നിലമ്പൂർ - നായാടംപൊയിൽ മലയോര പാതയിൽ എസ് വളവിന് സമീപം തകർന്ന റോഡിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസി ബസും കാറും
നിലമ്പൂര്‍: മലയോര മേഖലയുടെ വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി നിലമ്പൂര്‍-നായാടംപൊയില്‍ മലയോര ഹൈവേ നിര്‍മാണത്തിലെ മെല്ലെപ്പോക്ക്. കിഫ്ബി ഫണ്ടില്‍ നിന്ന് 120 കോടി രൂപ ചിലവഴിച്ചാണ് നിലമ്പൂര്‍-നായാടംപൊയില്‍ മലയോര ഹൈവേ നിര്‍മാണം.
മൈലാടിപാലം മുതല്‍ മൂലേപ്പാടം വരെ ഒരു റീച്ചും മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെ മറ്റൊരു റീച്ചുമാണ്. മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെയുള്ള ഭാഗത്തിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ്. എന്നാല്‍ നാമമാത്രമായ തൊഴിലാളികളുമായി മന്ദഗതിയിലാണ് പ്രവൃത്തി നടത്തുന്നത്. മൂലേപ്പാടം മുതല്‍ നായാടംപൊയില്‍ വരെയുള്ള ഭാഗത്തെ നിര്‍മാണത്തിന് 74 കോടി രൂപയാണ് ചിലവഴിക്കുന്നത്.
100 ലേറെ തൊഴിലാളികള്‍ പണിയെടുക്കേണ്ട പ്രവൃത്തിയാണ് അഞ്ചും പത്തും തൊഴിലാളികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. എട്ടാം ബ്ലോക്ക് മുതല്‍ വെണ്ടേക്കുംപൊയില്‍ വരെയുള്ള ഭാഗത്ത് റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഈ ഭാഗത്തെ മൂന്ന് സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തി ഗതാഗത തടസം ഉണ്ടാവാത്ത സാഹചര്യം ഒരുക്കണമെന്ന നിര്‍ദേശവും നടപ്പാകാത്ത സ്ഥിതിയാണ്.
കഴിഞ്ഞ 25 മുതല്‍ റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ 100 ല്‍ കുറയാത്ത തൊഴിലാളികളുടെ സേവനം ഉറപ്പ് വരുത്താമെന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ മന്ത്രി പി.കെ. ബഷീറിന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. കക്കാടം പൊയില്‍- നായാടംപൊയില്‍ വരെയുള്ള നാല് കിലോമീറ്ററിലെ നിര്‍മാണ പ്രവൃത്തി കരാര്‍ പ്രകാരം മെയ് 15ന് തീരേണ്ടതാണ്. എന്നാല്‍ പ്രവൃത്തി ഒന്നുമായില്ലെന്ന് മാത്രമല്ല. റോഡിന്റെ പല ഭാഗവും വെട്ടി പൊളിച്ചിട്ടിരിക്കുന്നത് വാഹന യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയുമാണ്.
കെഎസ്ആര്‍ടിസി സര്‍വീസിനെ ബാധിക്കുമോയെന്ന് ആശങ്ക
നിലമ്പൂര്‍: നിലമ്പൂര്‍-നായാടംപൊയില്‍ മലയോര ഹൈവേ നിര്‍മാണത്തിലെ മന്ദഗതി മലയോര മേഖലയിലേക്കുള്ള ഏക ഗതാഗത മാര്‍ഗമായ കെഎസ്ആര്‍ടിസി സര്‍വീസിനെ ബാധിക്കുമോയെന്ന് ആശങ്ക. മന്ത്രി പി.കെ. ബഷീര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടെപടല്‍ നടത്തിയാല്‍ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടൂ എന്ന സ്ഥിതിയാണ്.
ചാലിയാര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ അനീഷ് അഗസ്റ്റ്യന്റെ ഇടപെടലിനെ തുടര്ന്നാണ്റോഡ് തകര്‍ന്ന ഭാഗത്ത് മഴക്കാലത്ത് ഗതാഗതം തടസപ്പെടാതിരിക്കാന്‍ കോൺക്രീറ്റ് ചെയ്യാമെന്ന് കരാറുകാരന് ഉറപ്പ് നല്‍കിയത്. എന്നാല്‍ പണി ഒച്ച് ഇഴയും വേഗതയില്‍ തന്നെയാണിപ്പോഴും.
കേരളാ റോഡ് ഫണ്ട് ബോര്‍ഡിനാണ് റോഡ് നിര്‍മാണ ചുമതല.
Tags : Local News Nattuvishesham Malappuram