Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവമുമായി മുൻമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിനെയാണ് ശിവൻകുട്ടി വിമർശിച്ചത്.
ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല.
മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയാറാകണം.
Kerala
കണ്ണൂർ: കർണാടകയിലും ആറളം വനാന്തർ ഭാഗങ്ങളിലും ആറളം, ചെറുപുഴ, ഉളിക്കൽ പഞ്ചായത്തുകളിലും ഉരുൾപൊട്ടി. പുഴയിലെ ഒഴുക്കിൽപെട്ട് ചെറുപുഴയിലും പേരാവൂരിലു മായി രണ്ടു പേരെ കാണാതായി.
ചെറുപുഴയിൽ തുരുത്തിൽ പെട്ടയാളെ റാഫ്റ്റിൽ രക്ഷിച്ചുകൊണ്ടു വരുന്നതിനിടെ രക്ഷാപ്രവർത്തകൻ രാജേഷ് കാര്യങ്കോട് പുഴയിലെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. പേരാവൂർ തൊണ്ടിയിൽ പുഴയിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കാൻ പോയ കൊട്ടംചുരം സ്വദേശി വയൽപീടിക ഹനീഫയെയുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
ചെറുപുഴ ജോസ്ഗിരിയിൽനിന്നു രാജഗിരിയിലേക്ക് ബൈക്കിൽ വരികയായിരുന്നയാൾ മലവെള്ളപ്പാച്ചിലിൽ ബൈക്ക് സഹിതം ഒഴുകിപ്പോയെങ്കിലും രക്ഷപ്പെടുത്തി. മറ്റത്താനിക്കൽ സണ്ണിയാണ് ഒഴുക്കിൽപ്പെട്ടത്. പരിക്കേറ്റ സണ്ണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാര്യങ്കോട് പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് കോലുവള്ളി കമ്പിപ്പാലം, മീന്തുള്ളയിലെ കോൺക്രീറ്റ് നടപ്പാലം, രാജഗിരി ഉന്നതിയിലേക്കുള്ള മുളപ്പാലം എന്നിവ ഒലിച്ചുപോയി. കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
അപകടസാധ്യതയെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നെടുംപൊയിൽ ചുരം പാതയിൽ ഏലപ്പീടികയിലെ വെള്ളച്ചാട്ടം റോഡിലേക്ക് പരന്നൊഴുകി. മഴ ശക്തമായതിനെത്തുടർന്ന് പഴശി റിസർവോയറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 15 ഷട്ടറുകളും നാലുമീറ്ററാക്കി ഉയർത്തി.
മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ, കക്കുവ, ചീങ്കണ്ണി, പേരട്ട പുഴകൾ കവിഞ്ഞു. ആറളം പുനരധിവാസമേഖലയിലെ 13 ,11,13/55 ബ്ലോക്കുകളിൽ വെള്ളം കയറി 45ഓളം കുടുംബങ്ങളെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തനമാരംഭിച്ചു.
മന്ത്രി സണ്ണി ജോസഫ് മഴക്കെടുതി അതിജീവിക്കാനുള്ള ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് നേതൃത്വം നൽകിവരികയാണ്.
Kerala
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ മണപ്പാട് എം.ജെ.ജോണിയുടെ ഭാര്യ റെജീനയുടെ മൃതദേഹം കണ്ടെത്തി. ഇവരുടെ മകൻ ജോസഫിന് ജോണിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു.
ഇന്നു പുലര്‍ച്ചെ 4.30നാണു ഉരുള്‍പൊട്ടലുണ്ടായത്. സംഭവസമയത്ത് ജോസഫിനും മാതാവ് റെജീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോണി അടുത്ത വീട്ടിലായതിനാല്‍ രക്ഷപ്പെട്ടു. മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.
ജോസഫിന് ജോണി സ്വകാര്യ എന്‍ജിനിയറിംഗ് കോളജ് കാന്റീൻ ജീവനക്കാരനാണ്. ഒരു മാസം മുന്‍പ്
ഈരാറ്റുപേട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ കാലിനു പരുക്കേറ്റതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ്.
മണപ്പാട് വീട് കാണാനില്ലാത്ത സ്ഥിതിയാണ്. കുറച്ചു ദൂരം മാറി വീടിനു മേല്‍ക്കൂരയും മറ്റു ഭാഗങ്ങളും കിടക്കുന്ന സാഹചര്യമാണ്. സാധാരണയായി ഉരുള്‍പൊട്ടാത്ത പ്രദേശമാണെന്നു നാട്ടുകാര്‍ പറയുന്നു.
Kerala
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.
കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്ത് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.
Kerala
കോട്ടയം: വെള്ളിയാഴ്ച വൈകുന്നേരം മുതൽ പെയ്ത ശക്തമായ മഴയിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ നിരവധിയിടങ്ങളിൽ ഉരുൾപൊട്ടൽ. പൂഞ്ഞാർ തെക്കേക്കര പയ്യാരിത്തോട്ടം മണ്ഡപ്ലാവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് ഒലിച്ചുപോയി. സ്ഥലത്തുണ്ടായിരുന്ന അമ്മയെയും മകനെയും കാണാതായിരുന്നു.
പിന്നീട് മകനെ മണ്ണിനടിയിൽ നിന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തി. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോണിയുടെ ഭാര്യയും ജോസഫിന്റെ അമ്മയുമായ ഗ്രേസിക്കായി തെരച്ചിൽ തുടരുന്നു.
ശക്തമായ മഴയിൽ പൂഞ്ഞാർ, കൈപ്പള്ളി, അടുക്കം, അടിവാരം അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഈരാറ്റുപേറ്റ-വാഗമൺ റോഡ് ഒലിച്ചുപൊയ നിലയിലാണ്. കല്ലും മണ്ണും റോഡിലേയ്ക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഈരാറ്റുപേട്ടയിലും സ്ഥിതി മോശമാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ടൗണിൽ ഉണ്ടായിരിക്കുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി.
Kerala
ഇടുക്കി: ഇടുക്കി കുടയത്തൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഒരാൾ മരിച്ചു. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിൽ മണ്ണിനടിയിൽ കുടുങ്ങിയ സുമതിയുടെ മൃതദേഹം കണ്ടെടുത്തു.
മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ അകപ്പെട്ട സുമതിയുടെ ഭർത്താവ് രവി, മകൻ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. ഇവർക്ക് ഗുരുതരമായ പരിക്കുകളൊന്നും ഇല്ല. പുലർച്ചെ രണ്ടോടെയായിരുന്നു മേഖലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞത്.
കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്.
കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കോട്ടയം - കുമളി റോഡിൽ മുറിഞ്ഞപുഴ ഭാഗത്ത് മണ്ണിടിഞ്ഞു. റാന്നി ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ബസുകൾ ഇവിടെനിന്ന് നീക്കി.
District News
കോതമംഗലം: കാലവര്‍ഷം ശക്തമായതിനൊപ്പം നേര്യമംഗലം-അടിമാലി റോഡില്‍ മണ്ണിടിച്ചില്‍. ഇന്നലെ ഉച്ചയോടെ ചീയപ്പാറയ്ക്ക് സമീപം റോഡിന്റെ വശത്ത് ഉയരത്തില്‍ നിന്ന് മണ്ണുംകല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
വാഹനങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതുവഴിയുള്ള വാഹനഗതാഗതം ഏറെനേരം തടസപ്പെട്ടു. ഫയര്‍ഫോഴ്സും പോലിസും നാട്ടുകാരും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഇതിനോടടുത്ത പ്രദേശങ്ങളില്‍ മുമ്പും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതാണ്. എറണാകുളം ജില്ലയില്‍ നേരത്തെയുള്ള കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റംവരുത്തിയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു വരെയാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ള മലയോരമേഖലകളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമായിവരും.
ഓഗസ്റ്റ് രണ്ടിനും ശക്തമായ മഴയ്ക്കാണ് സാധ്യത. യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലും സമാന കാലാവസ്ഥാ മുന്നറിയിപ്പാണുള്ളത്.
Kerala
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ രണ്ടാം വാർഷികദിനത്തിൽ, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകളുമായി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ, മതസാമൂഹിക നേതാക്കളും ഹൃദയഭൂമിയിൽ ഒത്തുകൂടി.
ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ അടക്കം ചെയ്ത പുത്തുമലയിലെ ഹൃദയഭൂമിയിൽ മേപ്പാടി പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും അനുസ്മരണ യോഗവും നടന്നു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ് എന്നിവർ അനുസമരണ സന്ദേശം നൽകി.
ഉറ്റവരെ നഷ്ടമായ നിരവധിപ്പേരാണ് ഇന്നലെ രാവിലെ മുതൽ പുത്തുമലയില ഓർമകൾ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിയത്. വിടപറഞ്ഞവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും മുതൽ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓർമകളുമായി ജീവിക്കുന്ന സ്കൂൾ വിദ്യാർഥികൾ വരെ പൂക്കളും പ്രാർഥനയുമായി ഹൃദയഭൂമിയിൽ ഒത്തുകൂടിയിരുന്നു.
ഒരു നാട്ടിൽ ഒരുമിച്ചു ജീവിച്ച് ഒരേ മണ്ണിൽ അന്തിയുറങ്ങുന്നവർക്കു മന്ത്രിമാരും പ്രിയപ്പെട്ടവരും പുഷ്പാർച്ചന നടത്തി. സർവമത പ്രാർഥനയോടെയായിരുന്നു അനുസ്മരണ പരിപാടികളുടെ തുടക്കം. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജിജോ, മേപ്പാടി, മാരിയമ്മൻ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർപേഴ്സണ്‍ ബബിത, ഡോ. യൂസഫ് നദ്വി എന്നിവർ പ്രാർഥനകൾക്കു നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ജെ. ഐസക്, കെ. റഫീഖ്, ടി. മുഹമ്മദ്, പി.കെ. അനിൽകുമാർ, സി.കെ. ശശീന്ദ്രൻ, ജയിംസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, മേപ്പാടി പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിൽനിന്ന് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം നിലന്പൂർ പോത്തുകൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഷറഫുന്നിസയും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
District News
മൂന്നാർ: കാലവർഷം ശക്തി പ്രാപിച്ചതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ജില്ലാ ഭരണകൂടം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ പാതയിലെ മൂന്നാര്‍ സിഎസ്ഐ പള്ളിക്കു സമീപമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 29, 31, 01 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യംകൂടി കണക്കിലെടുത്താണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ തെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാതയിൽ മൂന്നാർ ഹെഡ്വർക്ക് ഡാമിനു സമീപം മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. പുലർച്ചെ ആആറോടെയായിരുന്നു സംഭവം. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയിലൂടെ വാഹനഗതാഗതം താത്കാലികമായി തടസപ്പെട്ടെങ്കിലും അധികൃതർ അടിയന്തരമായി മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
മണ്ണിടിച്ചിലുണ്ടായ ഹെഡ്വര്ക്സ് ഡാമിനു സമീപം ഒരുവരി മാത്രമായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കനത്ത മഴ മൂലം ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ പലയിടത്തും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട് .
Kerala
കൽപ്പറ്റ: ശക്തമായ മഴയെ വയനാട്ടുകാർക്ക് ഭയമാണ്. രണ്ടു വർഷം മുൻപ് ജൂലൈയിൽ പെയ്ത ശക്തമായ മഴയിൽ നഷ്ടമായത് 298 ജീവനുകളാണ്. ഇതിൽ കാണാതായ 32 പേരും ഉൾപ്പെടും. 35 പേർക്ക് പരിക്കേറ്റു.
550ഓളം വീടുകളാണ് ഉരുൾവെള്ളം കവർന്നത്. ഇതിൽ ശേഷിച്ച ജീവിതങ്ങൾ പലതും ഇപ്പോഴും ദുരിതത്തിലാണ്. സർക്കാർ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പിൽ അഞ്ച് സോണുകളിലായി 451 വീടുകളാണ് പൂർത്തിയാകുന്നത്. ഇതിൽ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. 147 കുടുംബങ്ങൾ ഇവിടെ താമസവും തുടങ്ങി.
രണ്ടാം സോണിലെ വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 151 വീടുകളാണ് ഈ സോണിൽ. സെപ്റ്റംബറിൽ ഇവയുടെ കൈമാറ്റം നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ശേഷിക്കുന്ന വീടുകളിൽ ദുരന്തബാധിതർക്ക് എന്ന് അന്തിയുറങ്ങാമെന്ന് കൃത്യമായി പറയാനായിട്ടില്ല. സർക്കാർ നൽകുന്ന വാടകപ്പണം ഉപയോഗിച്ചാണ് ഈ കുടുംബങ്ങൾ ഇന്ന് കഴിയുന്നത്.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ സർവവും വെള്ളം കവർന്നപ്പോൾ ലഭിച്ച ജീവൻമാത്രമാണ് ഇന്നും പലർക്കും സ്വന്തമായുള്ളത്. കണ്ണീരുണങ്ങാത്ത മുഖവുമായി ഇന്നും മരിച്ചു ജീവിക്കുകയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും താമസിച്ചിരുന്നവർ. ദുരന്തബാധിതരെ ചേർത്തുനിർത്താൻ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജനങ്ങൾ ഒന്നിച്ചെങ്കിലും ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതിൽ ആർക്കും വലിയ നിശ്ചയമില്ല.
വിലങ്ങാടും സമാനസ്ഥിതി
2024 ജൂലൈ 30ന് പുലര്‍ച്ചെ വിലങ്ങാട് ഉണ്ടായ ദുരന്തത്തില്‍ 150ഓളം കുടുംബങ്ങളാണ് പെരുവഴിയിലായത്. 11.85 കോടി രൂപയുടെ കാര്‍ഷിക നഷ്ടവും കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ നാശനഷ്ടവുമാണ് അന്ന് അധികൃതര്‍ കണക്കാക്കിയിരുന്നത്.
ഒട്ടേറെ വാഗ്ദാനങ്ങള്‍ സര്‍ക്കാരും നല്കി. വീട് നഷ്ടപ്പെട്ടവരില്‍ 49 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 15 ലക്ഷം രൂപ വീതം കൈമാറി. പക്ഷേ, അര്‍ഹരായവരില്‍ പലരും ഒഴിവാക്കപ്പെട്ടുവെന്ന പരാതി നിലനില്ക്കുന്നു.
National
ഗംഗ്ടോക്: സിക്കിമിൽ റോഡ് ക്ലിയറൻസ് ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു പേർ മണ്ണിടിച്ചിലിനെത്തുടർന്ന് മരിച്ചു.
നാലു പേർക്കു ഗുരുതരമായി പരിക്കേറ്റു. നാംചി ജില്ലയിലായിരുന്നു അപകടം.
മുന്‍പുണ്ടായ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.
Kerala
കൊച്ചി: വയനാട് കള്ളാടിയില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കുണ്ടെന്ന് ഹൈക്കോടതി.
പരിസ്ഥിതി അനുമതി ലഭിച്ചതിനാല്‍ ഇതുമായി ബന്ധപ്പെട്ടു തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന അഥോറിറ്റി നിലപാടിനെ വിമര്‍ശിച്ചാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. ഉത്തരവാദിത്വത്തില്‍നിന്ന് അഥോറിറ്റിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു കോടതി വ്യക്തമാക്കി.
സംഭവത്തില്‍ ദുരന്തനിവാരണ അഥോറിറ്റിയുടെ വീഴ്ച ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി നേരത്തേ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ മറുപടി നല്കാന് സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.
മണ്ണിടിച്ചില്‍ സാധ്യതയുള്ള മറ്റിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും മുന്‍കരുതല്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ചൂരല്‍മല ദുരന്തത്തെത്തുടര്‍ന്ന് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് കള്ളാടി വിഷയവും പരിഗണിക്കുന്നത്.
Kerala
കൽപ്പറ്റ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടി സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. ദുരന്തഭൂമി സന്ദർശിക്കുന്നതിനൊപ്പം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും എംപി നേരിൽ കാണും.
ദുരന്തം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രിയങ്ക ഗാന്ധി സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപിയും സിപിഎമ്മും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്നവരാണ് ഇവരെന്നും ദുരിതബാധിതരെ പൂർണമായി അവഗണിച്ചെന്നുമായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് എംപിയുടെ സന്ദർശനം.
കഴിഞ്ഞ എട്ടിനാണ് കള്ളാടി തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചിരുന്നു
National
ഗ്യാങ്ടോക്: കനത്ത മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ നിർമാണത്തിലിരിക്കുന്ന ഭൂഗർഭ തുരങ്കത്തിൽ 12 തൊഴിലാളികൾ കുടുങ്ങി.
നാംചിയിലെ സമാർദുംഗ് തുരങ്കത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞതാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിന്റെ മുൻഭാഗം മൂടിയതോടെ തൊഴിലാളികൾക്കു രക്ഷപ്പെടാനുള്ള വഴി അടയുകയായിരുന്നു.
തുരങ്കത്തിനുള്ളിലെ വാതകച്ചോർച്ചയാണ് മറ്റൊരു പ്രതിസന്ധി. പാറയുടെ അടിയിൽ രൂപപ്പെടുന്ന വാതകം മണ്ണിടിച്ചിൽമൂലം പുറത്തേക്കു വമിച്ചതാണെന്നാണ് സംശയം.
International
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ക്വിംഗ് നഗരപ്രാന്തത്തിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടു പേർ മരിച്ചു. 34 പേരെ കാണാതായി.
കനത്ത മഴയ്ക്കു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണു ദുരന്തമുണ്ടായത്. മലനിരകളിൽനിന്ന് വൻതോതിൽ കല്ലും മണ്ണും പാർപ്പിട സമുച്ചയങ്ങളിൽ പതിക്കുകയായിരുന്നു. പത്തിലധികം കെട്ടിടങ്ങൾ മണ്ണിനടിയിലായി.
തെക്കൻ ചൈനയിലുടനീളം കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചത്.
Kerala
കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കരാര്‍ കമ്പനിയെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെയും കുറ്റപ്പെടുത്തി ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അശ്രദ്ധ മൂലമുള്ള മരണമെന്ന കുറ്റം പ്രഥമ ദൃഷ്യാ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായി. നിര്‍മ്മാണ കമ്പനിക്ക് മുമ്പും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായി. അതോറിറ്റി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയില്‍ ഇടപെടാതെ ഫയല്‍ മടക്കി എന്നാണ് അമിക്കസ് ക്യൂറിയുടെ വിമര്‍ശനം.
ദുരന്ത സാധ്യതയുള്ള ഏതു നിര്‍മ്മാണവും അതോറിറ്റിക്ക് പരിശോധിക്കാന്‍ നിയമപരമായ അധികാരമുണ്ട്. കള്ളാടി പാലത്തിന് സമീപത്തെ മണ്‍കൂമ്പാരം അപകടകരമാണെന്ന് ദുരന്തനിവാരണ വിഭാഗം അഞ്ചു തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കരാര്‍ കമ്പനി അവഗണിച്ചു.
കരാറുകാരായ ദിലീപ് ബില്‍ഡ്കോണിന് മുമ്പും നിര്‍മ്മാണ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആന്ധ്രയിലെ അനഗപ്പള്ളിയില്‍ ദിലീപ് ബില്‍ഡ്കോണ്‍ നിര്‍മ്മിച്ച ഫ്ലൈ ഓവര്‍ തര്‍ന്നുള്ള അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.
കമ്പനിയുടെ മുന്‍കാലചരിത്രം പരിശോധിച്ചു വേണം കരാര്‍ നല്കാന്. പരിസ്ഥിതിലോല പ്രദേശത്ത് കരാര്‍ നല്കുമ്പോള് കര്‍ശന പരിശോധന വേണമായിരുന്നു എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. തുരങ്ക നിര്‍മ്മാണം സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ നിര്‍ത്തിവയ്ക്കാനും ശുപാര്‍ശയുണ്ട്.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിലവില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അടുത്ത വെള്ളിയാഴ്ച കോടതി വിഷയത്തില്‍ തുടര്‍ നിലപാട് അറിയിക്കും.
District News
കണ്ണൂർ: മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകാനും അതുവഴി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനുമുള്ള സംസ്ഥാനത്തെ ആദ്യസംവിധാനം കണ്ണൂർ ജില്ലയിൽ ഒരുക്കുന്നു. കണിച്ചാർ പഞ്ചായത്തിലെ മാടശേരി മലയിലാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്. മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ മറ്റ് പ്രത്യേകതകൾ എന്നീ ഡാറ്റ ശേഖരിച്ചു വിശകലനം ചെയ്ത് മണ്ണിടിച്ചിൽ സാധ്യതയുണ്ടോ എന്ന് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി, ഐഐടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംവിധാനം തയാറാക്കുന്നത്. ഏകദേശം രണ്ടു കോടി രൂപയോളമാണ് ചെലവ്.
2022 ൽ 34 തവണ മണ്ണിടിച്ചിൽ അനുഭവപ്പെട്ട പ്രദേശമാണ് കണിച്ചാർ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി മാടശേരി മലയിൽ ഓഗ്സെൻസ് ലാബ് എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ നേതൃത്വത്തിൽ ഈ വർഷം ജനുവരിയിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇനി മണ്ണ് പരിശോധനയ്ക്കുശേഷം 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ കുഴിച്ചു സെൻസറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടത്തേണ്ടത്. ഐഐടി റൂർക്കിയുടെ നേതൃത്വത്തിലാണ് മലയുടെ ഉയരത്തിൽനിന്നും താഴോട്ട് എട്ട് പോയിന്റുകളിലായി സെൻസറുകൾ സ്ഥാപിക്കുക. മാടശേരി മലയിൽ സ്ഥാപിക്കുന്ന സംവിധാനം ഉപയോഗിച്ച് മണ്ണിന് സമാനഘടനയുള്ള തൊട്ടടുത്ത പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതയും പരിശോധിക്കാൻ കഴിയും.
സംസ്ഥാനത്തെ പൈലറ്റ് പ്രോജക്ടായി നടത്തുന്ന പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തെ മണ്ണിടിച്ചിൽ സാധ്യതയുള്ള, വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഈ സംവിധാനം സ്ഥാപിക്കും. നിലവിൽ ഇവിടെനിന്നും കാലാവസ്ഥാ പ്രവചനത്തിനുള്ള ഡാറ്റ ശേഖരിക്കുന്നുണ്ട്. സെൻസറുകൾ സ്ഥാപിച്ച ശേഷം ഏകീകൃത പോർട്ടൽ സംവിധാനത്തിലൂടെ മഴ വിവരങ്ങളും മണ്ണിടിച്ചിൽ മുന്നറിയിപ്പും ശാസ്ത്രീയമായ രീതിയിൽ ലഭ്യമാക്കാൻ കഴിയും.
Kerala
കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് ഇന്നും തെരച്ചിൽ തുടരും. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. അപകടത്തില്‍ കാണാതായ ഹിമാചല്‍ സ്വദേശി ബിക്രം സിങ് റാണയെ ആണ് ഇതുവരെ കണ്ടെത്താൻ സാധിക്കാതിരുന്നത്.
വെള്ളിയാഴ്ച ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണ് ലഭിച്ചത്. നിര്‍മാണ കമ്പനി സര്‍വേയറായിരുന്നു രാഗേഷ്. കളളാടിയിലെ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ക്കാണ് ജീവന് നഷ്ടമായത്.
അതേസമയം, കള്ളാടിയിൽ അപകടമുണ്ടായ സ്ഥലത്തെ മണ്ണ് നീക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു. മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. ജൂഡ് ഇമ്മാനുവല്‍, എന്‍സിഇഎസ്എസ് ഡയറക്ടറുടെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.
മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ സാങ്കേതിക സഹായം തേടിയിരുന്നു. വിദഗ്ധസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും മണ്ണ് നീക്കം ചെയ്യുന്നതിന് വേണ്ട പദ്ധതി തയാറാക്കുകയും ചെയ്യും.
Kerala
മാനന്തവാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസമാണ്. വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹം ലഭിച്ചിരുന്നു.
കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി. സിദ്ദിഖ് എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കൊങ്കൺ റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും.
Kerala
മാനന്തവാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഇന്നും തുടരും. തെരച്ചിൽ നാലാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പരിക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു.
വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
മൂന്നാം ദിനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ഒന്നാം സോണിലും മൂന്നാം സോണിലും പുഴയിലും തിരച്ചില്‍ നടത്തും. മണ്ണ് അതിവേഗം നീക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കും. കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ എംബാം നടപടികള്‍ക്ക് ശേഷം എയര്‍ ലിഫ്റ്റിലൂടെ വീടുകളിലേക്ക് എത്തിക്കും.
ഏഴ് പേരാണ് പരിക്കേറ്റ ചികിത്സയില്‍ കഴിയുന്നത്. വയനാട്ടില്‍ ഇടവിട്ടുള്ള മഴയ്ക്ക് ശമനം ഇല്ലാത്തതിനാല്‍ മൂന്നാം ദിനത്തിലെതിന് സമാനമായ കാലാവസ്ഥയാണെങ്കില്‍ ദൗത്യത്തിന് വേഗം കൂടും.
Kerala
കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വയനാട് കള്ളാടിക്കടുത്ത് ഇന്ന് രാവിലെ മണ്ണിടിഞ്ഞ പ്രദേശം സന്ദര്‍ശിച്ചു. രാവിലെ ഒമ്പതരയോടെയാണ് ഇരുവരും കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപം എത്തിയത്.
സ്ഥലത്തുണ്ടായിരുന്ന റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരോട് പ്രതിപക്ഷ നേതാവ് സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കള്ളാടിയില്നിന്നു മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ പിണറായിയും ഗോവിന്ദനും മണ്ണിടിച്ചിലില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. മേപ്പാടി പോളി ടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലും ഇവര്‍ എത്തി.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ മണ്ണിടിഞ്ഞ് കാണാതായതില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
രക്ഷാദൗത്യസംഘം വ്യാഴാഴ്ച രാവിലെ അപകട മേഖലയിലെ സോണ്‍ രണ്ടില്‍ മണ്ണ് കുമിഞ്ഞ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണം നടത്തുന്ന ദിലീപ് ബില്‍ഡ്കോണ്‍ കമ്പനി കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ(ഹിമാചല്‍ പ്രദേശ്),എന്‍ജിനിയര്‍ രാഹുല്‍(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇംറാന്‍(ബിഹാര്‍), സര്‍വേയര്‍മാരായ രാകേഷ് ഗുച്ചൈദ്(പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന് അന്‍സാരി(ഉത്തര്‍പ്രദേശ്) എന്നിവരെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായത്.
വൈത്തിരി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാമിംഗിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കും. ദുരന്തത്തില്പ്പെട്ടതില് ദിലീപ് ബില്‍ഡ്കോണ്‍ ജീവനക്കാരായ ഓപ്പറേറ്റര്‍ ചന്ദ്രബാന്‍(മധ്യപ്രദേശ്), സിവില്‍ ഫോര്മാന്(ബികാഷ്കുമാര്‍), അന്‍ചന്ദ്ര ബാന്‍(ജാര്‍ഖണ്ഡ്)എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ചതന്നെ ലഭിച്ചിരുന്നു.
അപകടത്തില്‍പ്പെട്ടതില്‍ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണ്. മണ്ണ് അടിഞ്ഞുകൂടിയ പ്രദേശത്തെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് സോണുകള്‍ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച തെരച്ചില്‍.
കള്ളാടി പുഴയുടെ തീരങ്ങളിലും തെരച്ചില്‍ തുടരുകയാണ്. രണ്ട് സോണുകളില്‍ ബുധനാഴ്ച തെരച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. സ്നിഫര്‍, കഡാവര്‍ നായകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. കാണാതായ അഞ്ചു പേര്‍ക്കായുള്ള തെരച്ചിലാണ് തുടരുക. എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, പോലീസ്, ഫയര്‍ ഫോഴ്സ് സേനകളുടെ നേതൃത്വത്തില്‍ ഇന്നു സോണ്‍ മൂന്നില്‍ തെരച്ചില്‍ വ്യാപിപ്പിക്കും.
മഴ ശക്തമായി പെയ്യുന്നതും പുഴയില്‍ ഒഴുക്ക് കൂടുന്നതും പ്രതിസന്ധിയാകുന്നുണ്ട്. ബുധനാഴ്ച മീനാക്ഷി പാലത്തിലെയും മേപ്പാടി ചൂരല്‍മല റോഡിലെയും മണ്ണ് നീക്കം ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും.
ബുധനാഴ്ച ഏറെ നേരം ശ്രമിച്ചിരുന്നെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഡ്രോണും കെഡാവര്‍ നായ്ക്കളെയും ഉപയോഗിച്ചു തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കാണാതായവരെ സ്പോട്ട് ചെയ്യാന്‍ സാധിക്കാത്തതു പ്രതിസന്ധിയായി.
മഴയിന്‍ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചിറങ്ങുന്നതും തിരിച്ചടിയാണ്. ഏറെനേരം മണ്ണ് നീക്കം ചെയ്തിട്ടും വീണ്ടും അടിഞ്ഞുകൂടുന്നുണ്ട്. സര്‍ക്കാര്‍ കണക്കനുസരിച്ച് അഞ്ച്പേരാണ് കുടുങ്ങിക്കിടക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ പേര് ഉണ്ടായേക്കാമെന്നാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്ന വിവരം. എന്നാല്‍, കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ചു പേര് തന്നെയാണ് മണ്ണിനടിയിലുള്ളതെന്നു കളക്ടര്‍ പ്രതികരിച്ചിട്ടുണ്ട്.
Kerala
കല്‍പ്പറ്റ: കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
സമീപപ്രദേശങ്ങളിലെ 33 കുടുംബങ്ങളിൽ നിന്നായി 93 പേരെ മേപ്പാടി പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 27 പുരുഷന്മാരും 32 സ്ത്രീകളും 34 കുട്ടികളും ക്യാമ്പിലുണ്ട്.
Kerala
തിരുവനന്തപുരം: വയനാട് കള്ളാടി മണ്ണിടിച്ചില്‍ വിദഗ്ധസമിതി അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കും. വലിയ അശാസ്ത്രീയത നടന്നിട്ടുണ്ട്. പദ്ധതി പൂര്‍ണമായി നിര്‍ത്തണമെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വയനാട്ടില്‍ മണ്ണിടിച്ചില്‍ അപകടമുണ്ടായ സ്ഥലം മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ന് സന്ദര്‍ശിക്കും. രാവിലെ പതിനൊന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ഹെലികോപ്ടറില്‍ അദ്ദേഹം വയനാട്ടിലേക്ക് യാത്ര തിരിച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം മന്ത്രിമാരായ ടി. സിദ്ധിഖും എ.പി. അനില്‍കുമാറും വയനാട്ടില്‍ തുടരുന്നുണ്ട്. വിവിധ സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം നടത്തുന്ന കമ്പനിയിലെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ(ഹിമാചല്‍ പ്രദേശ്), എന്‍ജനിയര്‍ രാഹുല്‍(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇംറാന്‍(ബിഹാര്‍), സര്‍വേയര്‍മാരായ രാകേഷ് ഗുച്ചൈദ്(പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന് അന്‍സാരി(ഉത്തര്‍പ്രദേശ്) എന്നിവരെയാണ് കണ്ടെത്താനുള്ളത്.
വിനോദസഞ്ചാരികളും തദ്ദേശവാസികളും അടക്കം മറ്റാരെയും കാണാതായിട്ടില്ലെന്ന അനുമാനത്തിലാണ് ജില്ലാ ഭരണകൂടം. ദുരന്തത്തില്‍ തുരങ്കപാത നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഓപ്പറേറ്റര്‍ ചന്ദ്രബാന്‍ (മധ്യപ്രദേശ്), സിവില്‍ ഫോര്മാന്(ബികാഷ്കുമാര്‍), തൊഴിലാളി അന് ചന്ദ്ര ബാന്‍(ജാര്‍ഖണ്ഡ്)എന്നിവര്‍ മരണപ്പെട്ടിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി എംബാമിംഗിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൂന്നു മൃതദേഹങ്ങളും സ്വദേശങ്ങളിലേക്ക് അയയ്ക്കുന്നതിന് നീക്കം നടന്നുവരികയാണ്.
മീനാക്ഷി പാലത്ത് കുന്നില്‍നിന്നു ഇടിഞ്ഞതടക്കം മണ്ണ് കുമിഞ്ഞു കിടക്കുന്ന പ്രദേശത്തെ നാല് മേഖലകളായി തിരിച്ചാണ് കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്. സ്നിഫര്‍, കഡാവര്‍ നായകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
മണ്ണിടിച്ചിലിനു പിന്നാലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അര്‍ധരാത്രിയോടെ നിര്‍ത്തിവച്ചത് ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് പുനരാരംഭിച്ചത്. മീനാക്ഷി പാലത്തില്‍ മണ്ണ് വന്‍തോതില്‍ കുമിഞ്ഞതുമൂലം മേപ്പാടി-ചൂരല്‍മല റോഡിലുണ്ടായ സഞ്ചാരതടസം മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുകളും ഉപയോഗപ്പെടുത്തി ചൊവ്വാഴ്ച രാത്രി വൈകി ഭാഗികമായി നീക്കിയിരുന്നു.
തുരങ്കപാതാ നിര്‍മാണ സ്ഥലത്തിന് 200 മീറ്റര്‍ ചുറ്റളവിലാണ് മണ്ണിടിഞ്ഞത്. ഏഴ് മുതല്‍ പത്ത് വരെ അടി വരെ ഉയരത്തിലാണ് മണ്ണ് കുമിഞ്ഞത്. പ്രദേശത്തുനിന്നും നീക്കം ചെയ്യുന്ന മണ്ണ് യോജ്യമായ സ്ഥലം കണ്ടെത്തി നിക്ഷേപിക്കും.
മീനാക്ഷി റോഡിന്റെയും പാലത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥക്ക് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന റവന്യു മന്ത്രി എ.പി. അനില്‍കുമാറും കൃഷി മന്ത്രി ടി. സിദ്ദിഖും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന് ഉച്ചയോടെ ദുരന്തസ്ഥലം സന്ദര്‍ശിക്കും.
Kerala
കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇന്ന് വിപുലമായ തെരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കെഡാവർ നായ്ക്കളെ എത്തിച്ച് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തും.
മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് അവരവരുടെ നാട്ടിലെത്തിക്കും.
മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിക്കും. നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്. കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമായിരുന്നു മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
Kerala
കോഴിക്കോട്: വയനാട് മേപ്പാടി കള്ളാടിയില്‍ തുരങ്കപാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനു കാരണം ചെലവു ചുരുക്കാനായി കരാര്‍ കമ്പനി സ്വീകരിച്ച എളുപ്പപണി.
തുരങ്കപാത പ്രവേശനമുഖത്തേക്ക് 250 മീറ്റര്‍ നീളത്തില്‍ കട്ട് ആന്‍ഡ് കവര്‍ മാതൃകയില്‍ തുരങ്കം നിര്‍മിക്കാനായി എടുത്ത മണ്ണാണ്, ഇവിടെനിന്ന് ഏകദേശം 400 മീറ്ററോളം ദൂരെയായി ഉയര്‍ന്ന സ്ഥലത്ത് അപകടകരമാംവിധം കൂട്ടിയിട്ടത്. മണ്ണ് നിക്ഷേപിക്കാനുള്ള സുരക്ഷിതമായ സ്ഥലം ലഭ്യമാകണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം. അത്രയും ദൂരം ടിപ്പറുകളില്‍ മണ്ണടിക്കുന്നതിനുള്ള ചെലവ് ചുരുക്കാനാണു തൊട്ടടുത്തുതന്നെ മണ്ണ് കൂട്ടിയിട്ടത്.
തുരങ്കപാത നിര്‍മാണം പൂര്‍ത്തിയായാല്‍ തുരങ്കത്തിന്റെ ഇരുവശങ്ങളിലും മുകളിലുമായി മണ്ണ് നിക്ഷേപിക്കാനായിരുന്നു കരാര്‍ കമ്പനിയുടെ നീക്കം. കുന്നിന്മുകളില് കൂട്ടിയിട്ട മണ്ണ് യന്ത്രങ്ങളുപയോഗിച്ച് എളുപ്പത്തില്‍ താഴെ തുരങ്കത്തിനു സമീപത്തേക്കു നീക്കാം. ഈവിധം പുനര്‍നിര്‍മാണ സാധ്യത കണക്കിലെടുത്ത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണാണു കനത്ത മഴയില്‍ ഇരച്ചെത്തി മനുഷ്യജീവനുകള്‍ കവര്‍ന്നത്.
മേപ്പാടി- ചൂരല്‍മല റോഡില്‍നിന്ന് 250 മീറ്റര്‍ മീറ്റര്‍ ദൂരെയാണു തുരങ്കപാതയുടെ നിലവിലുള്ള പ്രവേശനമുഖം. രണ്ടു തുരങ്കങ്ങള്‍ നിര്‍മിക്കുന്നതിനാല്‍ രണ്ടു റോഡുകളാണു ചൂരല്‍മല റോഡില്‍നിന്നു പ്രവേശനകവാടത്തിലേക്കു നിര്‍മിക്കേണ്ടത്.
ഇതില്‍ ഒരു തുരങ്കമുഖത്തേക്കുള്ള റോഡ് നിര്‍മാണത്തിനായി എടുത്ത അസംഖ്യം ലോഡ് മണ്ണാണ് ഉയര്‍ന്ന പ്രദേശത്ത് കുന്നുകൂട്ടിയത്. തുരങ്കപാത പ്രവൃത്തി ആരംഭിച്ച അന്നുമുതല്‍ പത്തു മാസത്തോളമായി എടുത്ത മണ്ണിന്റെ വ്യാപ്തി കണക്കുകൂട്ടുന്നതിലുമധികമാണ്. 250 മീറ്റര്‍ നീളത്തില്‍, 10 മീറ്റര്‍ വീതിയില്‍, ഏകദേശം 60 മീറ്റര്‍ ഉയരത്തില്‍ എടുത്തമണ്ണാണ് ഇന്നലെ മഴവെള്ളപ്പാച്ചിലില്‍ ദുരന്തം സൃഷ്ടിച്ചത്.
ഈ മണ്ണിന്റെ അളവ് കണക്കുകൂട്ടുന്നതിലുമപ്പുറമാണെന്നു പ്രദേശവാസിയായ ഹൈദരലി ചൂണ്ടിക്കാട്ടുന്നു. മണ്ണ് നീക്കി റോഡുകള്‍ നിര്‍മ്മിച്ചശേഷം അത്രയും ദൂരത്തില്‍ കട്ട് ആന്‍ഡ് കവര്‍ മാതൃകയില്‍ കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിക്കുന്ന തുരങ്കം, പാറ തുരന്നു നിര്‍മിക്കുന്ന തുരങ്കത്തിലേക്കു യോജിപ്പിക്കാനാണു പദ്ധതിയെന്നാണു കരാര്‍ കമ്പനിയുടെ ആളുകള്‍ പ്രദേശവാസികളോടു വിശദീകരിച്ചിരുന്നത്.
പരിസ്ഥിതി ദുര്‍ബലമായ കള്ളാടി ഉള്‍പ്പെടുന്ന മേപ്പാടി, ചൂരല്‍മല മേഖലകളില്‍ ഉയര്‍ന്ന പ്രദേശത്ത് ഇത്രയധികം മണ്ണ് കൂട്ടിയിടുന്നതിലെ അപകടമാണു പൊതുമരാമത്ത് വകുപ്പ് അധികൃതരും ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍കൂടിയായ വയനാട് ജില്ലാ കളക്ടറും ചൂണ്ടിക്കാട്ടിയിരുന്നത്. സാമ്പത്തികലാഭവും എളുപ്പവും നോക്കി കരാര്‍ കമ്പനി സ്വീകരിച്ച നടപടിയാണ് ദുരന്തത്തിനു വഴിതെളിച്ചതെന്നു പ്രഥമദൃഷ്ട്യാതന്നെ വ്യക്തമായതിനാലാണ് മനുഷ്യനിര്‍മിത ദുരന്തമെന്നു മന്ത്രിമാര്‍തന്നെ വിശേഷിപ്പിച്ചത്.
മഴ കാരണം മണ്ണുനീക്കല്‍ ദുഷ്കരമായതിനാല് ഏതാനും ദിവസങ്ങളായി കരാര്‍ കമ്പനി സ്ഥലത്തുനിന്നു ഭൂരിഭാഗം തൊഴിലാളികളെയും പിന്‍വലിച്ചിരുന്നു. മഴവെള്ളം തിരിച്ചുവിടാനായി വളരെ കുറച്ച് തൊഴിലാളികളേ സൈറ്റില്‍ ഉണ്ടായിരുന്നുള്ളൂ. ഇത് വലിയ ദുരന്തം ഒഴിവാകാന്‍ കാരണമാവുകയും ചെയ്തു. ശക്തമായ മഴ തുടര്‍ന്നാല്‍ മണ്ണ് കൂട്ടിയിട്ട സ്ഥലത്തിനു മുകളില്‍ കുന്നിടിയാനുളള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
കട്ട് ആന്‍ഡ് കവര്‍
ഭൂഗര്‍ഭ തുരങ്കങ്ങളും പാതകളും നിര്‍മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ലളിതവും പഴയതുമായ നിര്‍മാണരീതിയാണിത്.ആദ്യം നിര്‍ദി ഷ്ട പാതയിലെ മണ്ണും പാറയും മുകളില്‍നിന്നു താഴേക്കു കുഴിച്ചെടുക്കും. കുഴിച്ചെടുത്ത ഭാഗത്ത് തുരങ്കത്തിന് ആവശ്യമായ കോണ്‍ക്രീറ്റ് ഭിത്തികളും മേല്‍ക്കൂരയും (തുരങ്കത്തിന്റെ ഘടന) നിര്‍മിക്കും.
നിര്‍മണം പൂര്‍ത്തിയായ ശേഷം തുരങ്കത്തിനു മുകളിലേക്ക് വീണ്ടും മണ്ണും മറ്റ് അവശിഷ്ടങ്ങളും നിറച്ച് പൂര്‍ണമായി മൂടും. ഇതിനു മുകളില്‍ പഴയതുപോലെ റോഡോ മറ്റു സൗകര്യങ്ങളോ പുനഃസ്ഥാപിക്കാന്‍ സാധിക്കും. ടണല്‍ ബോറിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ഭൂമി തുരക്കുന്നതിനേക്കാള് ചെലവ് കുറഞ്ഞ രീതിയാണിത്.
Kerala
കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ രണ്ടാം വാർഷികത്തിന് ആഴ്ചകൾ ശേഷിക്കെയാണ് വയനാടിനെ തേടി മറ്റൊരു ദുരന്തമെത്തുന്നത്.
2024 ജൂലൈ 30ന് പുലർച്ചെയായിരുന്നു വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ വെള്ളോലിമലയുടെ മുകളിൽനിന്നെത്തിയ ഉരുൾ മുണ്ടക്കൈ എന്ന ഗ്രാമത്തിന്റെ മേൽവിലാസം തുടച്ചുനീക്കിയത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ഈ സംഭവത്തിൽ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങൾ പൂർണമായും തകർന്നടിഞ്ഞു. ദിവസങ്ങളോളം നീണ്ടുനിന്ന അതിശക്തമായ മഴയെത്തുടർന്ന് കുന്നിൻപ്രദേശങ്ങൾ ഇടിഞ്ഞുവീഴുകയായിരുന്നു. പുഞ്ചിരിമട്ടം പ്രദേശത്താണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്.
തുടർന്ന് മണ്ണും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വെള്ളത്തോടൊപ്പം ഒഴുകിയെത്തി ജനവാസകേന്ദ്രങ്ങളെ തുടച്ചുനീക്കി. ഇരുനൂറിലധികം വീടുകൾ പൂർണമായി ഒലിച്ചുപോയി. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ളവ തകർന്നു.
ചൂരൽമലയെയും മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രധാന പാലവും മറ്റ് പാലങ്ങളും പൂർണമായി നശിച്ചു. നാനൂറോളം ആളുകൾ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇനിയും ഇവിടുത്തെ മണ്ണിനടിയിൽ മൃതദേഹങ്ങളുണ്ടാകാം.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ ദുരിതങ്ങൾ അതിജീവിച്ച് വരുന്നതിനിടെയാണ് വയനാടിനെ തേടി മറ്റൊരു ദുരന്തം എത്തുന്നത്. ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് തൊട്ടടുത്താണ് കള്ളാടിയും.
District News
അടിമാലി: ദേശീയപാത 85ൽ അടിമാലി ലക്ഷംവീട് നഗറിന് സമീപം കഴിഞ്ഞ ഒക്ടോബർ 25നുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ആരംഭിച്ചു.
കഴിഞ്ഞ മാർച്ച് അഞ്ചിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ദുരിതബാധിതർക്ക് കൈമാറുന്നതിനായി അനുവദിച്ച 98,50,500 രൂപയാണ് ജില്ലാ കളക്ടർ ദേവികുളം തഹസിൽദാർക്ക് കൈമാറിയത്. മണ്ണിടിച്ചിലിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ട ഒന്‍പതു കുടുംബങ്ങൾക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ 90 ലക്ഷവും ദുരന്തത്തിൽ ഉൾപ്പെട്ട 27 കുടുംബങ്ങൾക്ക് പാത്രങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിന് 2,70,000 രൂപയും വാടകവീടുകളിൽ കഴിയുന്ന 17 കുടുംബങ്ങളുടെ മൂന്നു മാസത്തെ വാടക കുടിശിക 5,80,500 രൂപയുമാണ് ദേവികുളം തഹസിൽദാർവഴി ദുരിതബാധിതർക്ക് കൈമാറുന്നത്.
വീടുകൾ പൂർണമായും നഷ്ടപ്പെട്ട ഒൻപത് കുടുംബങ്ങളിൽ രണ്ടു കുടുംബക്കാർ ധനസഹായം വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഏഴു കുടുംബങ്ങളിൽ അഞ്ചുപേർ മാത്രമാണ് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ഇവരുടെ ലക്ഷംവീട് നഗറിൽ ഉണ്ടായിരുന്ന ഭൂമി സർക്കാരിന് വിട്ടുകൊടുത്തുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകിയത്. രണ്ടുപേർ സമ്മതപത്രം നൽകിയിട്ടില്ല.
വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് ഇൻഷ്വറൻസ് തുക ലഭ്യമാക്കുകയാണെങ്കിൽ ഈ തുക ഇൻഷ്വറൻസ് കമ്പനിയിൽ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരിച്ചടയ്ക്കണം.
10 ലക്ഷത്തിൽ കൂടുതൽ ലഭിച്ചാൽ ബാക്കി തുക കുടുംബങ്ങൾക്ക് ലഭ്യമാക്കും. 10 ലക്ഷത്തിൽ താഴെയാണ് ഇൻഷ്വറൻസ് തുകയെങ്കിൽ എൻഎച്ച്എഐ കരാറുകാരിൽനിന്നു തുക ഈടാക്കുമെന്ന നിബന്ധനയാണ് സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
27 കുടുംബങ്ങൾക്കുള്ള 10,000 രൂപയുടെ ധനസഹായവും ബാങ്ക് അക്കൗണ്ട് വഴി നൽകിത്തുടങ്ങി. ഇതിനിടെ പുനരധിവാസം ആവശ്യപ്പെട്ട് 17 കുടുംബങ്ങൾ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിവരുന്ന സമരം തുടരുകയാണ്. പുനരധിവാസത്തിന് നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.
Kerala
കൽപ്പറ്റ: കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനം മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ട് വിലയിരുത്തി. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ആസ്ഥാനത്തെത്തിയാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. നിലവിൽ മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിൽ എത്തിയിട്ടുണ്ടെന്നും കോഴിക്കോട് നിന്നുള്ള കൂടുതൽ അംഗങ്ങൾ ഉടൻ കള്ളാടിയിൽ എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന പോലീസും ഫയർഫോഴ്സും നിലവിൽ രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിലുണ്ട്. ഇതിനുപുറമേ തൃശൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിനെയും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. മൺകൂനകൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനായി എട്ട് എസ്കവേറ്ററുകൾ ദുരന്തസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഉപകരണങ്ങളുടെയോ രക്ഷാപ്രവർത്തകരുടെയോ യാതൊരുവിധ അഭാവവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
അതേസമയം വൻ വീഴ്ചയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടസ്ഥലത്തെ മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ ജില്ലാ കളക്ടറും ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയും നേരത്തേതന്നെ കർശന ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ കരാറുകാർക്ക് മണ്ണ് മാറ്റാൻ കൃത്യമായ നിർദേശം നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല.
ദേശീയപാത നിർമാണത്തിൽ കരാർ കമ്പനികൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ഗുരുതരമായ പരാതിയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മഴ കനത്ത സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
Kerala
കൽപ്പറ്റ: കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശൃങ്ങൾ പുറത്ത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിരിക്കുന്നത്.
കുന്നിടിഞ്ഞ് മണ്ണും ചെളിയും വൻതോതിൽ കുത്തിയൊഴുകി വരുന്നതും പാതയിലുണ്ടായിരുന്ന ടാങ്കർ ലോറിയടക്കം ഇതിനൊപ്പം ഒലിച്ചുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ടാങ്കർ ലോറിക്കടിയിൽ രണ്ടുപേർ പെട്ടെങ്കിലും അത്ഭുതകരമായി അവർ രക്ഷപ്പെട്ടു. അപകടത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പ്രഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മണ്ണിടിച്ചിലിന്റെ വലിയ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുന്നതും തൊട്ടുപിന്നാലെ മലവെള്ളപ്പാച്ചിൽ കണ്ട് പ്രാണരക്ഷാർത്ഥം തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. പാലത്തിലുണ്ടായിരുന്ന ചിലരുടെ ശരീരത്തിലേക്ക് മണ്ണും അവശിഷ്ടങ്ങളും വന്ന് വീഴുന്നുണ്ടെങ്കിലും അഞ്ച് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഈ സമയം പാലത്തിലുണ്ടായിരുന്ന ഒരു ടാങ്കർ ലോറി പിന്നോട്ടെടുത്ത് മാറ്റാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കും മുൻപ് തന്നെ നിമിഷങ്ങൾക്കകം മണ്ണും ചളിയും ഇരച്ചെത്തുകയായിരുന്നു. കുത്തൊഴുക്കിൽ പെട്ടുപോയ ടാങ്കർ ലോറി പാലത്തിൽ നിന്ന് മീറ്ററുകളോളമാണ് ഒഴുകിപ്പോയത്.
മണ്ണിൽ നിരവധി വാഹനങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ കൊണ്ടുവരുന്ന ബസ് മണ്ണിടിഞ്ഞു വീണ് പൂർണമായും തകരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ ഒരു വീട് പൂർണമായും മണ്ണിനടിയിലാണ്. പ്രകൃതിക്ഷോഭത്തിന്റെ അതിഭീകരമായ തീവ്രത വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പരിഭ്രാന്തിയിലാണ് ജനങ്ങൾ.
നിലവിൽ അപകടസ്ഥലത്ത് സൈന്യവും സന്നദ്ധപ്രവർത്തകരും അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപത്താണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിൽ ദുരന്തം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി പറഞ്ഞിരുന്നതാണ്. ഇതു സംബന്ധിച്ച് 20ന് കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാറുകാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ദുരന്തം സംബന്ധിച്ച് മുഖ്യമന്ത്രി ദുരന്തനിവാരണ സമിതി ഓഫീസിലെത്തി കാര്യങ്ങൾ വിലയിരുത്തി. കൂടാതെ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മറ്റു മന്ത്രിമാരോട് വയനാട്ടിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്.
വയനാട് - കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂടുതൽ പേർ അപകട സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് സംശയം.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് പതിനെട്ട് പേരെയാണെന്ന് പുതിയ വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വയനാട് കള്ളാടിയിലെ അപകടത്തിന് കാരണം അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണെന്ന് മന്ത്രി ടി. സിദ്ദിഖ്. പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
വിംസ് ആശുപത്രിയില്‍ ആറ് പേര് ചികിത്സയിലുണ്ട്. എന്‍ഡിആര്‍എഫിന്റെ വയനാട്, കോഴിക്കോട് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തും.
സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഡയറക്ടര്‍ക്ക് ഏകോപനം നടത്താന്‍ നിര്‍ദേശം നല്കി. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടരുതെന്ന് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.
കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ വ്യാപകമായി മണ്ണ് കൂട്ടിയിരുതെന്ന നിര്‍ദേശവും പാലിച്ചില്ല. മഴക്കാലത്ത് നിര്‍മാണം നടത്തരുതെന്നും കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥാലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. രണ്ട് ബസുകൾ മണ്ണിനടിയിൽപ്പെട്ടുവെന്നും വിവരമുണ്ട്.
നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും അപകടസ്ഥലത്തേയ്ക്ക് തിരിക്കും.
മണ്ണ് വലിയതോതിൽ ഇടിഞ്ഞ് മീനാക്ഷി പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി - ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി.
Kerala
മാനന്തവാടി: വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞു. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷിച്ചതായാണ് വിവരം.
വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മണ്ണ് വലിയതോതിൽ ഇടിഞ്ഞ് പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി - ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി. അപകടത്തിന് പിന്നാലെ മന്ത്രി ടി. സിദ്ദിഖ് മുഖ്യമന്ത്രിയുമായി രക്ഷപ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തി.
രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. മേപ്പാടിയിൽ തിങ്കളാഴ്ച അതിതീവ്ര മഴയാണ് പെയ്തത്.
National
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മതിൽ ഇടിഞ്ഞുവീണും ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് അഞ്ഞൂറിലധിക്കം ആളുകളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മാവൽ തഹസിലിലെ പതൻ ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. വിസാപൂർകോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീടിന് മുകളിലേക്ക് മണ്ണും അവശിഷ്ടങ്ങളും പതിക്കുകയായിരുന്നു. നന്ദു തികോണെ, മൗലി തികോണെ, അനിത നന്ദു തികോണെ എന്നിവരാണ് വീടിനുള്ളിൽ കുടുങ്ങി മരിച്ചത്.
പിംപ്രി ചിഞ്ച്വാഡിലെ നിഗ്ഡിയിലുള്ള ഭേൽ ചൗക്കിൽ സംരക്ഷണ മതിൽ തകർന്നുവീണ് ഒരു തൊഴിലാളി മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖേദ് തഹസിലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേർ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ജില്ലയിലെ 22 ഇടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടതായും പൂന ജില്ലാ ചുമതലയുള്ള ഉപമുഖ്യമന്ത്രി സുനേത്ര പവാർ അറിയിച്ചു. മുംബൈ- പൂന എക്സ്പ്രസ് വേയിലെ മിസ്സിംഗ് ലിങ്ക് സെക്ഷന്‍ സമീപമുണ്ടായ ഉരുൾപൊട്ടലിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം ജുന്നാർ, ഖേദ്, അംബേഗാവ്, രാജ്ഗഡ്, ഭോർ, മാവൽ, മുൽഷി എന്നീ തഹസിലുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ചു.
National
ശ്രീനഗർ: കാഷ്മീരിൽ കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ നിർമാണത്തിലിരിക്കുന്ന 40 മെഗാവാട്ട് ക്വാർ ജലവൈദ്യുത പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിച്ചിൽ. വലിയ അളവിൽ പാറകളും അവശിഷ്ടങ്ങളും വീണതിനെ തുടർന്നു പ്രോജക്ട് സൈറ്റിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ ഇതിനടിയിൽ കുടുങ്ങി. വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ദോഡയിലെ പ്രേം നഗറിൽ ജമ്മു-കിഷ്ത്വാർ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതിനാൽ വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു.
തീർഥാടകരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടരുന്നതിനാൽ മലഞ്ചെരിവുകൾ, നദികൾ, അരുവികൾ എന്നിവയ്ക്കു സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്.
National
മുംബൈ: കനത്ത മഴയിൽ മുംബൈ-പൂന റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ. കർജത്തിന്നും ലോണാവലയ്ക്കും ഇടയിലുള്ള ഘട്ട് മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മണ്ണിടിഞ്ഞ് വീണത്.
സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ താക്കൂർവാടിക്കും മങ്കി ഹില്ലിനും ഇടയിലാണ് റെയിൽവേ ട്രാക്കുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. ഇതോടെ മുംബൈ-പൂന റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലോടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ഖണ്ഡാലക്കും മങ്കി ഹില്ലിനും ഇടയിൽ ഉരുൾപൊട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. ഇതേതുടർന്ന് മുംബൈയിലേക്കുള്ള അപ് ലൈൻ, പൂനയിലേക്കുള്ള ഡൗൺ ലൈൻ, മിഡിൽ ലൈൻ എന്നിങ്ങനെ മൂന്ന് പാതകളിലെയും ഗതാഗതം തടസപ്പെട്ടു.
Kerala
തിരുവനന്തപുരം: വർക്കല പാപനാശം ക്ലിഫിൽ കുന്നിടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞ് വീണത്.
ക്ലിഫിന്റെ തട്ടുതട്ടായുള്ള താഴേക്കുള്ള ഭാഗമാണ് ഇടിഞ്ഞത്. വിനോദസഞ്ചാരികൾക്ക് പോലീസ് ജാഗ്രത നിർദേശം നൽകി. പ്രദേശവാസികൾ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന ആശങ്കയിലാണ്.
District News
പാലാ: മൂന്നാനിയില്‍ കോടതി പരിസരത്ത് സെപ്റ്റിക് ടാങ്കിന് കുഴി എടുക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞുവീണ് കുഴിയില്‍ അകപ്പെട്ടു.
ആസാം സ്വദേശി മുബാറക് ഹസനാണ് അപകടത്തില്‍പ്പെട്ടത്. മുബാറക്കിന്റെ കഴുത്തോളം മണ്ണില്‍ മൂടിപ്പോയിരുന്നു. കൂടെ ജോലി ചെയ്തവര്‍ മുബാറക്കിനെ പുറത്തെടുത്തു. പാലാ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ മുബാറക്കിനെ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ല.
Kerala
തിരുവനന്തപുരം: നേമത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ മണ്ണിടിച്ചിൽ. റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. ട്രാക്കിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുകയാണ്.
അതേസമയം തിരുവനന്തപുരം നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അര മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്പിലെ റോഡ് വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി. ദുര്‍ഗന്ധം മൂലം നില്ക്കാന് പറ്റാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ വൻ ഉരുൾപൊട്ടലിനെ തുടർന്ന് കേദാർനാഥ് തീർഥാടനപാതയിൽ കുടുങ്ങിയ പതിനായിരത്തിലധികം തീർഥാടകരെ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു.
മുൻകതിയ എന്ന് സ്ഥലത്ത് പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുടുങ്ങിപ്പോയ 10450 തീർഥാടകരെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.
ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് സോൻപ്രയാഗിനും ഗൗരീകുണ്ഡിനുമിടയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇതിനെത്തുടർന്ന് വൻതോതിൽ കല്ലും മണ്ണും ഒഴുകിയെത്തി ഹൈവേ പൂർണമായി തടസപ്പെടുകയും വലിയൊരു വിഭാഗം തീർഥാടകരും വാഹനങ്ങളും വഴിയിൽ കുടുങ്ങുകയുമായിരുന്നു. കനത്ത മഴയും ദുർഘടമായ മലയോരഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചു.
സംഭവത്തിനു തൊട്ടുപിന്നാലെ സംസ്ഥാന-ദേശീയ ദുരന്തനിവാരണ വിഭാഗങ്ങൾ സംയുക്തമായി രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ തീർഥാടകരെ താൽക്കാലികമായി ഒരുക്കിയ സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. തീർഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനു ശേഷം ഹൈവേയിലെ മണ്ണും കല്ലും നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി.
തീർഥാടനപാതയിലൂടനീളം ദുരന്തനിവാരണ സേന ജാഗ്രത പുലർത്തിയതിനാലാണ് വൻദരന്തം ഒഴിവാക്കാനായതെന്ന് എസ്ഡിആർഎഫ് കമൻഡാന്റ് അർപൻ യദുവംശി പറഞ്ഞു.
നിലവിൽ പാതയിലൂടെയുള്ള ഗതാഗതം സാധാരണനിലയിലാണെങ്കിലും ഹിമാലയൻ മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ തീർഥാടകർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Editorial
2024 ജൂലൈ 30ന് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കോഴിക്കോട്ടെ വിലങ്ങാട്ടും പൊട്ടിയ ഉരുളെടുത്ത പ്രാണനും നഷ്ടങ്ങളും സ്വപ്നങ്ങളും തിരിച്ചുകൊടുക്കാനാകില്ല. എന്തൊരു രാപകലുകളായിരുന്നു അത്! പക്ഷേ, മണ്ണിനെയല്ലാതെ മനുഷ്യത്വത്തെ ചവിട്ടിയരയ്ക്കാനാകില്ലെന്ന് കേരളം ഒരിക്കൽകൂടി തെളിയിച്ചു. കത്തോലിക്കാ സഭയും അതിന്റെ ചരിത്രപരമായ ജീവകാരുണ്യദൗത്യം വിലങ്ങാടുവഴി തുടരുകയാണ്. അവിടെ ഉരുള്‍ ദുരിതബാധിതര്‍ക്കായി കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും ഇന്നു വൈകുന്നേരം നാലിനു മഞ്ഞക്കുന്ന് സെന്റ് അല്‍ഫോൻസ പള്ളി അങ്കണത്തില്‍ നടക്കും.
പൂർത്തിയായ 70 വീടുകളിലേക്ക് സഹോദരങ്ങളെത്തുന്നു. ഇതിനായി കഠിനാധ്വാനം ചെയ്തവർക്ക്, ത്യാഗം സഹിച്ചവർക്ക്, സ്നേഹത്തിന്റെ നിക്ഷേപക്കുടുക്കകൾ പൊട്ടിച്ചവർക്ക്, ഇല്ലായ്മയിൽനിന്നെടുത്ത ചില്ലിക്കാശ് പങ്കിട്ടവർക്ക്... എല്ലാവർക്കും അഭിമാനിക്കാവുന്ന ദിവസം. കത്തോലിക്കാസഭയുടെ സാഹോദര്യസന്ദേശം വിലങ്ങാടിനും ഉയിരാകട്ടെ.
ആദ്യഘട്ടത്തില്‍ 41 ഭവനങ്ങള്‍ നിർമിക്കാനായിരുന്നു തീരുമാനമെങ്കിലും ആവശ്യക്കാരുടെ എണ്ണമേറിയതോടെ പദ്ധതി വിപുലീകരിച്ചു. അങ്ങനെ 70 കുടുംബങ്ങളെ ചേർത്തുനിർത്തി. വിവിധ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. പുനരധിവാസ പദ്ധതി നിര്‍വഹണ ചുമതല കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെയാണ് കെസിബിസി ഏല്പിച്ചത്.
ഫോറത്തിന്റെ താമരശേരി രൂപതാ ഘടകമായ സിഒഡിയാണു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പുതിയ എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതിദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗണ്‍സിലേഴ്സ് ടീം എന്നിവയ്ക്കാണു രണ്ടാംഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു വയനാട്ടിലും കോഴിക്കോട്ടുമുണ്ടായത്. പക്ഷേ, മറ്റെങ്ങുമില്ലാത്തവിധം സാഹോദര്യത്തിന്റെ രക്ഷാകരങ്ങൾ അവിടേക്കു നീണ്ടു. കേരളം ഒറ്റക്കെട്ടായി. ജനങ്ങൾ അവരുടെ കൈയും മെയ്യും മറന്നു മനുഷ്യത്വം പ്രകടിപ്പിച്ചപ്പോൾ, കേന്ദ്രവും സംസ്ഥാനവും ക്രമേണ തർക്കത്തിലേക്കു നീങ്ങുന്നതും നിർഭാഗ്യവശാൽ നമുക്കു കാണേണ്ടിവന്നു.
പ്രധാനമന്ത്രി സന്ദർശനത്തിനെത്തിയതു വാർത്തയായെങ്കിലും തുടർനടപടികൾ ആശാവഹമായിരുന്നില്ല. കേരളത്തിനു സഹായം നൽകാതിരിക്കാൻ കാരണങ്ങൾ നിരത്തിക്കൊണ്ടിരുന്ന കേന്ദ്രത്തെ കോടതിക്കുപോലും വിമർശിക്കേണ്ടിവന്നു. ഒടുവിൽ കേരളം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൈമാറിയ വീടുകളുടെ ന്യൂനതകളും ചർച്ചയായി. ഇവിടെ ആരും താമസം തുടങ്ങിയിട്ടുമില്ല.
അതുപോലെ, ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന്റെ സ്ഥിതിയും പരിതാപകരമാണ്. കോടികളുടെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും യാത്രായോഗ്യമായിട്ടില്ല. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്.
വിലങ്ങാട് പെട്രോള്‍ പമ്പിനു മുന്നിലെ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി നിറുത്തി. കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങൾ നിരത്തിയാൽ തീരില്ല. എല്ലാം നഷ്ടപ്പെട്ടവരെ പടിപടിയായി അവഗണിക്കുന്ന കാഴ്ചകൾ ഹൃദയഭേദകമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമൊഴുകിയിട്ടും ദുരന്തമേഖലയിൽ പലയിടത്തും ഇതാണു സ്ഥിതി. പ്രകൃതി പെരുവഴിയിലാക്കിയ ദുരന്തബാധിതരെ പുതിയ സർക്കാരെങ്കിലും ആശ്വസിപ്പിക്കണം.
ഇതിനിടെയാണ് 70 താമസക്കാരുടെ താത്പര്യത്തിനുസരിച്ച്, പലയിടത്തും അവരുടെയും പങ്കാളിത്തത്തോടെ നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട ഉദ്ഘാടനവും കെസിബിസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നത്. പരിമിതികളില്ലാത്തതല്ല, എല്ലാം തകർന്ന മനുഷ്യരോടുള്ള സാഹോദര്യവും ജീവകാരുണ്യ പ്രതിബദ്ധതയും അഴിമതിരാഹിത്യവുമാണ് ഇത്തരം പ്രവർത്തനങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നത്. ജാതിമതഭേദമെന്യേ നാം ഒന്നാണെന്ന് ഈ ദൗത്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. അതിനിയും തുടരണം. വിനാശം പ്രകൃതിയുടെയോ ഹീനമനസുകളുടേതോ ആകട്ടെ, നാം കൈകോർത്തു നിൽക്കും.
Kerala
പത്തനാപുരം: പതിറ്റാണ്ടുകളായി പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കെ.ബി. ഗണേഷ് കുമാറിന്റെ കുതിപ്പിന് കടിഞ്ഞാണിട്ട് യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല. ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തിൽ 8,310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാമക്കാല വിജയക്കൊടി പാറിച്ചത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ഒന്നായി മാറിയിരുന്ന പത്തനാപുരം ഇത്തവണ യുഡിഎഫിനൊപ്പം നിന്നു.
തെരഞ്ഞെടുപ്പ് കാലയളവിൽ കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്ന നിരന്തരമായ വിവാദങ്ങൾ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിച്ചതായാണ് റിപ്പോർട്ടുകൾ. ഗണേഷ് കുമാറിന്റെ വ്യക്തി പ്രഭാവത്തേക്കാൾ ഉപരിയായി വികസന പ്രശ്നങ്ങളും ഭരണവിരുദ്ധ വികാരവും മണ്ഡലത്തിൽ പ്രതിഫലിച്ചു. ചാനൽ ചർച്ചകളിലൂടെയും സജീവമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയും പരിചിതനായ ജ്യോതികുമാർ ചാമക്കാലയ്ക്ക് മണ്ഡലത്തിലെ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞു.
2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് കുമാറിന്റെ പരാജയം കേരള രാഷ്ട്രീയത്തിലെ തന്നെ വലിയ അട്ടിമറികളിൽ ഒന്നാണ്. എൽഡിഎഫ് സർക്കാരിന്റെ ഭരണവിരുദ്ധ വികാരം പത്തനാപുരത്തും ആഞ്ഞടിച്ചു എന്നതിന്റെ തെളിവാണ് ഈ ഫലം. എൻഡിഎ സ്ഥാനാർത്ഥി എസ്. അനിൽ പിള്ളയ്ക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയാത്തതും യുഡിഎഫിന്റെ വിജയത്തിന് ആക്കം കൂട്ടി.വിജയത്തിന് ശേഷം പത്തനാപുരത്തെ വോട്ടർമാർക്ക് ജ്യോതികുമാർ ചാമക്കാല നന്ദി അറിയിച്ചു.
National
ഗാങ്ടോക്ക്: സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 1,321 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. മംഗൻ ജില്ലയിലെ ലാച്ചനിലാണ് കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരികൾ കുടുങ്ങിയത്.
മണ്ണിടിച്ചിലിൽ ഇവിടേക്കുള്ള റോഡ് പൂർണമായി തകർന്നതാണു സഞ്ചാരികൾ കുടുങ്ങാൻ കാരണം.
ദിവസങ്ങളായി വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായത്. രക്ഷപ്പെട്ടവരിൽ 1,321 വിനോദസഞ്ചാരികളും 84 പ്രദേശവാസികളും ഉൾപ്പെടുന്നുണ്ടെന്ന് മംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ പറഞ്ഞു.
സൈന്യം, പോലീസ്, ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
കല്പറ്റ: വയനാട് പുഞ്ചരിമട്ടം ഉരുള്‍ ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുന്നമ്പറ്റയില്‍ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്, കെപിസിസി അംഗം പി.പി. ആലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ഭവന പദ്ധതിയുടെ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും. ഓരോ ഗുണഭോക്താവിനും എട്ട് സെന്റ് സ്ഥലവും 1,100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വീടും നല്‍കും. മണ്ണ്, നീരൊഴുക്ക് പരിശോധന, എന്വയണ്മെന്റല് എന്‍ജിനിയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്.
ദുരന്തത്തില്‍ കെട്ടിടം നശിച്ച 40 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതംപാര്‍ട്ടി നല്‍കും. കെട്ടിടം പൂര്‍ണമായും ഭാഗികമായും നശിച്ചവരെ സര്‍ക്കാര്‍ 19 മാസമായി പരിഗണിച്ചിരുന്നില്ല. കോണ്‍ഗ്രസ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷമാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് ഭവന പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികത്വത്തിന്റെയും മാനദണ്ഡങ്ങളുടെയും പേരില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടം ലഭിക്കാത്തവരും എസ്റ്റേറ്റ് പാടികളില്‍ താമസിച്ചിരുന്നവരും ഭവന പദ്ധതി ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും. പദ്ധതിയുടെ രണ്ടാംഘട്ടത്തിനു സ്ഥലമെടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.
ദുരന്തവിവരം അന്നുതന്നെ പാര്‍ലമെന്റില്‍ ഉന്നയിച്ച രാഹുല്‍ഗാന്ധി തൊട്ടടുത്ത ദിവസം പ്രിയങ്ക ഗാന്ധിയോടൊപ്പം ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സര്‍ക്കാര്‍ വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിന് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുകയുണ്ടായി. കോണ്‍ഗ്രസും മുസ്ലിംലീഗും പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ സിപിഎം നടത്തിയ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.
International
ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. 82 പേരെ കാണാതായതായി സർക്കാർ അറിയിച്ചു.
വെസ്റ്റ് ജാവയിലെ വെസ്റ്റ് ബാൻഡുംഗ് പ്രദേശത്തുള്ള പസിർലംഗു ഗ്രാമത്തിലാണ് മണ്ണിടിച്ചലുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. 30 വീടുകൾ തകർന്നു. നിരവധി പേരെ രക്ഷിക്കാൻ സാധിച്ചതായി സർക്കാർ അറിയിച്ചു. കാണാതായവർക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം : വർക്കലയിൽ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവർ മരിച്ചു. കൊല്ലം നെടുങ്ങാവ് സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ചെറു ന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപമായി രുന്നു അപകടം.
കുന്ന് ഇടിച്ചു മാറ്റുന്നതിനിടെ ജെസിബിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയിൽ അകപ്പെട്ടുപോയ അനീഷിനെ ഫയർ ഫോഴ്സ് സംഘം എത്തി പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി 3.40 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. കൃഷി ഡയറക്ടർ സമർപ്പിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ വകുപ്പ് തുക അനുവദിച്ചത്.
ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ച കർഷകരെ സഹായിക്കാനായി വിപുലമായ ഇടപെടലുകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷിഭൂമിയുടെയും മണ്ണിന്റെയും വീണ്ടെടുക്കൽ, വിള ഇൻഷ്വറൻസ്, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ രൂപീകരണം, നൈപുണ്യ വികസനം, കാർഷിക അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനം, കൃഷി പുനരാരംഭിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുക.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് ഇതിനാവശ്യമായ തുക അനുവദിക്കുന്നത്. വയനാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ മുഖേനയാണ് തുക വിനിയോഗിക്കുക.
Kerala
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി സുധിയാണ് മരിച്ചത്.
ലോറിയുടെ ക്യാബിനിൽ സുധി ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് ലോറിക്ക് മുകളിൽ വീണ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കി സുധിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
National
നീലഗിരി: മണ്ണിടിച്ചിലിനെതുടർന്ന് നീലഗിരി മൗണ്ടൻ റെയിൽവേയിലെ (എൻഎംആർ) ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. നീലഗിരി ജില്ലയിലുടനീളം രാത്രിയിൽ പെയ്ത കനത്ത മഴയെതുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്.
അഡെർലി, ഹിൽഗ്രോവ് സ്റ്റേഷനുകൾക്കിടയിലാണ് മണ്ണിടിഞ്ഞത്. ഇതോടെ വെള്ളിയാഴ്ച പുലർച്ചെ മേട്ടുപ്പാളയത്തിൽനിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ട്രെയിൻ പാതിവഴിയിൽ റദ്ദാക്കി മേട്ടുപ്പാളയത്തേക്ക് മടങ്ങി. റെയിൽവേ ട്രാക്കിൽനിന്ന് മണലും കല്ലും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.
നീലഗിരി മൗണ്ടൻ റെയിൽവേ പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ പെട്ടെന്നുള്ള റദ്ദാക്കൽ നിരവധി വിനോദസഞ്ചാരികളെ നിരാശരാക്കി. വ്യാപകമായ മഴ തെക്കൻ ജില്ലകളെ ബാധിച്ചതിനെത്തുടർന്ന് നീലഗിരി ജില്ലയിലെ പല ഭാഗങ്ങളിലും സമാനമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ - ഉറി ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിൽ. ഉറി സബ്ഡിവിഷൻ മേഖലയിലെ ഇക്കോ പാർക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ആ സമയത്ത് ഇതിലെ സഞ്ചിരിച്ചിരുന്ന യാത്രക്കാർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്.
മണ്ണിടിച്ചിലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.
District News
പെരുമ്പാവൂർ : ശക്തമായ മഴയിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപം മണ്ണിടിച്ചിൽ. എ.എം റോഡിനോടു ചേർന്നുള്ള ഭാഗത്തെ മണ്ണിടിഞ്ഞതോടെ റോഡ് അപകടാവസ്ഥയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്.
പെരുമ്പാവൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന പാലക്കാട്ടുതാഴം പാലത്തിന് സമീപത്താണ് സംഭവം. ഇവിടെയുണ്ടായിരുന്ന കുടിവെള്ള പൈപ്പിന് ലീക്ക് ഉണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നുണ്ട്. ശക്തമായ മഴകൂടി പെയ്തതോടെ മണ്ണിടിയികുകയായിരുന്നു. റോഡിന് വശത്തെ മണ്ണിടിഞ്ഞതോടെ കുടിവെള്ള വിതരണ പൈപ്പും തകർന്നിട്ടുണ്ട്. 30 വരെ വെങ്ങോല ഭാഗത്തേക്കുള്ള ശുദ്ധജല വിതരണം മുടങ്ങും. ഗതാഗതം പുതിയ പാലത്തിലൂടെ മാത്രമാക്കി.
Kerala
തിരുവനന്തപുരം: അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ ജില്ലാ കളക്ടർ അന്വേഷണത്തിനായി നിയോഗിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ദേശീയപാതാ അഥോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന ആരോപണത്തിന്റെ അന്വേഷണം നടത്തണം. ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് അപകടം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം.
വിദഗ്ധ സംഘം സമർപ്പിക്കുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തയാറാക്കി ഒരു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.
ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ (ദേശീയപാതാ വിഭാഗം (മൂവാറ്റുപുഴ), പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ തുടങ്ങിയവർ ഡിസംബറിൽ തൊടുപുഴ റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
Kerala
ഇടുക്കി: അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ വിശദീകരണവുമായി ദേശീയ പാത അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ഒരു നിർമാണവും നടന്നിരുന്നില്ലെന്നും ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും ദേശീയ പാതാ അതോറിറ്റി പറയുന്നു.
മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. മുൻകരുതലിന്റെ ഭാഗമായി, ഈ പ്രദേശത്തു കൂടിയുള്ള ഗതാഗതം ശനിയാഴ്ച രാവിലെ 10 മുതൽ നിർത്തിവച്ചിരുന്നു.
നിലവിൽ, അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ലെന്ന് വാർത്താക്കുറിപ്പിൽ ദേശീയപാതാ അതോറിറ്റി പറയുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ഏകോപിപ്പിച്ച് ദേശീയപാതാ അതോറിറ്റി മണ്ണിടിച്ചിലിന്റെ ആഘാതം കുറയ്ക്കുന്നതിനായി നിരവധി പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. ഈ മുൻകരുതൽ നടപടികൾ നാശനഷ്ടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
സ്ഥലത്ത് 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്. പ്രദേശത്തെ സാഹചര്യം പൂർണമായും സാധാരണ നിലയിലാകുന്നതിനായി ജില്ലാ ഭരണകൂടം, എംപി, എംഎൽഎ, പ്രാദേശിക ഭരണകൂടം, പ്രദേശ നിവാസികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.
Kerala
ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരാള്‍ മരിച്ച സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
അപകടമുണ്ടായിട്ടും ദേശീയപാത അതോറ്റി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും ആദ്യഘട്ടത്തിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ഒരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം പത്തടിയോളം ഉയരത്തിൽ നിന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. ഇതുമൂലം മൂന്നാർ ഭാഗത്തേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
എന്നാൽ മണ്ണ് നീക്കാനോ, വേണ്ട നടപടികൾ സ്വീകരിക്കാനോ അധികൃതർ തയാറായില്ല. ഇതിനിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി ഇവിടുത്തെ 22 കുടുംബങ്ങളോട് മാറിത്താമസിക്കാൻ പറഞ്ഞത്.
മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂന്ന് ദിവസമായി ഈ വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. റവന്യു അധികൃതരുടെ കർശന നിർദേശത്തെത്തുടർന്നാണ് ലക്ഷം വീട് ഉന്നതിയിലെ കുടുംബങ്ങളെ സമീപത്തെ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി മുൻകരുതൽ നടപടി സ്വീകരിച്ചത്.
അതേസമയം, രാത്രിയിൽ ആറുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പുറത്തെടുത്തത്. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല. സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും കോൺക്രീറ്റ് പാളികൾക്ക് ഇടയിൽപ്പെട്ട അവസ്ഥയിലായിരുന്നു.സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
Kerala
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങി മരിച്ച ബിജുവിന്റെ മകൻ കാൻസർ ബാധിച്ച് മരിച്ചത് ഒരു വർഷം മുൻപ്. മകൾ കോട്ടയത്ത് നഴ്സിംഗ് വിദ്യാർഥിനിയാണ്.
മണ്ണിടിച്ചിലിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയതിന് പിന്നാലെ അഞ്ചര മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചത്. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല.
സാരമായ പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയ സന്ധ്യയെ, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ടെന്നും പൊട്ടലുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പുലർച്ചെ അഞ്ചോടെയാണ് ബിജുവിനെ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്ന് പുറത്തെടുക്കാനായത്. ദേശീയപാതയുടെ നിർമാണത്തിനായി മണ്ണെടുത്തതിനെത്തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിംഗ് ഉണ്ടായി.
അതിനു മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാർപ്പിച്ചിരുന്നു. ഇതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്.
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ബിജുവും സന്ധ്യയും തറവാട്ട് വീട്ടിലേക്ക് മാറിയിരുന്നു. ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്. ബിജുവും സന്ധ്യയും വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്.