Kerala
കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ തിരുവനന്തപുരം സ്വദേശി ആര്. രാജേഷിനായി കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു.
രാജേഷ് രക്ഷപ്പെട്ടു വനത്തിൽ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതിൻപ്രകാരമാണ് വനത്തിൽ തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61)യെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജേഷിനെ കാണാതായത്.
കോലുവള്ളി നോർത്തിലെ തന്റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ പോയി.
ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേയ്ക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തുന്നത്. റാഫ്റ്റിൽനിന്നു കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റു.
കയറിൽ പിടിച്ചു ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർഥനയോടെ കഴിയുകയാണ് ബെന്നിയും ഭാര്യ ആൻസിയും.
Kerala
പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ കൊട്ടം ചുരത്തിലെ വയൽ പീടികയിൽ ഹനീഫയുടെ (40) മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപെട്ട സ്ഥലത്തുനിന്നു നൂറു മീറ്ററോളം അകലെ നിന്നാണ് ഇന്നു രാവിലെ അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഹനീഫ ഒഴുക്കിൽപെട്ടത്.
പുഴയിലുടെ ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെ തൊണ്ടിയിൽ ചെസ് കഫേയുടെ സമീപത്തുവച്ചാണ് ഒഴുക്കിൽപ്പെട്ടത്. ഹനീഫ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഞെട്ടലോടെയാണ് പലരും ആ രംഗങ്ങൾ കണ്ടത്.
District News
കുമരകം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പ്രളയക്കെടുതി. ദുരിതാശ്വാസക്യാമ്പുകളുടെ എണ്ണവും ക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. റോഡുകൾ വെള്ളത്തിലായി. ബസ് ഗതാഗതം നിരോധിച്ചതോടെ കുമരകം ഒറ്റപ്പെട്ടു.
താഴത്തങ്ങാടി മുതൽ കോണത്താറ്റു പാലം വരെയുള്ള റോഡിലാകെ വെള്ളമാണ്. ഇല്ലിക്കൽ കവല, ആമ്പക്കുഴി, കടത്തുകടവ്, ചെങ്ങളം ഹൈസ്കൂൾ, ഒന്നാം കലുങ്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കൂടുതൽ. കുമരകം ഗവ. ഹൈസ്കൂളിൽ ഇന്നലെ 10 കുടുംബങ്ങൾക്കായി ഒരു ക്യാമ്പ് തുടങ്ങി.
തിരുവാർപ്പിലും താഴ്ന്നപ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. 15 ക്യാമ്പുകളിലായി 300ലധികം ആളുകൾ അഭയം തേടി. തിരുവാർപ്പിലേക്കും ബസ് സർവീസ് നാമമാത്രമാണ്. ഇന്നലെ ജലനിരപ്പ് കുറയാനുള്ള ലക്ഷണം രാവിലെ കണ്ടിരുന്നെങ്കിലും ഉച്ചയോടെ വെള്ളം കൂടുകയായിരുന്നു. അയ്മനം പഞ്ചായത്തിലും ജനങ്ങൾ ദുരിതക്കെടുതി നേരിടുകയാണ്. 184 ദുരിത ബാധിതർ വിവിധ ക്യാമ്പുകളിലെത്തിയിട്ടുണ്ട്.വിരിപ്പു കൃഷിയിറക്കാൻ ഒരുക്കങ്ങൾ നടത്തുന്ന നെൽ കർഷകർക്കും വെള്ളപ്പൊക്കം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആർപ്പൂക്കര വെള്ളത്തിൽ
ആർപ്പൂക്കര: കരിപ്പ, മണലേൽപള്ളി, ആര്യാട്ടുഴം, കരിപ്പൂത്തട്ട്, മണിയാപറമ്പ്, പറയൻമാലി, മാടശേരി, പനമ്പാലം, കോലേട്ടമ്പലം, ചൂരക്കാവ്, അൽഫോൻസ ഭവൻ, മൂഴിമുഖം പ്രദേശങ്ങൾ വെള്ളത്തിലായി.
കോലേട്ടമ്പലം -മണലേൽപള്ളി റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു. കരിപ്പ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിലെ ആളുകളെ ഫയർ ഫോഴ്സെത്തി സുരക്ഷിത കേന്ദ്രത്തിലേക്കാക്കി. ആർപ്പൂക്കര ഗവ. വിഎച്ച്സി, കരിപ്പൂത്തട്ട് സ്കൂൾ, കുമരംകുന്ന് സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അൽഫോൻസാ ഭവനിലേക്കുള്ള റോഡും വെള്ളത്തിൽ മുങ്ങി.
മീനടത്ത് ഗതാഗതം മുടങ്ങി
മീനടം: റോഡില്‍ വെള്ളം കയറിയതിനാല്‍ മീനടം വഴിയുള്ള ഗതാഗതം മുടങ്ങി. ഞണ്ടുകുളം പാലത്തിലും റോഡിലുമാണ് വെള്ളം കയറിയത്. ഇന്നലെ രാവിലെ മുതല്‍ ബസ് സര്‍വീസ് ഉള്‍പ്പെടെ നിലച്ചു. മീനടം - പാമ്പാടി റൂട്ടിലോടുന്ന ബസുകള്‍ വെട്ടത്തുകവലയില്നിന്നു തിരിഞ്ഞു പയ്യപ്പടി വഴി മാളികപ്പടിയിലെത്തിയാണ് സര്‍വീസ് നടത്തിയത്. ചെറിയ വാഹനങ്ങള്‍ പുത്തന്‍പുരപ്പടി ജംഗ്ഷനില്‍നിന്നു പരിയാരം വഴി യാത്ര നടത്തി.
കൃഷി നശിച്ചു
മീനടം: വെള്ളം കയറിയതിനാല്‍ പാടങ്ങളിലെ കൃഷി നശിച്ചു. മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളിലെ പാടങ്ങളില്‍ കൃഷി ചെയ്ത കര്‍ഷകരുടെ കൃഷികളാണ് നശിച്ചത്. പാടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. പയര്‍, പാവല്‍, പടവലം, വെള്ളരി, ഏത്തവാഴ തുടങ്ങിയ കൃഷിയാണ് നശിച്ചത്.
നീലിമംഗലം ഭാഗത്തും വെള്ളം
നീലിമംഗലം: നീലിമംഗലം ഭാഗങ്ങളില്‍ വെള്ളം കയറി. ഫയര്‍ഫോഴ്സ് എത്തി വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തി. പാറമ്പുഴ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇറഞ്ഞാല്‍ റോഡിലും വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
പെണ്ണാർതോട് കവിഞ്ഞൊഴുകി
ഏറ്റുമാനൂർ: പോളനിറഞ്ഞ പെണ്ണാർതോട് കവിഞ്ഞൊഴുകിയതിനെത്തുടർന്ന് മുപ്പതിലേറെ വീടുകളിൽ വെള്ളം കയറി. വർഷങ്ങളായി പോള നീക്കം ചെയ്യാത്തതിനെ തുടർന്നാണ് ഒഴുക്കു നിലച്ചത്.അടിയന്തര നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജിയുടെ നേതൃത്വത്തിൽ മന്ത്രി മോൻസ് ജോസഫിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നു രാവിലെ പത്തിന് മൈനർ ഇറിഗേഷൻ അധികൃതർ സ്ഥലം സന്ദർശിക്കും.
അതിരമ്പുഴയിൽ വീടുകൾ വെള്ളത്തിൽ
ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്തിന്റെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ. 10-ാം വാർഡിൽ ഇരുപ്പേൽചിറയിൽ 25 വീടുകളിലും 19-ാം വാർഡിൽ മൂന്നു വീടുകളിലും 20-ാം വാർഡിൽ ആറ് വീടുകളിലും 22-ാം വാർഡിൽ 33 വീടുകളിലും 23 -ാം വാർഡിൽ 10 വീടുകളിലും 24 -ാം വാർഡിൽ കളരിക്കൽ ചിറയിൽ 20 വീടുകളിലുമാണ് വെള്ളം കയറിയത്. ചാലാശേരി- വട്ടമല കോളനിയിൽ വീടുകൾക്കു ചുറ്റും വെള്ളം കയറിയതോടെ കിടപ്പു രോഗികൾ ഉൾപ്പെടെ വലഞ്ഞു.
അതിരമ്പുഴയിൽ സെന്റ് അലോഷ്യസ് എൽപി സ്കൂളിലും ശ്രീകണ്ഠമംഗലം ഗവ. എൽപി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 80ലേറെ പേർ ക്യാമ്പുകളിലുണ്ട്.
ഏറ്റുമാനൂരിൽ ആയിരത്തിലേറെ വീടുകൾ വെള്ളത്തിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിൽ ആയിരത്തിലേറെ വീടുകളിൽ വെള്ളം കയറി. മീനച്ചിലാറിനോട് ചേർന്ന ഭാഗങ്ങളിലാണ് പ്രധാനമായും വെള്ളപ്പൊക്കം ഉണ്ടായത്. 15, 16, 17, 18, 20, 21 വാർഡുകൾപ്പെടുന്നപേരൂർ, കറത്തേടം, പായിക്കാട്, പാറേക്കടവ്, പൂവത്തുംമൂട്, കക്കയം, പുന്നത്തുറ, മാടപ്പാട്, കമ്പനിക്കടവ്, പള്ളിക്കുന്ന്, ചെറുവാണ്ടൂർ, തെള്ളകം പ്രദേശങ്ങളിലാണ് വീടുകൾ വെള്ളത്തിലായത്.
പനച്ചിക്കാട്, കുറിച്ചി വെള്ളപ്പൊക്കം രൂക്ഷമായി
ചിങ്ങവനം: പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കുറിച്ചിയിൽ 15,18,19 വാർഡുകളിലെ 70 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
കുറിച്ചി ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 250 പേര് ഉണ്ട്. ആനകുഴി, കവുണുതറ ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്തിലെ കൊല്ലാട്, കുഴിക്കാട്ട് കോളനി, പന്നിമറ്റം, പുതുവൽ ഭാഗം, പനച്ചിക്കാട്, അമ്പാട്ട് കടവ് തുടങ്ങിയ ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി.
കുഴിമറ്റം സദനം സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 80 പേരാണ് എത്തിയത്. പനച്ചിക്കാട് അമ്പാട്ട് കടവ് റോഡിലും പാത്താമുട്ടം ഞാലിയാകുഴി റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
ആറുമാനൂർ ഒറ്റപ്പെട്ടു
അയര്‍ക്കുന്നം: അയര്‍ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര്‍, ഗൂര്‍ഖണ്ഡസാരി, പുളിഞ്ചുവട്, തേവരതുരുത്ത് ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു പ്രദേശം പൂര്‍ണമായി ഒറ്റപ്പെട്ടു. പ്രദേശത്തുള്ള നൂറില്‍പ്പരം വീടുകളില്‍ വൈദ്യുതി മുടങ്ങിയിട്ട് മൂന്നു ദിവസമായി. വാഹന ഗതാഗതവും നിലച്ചു. നിരവധിപ്പേര്‍ വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചു. ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രളയദുരിതത്തിൽ നീണ്ടൂർ
ഏറ്റുമാനൂർ: നീണ്ടൂർ പഞ്ചായത്തിൽ 10-ാം വാർഡിൽ എട്ടു വീടുകളിലും 12-ാം വാർഡിൽ ഏഴു വീടുകളിലും 13-ാം വാർഡിൽ ഒമ്പതു വീടുകളിലും 14-ാം വാർഡിൽ 20 വീടുകളിലും 15-ാം വാർഡിൽ ഏഴു വീടുകളിലും വെള്ളം കയറി.നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 15 പേർ ക്യാമ്പിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ വെള്ളം കയറി. 20 പേരെ മാറ്റി താമസിപ്പിക്കാൻ നടപടി സ്വീകരിച്ചു.
മട വീണു
ഏറ്റുമാനൂർ: നീണ്ടൂർ പഞ്ചായത്തിലെ മാക്കോത്തറ പാടശേഖരത്തിൽ മടവീണു. വിതയ് ക്കാൻ ഒരുക്കിയിട്ട പാടശേഖരമായിരുന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.
ഗതാഗതം നിലച്ചു
ഏറ്റുമാനൂർ: മീനച്ചിലാർ കരകവിഞ്ഞതിനെത്തുടർന്ന് റോഡുകളിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ഏറ്റുമാനൂർ-അയർക്കുന്നം റോഡിൽ പട്ടർമഠം പാലത്തിനു സമീപവും ഏറ്റുമാനൂർ-പുന്നത്തുറ റോഡിൽ കറ്റോട് ജംഗ്ഷനു സമീപവും ഷട്ടർ കവല- കണ്ണമ്പുര-പള്ളിക്കുന്ന്- ചെറുവാണ്ടൂർ റോഡിൽ കണ്ണമ്പുരയ്ക്കു സമീപവും വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
ബൈപാസ് റോഡ് അടച്ചു
ഏറ്റുമാനൂർ: പട്ടിത്താനം - മണർകാട് ബൈപാസ് റോഡ് ഞായറാഴ്ച രാത്രി പന്ത്രണ്ടോ അടച്ചു. പൂവത്തുംമൂട് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്.
District News
മറവൻതുരുത്ത്: മൂവാറ്റുപുഴയാർ കരകവിഞ്ഞതോടെ മറവൻതുരുത്തിലെ ജലാശയങ്ങളുടെ ഓരത്തും ഉൾപ്രദേശങ്ങളിലുമുള്ള നിരവധി വീടുകൾ വെള്ളക്കെട്ട് ദുരിതത്തിൽ. വീടുകളിൽ വെള്ളം കയറിയ അഞ്ചു കുടുംബങ്ങളിൽനിന്നായി 16 പേരെ മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കായിക്കരി ഭാഗത്ത് വെള്ളം കയറിയ വീട്ടിൽ ഒറ്റപ്പെട്ടുപോയ വയോധികയെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജും ജനപ്രതിനിധികളും ഒത്തുചേർന്ന് വള്ളത്തിലെത്തി പുറത്തെത്തിച്ച് ബന്ധുക്കളെ ഏല്പിച്ചു.
വെള്ളപ്പൊക്ക ദുരിതമേറിയാൽ കടായി സ്കൂളിലും ഇടവട്ടം എസ്എൻഡിപി ഹാളിലും ക്യാമ്പ് തുറക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആതിര വിനയൻ, വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ് എന്നിവർ പറഞ്ഞു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കാഷ്മീർ താഴ്വരയിലുണ്ടായ മിന്നൽപ്രളയത്തിൽ വീട്ടമ്മ മരിച്ചു. മേഘവിസ്ഫോടനത്തെത്തുടർന്നു താഴ്വരയിൽ പ്രളയസമാനമായ അന്തരീക്ഷമാണ്.
കുപ്വാരയിലെ ബിംലവാലിയിൽ ഒരു മുസ്ലിം ആരാധനാലയവും നടപ്പാലയും വെള്ളപ്പൊക്കത്തിൽ തകർന്നു.
അനന്ത്നാഗിലെ പഹൽഗാം, ഷോപ്പിയാനിലെ ഹിർപോറ, ബന്ദിപോറയയിലെ ദാർദ്പോറ എന്നിവിടങ്ങളിലും മേഘവിസ്ഫോടനം ഉണ്ടായി. മേഖലയിലെ ഒട്ടേറെ പാലങ്ങളും റോഡുകളും പ്രളയത്തിൽ തകർന്നു.
District News
ഇരിട്ടി: സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാരും ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളും വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും ജനങ്ങളും ഏകോപനത്തോടെ നടത്തിയ ഇടപെടലുകൾ ഫലപ്രദമായിരുന്നുവെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മഴക്കെടുതിയെ തുടർന്ന് ആകെ 4,80,614 വൈദ്യുതി കണക്ഷനുകളാണ് തകരാറിലായത്. ഇതിൽ 92 ശതമാനവും വളരെ വേഗത്തിൽ പുനഃസ്ഥാപിച്ചതായും ഇനി 35,118 കണക്ഷനുകൾ മാത്രമാണ് പുനഃസ്ഥാപിക്കാനുള്ളതെന്നും മന്ത്രി ഇരിട്ടിയിലെ വസതിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. 2,892 ട്രാൻസ്ഫോമറുകൾക്ക് തകരാറുണ്ടായി.
വെള്ളം ഇറങ്ങിയതിനെത്തുടർന്ന് ഇതിൽ 2,600 ട്രാൻസ്ഫോമറുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി ചാർജ് ചെയ്തിട്ടുണ്ട്. 1,872 വൈദ്യുതി തൂണുകൾക്കും നാശനഷ്ടമുണ്ടായതായും അവ അതിവേഗം പുനഃസ്ഥാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മേഖലയിൽ ഏറ്റവും വലിയ നാശനഷ്ടം പത്തനംതിട്ട ജില്ലയിലും തുടർന്ന് കണ്ണൂർ ജില്ലയിലുമാണുണ്ടായത്. കണ്ണൂരിൽ ശ്രീകണ്ഠപുരം സർക്കിളിലെ ചെറുപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളെയും ഇരിട്ടി സർക്കിളിലെ മലയോര മേഖലകളെയും കൂടുതലായി ബാധിച്ചു.
ഈ മേഖലകളിൽ വൈദ്യുതി വിതരണം പൂർണമായി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുള്ള അണക്കെട്ടുകളിലെ ആകെ ജലനിരപ്പ് നിലവിൽ 42.5 ശതമാനമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 30 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേ സമയത്ത് ഇത് 73 ശതമാനമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വീടുകളുടെ നാശനഷ്ടം: മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് മന്ത്രി
ഇരിട്ടി: മഴക്കെടുതിയിൽ തകർന്ന വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി സണ്ണി ജോസഫ്. 2018-ലെ പ്രളയകാലത്തേതിന് സമാനമായ രീതിയിൽ കരിക്കോട്ടക്കരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണ്ണിടിഞ്ഞ് വീടുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ച സാഹചര്യമാണ്. ഇത്തരം വീടുകളും പൂർണ നാശനഷ്ട വിഭാഗത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
തകർന്ന പാലങ്ങൾ എത്രയും വേഗം പുനർനിർമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പുഴകളിൽ മണ്ണടിഞ്ഞ് ഒഴുക്ക് തടസപ്പെടുന്ന സാഹചര്യം ഗൗരവമുള്ളതാണെന്നും ഇത് അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
തൃശൂർ: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്, മേജർ-മൈനർ ഇറിഗേഷൻ, കെഎൽഡിസി തുടങ്ങി എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
മഴക്കാലപൂർവ ശുചീകരണത്തിനായി ഫെബ്രുവരി 19-ന് തന്നെ 2.30 കോടി രൂപ അനുവദിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും, പ്രധാന തോടുകളുടെ ശുചീകരണം ഉൾപ്പെടെ 231 പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കിയെന്നും മേയർ പറഞ്ഞു. എന്നാൽ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള തോടുകളും കനാലുകളും ഒരുമിച്ച് ശുചീകരിക്കാതെ വെള്ളക്കെട്ടിന് സ്ഥിരപരിഹാരം സാധ്യമാകില്ലെന്നും അവർ വ്യക്തമാക്കി.
അശാസ്ത്രീയമായി നിർമിച്ച കാനകളെക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിച്ച മേയർ, അവ താൻ വന്നതിന് ശേഷം നിർമിച്ചതല്ലെന്നും മുൻകാലങ്ങളിൽ നിർമിച്ചതാണെന്നും പറഞ്ഞു.
വലിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനേക്കാൾ നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച് ശാസ്ത്രീയ മാപ്പിംഗ് നടത്തുകയും പോരായ്മകൾ പരിഹരിക്കുകയുമാണ് വേണ്ടത്. പൊതുമേഖല-സ്വകാര്യ പങ്കാളിത്തത്തോടെ ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തിയാൽ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരം കാണാനാകും.
മഴക്കാലം മുന്നിൽക്കണ്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, റാപ്പിഡ് റെസ്പോൺസ് ടീമുകൾ, ഹെൽപ്ലൈൻ സംവിധാനം എന്നിവയും കോർപറേഷൻ സജ്ജമാക്കിയിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അവർ കൂട്ടിച്ചേർത്തു
Kerala
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെ ചെന്നിത്തല വ്യക്തമാക്കി.
നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അർഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സഹായത്തെക്കുറിച്ചുള്ള കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യും.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും ദുരന്തമേഖലയ്ക്കുള്ള ഫണ്ടിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഈ സമയത്ത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും രാഷ്ട്രീയ തർക്കങ്ങൾ ഉന്നയിക്കേണ്ട സാഹചര്യമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ നിന്ന് അർഹമായ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. പകർച്ചവ്യാധി ഭീഷണിയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ലെന്നും ഒരിടത്തുനിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി ഉയർന്ന വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. ഊണ് കഴിക്കുന്നത് തെറ്റാണോ എന്നും ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: കക്കാട് പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് പൂര്ണതോതിലെത്തിയതോടെ ഒരു ഷട്ടര്‍ തുറക്കും. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. രാവിലെ ഏഴിന് ജലനിരപ്പ് 190.45 മീറ്ററിലെത്തി. ഇതേത്തുടര്‍ന്ന് ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റിമീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതുമൂലം നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു.
ശനിയാഴ്ച മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ പമ്പയിലും കക്കിയിലും ജലനിരപ്പ് ഇപ്പോഴും 40 ശതമാനത്തിനു താഴെയാണ്. ശബരിഗിരിയിലെ ഉത്പാദനത്തിനുശേഷം വരുന്ന വെള്ളവും വൃഷ്ടി പ്രദേശത്തു നേരിട്ടു ലഭിക്കുന്ന വെള്ളവുമാണ് മൂഴിയാറിലെ സംഭരണിയിലേക്കുള്ളത്. ഞായറാഴ്ച രാത്രി മഴ ശക്തമായതോടെയാണ് മൂഴിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. രാത്രിയില്‍ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
Kerala
പത്തനംതിട്ട: റാന്നിയും ആറൻമുളയും വീണ്ടും പ്രളയ ഭീഷണിയിലായതോടെ, പത്തനംതിട്ട ജില്ലയിൽ അതീവ ഗുരുതര സാഹചര്യം.
പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.
കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. അതേസമയം, ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല.
Kerala
ഈരാറ്റുപേട്ട: പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിന്റെ പ്ലാത്തോട്ടത്തിൽ വസതിയിലും ഭാര്യയുടെ കടയിലും വെള്ളം കയറി കനത്തനാശം. ഇവിടെ താമസം തുടങ്ങിയിട്ട് നാല്പതിലധികം വർഷമായെങ്കിലും തന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു വെള്ളപ്പൊക്കം ആദ്യമായാണ് കാണുന്നതെന്ന് പി.സി. ജോർജ് പറഞ്ഞു.
പുലർച്ചെ രണ്ടു മണിയോടെ അയൽവാസിയായ യുവാവ് വിവരമറിയിച്ചതിനെത്തുടർന്ന് നോക്കുമ്പോൾ വീട്ടുമുറ്റം മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. തുടർന്ന് രണ്ടരയോടെ വീടിനകത്തേക്ക് വെള്ളം ഇരച്ചുകയറി.
വീട്ടിനുള്ളിൽ മൂന്നരയടിയോളം പൊക്കത്തിൽ വെള്ളമുയർന്നു. ഫ്രിഡ്ജും ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുസാധനങ്ങളും നശിച്ചു. പ്രളയസമയത്ത് പി.സി. ജോർജും ഭാര്യയും മകൻ ഡോ. ഷെയ്നും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളമുയർന്നതോടെ വീടിന്റെ രണ്ടാം നിലയിലേക്ക് മാറി.
വീടിനു പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ സമീപത്തു പ്രവർത്തിച്ചിരുന്ന തുണിക്കട, തയ്യൽക്കട എന്നിവ പൂർണമായും പ്രളയത്തിൽ നശിച്ചു. ഇവിടെ ഏകദേശം മുപ്പതു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് ഇന്നോവ കാറുകളിലും മാരുതി കാറിലും വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു.
വെള്ളൂക്കുളം മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് വടക്കനാറിലൂടെയും പൂഞ്ഞാർ ഭാഗത്തുനിന്നുള്ള ആറിലൂടെയും ഒഴുകിയെത്തിയ പ്രളയജലം സംഗമിച്ചതാണ് ഈരാറ്റുപേട്ടയിൽ പെട്ടെന്ന് വെള്ളമുയരാൻ ഇടയാക്കിയത്. പ്രദേശത്ത് അതിരുകൾ തിരിച്ച് കൂറ്റൻ മതിലുകളും നിർമാണങ്ങളും കൂടിയതോടെ വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയില്ലാതായതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റും. ഇന്ന് രാത്രി കൂടി സഹകരിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കം എന്ന മുന്നറിയിപ്പാണ് കിട്ടിയിരിക്കുന്നത്. ഒരു വാർഡിലേക്ക് 25,000 രൂപ അനുവദിച്ചിട്ടുണ്ട്, ക്ലീനിംഗ് അടക്കമാണിത്. വെള്ളപ്പൊക്കത്തിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭ യോഗം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓറഞ്ച് ബുക്ക് പ്രകാരം റൂൾ കര്‍വ് ഇല്ലാത്ത ഡാമുകളുടെ പട്ടികയിൽ ആണ് മൂഴിയാർ ഡാം എന്നും അതിന് വേണ്ട എല്ലാ മാനദണ്ഡവും പാലിച്ചുവെന്നും പി.സി. വിഷ്ണുനാഥ് അറിയിച്ചു. പെട്ടെന്ന് തുറക്കേണ്ട ഡാം ആണ് മൂഴിയാർ. റൂൾ കര്‍വ് ബാധകമല്ലെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 199 കുടുംബങ്ങളിലെ 143 കുട്ടികളടക്കം 702 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ചെങ്ങന്നൂർ താലൂക്കിൽ എട്ട് ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കിൽ മൂന്നു ക്യാമ്പുകളും കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ ഓരോ ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്.
ജില്ലയിൽ മൂന്നു വീടുകൾക്ക് പൂർണമായും 12 വീടുകൾക്ക് ഭാഗികമായും തർന്നു. അമ്പലപ്പുഴയിൽ രണ്ട് വീടുകളും ചേർത്തലയിൽ ഒരു വീടുമാണ് പൂർണമായും തകർന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻഡിആർഎഫിന്റെ 13 അംഗ സംഘം ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Kerala
പത്തനംതിട്ട: റാന്നിയിലെ മഴക്കെടുതിയെ നേരിടുന്നതില്‍ സർക്കാർ തലത്തിൽ ഏകോപനമില്ലായ്മയുണ്ടായെന്ന വിമര്‍ശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ രാജു എബ്രഹാം. സര്‍ക്കാര്‍ സ്പോണ്‍സേഡ് വെള്ളപ്പൊക്കമാണ് റാന്നിയില്‍ ഉണ്ടായതെന്നും രാജു എബ്രഹാം കുറ്റപ്പെടുത്തി.
വ്യാപാരികള്‍ക്ക് സംഭവിച്ച നഷ്ടത്തിന് സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ഏതെങ്കിലും മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ വ്യാപാരികൾക്ക് സാധനങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്നു. ഇതൊന്നും നല്‍കാതെ അണക്കെട്ട് തുറന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
2018 ലെ പ്രളയത്തിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രളയം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. വെള്ളം കേറിയ വീടുകള്‍ക്കെല്ലാം 10,000 രൂപ നഷ്ടപരിഹാരം നല്കി. നാശനഷ്ടം ഉണ്ടായ വീടുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ അറ്റകുറ്റപണികള്‍ക്കായി നല്കി. കടകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയിൽ 10 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഇതില്‍ രണ്ട് ലക്ഷം രൂപയോളം സബ്സിഡിയും നല്കി.
എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങളൊന്നും നിലവില്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്യാമ്പുകളില്‍ പോകാത്ത വീട്ടുകാര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം പോലും നിലവില്‍ ഒരുക്കിയിട്ടില്ലെന്നും രാജു എബ്രഹാം പറഞ്ഞു.
ശനിയാഴ്ച നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പുലര്‍ച്ചെ നാല് മുതല്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ എല്ലാ ഭാഗത്തും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ബാധിക്കപ്പെട്ടവരെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ ഡിവൈഎഫ്ഐ പരിമിതികളില്‍ നിന്ന് ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ശനിയാഴ്ച ടൗണില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്തത്. അല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പേരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഒരു യോഗം നടത്തി പോയതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ഡിവൈഎഫ്ഐ ഏറ്റെടുത്തിരിക്കുകയാണെന്നും രാജു എബ്രഹാം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവമുമായി മുൻമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിനെയാണ് ശിവൻകുട്ടി വിമർശിച്ചത്.
ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല.
മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയാറാകണം.
Kerala
പത്തനംതിട്ട: പ്രളയക്കെടുതിയിൽ വലിയ തോതിൽ ദുരിതം നേരിടുന്ന ആറന്മുളയിലേക്ക് അടിയന്തരമായി കൂടുതൽ സർക്കാർ സഹായം എത്തിക്കണമെന്ന് എംഎൽഎ അബിൻ വർക്കി. തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് ആറന്മുളയിൽ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റാന്നിയിൽ കയറിയ വെള്ളം മുഴുവൻ എത്തിച്ചേരുന്നത് ആറന്മുളയിലേക്കാണ്. അതിനാൽ റാന്നി മേഖലയിൽ ജലനിരപ്പ് കുറയുമ്പോൾ ആറന്മുളയിൽ വെള്ളം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമതയോടെയും വേഗത്തിലും ഇടപെടണമെന്നും അബിൻ വർക്കി അഭ്യർഥിച്ചു.
Kerala
കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലകളില്‍ പലയിടത്തും വെള്ളം കയറി. കോടഞ്ചേരി നിരന്നപാറയില്‍ ഉരുള്‍പൊട്ടലുണ്ടായി. കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.
ഏക്കര്‍ കണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. സമീപത്ത് വീടുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കോടഞ്ചേരി-നിരന്നാപാറ റോഡില്‍ മണ്ണ് ഒഴുകിവന്ന് അടിഞ്ഞുകിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ചുരത്തില്‍ ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു.
ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്ക് താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താത്കാലികമായി വിലക്കിയിട്ടുണ്ട്.
അതേസമയം, കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പോലീസ് വാഹനങ്ങള്‍, അവശ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നിയന്ത്രണം തുടരും.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ പോലീസ്, വനം വകുപ്പ്, ഡിടിപിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലബാര്‍ റിവര്‍ ഫെസ്റ്റിവലും മാറ്റിവച്ചു.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇനിയും ഉയർന്നാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം.
കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് ശക്തമായ മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രത തുടരുകയാണ്. കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍നിന്നു മീൻപിടിത്തത്തിനു പോയ ബോട്ട് ശക്തമായ മഴയില്‍ എന്ജിന് തകരാറിലായി കടലുണ്ടി കപ്പലങ്ങാടിക്ക് പടിഞ്ഞാറു ഭാഗത്ത് കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 17 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
Kerala
കൽപ്പറ്റ: ഇന്നലെ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറില്‍ വയനാട്ടില്‍ ശരാശരി 203 മില്ലിമീറ്റര്‍ മഴ പെയ്തതായി കല്‍പ്പറ്റ പുളിയാര്‍മല ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
വൈത്തിരി വട്ടപ്പാറയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്-208.4 മില്ലിമീറ്റര്‍. വൈത്തിരിയിൽ 169.73 മില്ലിമീറ്റര്‍ മഴ വര്‍ഷിച്ചു.
മുനീശ്വരന്മല-107, പനമരം നീര്‍വാരം-118, തവിഞ്ഞാല്‍-135, തൊണ്ടര്‍നാട്-129.6, തരിയോട്-96.5, പൊഴുതന-113.25, തിരുനെല്ലി-73.66, തവിഞ്ഞാല്‍- 73.66, മാനന്തവാടി-76.58, കല്‍പ്പറ്റ-86.15 മില്ലിമീറ്റര്‍ എന്നിങ്ങനെ മഴ രേഖപ്പെടുത്തി.
തെക്കേ വയനാടിന്റെ ചില ഭാഗങ്ങളില്‍ കുറഞ്ഞ അളവിലായിരുന്നു പെയ്ത്ത്. മുള്ളന്‍കൊല്ലി-29.33, പുല്‍പ്പള്ളി-29.45, ബത്തേരി-18.4, നൂല്‍പ്പുഴ-13.76 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ ഏറ്റക്കുറച്ചില്‍ പ്രകടമാണ്.
Kerala
കണ്ണൂർ: കർണാടകയിലും ആറളം വനാന്തർ ഭാഗങ്ങളിലും ആറളം, ചെറുപുഴ, ഉളിക്കൽ പഞ്ചായത്തുകളിലും ഉരുൾപൊട്ടി. പുഴയിലെ ഒഴുക്കിൽപെട്ട് ചെറുപുഴയിലും പേരാവൂരിലു മായി രണ്ടു പേരെ കാണാതായി.
ചെറുപുഴയിൽ തുരുത്തിൽ പെട്ടയാളെ റാഫ്റ്റിൽ രക്ഷിച്ചുകൊണ്ടു വരുന്നതിനിടെ രക്ഷാപ്രവർത്തകൻ രാജേഷ് കാര്യങ്കോട് പുഴയിലെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. പേരാവൂർ തൊണ്ടിയിൽ പുഴയിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കാൻ പോയ കൊട്ടംചുരം സ്വദേശി വയൽപീടിക ഹനീഫയെയുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
ചെറുപുഴ ജോസ്ഗിരിയിൽനിന്നു രാജഗിരിയിലേക്ക് ബൈക്കിൽ വരികയായിരുന്നയാൾ മലവെള്ളപ്പാച്ചിലിൽ ബൈക്ക് സഹിതം ഒഴുകിപ്പോയെങ്കിലും രക്ഷപ്പെടുത്തി. മറ്റത്താനിക്കൽ സണ്ണിയാണ് ഒഴുക്കിൽപ്പെട്ടത്. പരിക്കേറ്റ സണ്ണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാര്യങ്കോട് പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് കോലുവള്ളി കമ്പിപ്പാലം, മീന്തുള്ളയിലെ കോൺക്രീറ്റ് നടപ്പാലം, രാജഗിരി ഉന്നതിയിലേക്കുള്ള മുളപ്പാലം എന്നിവ ഒലിച്ചുപോയി. കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
അപകടസാധ്യതയെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നെടുംപൊയിൽ ചുരം പാതയിൽ ഏലപ്പീടികയിലെ വെള്ളച്ചാട്ടം റോഡിലേക്ക് പരന്നൊഴുകി. മഴ ശക്തമായതിനെത്തുടർന്ന് പഴശി റിസർവോയറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 15 ഷട്ടറുകളും നാലുമീറ്ററാക്കി ഉയർത്തി.
മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ, കക്കുവ, ചീങ്കണ്ണി, പേരട്ട പുഴകൾ കവിഞ്ഞു. ആറളം പുനരധിവാസമേഖലയിലെ 13 ,11,13/55 ബ്ലോക്കുകളിൽ വെള്ളം കയറി 45ഓളം കുടുംബങ്ങളെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തനമാരംഭിച്ചു.
മന്ത്രി സണ്ണി ജോസഫ് മഴക്കെടുതി അതിജീവിക്കാനുള്ള ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് നേതൃത്വം നൽകിവരികയാണ്.
Kerala
തിരുവനന്തപുരം: മണിക്കൂറുകൾകൊണ്ട് ദുരിതം വിതച്ച് തിമിർത്തുപെയ്ത മഴയിൽ പകച്ച് കേരളം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വ്യാപകനാശം വിതച്ച ഇടുക്കിയിലും പത്തനംതിട്ടയിലും മണിക്കൂറുകൾകൊണ്ടു പെയ്തിറങ്ങിയത് 20 സെന്റിമീറ്ററിനു മുകളിലുള്ള അതിതീവ്ര മഴ.
പത്തനംതിട്ടയിലെ ളാഹയിൽ 25 സെന്റിമീറ്റും പീരുമേട്ടിലും തൊടുപുഴയിലും 21 സെന്റിമീറ്ററും റാന്നിയിൽ 19 സെന്റിമീറ്ററും മഴ പെയ്തതോടെയാണ് മധ്യകേരളം മഴക്കലിയിൽ വിറങ്ങലിച്ചു പോയത്.
മണിക്കൂറുകൾകൊണ്ട് പെയ്തിറങ്ങിയ അതിതീവ്ര മഴയിൽ ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും സംജാതമായത് മിന്നൽപ്രളയത്തിനു സമാനമായ സാഹചര്യമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ.
കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ഈ മേഖലകളിൽ തുടർന്നിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി വൈകിയാണ് മഴയുടെ ഭാവം മാറിയത്. അതിതീവ്ര മഴ പെയ്ത മണിക്കൂറുകൾക്കു പിന്നാലെ പന്പയിലും മീനച്ചിലാറിലും ജലനിരപ്പ് കുതിച്ചുയർന്നു.
മലവെള്ളപ്പാച്ചിലിൽ തീരം കവിഞ്ഞതോടെ ഈ മേഖലകളിലെ പ്രധാന ജനവാസ കേന്ദ്രങ്ങളടക്കം വെള്ളക്കെട്ടിലായത് ദുരിതം ഇരട്ടിയാക്കി. ഏതാനും മണിക്കൂറുകൾകൊണ്ട് ഒരു ദിവസമോ ആഴ്ചകളോകൊണ്ടു പെയ്യേണ്ട മഴ പെയ്യുകയാണ്. ഇതോടെ വെള്ളം ഒഴുകിപ്പോകാനുള്ള സമയം കിട്ടാത്തതാണ് മിന്നൽ പ്രളയങ്ങൾക്ക് കാരണമാകുന്നത്.
അറബിക്കടലിൽനിന്നുള്ള ശക്തമായ ഈർപ്പമുള്ള പടിഞ്ഞാറൻ കാറ്റാണ് നിലവിലെ അതിതീവ്ര മഴയ്ക്കും മിന്നൽ പ്രളയത്തിനും കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത 24 മണിക്കൂർകൂടി ശക്തമായ മഴ തുടരുമെന്നും പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പെയ്ത മഴ:
റാന്നി-19 സെന്റിമീറ്റർ, കരിപ്പൂർ വിമാനത്താവളം, കുരുടാമണ്ണിൽ, പാലോട്, ഉറുമി-16. ഇടുക്കി-15. കോന്നി-14. കോട്ടയം, നിലന്പൂർ-13. കുന്നന്താനം-12. ഒറ്റപ്പാലം, വൈത്തിരി, കൂത്താട്ടുകുളം, കുന്നമംഗലം, അയ്യൻകുന്ന്-11. ചേർത്തല, കുമരകം, വൈക്കം, തട്ടത്തുമല, തൈക്കാട്ടുശേരി, മണ്ണാർക്കാട് എന്നിവിടങ്ങളിൽ 10 സെന്റിമീറ്റും മഴ പെയ്തു.
തിരുവനന്തപുരം: അതിതീവ്ര മഴ മൂലം പമ്പാനദിയിൽ വെള്ളപ്പൊക്കമുണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഇന്നും നാളെയും ശബരിമലയിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
ജില്ലകളിൽ ഏറ്റവും ജില്ലകളിൽ ഏറ്റവും കൂടുതൽ മഴ പെയ്ത പ്രദേശങ്ങൾ
പത്തനംതിട്ട- 25 സെന്റിമീറ്റർ(ളാഹ)ഇടുക്കി- 21 (പീരുമേട്/തൊടുപുഴ)മലപ്പുറം- 16 (കരിപ്പൂർ)തിരുവനന്തപുരം-16 (പാലോട്)കോഴിക്കോട്- 16 (ഉറുമി)കോട്ടയം- 13 വയനാട്- 11 (വൈത്തിരി)എറണാകുളം- 11 (കൂത്താട്ടുകുളം)പാലക്കാട്- 11 (ഒറ്റപ്പാലം)കണ്ണൂർ- 11 (അയ്യൻകുന്ന്)കൊല്ലം- 9 (പുനലൂർ/ആര്യങ്കാവ്)ആലപ്പുഴ- 10(ചേർത്തല/കുമരകം)കാസർഗോഡ്- 8(പാണത്തൂർ)തൃശൂർ- 7
തകർന്ന വീടുകൾ 145, ദുരിതാശ്വാസ ക്യാമ്പിൽ 1465 പേർ
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് 145 വീടുകൾ തകർന്നു. 17 വീടുകൾ പൂർണമായും 128 എണ്ണം ഭാഗികമായും തകർന്നു. സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. ഇവിടങ്ങളിലായി 1465 പേരെ ഇന്നലെ വൈകുന്നേരം ആറു മണിവരെ മാറ്റിപ്പാർപ്പിച്ചു.
Kerala
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ളാഹയിൽ മാത്രം 24 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ശബരിമല വനത്തിലും ഗൂഡ്രിക്കൽ റേഞ്ച് മേഖലയിലും ഉണ്ടായ ശക്തമായ പേമാരി മൂലം നിരവധി സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി.
പമ്പാ നദിയും പ്രധാന പോഷക നദിയായ കക്കാട്ടാറും പെരുകിയതിനേതുടർന്ന് കക്കാട് പദ്ധതിയുടെ മൂഴിയാർ ഡാമിന്റെ രണ്ടാം നമ്പർ ഷട്ടർ 10 സെ മീറ്റർ തുറന്നതും പ്രളയത്തിന്റെ കാഠിന്യം വർധിക്കാൻ കാരണമായി.
ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിലേക്ക് തുറന്നിട്ടിരിക്കുന്ന മണിയാർ സംഭരണിയിലൂടെ വെള്ളം നിർബാധം പുറത്തേക്ക് ഒഴുകിയും പ്രളയത്തിന്റെ രൂക്ഷത വർധിപ്പിച്ചു.
റാന്നി, വടശേരിക്കര, അത്തിക്കയം പ്രദേശങ്ങൾ നേരം പുലർന്നപ്പോൾതന്നെ വെള്ളത്തിനടിയിലായി.
പന്പയുടെ തീരത്തുനിന്ന് കിലോമീറ്ററുകൾ അകലെ വരെ വെള്ളം വളരെ വേഗമെത്തി.റാന്നി ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ബസ് സ്റ്റാൻഡും മുങ്ങി. പിന്നാലെ ചെറുകോൽപ്പുഴ, കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലും വെള്ളം കയറി.
പുനലൂർ - മൂവാറ്റുപുഴ, തിരുവല്ല - കുന്പഴ സംസ്ഥാനപാതകളിലടക്കം ഗതാഗതം മുടങ്ങി. ശബരിമല പാതയിലും ഗതാഗത തടസം ഉണ്ടായി.
വീടുകളിൽ കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ എൻഡിആർഎഫും ഫയർഫോഴ്സും റാന്നിയിലും ആറന്മുളയിലും രംഗത്തിറങ്ങി. ഡിങ്കി, കുട്ടവഞ്ചി, ചെറുവള്ളങ്ങൾ എന്നിവയുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
മണിമലയാർ കരകവിഞ്ഞ് മല്ലപ്പള്ളി, കോട്ടാങ്ങൽ, വായ്പൂര് മേഖലകളിലും വെള്ളപ്പൊക്കം ഉണ്ടായി. അച്ചൻകോവിലാറിന്റെ തീരത്തും പ്രളയക്കെടുതികൾ തുടരുകയാണ്.
Kerala
പാലാ: മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ, ഈരറ്റുപേട്ട നഗരങ്ങള്‍ വെള്ളത്തിനടിയിലായി. ഇവിടങ്ങളില്‍ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി സ്ഥിതിയാണ്. പാലാ ഈരാറ്റുപേട്ട, പാലാ കോട്ടയം, പാലാ വൈക്കം റോഡുകളില്‍ ഗതാഗതം തടസപെട്ടു.
മിനച്ചില്‍ താലൂക്കിലിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട് ഭരണങ്ങാനം മൂന്നാനി കൊട്ടാരമറ്റം പനക്കപ്പാലം കൊല്ലപ്പള്ളി ഉള്‍പ്പെടെ ടൗണില്‍ വെള്ളം കയറിയിട്ടുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നു.
മൂന്നിലവിലും തീക്കോയിയിലും വീടുകളിലും കടകളിലും വെള്ളം കയറി, ഗതാഗതം തടസപ്പെട്ടു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഈരാറ്റുപേട്ട നഗരത്തിലെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു. കൂടാതെ ഈരാറ്റുപേട്ട - പാലാ റോഡിലും വലിയ തോതില്‍ വെള്ളം കയറിയത് യാത്രക്കാരെയും വാഹനങ്ങളെയും ദുരിതത്തിലാക്കി.
അപകടസാധ്യത കണക്കിലെടുത്ത് ദുരന്തബാധിത മേഖലകളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നദികളിലും തോടുകളിലും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുകയാണ്.
പാലാ പ്രദേശത്ത് മാത്രം 50 വീടുകളില്‍ വെള്ളം കയറുകയും 30 വീടുകളിലെ വീട്ടുപകരണങ്ങള്‍ അടക്കം മുഴുവന്‍ വസ്തുക്കളും ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് നാശനഷ്ടങ്ങളുടെ കണക്കും റിപ്പോര്‍ട്ടുകളും സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശമുണ്ട്. പാലാ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: റാന്നിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. ഫയർ ഫോഴ്സിന്റെ ഡിങ്കി ബോട്ടുകളെത്തി വീട്ടിൽ കുടുങ്ങിയ പ്രായമായവരെ ഇവിടെനിന്ന് മാറ്റുകയാണ്.
കനത്ത മഴയിൽ റാന്നി ടൗൺ പൂർണമായും മുങ്ങിയ നിലയിലാണ്. ടൗണിൽ അരയ്ക്കൊപ്പം വെള്ളം ഉയർന്നു. ടൗണിലെ വീടുകളിലും കടകളിലും വെള്ളം കയറി. ആളുകളെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ കാന്പുകളിലേയ്ക്കുമാണ് മാറ്റുന്നത്. വെള്ളം കയറിയ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റുകയാണ്.
2018ലെ പ്രളയത്തിലും ടൗൺ മുങ്ങിയിരുന്നു. റാന്നി മേഖലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണു പെയ്തതെന്നു കളക്ടർ എ. നിസാമുദീൻ അറിയിച്ചു. 300 മില്ലിമീറ്റർ വരെ മഴയാണു ചെയ്തത്. ഇതോടെ വലിയ തോതിൽ വെള്ളം ഒഴുകിയെത്തുകയായിരുന്നു.
Kerala
ഇടുക്കി: ഇടുക്കി കുടയത്തൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഒരാൾ മരിച്ചു. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിൽ മണ്ണിനടിയിൽ കുടുങ്ങിയ സുമതിയുടെ മൃതദേഹം കണ്ടെടുത്തു.
മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ അകപ്പെട്ട സുമതിയുടെ ഭർത്താവ് രവി, മകൻ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. ഇവർക്ക് ഗുരുതരമായ പരിക്കുകളൊന്നും ഇല്ല. പുലർച്ചെ രണ്ടോടെയായിരുന്നു മേഖലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞത്.
കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്.
കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കോട്ടയം - കുമളി റോഡിൽ മുറിഞ്ഞപുഴ ഭാഗത്ത് മണ്ണിടിഞ്ഞു. റാന്നി ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ബസുകൾ ഇവിടെനിന്ന് നീക്കി.
National
ദിസ്പൂർ: ആസാമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. ശിവസാഗർ, ഗോലാഘട്ട് ജില്ലകളിലായി മൂന്ന് പേർ കൂടി മരിച്ചു.
ശിവസാഗറിൽ രണ്ട് പേരുടെയും ഗോലാഘട്ടിൽ ഒരാളുടെയും മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 78 ആയതായി ആസാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശിവസാഗർ, ചരായിഡിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, ബിശ്വനാഥ്, കാംറുപ്പ് മെട്രോപോളിറ്റൻ എന്നീ ഏഴ് ജില്ലകളിലായി 3,00,031 ആളുകളാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത്. 551 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.
ചരായിഡിയോ ജില്ലയാണ് വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ ബാധിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Movies
പ്രളയക്കെടുതി നേരിടുന്ന അസമിലെ ജനങ്ങളെ സഹായിക്കാനായി മുന്നോട്ടുവരാൻ ഫോളോവേഴ്സിനോട് അഭ്യർഥിച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് ദുരിതബാധിതർക്ക് ഉടൻ തന്നെ അടിയന്തര സഹായം എത്തിക്കണമെന്ന് താരം ആവശ്യപ്പെട്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ സഹായിക്കാനുള്ള വഴികൾ ഉടൻ പങ്കുവയ്ക്കുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് അസമിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലകളിലായി നരവധി പേരാണ് മരിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളുടെ കൃഷിയിടങ്ങളാണ് വെള്ളത്തിലായത്. ഇതേ തുടർന്നാണ് ആലിയ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ അഭ്യർഥിച്ചത്.
'രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രളയം ബാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ഒന്നാണ് അസം. 60-ലധികം ജീവനുകളാണ് ഇതിനോടകം നഷ്ടപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. പല കുടുംബങ്ങൾക്കും തങ്ങളുടെ വീടുകളും കൃഷിയിടങ്ങളും കന്നുകാലികളെയും നഷ്ടപ്പെട്ടു, ചിലർക്കാകട്ടെ പ്രിയപ്പെട്ടവരെയും,' ആലിയ കുറിച്ചു.
'അസമിന് ഇപ്പോൾ അടിയന്തര സഹായവും പിന്തുണയും ആവശ്യമാണ്. ഇതിൽ നിങ്ങൾക്ക് എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കുന്നുവെങ്കിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ സംഘടനകളെ പിന്തുണയ്ക്കാനുള്ള വഴികൾ ഞാൻ അടുത്ത ദിവസങ്ങളിൽ പങ്കുവയ്ക്കാം,' ആലിയ കൂട്ടിച്ചേർത്തു.
അസമിലെ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്ന നിരവധി താരങ്ങളിൽ ഒരാളാണ് ആലിയ. അടുത്തിടെ നടൻ സൽമാൻ ഖാനും അസമിലെ തന്റെ ഒരു ഫാൻസ് ക്ലബ്ബുമായി ചേർന്ന് ദുരിതബാധിതർക്കായി സഹായവുമായി രംഗത്തെത്തിയിരുന്നു.
National
ദിസ്പൂർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അസാമിൽ മരിച്ചവരുടെ എണ്ണം 61 ആയി. 1000 -ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 12 ജില്ലകളിലായി 7,05,148 ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം 14 ഓളം പേരാണ് മരിച്ചത്. ഇതിൽ ഏഴ് മരണം ചരായിഡിയോയിലും, ആറ് മരണം ശിവസാഗറിലും, ഒരു മരണം ജോർഹട്ടിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 56,606 ഹെക്ടറിലധികം കൃഷിയിടങ്ങൾ പൂർണമായും മുങ്ങിപ്പോയി.
ഗോലാഘട്ട്, ചരായിഡിയോ, ദിബ്രുഗഡ്, ഹോജായ്, നാഗോൺ, ബിശ്വനാഥ്, ജോർഹട്ട്, ധേമാജി, ശിവസാഗർ, സോണിത്പൂർ, കാംരൂപ് മെട്രോ, കർബി ആംഗ്ലോംഗ് എന്നീ ജില്ലകളിലാണ് നിലവിൽ പ്രളയം രൂക്ഷമായിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ 363 ദുരിതാശ്വാസ കാമ്പുകളും വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. 1,15,000-ത്തിലധികം ആളുകളാണ് കാമ്പുകളിൽ കഴിയുന്നത്.
കർഷകരെയും കന്നുകാലികളെയും പ്രളയം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരക്കണക്കിന് വളർത്തുമൃഗങ്ങളും കോഴികളും ഒലിച്ചുപോയി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
National
ഗാന്ധിനഗർ: കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗുജറാത്തിലെ ബാവ്ല-സർഖേജ് ഹൈവേയിലെ ഗതാഗതം പൂർണമായി നിരോധിച്ചു. വെളളപ്പൊക്കത്തിൽപ്പെട്ട 22000 പേരെ മാറ്റിപാർപ്പിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കുന്നതിനായി കരസേനയുടെ സേവനവും തേടിയിട്ടുണ്ട്.
വൽസാദിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 1064 മില്ലിമീറ്റർ മഴയാണ്. ശക്തമായ മഴയിൽ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലായി.
ബുധനാഴ്ച മുതൽ തുടരുന്ന ശക്തമായ മഴയിൽ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്കും വെള്ളക്കെട്ടുമാണ് അനുഭവപ്പെടുന്നത്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരന്തബാധിത ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
National
ദിസ്പൂർ: അസമിൽ തുടരുന്ന കനത്ത പ്രളയത്തിൽ മരണസംഖ്യ 47 ആയി ഉയർന്നു. ശക്തമായ മഴയെ തുടർന്ന് ഗുവാഹത്തിയുടെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തിനിടെ ശിവസാഗർ, ജോർഹാട്ട് ജില്ലകളിൽ മൂന്ന് പേർ വീതവും ചരായ്ഡിയോയിൽ രണ്ട് പേരും ധേമാജി, കർബി ആംഗ്ലോഗ് ജില്ലകളിൽ ഓരോ ആൾ വീതവുമാണ് മരിച്ചത്. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ആറ് പേരെ കാണാതായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ 11 ജില്ലകളിലായി 6.53 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 939 ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്.
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ബ്രഹ്മപുത്ര നദിയിയുടെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെള്ളക്കെട്ട് രൂക്ഷം. നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന ആശുപത്രിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് രോഗികള്‍ക്ക് ദുരിതം സൃഷ്ടിക്കുകയാണ്.
ഗൈനക്കോളജി വിഭാഗത്തിലേക്കും വിവിധ ലാബുകളിലേക്കും പോകുന്ന ഇടനാഴികളിലും അത്യാഹിത വിഭാഗത്തിന്റെ മുന്നിലുമാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
മഴ പെയ്താല്‍ വെള്ളത്തിലൂടെ നീന്തി വേണം രോഗികള്‍ക്ക് വിവിധ വിഭാഗങ്ങളിലേക്ക് പോകാന്‍. ഡ്രെയ്നേജ് ഉണ്ടെങ്കിലും മഴ ശക്തി പ്രാപിച്ചാല്‍ വെള്ളം പോകാതെ ആശുപത്രി കെട്ടിടത്തിനുള്ളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. അത്യാഹിത വിഭാഗത്തിന് മുന്നിലും മഴ തുടങ്ങിയാല്‍ പിന്നെ വെള്ളക്കെട്ടാണ്.
കേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ശുചീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആശുപത്രി വെള്ളക്കെട്ടില്‍ തന്നെ തുടരാനാണ് സാധ്യത.
കൊച്ചിയില്‍ മഴക്കാല ശുചീകരണം കാര്യക്ഷമമായി നടത്തിയില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. കോടികള്‍ മുടക്കി നവീകരിച്ച എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും ആദ്യ മഴയില്‍ തന്നെ വെള്ളക്കെട്ടില്‍ ആയിരുന്നു.
International
ബെയ്ജിംഗ്: ബാവി ചുഴലിക്കൊടുങ്കാറ്റ് കൊണ്ടുവന്ന കനത്ത മഴ മൂലം ചൈനയിലെ ഹെബെയ്, ലിയാലോംഗ് പ്രവിശ്യകളിൽ പ്രളയം.
ഹെബെയിലെ കുവാൻചെംഗ് എന്ന സ്ഥലത്ത് രണ്ടു മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങി. തെരുവുകളിൽ വാഹനങ്ങൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ചുഴലിക്കൊടുങ്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായി എങ്കിലും ആരെങ്കിലും മരിച്ചതായി റിപ്പോർട്ടില്ല. നേരത്തേ ഇരുപതു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു മാറ്റിയിരുന്നു.
District News
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിപ്രവേശന കവാടത്തിനു മുന്നിലെ വെള്ളക്കെട്ടും അകത്തേക്കുള്ള റോഡിന്റെ ഒരു ഭാഗം അടച്ചിരിക്കുന്നതും യാത്രക്കാർക്കും രോഗികൾക്കും ദുരിതമാകുന്നു. അത്യാസന്ന നിലയിലായ രോഗികളെ കയറ്റിയ ആംബുലൻസുകളടക്കം നൂറുകണക്കിനു ചെറുതും വലുതുമായ വാഹനങ്ങൾ പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യുന്ന കവാടമാണ് കുണ്ടും കുഴിയുമായി വെള്ളക്കെട്ട് നിറഞ്ഞു കിടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആശുപത്രി കെട്ടിടങ്ങൾ പണിതെങ്കിലും റോഡ് നവീകരണത്തിന് പ്രാധാന്യം നൽകിയില്ലെന്ന ആക്ഷേപം ശക്തമാണ്.
ദേശീയപാത പള്ളിമുക്ക് ജംഗ്ഷൻ മുതൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന അര കിലോമീറ്ററോളം ഭാഗം വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിനെതിരേ ആശുപത്രി കേന്ദ്രമായിപ്രവർത്തിക്കുന്ന ജനകീയ ജാഗ്രതാസമിതി അടക്കം സംഘടനകൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ പ്രവേശന കവാടത്തിനു മുന്നിൽ കുത്തിയിരിപ്പു സമരംവരെ നടത്തിയിരുന്നു.
പ്രതിഷേധം ശക്തമായപ്പോൾ അഞ്ചു ലക്ഷം രൂപ ചെലവിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി. ഇതിൽ റോഡിന്റെ ഒരു ഭാഗം ഈ അടുത്ത സമയത്താണ് ടൈൽ പാകിയത്. ഈ ഭാഗത്തുകൂടി വാഹനങ്ങൾ കയറാതിരിക്കാനാണ് ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപത്തെ കവാടത്തിനു സമീപം വാഹനങ്ങൾക്ക് അകത്തേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുന്നത്.
അതേസമയം വലതുഭാഗത്തെ വഴിയിൽകൂടി വാഹനങ്ങൾക്കു പ്രവേശിക്കാമെങ്കിലും കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടും കുഴിയും ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്.വാഹനാപകടത്തിൽപ്പെട്ട് ഗുരുതര പരിക്കു പറ്റിയവരെ ഓട്ടോറിക്ഷകളിൽ എത്തിക്കുമ്പോൾ രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാകുന്ന സ്ഥിതിയാണുള്ളത്. ജില്ലയുടെ നാനാഭാഗത്തുനിന്നുള്ള കെഎസ്ആർടിസി സർവീസും ആശുപത്രിയിലേക്കു പ്രവേശിക്കുന്ന റോഡു കൂടിയാണിത്. റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ കാലതാമസം വരുത്തിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്.
District News
കാസര്‍ഗോഡ്: ദേശീയപാത നിര്‍മാണം മൂലം ബേവിഞ്ച പ്രദേശത്തുണ്ടായ രൂക്ഷമായ വെള്ളക്കെട്ടും മണ്ണിടിച്ചില്‍ ഭീഷണിയും പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി. ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കല്ലട്ര മാഹിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ റവന്യു ഡിവിഷണല്‍ ഓഫീസറും സംഘവും ബേവിഞ്ചയില്‍ സംയുക്ത പരിശോധന നടത്തിയത്.
സ്റ്റാര്‍ നഗറിലെ കലുങ്ക് നിര്‍മാണവും ഡ്രെയിനേജ് പ്രശ്നവും പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ ഭാഗത്ത് ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന തരത്തിലാണ് മണ്‍തിട്ട നില കൊള്ളുന്നത്. മുന്‍പുണ്ടായിരുന്ന വികെ പാറ റോഡ്, ഇല്ലം റോഡ്, കുണ്ടടുക്കം റോഡ്, കുന്നില്‍ സ്കൂള്‍ റോഡ്, കൊല്ലറ മൂല തുടങ്ങിയ അഞ്ചോളം കലുങ്കുകള്‍ നിര്‍മിക്കാതെ അവിടുത്തെ മുഴുവന്‍ മഴവെള്ളവും നിലവില്‍ പകുതി മാത്രം നിര്‍മാണം പൂര്‍ത്തിയായ പുതിയ വലിയ കലുങ്കിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.
ഒരു വ്യക്തിയുടെ സ്വകാര്യ ഭൂമിയിലേക്കാണ് ഇതു തുറക്കുന്ന്. കലുങ്കിലൂടെ എത്തുന്ന ശക്തമായ വെള്ളമൊഴുക്ക് താങ്ങാന്‍ നിലവിലെ ഓടയ്ക്ക് സാധിക്കില്ല. അതിനാല്‍ ഇവിടെ മൂന്നുമീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ഓട നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ബേവിഞ്ച പാലത്തിന് അടിയില്‍ ബീമുകള്‍ ഉറപ്പിക്കാന്‍ കൊണ്ടുവന്നതും അല്ലാത്തതുമായ വലിയ മണ്ണു കൂമ്പാരമാണുള്ളത്. കുന്നിന്‍ചെരിവില്‍ നിന്ന് വരുന്ന മഴവെള്ളം കൃത്യമായ ഡ്രെയിനേജ് ഇല്ലാത്തതിനാല്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കെട്ടിക്കിടക്കുകയും തുടര്‍ന്ന് പാലത്തിന്റെ തൂണുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങി ഉഗ്രാണി കോളനി-മുണ്ടാംകുളം റോഡിലേക്ക് പതിക്കുകയും ചെയ്യുന്നു. ശക്തമായ വെള്ള മൊഴുക്കില് പാലത്തിനടിയിലെ മണ്ണും ചെളിയും ഒലിച്ച് പുഴ പോലെ ഉഗ്രാണി കോളനിയിലെ വീടുകളിലേക്ക് കയറുകയാണ്.
പ്രദേശത്തെ വലിയ ഓടകള്‍ തമ്മില്‍ കണക്റ്റ് ചെയ്ത് പണി പൂര്‍ത്തിയാക്കണമെന്നും പാലത്തിനടിയിലെ മണ്ണ് അടിയന്തരമായി നീക്കാന്‍ എന്‍എച്ച്എഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ കാരണം പഠിക്കാന്‍ ഇറിഗേഷന്‍ എന്‍ജിനിയര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു.
ശക്തമായ മഴയുള്ള സമയത്ത് ദേശീയപാതയില്‍ നിന്നുള്ള അിശകതമായ വെള്ളമാണ് മുണ്ടാംകുളം ടാര്‍ റോഡിലേക്ക് ഒഴുകിയെത്തുന്നത്. ഈ ഭാഗത്ത് ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് പ്രധാന കാരണം. നിലവിലുള്ള സര്‍വീസ് റോഡിലൂടെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പുതിയ ഡ്രെയിനേജ് നിര്‍മിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. ഇതു സംബന്ധിച്ച് പഠനം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ എന്‍എച്ച്എഐ എന്‍ജിനിയര്‍മാരോട് ആവശ്യപ്പെട്ടു.
ദേശീയപാതയ്ക്ക് വേണ്ടി മണ്ണെടുത്തത് കാരണം ബേവിഞ്ച സ്കൂളിലേക്ക് പ്രവേശിക്കുന്ന റോഡ് ഇപ്പോള്‍ അഞ്ചു മീറ്റര്‍ ഉയരത്തിലും 30 മീറ്റര്‍ നീളത്തിലും അപകടകരമായ മണ്‍തിട്ടയായി മാറിയിരിക്കുകയാണ്. കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തത് സ്കൂള്‍ കുട്ടികളുടെ ജീവന് വലിയ ഭീഷണിയാണ്. ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തിയും കൈവരിയും നിര്‍മിക്കാന്‍ എന്‍എച്ച്എഐയോട് ആവശ്യപ്പെട്ടു. സ്കൂളിന് മുന്നില്‍ നടന്ന വലിയ തോതിലുള്ള അനധികൃത മണ്ണെടുപ്പിനെക്കുറിച്ച് ജില്ലാ ജിയോളജിസ്റ്റിനെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.
ഈസ്റ്റ് ബേവിഞ്ച ജുമാ മസ്ജിദിന് സമീപം ദേശീയ പാതയുടെ ഇരുവശത്തും സര്‍വീസ് റോഡ് വേണമെന്നതും പള്ളിയുടെ മുന്‍വശത്ത് നിലവില്‍ നിർമിച്ചിരിക്കുന്ന അണ്ടര്‍പാസ് നാലുമീറ്റര്‍ ഉയരവും ആറുമീറ്റര്‍ വീതിയുമുള്ള വലിയ അണ്ടര്പാസാക്കി മാറ്റണമെന്ന ആവശ്യവും എന്‍എച്ച്എഐ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തും. ദേശീയപാത നിര്‍മാണം കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വതവും കുറ്റമറ്റതുമായ പരിഹാരം കാണാന്‍ ആവശ്യമായ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പരിശോധനയ്ക്ക് ശേഷം എംഎല്‍എ ആവശ്യപ്പെട്ടു.
Kerala
കൊച്ചി: എറണാകുളത്ത് രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട്. ഇടപ്പള്ളി-വൈറ്റില ദേശീയപാതയിലെ വെണ്ണല ഭാഗത്തെ സര്‍വീസ് റോഡ് വെള്ളത്തിനടിയിലായി. റോഡും ഓടയും തിരിച്ചറിയാന്‍ സാധിക്കാത്ത വിധമാണ്. ഓടകള്‍ ക്ലീന്‍ ചെയ്യാത്തതും വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതുമാണ് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണമായിരിക്കുന്നത്.
പാലാരിവട്ടത്തും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ വെള്ളവും ഈ പ്രദേശത്ത് ഇന്ന് എത്തുന്നുണ്ട്. കൊച്ചി മെട്രോയുടെ പണി നടക്കുന്നതിനാല്‍ വന്‍ ഗതാഗത കുരുക്കും ഈ പ്രദേശത്തുണ്ട്. മഴ തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ പാലാരിവട്ടത്ത് ബ്ലോക്ക് തുടരുകയാണ്.
കാക്കനാട് നിന്നും ആലുവ ഭാഗത്തു നിന്നും എത്തുന്ന ബസുകളും മറ്റ് വാഹനങ്ങളും കടന്നു പോകുന്ന വഴി ആയതിനാല്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ വലയുകയാണ് കൊച്ചിയിലെ ജനങ്ങള്‍. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ 20 ഓളം വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു.
വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ കൊച്ചി കോര്‍പ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, എറണാകുളത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലം, മൂവാറ്റുപുഴ മലയോര മേഖകളില്‍ മണ്ണിടിച്ചലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.
Kerala
കൊച്ചി: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കോര്‍പ്പറേഷനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വെള്ളക്കെട്ട് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൊച്ചി കോര്പ്പറേഷന് എടുത്തില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച്.
ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും കോര്പ്പറേഷന് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ മേയറുടെ ഓഫീസിലെത്തി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയ ശേഷം നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഓടകള്‍ നന്നാക്കുകയോ മഴക്കാല ശുചീകരണം നടത്തുകയോ ചെയ്തിട്ടില്ല എന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ആദ്യ മഴയില്‍ തന്നെ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മഴക്കാല പൂര്‍വ ശുചീകരണം പാളിയെന്ന് ആരോപിച്ച് പ്രതിഷേധവുമായി എത്തിയത്.
മെട്രോ പിങ്ക്ലൈനിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ ഗതാഗത കുരുക്കും രൂക്ഷമായിരിക്കുകയാണ്. എറണാകുളത്ത് തൃപ്പൂണിത്തുറ, മരട് എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയില്‍ 20ല്‍ അധികം വീടുകളും വെള്ളത്തിലായി.
Kerala
കൊച്ചി: എറണാകുളത്ത് കനത്ത മഴയില്‍ തൃപ്പൂണിത്തുറയിലെ വീടുകളില്‍ വെള്ളം കയറി. തൃപ്പൂണിത്തുറയിലെ ഇടംപാടം പാണ്ടിപ്പറമ്പ് റോഡിലെ 22 ഓളം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. രാത്രിയില്‍ തന്നെ വീടുകളില്‍ വെള്ളം കയറുകയായിരുന്നു.
വെള്ളം ഒഴുകി പോകേണ്ട പൈപ്പ് ഒരു സ്വകാര്യ വ്യക്തി അടച്ചുകെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് ആക്ഷേപം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മുമ്പ് പൈപ്പിട്ട് പരിഹരിച്ച വെള്ളക്കെട്ട് സ്വകാര്യ വ്യക്തി അടച്ചു കെട്ടിയതാണ് വീടുകളില്‍ വെള്ളം കയറാന്‍ കാരണമായത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതേസമയം, തൃപ്പൂണിത്തുറ നഗരത്തിലെ റോഡുകളും വെള്ളത്തിനടിയിലായിട്ടുണ്ട്. കനത്ത ഗതാഗത കുരുക്കും ഈ ഭാഗത്ത് ഉണ്ടാവുന്നുണ്ട്. എറണാകുളത്ത് ഇന്നലെ മുതല്‍ ആരംഭിച്ച കനത്ത മഴ ഇതുവരെ തോര്‍ന്നിട്ടില്ല. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനോട് 10 ചോദ്യങ്ങളുമായി കെ.സി. വേണുഗോപാല്‍ എംപി. ചോദ്യങ്ങള്‍ അടങ്ങുന്ന കത്ത് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് അയച്ചു.
ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജന്‍ഡ എന്തായിരുന്നു എന്നതാണ് ആദ്യ ചോദ്യം.
ഡല്‍ഹിയില്‍ കേരള ഹൗസില്‍ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുഖ്യമന്ത്രി പ്രഭാത ഭക്ഷണ വിരുന്നു നല്‍കിയത് എന്തു ‘ഡീല്‍’ ഉറപ്പിക്കാനായിരുന്നുവെന്നും വേണുഗോപാല്‍ ചോദിക്കുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പക്ഷേ, ഡല്‍ഹിക്കു പുറത്ത് മുഖ്യമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് ഡീലിന്റെ ഭാഗം ആയിരുന്നോ എന്നും കത്തില്‍ ചോദിക്കുന്നു.
പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനെതിരേ സിപിഐയുടെയും അവരുടെ മന്ത്രിമാരുടെയും പരസ്യ എതിര്‍പ്പിനെ മറികടന്ന് ബിജെപിയുമായി ധാരണയിലെത്തി കരാറില്‍ ഏര്‍പ്പെട്ടത് എന്തു ഡീല്‍ ആണെന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍കോഡ് വിഷയത്തിലും എല്‍ഡിഎഫിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ അതീവരഹസ്യമായി ലേബര്‍ കോഡിനു ചട്ടങ്ങള്‍ രൂപീകരിക്കുകയും നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തത് ആരെ പേടിച്ചാണെന്നും കത്തില്‍ ചോദിക്കുന്നു.
മുഖ്യമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുന്നതായി പറഞ്ഞുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ കത്ത് അവസാനിപ്പിക്കുന്നത്.
സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയമുണ്ടാക്കാന്‍ വേണ്ടി അണക്കെട്ടുകള്‍ അടച്ചിട്ടുവെന്നാണ് മന്ത്രിയുടെ ശബ്ദരേഖ. ഇതുകേട്ട് താന്‍ ഞെട്ടിത്തരിച്ചുപോയി. കേരളത്തെ കൃത്രിമ പ്രളയത്തിലേക്ക് വലിച്ചിഴച്ചവര്‍ അതിനു സമാധാനം പറയേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് കേരളത്തിലെ സാമൂഹികജീവിതം കലുഷിതമാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന അധ്യക്ഷനും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരളത്തില്‍ നടത്തിയ ഒരേ സ്വഭാവമുള്ള വര്‍ഗീയ പ്രസ്താവന അതിന് തെളിവാണ്. രണ്ട് പ്രസ്താവനയും ഒരേ കേന്ദ്രത്തില്‍ തയാറാക്കിയതാണ്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ഇതോടെ കൂടുതല്‍ വ്യക്തമായി.
വടക്കേ ഇന്ത്യയില്‍ ബിജെപി പരീക്ഷിച്ച് വിജയിച്ച വിഭജന തന്ത്രത്തിന് കേരളത്തില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. കേരളത്തെ മോശമായി ചിത്രീകരിച്ച ‘കേരള സ്റ്റോറി’ എന്ന സിനിമ കാണാന്‍ കൂട്ടാക്കാതെ തിരസ്കരിച്ചവരാണ് കേരള ജനത. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കു കേരളം ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
National
ജയ്പുർ: ജയ്പുരിലെ സർക്കാർ ആശുപത്രി ഐസിയുവിൽ പൈപ്പുപൊട്ടി വെള്ളപ്പൊക്കം.
വെന്റിലേറ്ററിലുള്ള രോഗികളെ ഉൾപ്പെടെ പുറത്തേക്കുമാറ്റേണ്ടിവന്നു. തിങ്കളാഴ്ച രാത്രി സ്വാമി മാൻസിംഗ് (എസ്എംഎസ്) ആശുപത്രിയിലായിരുന്നു സംഭവം.
ഐസിയുവിൽ വെന്റിലേറ്ററിലുള്ള 10 പേരുൾപ്പെടെ 14 രോഗികളാണുണ്ടായിരുന്നത്.
International
ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് ക്രിസ്മസ് രാവിലുണ്ടായ കനത്ത കാറ്റിലും മഴയിലും മൂന്നു പേർ മരിച്ചു. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി.
ലോസ് ആഞ്ചലസ് കൗണ്ടിയുടെ ചില ഭാഗങ്ങളിൽ 27 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. മിന്നൽപ്രളയം മൂലം റോഡിലെ വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കേണ്ടിവന്നു. വ്യാഴാഴ്ച വൈകുന്നേരം ഒരു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കലിഫോർണിയയിലെ തെക്കൻ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ഗാവിൻ ന്യൂസം അറിയിച്ചു.
International
ജക്കാർത്ത: തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 600നടുത്തായി.
ഇന്തോനേഷ്യയിൽ മാത്രം 417 പേർ മരിച്ചു. തായ്ലൻഡിൽ 170 ഉം മലേഷ്യയിൽ രണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു രാജ്യങ്ങളിലെ 40 ലക്ഷം പേർ കെടുതികൾ നേരിടുന്നു.
കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പെയ്യുന്ന മഴയാണു ദുരിതം വിതയ്ക്കുന്നത്. ഇതിൽ 30 ലക്ഷം പേർ തെക്കൻ തായ്ലൻഡിലും 11 ലക്ഷം പേർ പടിഞ്ഞാറൻ ഇന്തോനേഷ്യയിലുമാണ്.
ഇന്തോനേഷ്യയിൽ സുമാത്ര ദ്വീപിലെ മൂന്നു പ്രവിശ്യകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. 289 പേരെ കാണാതായെന്നും 2.13 ലക്ഷം പേർക്കു വീടുകൾ ഒഴിയേണ്ടിവന്നുവെന്നും ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ സൈന്യം സഹായം നല്‍കുന്നുണ്ട്.
തായ്ലൻഡിലെ എട്ടു പ്രവിശ്യകൾ വെള്ളപ്പൊക്കം നേരിടുന്നു. തായ്ലൻഡിൽ മൊത്തം റിപ്പോർട്ട് ചെയ്ത 170 മരണങ്ങളിൽ 131ഉം സോംഗ്ലാ പ്രവിശ്യയിലാണ്. ഈ പ്രവിശ്യയിലെ ഹാത് യായി നഗരത്തിൽ വെള്ളിയാഴ്ച 33.5 സെന്റിമീറ്റർ മഴയാണു ലഭിച്ചത്.
മലേഷ്യയിൽ വെള്ളപ്പൊക്ക പ്രദേശങ്ങളിൽനിന്ന് 24,500 പേരെ ഒഴിപ്പിച്ചുമാറ്റി.
International
കൊളംബോ: ദിത്വാ ചുഴലിക്കാറ്റിൽ പ്രളയ ഭീതിയിൽ ശ്രീലങ്ക. തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ നൂറിലധികം പേർ മരിച്ചു. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതായി സർക്കാർ അറിയിച്ചു.
ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ ഇന്നു സഹായം കൈമാറും. അതേസമയം, കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജിലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും ഇന്നു സ്കൂൾ അവധി പ്രഖ്യാപിച്ചു.
ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ദിത്വാ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് - പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ട്.
കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
International
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 94 പേർ മരിച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണു ദുരന്തത്തിനു കാരണം.
55 പേരും മരിച്ചത് വടക്കൻ സുമാത്ര പ്രവിശ്യയിലാണെന്ന് ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞു. മലയോരപ്രദേശങ്ങളിൽ ഗ്രാമങ്ങൾ അപ്പാടെ ഒലിച്ചുപോയി എന്നാണു റിപ്പോർട്ട്. പ്രവിശ്യയിലെ 12 നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. വൈദ്യുതിവിതരണ സംവിധാനങ്ങളും ടെലിഫോൺ ശൃംഖലയും തകർന്നു.
പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി.17,000 വീടുകൾ വെള്ളത്തിൽ മുങ്ങിയെന്നാണു കണക്ക്. 23,000 പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി.
റോഡുകളും പാലങ്ങളും തകർന്നതും യന്ത്രോപകരണങ്ങളുടെ അഭാവവും രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
വടക്കൻ സുമാത്രയിലെ ബതാംഗ് തൊരു പട്ടണത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ ഏഴ് അജ്ഞാത മൃതദേഹങ്ങൾ പ്രദേശവാസികൾ കൂട്ടത്തോടെ മറവുചെയ്തു.
ദുരിതബാധിത മേഖലകളിൽ വിമാനത്തിലൂടെ സഹായവസ്തുക്കൾ വിതരണം ചെയ്യുന്നതായി ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
തെക്കുകിഴക്കനേഷ്യൻ രാജ്യമായ തായ്ലൻഡിലും മഴ ദുരിതം വിതയ്ക്കുകയാണ്. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മരണസംഖ്യ 145 ആയി. 30,000 പേർ അഭയകേന്ദ്രങ്ങളിൽ തുടരുന്നു.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
District News
പൂവച്ചൽ: റോഡ് പണിയിലെ അപാകത കാരണം രണ്ടേക്കറോളം കൃഷിയിടം മഴയിൽ വെള്ളം കയറി നശിച്ചതായി പരാതി. കൊണ്ണിയൂരിൽ നിന്നും പൊന്നെടുത്തകുഴി റോഡിലേക്ക് കയറുന്ന വഴിയിൽ പഞ്ചായത്ത് കിണറിന് സമീപത്തുള്ള പന്നിക്കുറ്റി, കുളത്തടി, മേലെമണ്ണറ, മണ്ണറ തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. സീമ, പ്രേമകുമാരി, ഗിരീശൻ, ശശികലാ ദേവി, അനിൽ പ്രസാദ്, ശ്രീജിത്ത് എന്നിവരുടെ സ്ഥലങ്ങളാണ് കൃഷി ചെയ്യാൻ സാധിക്കാത്തവിധം നശിച്ചത്. കൊണ്ണിയൂർ ജുമാ മസ്ജിദിൽ നിന്നും കാപ്പിക്കാട്ടേയ്ക്കു പോകുന്ന റോഡിന്റെ നിർമാണവേളയിൽ സമീപത്തെ കൈത്തോട് നികത്തിയിരുന്നു.
തോട്ടിലേക്ക് ഒലിച്ചുവരുന്ന വെള്ളം ഒഴുകിപ്പോകാൻ ഓട നിർമിക്കുമെന്ന് അധികൃതർ അന്ന് പറഞ്ഞെങ്കിലും പിന്നീടതുണ്ടായില്ല. നെൽക്കൃഷി ചെയ്തിരുന്ന പ്രദേശങ്ങൾ റോഡ് വന്നതിനുശേഷം വെള്ളംകയറി മുങ്ങിയിരുന്നു. തുടർന്ന് കർഷകർ നെൽക്കൃഷി നിർത്തി. പിന്നീട് വാഴയും തെങ്ങും കവുങ്ങുമൊക്കെ വച്ചുപിടിപ്പിച്ചെങ്കിലും ഓരോ മഴക്കാലത്തും ഇവിടേക്ക് വെള്ളം കുത്തിയൊഴുകും.
വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകില്ലെന്ന് കർഷകർ പറയുന്നു. പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് പോകാനുള്ള ചാലുകൾ ചിലർ അടച്ചിരിക്കുന്നതും പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്.ഈ വിവരങ്ങൾ കാണിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കർഷകർ ആരോപിച്ചു.
NRI
ന്യൂഡൽഹി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനം. ദുരിതം അനുഭവിക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നൽകിയാണ് പ്രസ്ഥാനം ദുരിതബാധിതർക്ക് ആശ്വാസമായത്.
ഒസിവെെഎം ഭദ്രാസന ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ കമ്മിറ്റി അംഗങ്ങളും യുവജനപ്രസ്ഥാന പ്രവർത്തകരും പങ്കെടുത്തു.
ഒസിവെെഎം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ഉർജ്ജവും കൈതാങ്ങുമായി സഹകരിച്ച എല്ലാവർക്കും ഡൽഹി ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നന്ദി രേഖപ്പെടുത്തി.
National
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ വൈഷ്ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മരണം 31 ആയി.
ശക്തമായ മഴയ്ക്ക് പിന്നാലെയാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. കത്രയില്‍ ഒന്‍പത് ഭക്തരും ദോഡയില്‍ നാലുഭക്തരുമാണ് മരിച്ചത്.
വൈഷ്ണോദേവി ക്ഷേത്രപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പേര് സ്ഥലത്ത് കുടുങ്ങികിടപ്പുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ദോഡ, ജമ്മു, ഉദ്ദംപൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ വെളളത്തിനടിയിലായി. നിരവധി റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
22 ട്രെയിനുകള്‍ റദ്ദാക്കി. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തുടര്‍ച്ചയായ മഴയെതുടര്‍ന്ന് നിരവധി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
Leader Page
പ്രകൃതിദുരന്തങ്ങളിൽ ഇരയായവരെ സഹായിക്കാൻ സുമനസുകൾ തന്ന പണം എവിടെ? ചൂരൽമലയിലെ ദുരന്തത്തിന് ഇരയായവർ ഒന്നും കിട്ടാതായപ്പോൾ ഈ ചോദ്യം ചോദിച്ചു. പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച തുക വകമാറ്റി എന്ന ആരോപണവും കൂടിയായപ്പോൾ ഈ ചോദ്യം ഏറെ പ്രസക്തമായി.
2024 ജൂലൈ 30നായിരുന്നു ദുരന്തം. ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ പുനരധിവാസപ്രവർത്തനങ്ങൾ ആയില്ല. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ 770.77 കോടി രൂപ സംസ്ഥാന സർക്കാരിനു കിട്ടിയതായി സർക്കാർ വെബ്സൈറ്റ് പറയുന്നു. 2025ലെ ബജറ്റിൽ ഇതിനായി 750 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സുമനസുകൾതന്ന പണമെങ്കിലും എവിടെ എന്നു സമൂഹത്തോടു പറയാൻ സർക്കാരിനു ബാധ്യതയുണ്ട്. 30 വീട് പണിതുകൊടുക്കാനായി യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച 84 ലക്ഷം രൂപ ബാങ്കിൽ ഉണ്ടെന്നും വീടുവയ്ക്കാൻ സർക്കാർ സ്ഥലംകൊടുത്താൽ ഉടൻ വീട് നിർമിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വെളിപ്പെടുത്തി. ജനം സർക്കാരിനെ ഏൽപ്പിച്ച 770 കോടി എന്തു ചെയ്തു എന്ന് ഇതുപോലെ സർക്കാരും പറയണം. പണം കിട്ടിയിട്ട് വർഷം ഒന്നായി.
ഹാരിസ് ഡോക്ടറുടെ വിലാപം
തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറക്കൽ സമൂഹമാധ്യമത്തിലൂടെ നടത്തിയ വിലാപം കേരളം ഏറ്റെടുത്തു. കോപിച്ചതു മുഖ്യമന്ത്രി മാത്രം. ഒരിക്കൽ പത്രപ്രവർത്തകയായിരുന്ന ആരോഗ്യമന്ത്രിയും ഹാരിസ് പറഞ്ഞതിൽ പതിരില്ലെന്നു സമ്മതിച്ചു. ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മുടങ്ങി എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. രോഗികളുടെ ബന്ധുക്കളെക്കൊണ്ട് ഉപകരണംവരെ വരുത്തി ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഹാരിസിന്റെ വാക്കുകൾ കേരളത്തെ താറടിക്കുന്നവർ ആയുധമാക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വാ തുറന്നതോടെ പാർട്ടി സെക്രട്ടറി ഗോവിന്ദനും വാ തുറന്നു. ഡോക്ടറെ കുറ്റപ്പെടുത്തി. ഏഴു ക്ഷാമബത്ത കുടിശിക ഉണ്ടായിട്ടും വാ തുറക്കാത്ത ഇടതുസംഘടനകൾ മെഡിക്കൽകോളജ് ആശുപത്രിക്ക് ചുറ്റും സംരക്ഷണമതിൽ ഉണ്ടാക്കി.
അമേരിക്കയിൽ ചികിത്സയ്ക്കുപോകുന്ന മുഖ്യമന്ത്രിക്ക് ഇവിടത്തെ പാവങ്ങളുടെ സ്ഥിതി വല്ലതും അറിയാമോ? അമേരിക്കയിലെ മയോ ക്ലിനിക്കിലെ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് കേരളം ചെലവാക്കിയത് 72.09 ലക്ഷം രൂപയാണ്. ഇവർക്ക് അതിനുള്ള നിയമപരമായ അവകാശമുണ്ട്. ഇത്തരം അവകാശങ്ങൾ ഒന്നും ഇല്ലാത്ത സാധാരണക്കാർക്കുള്ള അഭയമാണ് മെഡിക്കൽ കോളജുകൾ.
രവാഡ ചന്ദ്രശേഖറുടെ വിജയങ്ങൾ
കേരളത്തിലെ പോലീസ് മേധാവിയായി നിയമിക്കപ്പെട്ട മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രവാഡ എ. ചന്ദ്രശേഖർ ഒരിക്കൽകൂടി സിപിഎം കെണിയിൽനിന്നു രക്ഷപ്പെട്ടതു കടുത്ത സിപിഎമ്മുകാർക്കെങ്കിലും അപമാനമായി മാറുന്നു. മൂന്നംഗ ലിസ്റ്റിൽനിന്ന് രവാഡയെ തെരഞ്ഞെടുക്കാൻ തമ്മിൽ ഭേദം തൊമ്മൻ എന്ന പ്രമാണമാണ് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്നാണു വാർത്ത. ബെഹ്റ മുതൽ രവാഡ വരെ പ്രധാനമന്ത്രി മോദിയുടെ പ്രിയപ്പെട്ടവരാണ് കേരളത്തിലെ ഡിജിപിമാരാകുന്നത് എന്ന് കോണ്‍ഗ്രസുകാർ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ കൈകളിൽനിന്ന് അത്യത്ഭുതകരമായി രക്ഷപ്പെടുന്ന പോലീസ് ഓഫീസറാണ് രവാഡ ചന്ദ്രശേഖർ. അദ്ദേഹത്തെ കുടുക്കാൻ അവർ പഠിച്ചപണി എല്ലാം നോക്കിയെങ്കിലും നടന്നില്ല. രവാഡ ചന്ദ്രശേഖർ, നിതിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തയാറാക്കിയ ലിസ്റ്റിൽ ഉണ്ടായിരുന്നത്. മൂന്നു പേരും പല കാരണങ്ങളാൽ സിപിഎമ്മിന് അനഭിമതരാണ്. കൂത്തുപറന്പ് വെടിവയ്പ് പ്രശ്നമാണ് രവാഡയ്ക്കു തടസം ഉണ്ടാക്കിയത്. കേന്ദ്രം അംഗീകരിച്ച ലിസ്റ്റിൽ ഇഷ്ടമില്ലാത്ത മൂന്നുപേർ വന്നപ്പോൾ അവരിൽ ഒരാളെ നിയമിച്ചു. ഇവരിൽ നിന്നല്ലാതെ ആക്ടിംഗ് തലവനെ നിയമിക്കാൻ ആലോചന നടന്നതാണ്. പല സംസ്ഥാനത്തും അങ്ങനെ നടത്തിയിട്ടുമുണ്ട്. എന്നാൽ, അതിനായി മനസിലുള്ള അജിത്കൂമാറിനെ നിയമിച്ചാൽ സിപിഐ എതിർക്കും. മാത്രവുമല്ല പി.വി. അൻവർ ഹൈക്കോടതിയെ സമീപിക്കാനും ഇടയുണ്ട്. ഹൈക്കോടതി വല്ലതും പറഞ്ഞാൽ തെരഞ്ഞെടുപ്പു വർഷങ്ങളിൽ വല്ലാത്ത ബുദ്ധിമുട്ടാവും. അതുകൊണ്ട് രവാഡ രക്ഷപ്പെട്ടു.
നിതിൻ അഗർവാളും യോഗേഷും
1989 ബാച്ചുകാരനായ റോഡ് സേഫ്റ്റി കമ്മീഷണർ നിതിൻ അഗർവാളാണ് ലിസ്റ്റിലെ സീനിയർമോസ്റ്റ്. 2026 ജൂണ്‍ വരെ സർവീസുണ്ട്. 2023 ജൂണ്‍ 12 മുതൽ 2024 ജൂലൈ 31 വരെ ബിഎസ്എഫ് മേധാവിയായിരുന്നു. അതിർത്തിവഴിയുള്ള പാക്കിസ്ഥാൻ കടന്നുകയറ്റം തടയുന്നതിൽ പരാജയപ്പെട്ടതു കൊണ്ടാണ് നിതിൻ അഗർവാളിനെ കേരളത്തിലേക്കു മടക്കിയതെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ഉടക്കിയാണ് അഗർവാൾ പദവി തെറിപ്പിച്ചത് എന്നാണ് സംസാരം. നിതിൻ അഗർവാളിനെ പരിഗണിക്കരുതെന്നു മാർക്സിസ്റ്റ് പാർട്ടി തന്നെ പരാതി കൊടുത്തതായി പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. അദ്ദേഹം തലശേരി എഎസ്പി ആയിരിക്കേ സിപിഎം-ആർഎസ്എസ് സംഘട്ടനകാലത്ത് ഇപ്പോഴത്തെ സിപിഎം കൂത്തുപറന്പ് ഏരിയ സെക്രട്ടറി എം. സുകുമാരനെ ലോക്കപ്പിൽ മർദിച്ചെന്നതാണ് കാരണമായി പറയുന്നത്. എന്നാൽ, 1994ൽ വിഷമദ്യക്കേസിലെ പ്രതി മണിച്ചന്റെ മാസപ്പടി ലിസ്റ്റ് അന്വേഷിച്ചപ്പോൾ സിപിഎം നേതാക്കളെ കുടുക്കുന്നതിന് നിതിൻ അഗർവാൾ കാണിച്ച ആവേശമാണ് അതിലും വലിയ വിഷയം.
മൂന്നാമൻ 1993 ബാച്ചുകാരനായ ഇപ്പോഴത്തെ അഗ്നിശമനസേന വിഭാഗം തലവൻ യോഗേഷ് ഗുപ്തയ്ക്ക് 2030 വരെ സർവീസുണ്ട്. ഇഡി ചീഫ് ആക്കാൻ കേന്ദ്രസർക്കാർ അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. അദ്ദേഹത്തിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുക്കാൻ 2025 ഏപ്രിൽ 24ന് കേന്ദ്രം ആവശ്യപ്പെട്ടതാണ്. ഗുപ്ത എല്ലാ വാതിലും മുട്ടി. ക്ലിയറൻസ് കൊടുത്തില്ല. ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ക്ലിയറൻസ് കൊടുക്കാൻ ഇടയില്ലെന്നാണ് സംസാരം. അദ്ദേഹം ഇഡി തലവനായാൽ പിണറായിക്കുതന്നെ ആപത്താകില്ലേ എന്ന ഭീതിയും ഉണ്ടാകാം. മുഖ്യമന്ത്രിയുടെ മാനസപുത്രൻ അജിത്കുമാറിനെ ഡിജിപി ആക്കാൻ മറ്റു മാർഗം ഇല്ലാത്തതുകൊണ്ട് ചെയ്തേക്കുമോ എന്നുമാത്രമാണ് സംശയം. അടുത്തകാലംവരെ സർക്കാരിന്റെ നല്ല കുട്ടിയായിരുന്ന അദ്ദേഹം വിജിലൻസ് ഡയറക്ടറായതാണ് ദുര്യോഗമായത്. അക്കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാമിന്റെ രേഖകൾ സർക്കാർ അറിയാതെ ഹൈക്കോടതിക്ക് കൈമാറിയതടക്കം പല അനിഷ്ടങ്ങളുമുണ്ട്. അങ്ങനെ യോഗേഷും അനഭിമതനായി. പിണറായിക്കു മൂന്നാം ഊഴം കിട്ടുന്നില്ലെങ്കിൽ യോഗേഷിന് ഇനിയും സാധ്യതയുണ്ട്.
സഖാക്കളുടെ സങ്കടം
പിണറായിക്ക് ഒരു മാർഗമേയുണ്ടായിരുന്നുള്ളൂ, രവാഡയെ നിയമിക്കുക. കൂത്തുപറന്പിലെ സഖാക്കളുടെ ഹൃദയവികാരം അറിയുന്ന പി. ജയരാജൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ജയരാജന്റെ വാക്കുകൾക്കു പിന്തുണ ഉണ്ടാകാൻ ഇടയുണ്ടെന്നു കണ്ട പിണറായി ഉണർന്നു. പാർട്ടി സർക്കാരിന് അനുകൂലമായി രംഗത്തുവന്നു. എം.വി. ഗോവിന്ദൻ സർക്കാരിനെ പിന്താങ്ങി. പി. ജയരാജൻ സർക്കാരിനെതിരായ വിമർശനമല്ല നടത്തിയതെന്നും ഗോവിന്ദൻ വ്യാഖ്യാനിച്ചു. ഒരു ദിവസംകൂടി കഴിഞ്ഞ് ജയരാജനും അത്തരം ഒരു വിശദീകരണം നല്കി. പോലീസ് മേധാവിയുടെ നിയമനത്തിൽ സിപിഎമ്മിൽ അസ്വസ്ഥത ഉണ്ട്. അപമാനിതരായതിന്റെ നൊന്പരവും ഉണ്ട്.
മലയാളി മേധാവി ഇല്ല
ഇതോടെ പിണറായിയുടെ ഭരണകാലത്ത് ഒരു മലയാളി പോലീസ് മേധാവി ഉണ്ടാകില്ലെന്ന് ഏതാണ്ട് തീർച്ചയായി. ഉണ്ടായിരുന്ന മലയാളിയായ സെൻകുമാറിനെ അടിച്ചിറക്കാനും പിണറായി വല്ലാതെ കളിച്ചു; പക്ഷേ, കോടതിയിൽ തോറ്റു. ഇനി ഒരു പോലീസ് തലവനെ നിയമിക്കാൻ സാധിക്കണമെങ്കിൽ പിണറായിക്കു മൂന്നാമൂഴം കിട്ടണം.
2021ൽ അനിൽ കാന്തിനെ ഉന്നതപദവിക്കു തെരഞ്ഞെടുക്കുന്പോൾ യുപിഎസ്സി അംഗീകരിച്ച പട്ടികയിൽ മലയാളിയായ വനിതാ ഓഫീസർ ബി. സന്ധ്യ ഉണ്ടായിരുന്നു. ഡോ. ഷേക്ക് ദർവേഷ് സാഹിബിനെ തെരഞ്ഞെടുക്കുന്പോൾ മലയാളിയായ പത്മകുമാറും ഉണ്ടായിരുന്നു. രണ്ടുപേരും പിണറായിക്കു സ്വീകാര്യരായില്ല.
District News
പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത അതിശക്തമായ മഴ വ്യാപകമായ നാശനഷ്ടങ്ങളാണ് വിതച്ചത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും, നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതോടെ ജനജീവിതം ദുരിതത്തിലായി. കാലവർഷം തുടങ്ങിയതിന് ശേഷം ഇത്രയും വലിയ നാശനഷ്ടം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.
ജില്ലയിലെ ആറ് താലൂക്കുകളിലും മഴക്കെടുതിയുടെ രൂക്ഷത പ്രകടമാണ്. ഇതുവരെ ലഭിച്ച കണക്കനുസരിച്ച് 250-ലധികം വീടുകൾ ഭാഗികമായി തകരുകയും, നിരവധി വീടുകൾ പൂർണ്ണമായി വാസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. വീടുകൾ തകർന്നതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നത്. പല ക്യാമ്പുകളും നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. ദുരിതബാധിതർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും എത്തിക്കാൻ അധികൃതർ പാടുപെടുകയാണ്.
കൃഷി മേഖലയാണ് മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്. നെൽകൃഷി, വാഴക്കൃഷി, റബ്ബർ തോട്ടങ്ങൾ എന്നിവയടക്കം ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. വിളകൾ പൂർണ്ണമായും നശിച്ചതോടെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രളയ സമാനമായ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനാൽ പുഴയോരത്തുള്ള വീടുകളിലേക്കും വെള്ളം കയറി. കുടിവെള്ള സ്രോതസ്സുകൾ മലിനമായതും ശുദ്ധജല ദൗർലഭ്യവും ജനങ്ങളെ വലയ്ക്കുന്നുണ്ട്.
ജില്ലാ ഭരണകൂടം അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെങ്കിലും, നാശനഷ്ടത്തിന്റെ വ്യാപ്തി വലുതായതിനാൽ കാര്യങ്ങൾ പൂർണ്ണമായി നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. ദുരിതബാധിതർക്ക് അടിയന്തര സഹായം ലഭ്യമാക്കാനും, വീടുകൾ പുനർനിർമ്മിക്കാനും, കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകാനും അധികൃതർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് ദുരിതബാധിതർ ആവശ്യപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഈ പ്രതിസന്ധി ഘട്ടത്തിൽ അത്യന്താപേക്ഷിതമാണെന്ന് പൊതുജനം ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനം ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.