂരുമായി വില്പ്പന നടത്താന് സഹായിച്ചവരാണ് മറ്റുള്ളവര്.
വളാഞ്ചേരി എസ്ഐ നിര്മല് മുരളി, തിരൂര് ഡാന്സാഫ് ടീമിലെ എഎസ്ഐമാരായ രാജേഷ്, ജയപ്രകാശ്, സിപിഒ ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ സിപിഒമാരായ തോമസ്, റാഷിദ്, വിജയനന്ദു, അര്ജുന് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പിന്തുണയോടെ മത്സരിച്ച അഞ്ചു സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. മാനേജ്മെന്റ് പ്രതിനിധികളുടെ മണ്ഡലത്തിൽനിന്ന് മത്സരിച്ച വെട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സൈതലവി, മക്കരപ്പറന്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സയ്യിദ് അബുതങ്ങൾ, പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പച്ചിരി ഫാറൂഖ്, പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. സൈനുദീൻ എന്നിവരും ജീവനക്കാരുടെ മണ്ഡലത്തിൽനിന്ന് മത്സരിച്ച അരക്കുപറന്പ് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി. അഷ്റഫ് എന്നിവരാണ് വിജയിച്ചത്.
നിലവിൽ യുഡിഫ് വിജയിച്ചുവരുന്ന അഞ്ച് മണ്ഡലങ്ങളിൽ നാലെണ്ണം മാനേജ്മെന്റ് പ്രതിനിധികളുടെ മണ്ഡലങ്ങളും ഒന്ന് ജീവനക്കാരുടെ മണ്ഡലവുമാണ്. സ്റ്റാറ്റസ്കോ പ്രകാരം ആദ്യത്തെ നാലെണ്ണത്തിൽ രണ്ടെണ്ണം കോണ്ഗ്രസിനും രണ്ടെണ്ണം ലീഗിനും ജീവനക്കാരുടെ മണ്ഡലം കോ ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷനുമാണ് (സിഇഒ) നൽകാറുള്ളത്. ഇതിൽ സിഇഒ തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച വിവരം മാനേജ്മെന്റ് പ്രതിനിധികളെ അറിയിച്ചതുമാണ്.
എന്നാൽ തന്റെ സ്വന്തക്കാരന് വേണ്ടി ജീവനക്കാരുടെ മണ്ഡലം ജീവനക്കാരിൽ 75 ശതമാനത്തോളം പ്രാതിനിധ്യമുള്ള സിഇഒയ്ക്ക് നൽകാതെ തങ്ങൾക്ക് വേണം എന്ന കോണ്ഗ്രസ് നേതാവിന്റെ പിടിവാശിയാണ് ഇപ്രാവശ്യം മുന്നണി സംവിധാനം തെറ്റാനുണ്ടായ കാരണമെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു.
വിജയിച്ച സ്ഥാനാർഥികൾക്ക് കോ-ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷന്റെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.എച്ച്. മുഹമ്മദ് മുസ്തഫ, സംസ്ഥാന സെക്രട്ടറി നൗഷാദ് പുളിക്കൽ, സിഇഒ ജില്ലാ സെക്രട്ടറി ഉസ്മാൻ തെക്കെത്ത്, വൈസ് പ്രസിഡന്റ് അബ്ദുൾ സലാം, സെക്രട്ടറി വി.എൻ. ലൈല, സിഇഒ താലൂക്ക്് പ്രസിഡന്റ് ഇ.കെ. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി നിയാസ് ബാബു, ട്രഷറർ അൻവർ കളത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളും സഹകാരികളും ചേർന്ന് സ്വീകരണം നൽകി.
District News
വണ്ടൂർ: അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ കഞ്ചാവ് പൊതി കണ്ടെത്തി. ഇന്നലെ രാവിലെ ഒന്പതരയോടെയാണ് വണ്ടൂർ കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിൽ ബസ് കാത്തുനിന്നവർക്ക് നേരെ പാഞ്ഞടുത്ത് തൊട്ടടുത്ത കടയുടെ വരാന്തയിലേക്ക് കയറിനിന്നത്.
അപകടത്തിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. വാണിയന്പലം ഭാഗത്ത് നിന്ന് യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ചാണ് കടയുടെ വരാന്തയിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിൽ ഒരു ആണ്കുട്ടിക്കും പെണ്കുട്ടിക്കുമാണ് പരിക്കേറ്റത്. ഇരുവരെയും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുവയസുകാരിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെത്തുടർന്ന് നാട്ടുകാർ ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് ഫസ്റ്റ് എയ്ഡ് ബോക്സിൽ കഞ്ചാവ് കണ്ടെത്തിയത്. പോലീസ് എത്തി ഒട്ടോഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
District News
മലപ്പുറം: പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും നേരിട്ട് ജനങ്ങളിലേക്ക്. തീർപ്പാക്കാത്ത പരാതികൾക്ക് പരിഹാരം കാണാൻ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന "ജനസാക്ഷ്യം’ പരാതി പരിഹാര അദാലത്തിന് 13ന് തുടക്കമാകും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിത്യേന പരാതികളുമായി നിരവധി ആളുകൾ ജില്ലാ പഞ്ചായത്തിലും കളക്ടറേറ്റിലും എത്തുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ പരാതികൾ കേൾക്കാൻ അവരിലേക്ക് നേരിട്ടെത്തുന്നത്.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അടിസ്ഥാനത്തിലാണ് അദാലത്തുകൾ നടക്കുക. നഗരസഭാ പരിധിയിലെ ജനങ്ങളെയും അദാലത്തിന്റെ ഭാഗമാക്കും. എല്ലാ അദാലത്തുകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ ഹെൽപ്പ് ഡഡ്ക്കുകൾ പ്രവർത്തിക്കും.
ജനസാക്ഷ്യം അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം 13ന് രാവിലെ ഒന്പതിന് ആനക്കയം ഗ്രാമപഞ്ചായത്തിലെ ബിസ്മി ഓഡിറ്റോറിയത്തിൽ നടക്കും. വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി അധ്യക്ഷനായിരിക്കും.
കളക്ടർ ഡോ. വിനയ് ഗോയൽ പരാതികൾ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി, വികസന സ്ഥിരം സമിതി ചെയർപേഴ്സണ് ഷാഹിന നിയാസി, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പരാതി തീർപ്പാക്കാൻ ഉദ്യോഗസ്ഥരും
ജനസാക്ഷ്യം പരാതി പരിഹാര അദാലത്തിൽ പരാതികൾ തീർപ്പാക്കാൻ ജനപ്രതിനിധികൾക്കും ജില്ലാ കളക്ടർക്കും കൂടെ ഉദ്യോഗസ്ഥ സംഘവും എത്തും. ജില്ലാ പോലീസ് മേധാവി, സബ് കളക്ടർമാർ, ഡെപ്യൂട്ടി കളക്ടമാർ, തഹസിൽദാർ, തദ്ദേശസ്ഥാപന ജോയിന്റ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, അഗ്രിക്കൾച്ചർ പ്രിൻസിപ്പൽ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ,
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർമാർ, വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ, എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനിയർ, തൊഴുറപ്പ് ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ, കഐസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ, സർവെയും ഭൂരേഖയും വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ,
ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ, ജില്ലാ രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർ, ജില്ലാ ജിയോളജിസ്റ്റ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളർ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം അദാലത്തിൽ ഉണ്ടാകും.
District News
കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് മേഖലയില് വീണ്ടും നരഭോജി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തൊഴില് മേഖലയില് സ്തംഭനാവസ്ഥ. കടുവയെ ഭയന്ന് തൊഴിലാളികള് ജോലിക്കെത്തുന്നില്ല. കര്ഷകര്ക്കിത് കനത്ത നഷ്ടമാണ് വരുത്തി വയ്ക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തില് വനം വകുപ്പ് അധികൃതര് അടിയന്തരമായി ഇടപെടണമെന്ന് മലയോര ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്ച്ചെ ടാപ്പിംഗ് തൊഴിലാളി കടുവയുടെ പിടിയില്പ്പെടാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതേ തുടര്ന്ന് വനമേഖലയിലെ കര്ഷകരും തൊഴിലാളികളും അതീവ ജാഗ്രതയിലാണ്.
സന്ധ്യാസമയങ്ങളിലും പുലര്ച്ചെയുമുള്ള യാത്രകളും കാര്ഷിക ജോലികളും പരിമിതപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം തൊഴിലാളികള് കടുവയെ മുഖാമുഖം കണ്ടതോടെ വനവകുപ്പ് അധികൃതര് പ്രദേശത്ത് പരിശോധനയും നിരീക്ഷണ തുടങ്ങി. പ്രദേശവാസികള് അനാവശ്യമായി വനാതിര്ത്തിയോട് ചേര്ന്ന മേഖലകളില് പോകരുതെന്നാണ് കരുതല് നിര്ദേശം.
ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും നിര്ദേശമുണ്ട്. വനത്തോട് ചേര്ന്നുകിടക്കുന്ന കാടുമൂടിക്കിടക്കുന്ന കൃഷിയിടങ്ങളില് അപകടകാരികളായ വന്യ ജീവികള് തമ്പടിക്കാന് സാധ്യതയേറെയാണ്. ഇത് വന്യമൃഗങ്ങള് നാട്ടിലേക്ക് ഇറങ്ങുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് മലയോര ജനജാഗ്രതാ സമിതി ഭാരവാഹികള് പറഞ്ഞു.
കൂടുതല് നിരീക്ഷണ കാമറകള് സ്ഥാപിക്കണം: മലയോര ജാഗ്രതാ സമിതി
കരുവാരക്കുണ്ട്: വന്യജീവികളുടെ സഞ്ചാരപാതകള്ക്ക് സമീപമുള്ള ഭൂമികളിലെ കുറ്റിക്കാടുകള് നീക്കം ചെയ്യണമെന്ന് മലയോര ജാഗ്രതാ സമിതി. കടുവയുടെ സാന്നിധ്യം റിപ്പോര്ട്ട് ചെയ്യുന്ന മേഖലകളില് കൂടുതല് നിരീക്ഷണ കാമറകള് സ്ഥാപിക്കണം.
രാത്രികാല പട്രോളിംഗ് വര്ധിപ്പിക്കണം. ജനങ്ങള്ക്ക് സമയബന്ധിതമായി മുന്നറിയിപ്പുകള് നല്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അതോടൊപ്പം പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന് വനംവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്, പോലീസ്, ജനപ്രതിനിധികള് എന്നിവര് സംയുക്തമായി പ്രവര്ത്തിക്കണമെന്നും ഭാരവാഹികള് അഭിപ്രായപ്പെട്ടു.
വന്യജീവി ശല്യം രൂക്ഷമായ മലയോര മേഖലകളില് ദീര്ഘകാല പരിഹാര നടപടികള് സര്ക്കാര് നടപ്പാക്കണമെന്നാണ് ആവശ്യം. വനാതിര്ത്തി പ്രദേശങ്ങളില് സുരക്ഷാ സംവിധാനങ്ങള് ശക്തിപ്പെടുത്തുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുനനതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുകയും വേണമെന്നും ആവശ്യമുണ്ട്. യോഗത്തില് ഒ.പി. ഇസ്മായില് അധ്യക്ഷത വഹിച്ചു.
അയ്യൂബ് മേലേടത്ത്, മാനുവല് കുട്ടി മണിമല, കുഞ്ഞിമോന് പുല്വെട്ട എന്നിവര് പ്രസംഗിച്ചു.
District News
നിലമ്പൂര്: മലയോര മേഖലയുടെ വികസന സ്വപ്നങ്ങള്ക്ക് തിരിച്ചടിയായി നിലമ്പൂര്-നായാടംപൊയില് മലയോര ഹൈവേ നിര്മാണത്തിലെ മെല്ലെപ്പോക്ക്. കിഫ്ബി ഫണ്ടില് നിന്ന് 120 കോടി രൂപ ചിലവഴിച്ചാണ് നിലമ്പൂര്-നായാടംപൊയില് മലയോര ഹൈവേ നിര്മാണം.
മൈലാടിപാലം മുതല് മൂലേപ്പാടം വരെ ഒരു റീച്ചും മൂലേപ്പാടം മുതല് നായാടംപൊയില് വരെ മറ്റൊരു റീച്ചുമാണ്. മൂലേപ്പാടം മുതല് നായാടംപൊയില് വരെയുള്ള ഭാഗത്തിന്റെ നിര്മാണ ചുമതല ഊരാളുങ്കല് ലേബര് സൊസൈറ്റിക്കാണ്. എന്നാല് നാമമാത്രമായ തൊഴിലാളികളുമായി മന്ദഗതിയിലാണ് പ്രവൃത്തി നടത്തുന്നത്. മൂലേപ്പാടം മുതല് നായാടംപൊയില് വരെയുള്ള ഭാഗത്തെ നിര്മാണത്തിന് 74 കോടി രൂപയാണ് ചിലവഴിക്കുന്നത്.
100 ലേറെ തൊഴിലാളികള് പണിയെടുക്കേണ്ട പ്രവൃത്തിയാണ് അഞ്ചും പത്തും തൊഴിലാളികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. എട്ടാം ബ്ലോക്ക് മുതല് വെണ്ടേക്കുംപൊയില് വരെയുള്ള ഭാഗത്ത് റോഡ് തകര്ന്ന് കിടക്കുന്നതിനാല് ഈ ഭാഗത്തെ മൂന്ന് സ്ഥലങ്ങളില് കോണ്ക്രീറ്റ് പ്രവൃത്തി നടത്തി ഗതാഗത തടസം ഉണ്ടാവാത്ത സാഹചര്യം ഒരുക്കണമെന്ന നിര്ദേശവും നടപ്പാകാത്ത സ്ഥിതിയാണ്.
കഴിഞ്ഞ 25 മുതല് റോഡ് നിര്മാണം വേഗത്തിലാക്കാന് 100 ല് കുറയാത്ത തൊഴിലാളികളുടെ സേവനം ഉറപ്പ് വരുത്താമെന്ന ഊരാളുങ്കല് ലേബര് സൊസൈറ്റി പ്രതിനിധികള് മന്ത്രി പി.കെ. ബഷീറിന് ഉറപ്പ് നല്കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. കക്കാടം പൊയില്- നായാടംപൊയില് വരെയുള്ള നാല് കിലോമീറ്ററിലെ നിര്മാണ പ്രവൃത്തി കരാര് പ്രകാരം മെയ് 15ന് തീരേണ്ടതാണ്. എന്നാല് പ്രവൃത്തി ഒന്നുമായില്ലെന്ന് മാത്രമല്ല. റോഡിന്റെ പല ഭാഗവും വെട്ടി പൊളിച്ചിട്ടിരിക്കുന്നത് വാഹന യാത്രക്കാര്ക്ക് പ്രയാസം സൃഷ്ടിക്കുകയുമാണ്.
കെഎസ്ആര്ടിസി സര്വീസിനെ ബാധിക്കുമോയെന്ന് ആശങ്ക
നിലമ്പൂര്: നിലമ്പൂര്-നായാടംപൊയില് മലയോര ഹൈവേ നിര്മാണത്തിലെ മന്ദഗതി മലയോര മേഖലയിലേക്കുള്ള ഏക ഗതാഗത മാര്ഗമായ കെഎസ്ആര്ടിസി സര്വീസിനെ ബാധിക്കുമോയെന്ന് ആശങ്ക. മന്ത്രി പി.കെ. ബഷീര് ഇക്കാര്യത്തില് അടിയന്തര ഇടെപടല് നടത്തിയാല് മാത്രമേ പ്രശ്നം പരിഹരിക്കപ്പെടൂ എന്ന സ്ഥിതിയാണ്.
ചാലിയാര് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന് അനീഷ് അഗസ്റ്റ്യന്റെ ഇടപെടലിനെ തുടര്ന്നാണ്റോഡ് തകര്ന്ന ഭാഗത്ത് മഴക്കാലത്ത് ഗതാഗതം തടസപ്പെടാതിരിക്കാന് കോൺക്രീറ്റ് ചെയ്യാമെന്ന് കരാറുകാരന് ഉറപ്പ് നല്കിയത്. എന്നാല് പണി ഒച്ച് ഇഴയും വേഗതയില് തന്നെയാണിപ്പോഴും.
കേരളാ റോഡ് ഫണ്ട് ബോര്ഡിനാണ് റോഡ് നിര്മാണ ചുമതല.
District News
മലപ്പുറം: മലപ്പുറം നഗരസൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എൽഇഡി വിളക്കുകൾ മിഴിതുറന്നു. കോട്ടപ്പടി കിഴക്കേത്തല മുതൽ മച്ചിങ്ങൽ ജംഗ്ഷൻ വരെ ദേശീയപാതയുടെ മധ്യഭാഗത്ത് സ്ഥാപിച്ച തെരുവുവിളക്കുകളുടെ സ്വിച്ച് ഓണ് കർമം ഉത്സവാന്തരീക്ഷത്തിൽ വ്യവസായ, ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. പി. ഉബൈദുള്ള എംഎൽഎയുടെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 200 വാട്ട്സിന്റെ 55 അലങ്കാര വിളക്കുകളാണ് ഇതോടെ മിഴിതുറക്കുക.
മലപ്പുറം കുന്നുമ്മൽ, കോട്ടപ്പടി ഭാഗങ്ങളിലായി 200 വാട്ട്സിന്റെ 35 വിളക്കുകൾ ഉടൻ സ്ഥാപിക്കും. കിഴക്കേത്തല ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സണ് അഡ്വ. വി. റിനിഷ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പി. ഉബൈദുള്ള മുഖ്യാതിഥിയായിരുന്നു.
വൈസ് ചെയർപേഴ്സണ് ജിതേഷ് ജി. അനിൽ, സ്ഥിരം സമിതി അധ്യക്ഷരായ ഹാരിസ് ആമിയൻ, പരി അബ്ദുള, മജീദ്, മറിയുമ്മ ശരീഫ് കോണോത്തൊടി, നാണത്ത് സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, കൗണ്സിലർമാരായ എം.കെ. അനിൽകുമാർ, കെ.കെ. ഉമ്മർ, സലീന ജാസ്മിൻ, റുക്സാന അൻസാർ ബാബു തുടങ്ങിയവർ പങ്കെടുത്തു.
District News
എടക്കര: നാടുകാണി ചുരത്തില് നിര്ത്തിയിട്ട ലോറിക്ക് മുകളില് മരം കടപുഴകി വീണു, ഡ്രൈവര് പരിക്കുകളോടെ രക്ഷപ്പെട്ടു. പോത്തുകല് എരുമമുണ്ട സ്വദേശി സോമി സെബാസ്റ്റിയന് (56) ആണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇയാള് വഴിക്കടവിലെ ആശുപത്രിയില് ചികിത്സ തേടി. ഞായറാഴ്ച രാവിലെ നാടുകാണി ചുരത്തില് സംസ്ഥാന അതിര്ത്തിയിലായിരുന്നു അപകടം .
ടയര് പഞ്ചറായതിനെ തുടര്ന്ന് റോഡരികില് നിര്ത്തിയിട്ട ലോറിക്ക് മുകളിലേക്ക് വന് മരം പൊട്ടി വീഴുകയായിരുന്നു. മരം വീണ് ലോറിയുടെ കാബിന് തകര്ന്നാണ് ഡ്രൈവര്ക്ക് പരിക്കേറ്റത്.
ബംഗളുരുവില് നിന്ന് പ്ലൈവുഡ് ലോഡുമായി പാലക്കാട്ടേക്ക് പോകുകയായിരുന്നു ലോറി. സ്ഥലത്തെത്തിയ നെല്ലിക്കുത്ത് സ്റ്റേഷനിലെ വനപാലകരും വഴിക്കടവ് സ്റ്റേഷനിലെ പൊലീസുകാരും നാട്ടുകാരും ചേര്ന്ന് മരം വെട്ടിമാറ്റി.